ആധുനിക സാങ്കേതികവിദ്യയും അട്ടിഫിഷ്യൽ ഇന്റലിജൻസും അതിന്റെ പാരമ്യതയിലെത്തിയിട്ടും കേരളത്തിൽ പെരുന്നാളാഘോഷിക്കാൻ “ചന്ദ്രക്കല” നഗ്ന നേത്രങ്ങൾ കൊണ്ടുതന്നെ കാണണമെന്ന പൗരോഹിത്യ വാശിയെ ഇല്ലായ്മചെയ്യാൻ മുസ്ലിം സമുദായത്തിനായിട്ടില്ലെന്ന ദു:ഖകരമായ അവസ്ഥ ഇന്നും തുടരുന്നു.
ടെലെസ്കോപ്പും അത്യന്താധുനിക മാനനിരീക്ഷണ ഉപകരണങ്ങളും ഗോളശാസ്ത്ര ഗണനങ്ങളും നമ്മുടെ മുമ്പിൽ എത്ര വളർന്നു വലുതായാലും കേരളത്തിലെ വിവിധ മുസ്ലിം സംഘടനകൾക്കിടയിലുള്ള പൊരുത്തമില്ലായ്മ സാമൂഹ്യമായ ഐക്യത്തിന് വിഘാദം സൃഷ്ടിക്കുന്നു.
ഇന്ന്, ലോകമുസ്ലികൾ ഈദ്-ഉൽഫിതർ ആഘാഷിക്കുകയാണ്. ഒരുമാസക്കാലത്തെ തീവ്ര വ്രതത്തിന് അന്ത്യം കുറിക്കുന്ന ദിവസം. ചെറിയ പെരുന്നാൾ എന്നാണ് കുട്ടിക്കാലത്ത് ഉമ്മ പറഞ്ഞുതന്നിരുന്നത്. എന്തുകൊണ്ട് മുസ്ലിംകളിലെ രണ്ട് പെരുന്നാൾ ആഘോഷങ്ങളെ ചെറിയ പെരുന്നാളും വലിയ പെരുന്നാളും എന്ന് വിളിക്കപ്പെടുന്നെന്ന് കുട്ടിക്കാലം മുതലേ ഞാൻ ചിന്തിച്ചിരുന്നു. ഇന്നത്തെ തലമുറയിലെ കുട്ടികളോടും പഴമക്കാർ അതുതന്നെയാണ് പറയുന്നത്.
മാനത്തെവിടെയോ ചന്ദ്രക്കല ദർശിക്കുന്നതോടെ പെരുന്നാളിന്റെ ഒരുക്കങ്ങളിലേക്ക്, ആഹ്ലാദത്തിമിർപ്പുകളിലേക്ക് മുസ്ലിം സമൂഹം ഒന്നടങ്കം കടന്നുവരുന്നു. ജൈവികമായ താളബോധത്തിന്റെ സ്വരസാധകത്തേക്കാളുപരി മതബോധത്തിലൂന്നിയ അനുഷ്ടാനങ്ങളുടെ ഭാഗമായാണ് “ഈദ്” ആഘാഷിക്കപ്പെടുന്നത്. പുത്തനുടുപ്പിന്റെയും അത്തറിന്റെയും സമ്മിശ്രഗന്ധത്തിൽ ഈദാശംസകൾ ഉരുവിടുന്നു. “ഈദ് മുബാറക്”
ആധുനിക സാങ്കേതികവിദ്യയും അട്ടിഫിഷ്യൽ ഇന്റലിജൻസും അതിന്റെ പാരമ്യതയിലെത്തിയിട്ടും കേരളത്തിൽ പലയിടത്തും പെരുന്നാളാഘോഷിക്കാൻ “ചന്ദ്രക്കല” നഗ്ന നേത്രങ്ങൾ കൊണ്ടുതന്നെ കാണണമെന്ന പൗരോഹിത്യ വാശിയെ ഇല്ലായ്മചെയ്യാൻ മുസ്ലിം സമുദായത്തിനായിട്ടില്ലെന്ന ദു:ഖകരമായ അവസ്ഥ ഇന്നും തുടരുന്നു. ടെലെസ്കോപ്പും അത്യന്താധുനിക മാനനിരീക്ഷണ ഉപകരണങ്ങളും ഗോളശാസ്ത്ര ഗണനങ്ങളും നമ്മുടെ മുമ്പിൽ എത്ര വളർന്നു വലുതായാലും കേരളത്തിലെ വിവിധ മുസ്ലിം സംഘടനകൾക്കിടയിലുള്ള പൊരുത്തമില്ലായ്മ സാമൂഹ്യമായ ഐക്യത്തിന് വിഘാദം സൃഷ്ടിക്കുന്നു. (ആധുനിക മാനനിരീക്ഷണ യന്ത്രത്തിലൂടെ കുവൈറ്റിൽ മാസപ്പിറവി ദർശിക്കുന്നു)
മൈലാഞ്ചിയും പുത്തനുടുപ്പും: കുട്ടിക്കാലത്ത് പുതിയ “കുപ്പായ”മിടാനും, കരയുള്ള തുണിയുടുക്കാനും തലയിൽ ഉറുമാൽ കെട്ടിക്കൊണ്ടു കാലത്തുതന്നെ പള്ളിയിൽ പോവാനും തിടുക്കമായിരുന്നു. അന്നൊക്കെ രാവേറുംവരെ
തയ്യൽക്കാരൻ രാഘവന്റെ കടയിൽ തിരക്കായിരിക്കും. മാസം കാണുന്നതോടെ അയാൾ പിറുപിറുക്കും “മാസം ഇന്ന്
കാണേണ്ടായിരുന്നു....ഇത്തവണ നോമ്പ് ഇരുപത്തൊമ്പതല്ലേ കിട്ടുള്ളൂ….” രാഘവൻ കാപ്പാട്ടെ കടപ്പുറത്തേക്ക് കണ്ണുംനട്ടിരുന്നുകൊണ്ടു ആരോടെന്നില്ലാതെ നേരം പുലരുവോളം പറയും.
അക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ വിൽക്കുന്ന കടകൾ വളരെ കുറവായിരുന്നു. രണ്ട് ബസ്സ് കയറി കോഴിക്കോട്ടെ മിട്ടായിത്തെരുവിൽ പോയാലേ നല്ല ഉടുപ്പുകൾ കിട്ടൂ. അതുകൊണ്ടുതന്നെ രാഘവേട്ടനെ ആശ്രയിക്കുന്നവരുടെ എണ്ണം ഞങ്ങളുടെ ഗ്രാമത്തിൽ കൂടിവന്നു.
കൈകാലുകളിൽ മൈലാഞ്ചി ഇടലാണ് പെരുന്നാൾ രാവിൽ കുട്ടികൾക്ക് ഏറെ ഹരം. കൊയിലാണ്ടിയിലെ കടപ്പുറത്തുനിന്നും മണൽവാരി വലിയ തറവാടിന്റെ വിശാലമായ മുറ്റത്ത് കളമൊരുക്കാൻ എല്ലാവരും പരസ്പരം സഹായിക്കും. ചന്ദ്രക്കല ദൃശ്യമായ അറിയിപ്പ് കിട്ടുന്നതോടെ കുട്ടികൾ ദഫ്ഫുമുട്ടി നാടാകെ പാഞ്ഞു നടക്കും.
കാന്തവിളക്കിന്റെ വെളിച്ചത്തിൽ അവർ മൈലാഞ്ചിപാട്ടുപാടി വളയണിഞ്ഞ കൈകളിൽ പരസ്പരം മൈലാഞ്ചികൊണ്ട് ചിത്രങ്ങൾ വരക്കും. മനോഹരമായ മൈലാഞ്ചി ഡിസൈനുകൾ കൊണ്ട് കുട്ടികൾ മാത്രമല്ല സ്ത്രീകളും പ്രായംകൂടിയ വലിയ ഉമ്മമാർവരെ കൈകാലുകൾ അലങ്കരിക്കുന്നു. അങ്ങനെ അതൊരു മൈലാഞ്ചി രാവായിത്തീരും.
ആഹ്ലാദത്തിമിർപ്പുകൾ: പള്ളിയിലെ രണ്ട് “റകഅത്ത്” നിസ്കാരം കഴിഞ്ഞാൽ വലിയവർ തമ്മിൽ കെട്ടിപ്പിടിച്ച് “ഈദ് മുബാറക്” എന്നുരുവിട്ടുകൊണ്ടു ആശ്ലേഷിക്കൽ തുടരും. വലിയത്തെപള്ളിയിൽ തലപ്പാവണിഞ്ഞ തങ്ങൾ കുട്ടികളാണധികവും. വെളുത്തമുണ്ടും വെള്ളകുപ്പായവും പുറകിൽ ചെറിയ വാലുള്ള വെളുത്ത തലപ്പാവുമായിരിക്കും അവരുടെ പാരമ്പര്യ വേഷം. വലിയ തങ്ങന്മാർ കുട്ടികളെ വല്ലാതെ ഉമ്മ വെച്ചുകൊണ്ടായിരിക്കും ആശ്ലേഷിക്കുക.
മടുപ്പിക്കുന്ന ആ ഇത്തിരിനേരം കഴിഞ്ഞാൽ പാഞ്ഞെത്തുക ഉമ്മയുടെ അടുത്തേക്കാണ്. പുലർച്ചെക്കെഴുന്നേറ്റ് ഉമ്മ ഒരുക്കിവെച്ച ചക്കരപ്പായാസം കഴിക്കാനുള്ള തിടുക്കത്തോടെയുള്ള ഓട്ടത്തിന് വേഗത ഏറെയായിരുന്നു.
അപ്പോഴും ഉമ്മ പുതിയ ഉടുപ്പൊന്നും ഇട്ടിട്ടുണ്ടാവില്ല. അറബിയുടെ നാട്ടിൽ നിന്നും ബാപ്പ ഒന്നും കൊടുത്തയച്ചിരുന്നില്ലെന്ന യാഥാർത്യം കുട്ടിയായ എനിക്ക് പിടുത്തം കിട്ടിയിരുന്നില്ല. ദരിദ്രജീവിതത്തിന്റെ പൊൻപുലരി സ്വപ്നങ്ങളെ കറുപ്പണിയിച്ചകഥ പക്ഷെ, ഉമ്മ ആരോടും പങ്കുവെച്ചിരുന്നില്ല. ഞാനും ബാപ്പയുടെ
പിൻഗാമിയായി കുവൈറ്റിൽ എത്തിയതോടെ എന്നെ കാത്തിരിക്കുകയും സ്വപ്‍നം കാണുകയും ചെയ്ത ഉമ്മാക്ക് നല്ലൊരുടുപ്പെത്തിക്കാനോ, പെരുന്നാളിന് പുതുവസ്‌ത്രമണിഞ്ഞത് കണ്ടാസ്വദിക്കാനോ വിധി അനുവദിച്ചിരുന്നില്ല.
അയൽവീടുകളിലെ അടുക്കളയിൽനിന്നും ശേഖരിച്ച “കൈമ” അരികൊണ്ട് ബിരിയാണിയുണ്ടാക്കി പെരുന്നാളിനെ
തൃപ്തിപ്പെടുത്തുക ഉമ്മയുടെ സ്വകാര്യ വേദനയായിമാറിയതൊന്നും കുട്ടിക്കാലത്തെ ചപലതകളിൽ ഞാനറിഞ്ഞില്ല. കിട്ടാത്ത പെരുന്നാൾപ്പൈസ ഭാവനയുടെ പൊൻചരടിൽ ബന്ധിച്ച് സ്വന്തമാക്കിയ എത്രയെത്ര കുട്ടിക്കാലം കടന്നുപോയിട്ടുണ്ട്.
കളിപ്പാട്ടങ്ങളില്ലാത്ത പെരുന്നാൾ: ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്ന ഇബ്രാഹിം കാരണവർ അവരുടെ കുട്ടികൾക്കായി കളിപ്പാട്ടങ്ങളുമായി തലേദിവസം വന്നുചേരുന്നതോടെ തറവാടിന്റെ മറ്റേ അറ്റത്തു ഒച്ചയും ബഹളവും കൂടിവരും. അവരോടൊപ്പം കൂട്ടുകൂടാനുള്ള ആഗ്രഹം കാരണവരുടെ കണ്ണുരുട്ടിയുള്ള ഒറ്റ നോട്ടത്തിൽ കത്തിയെരിയുമായിരുന്നു.
പിന്നെ ഉമ്മയുടെ ദയനീയമായ ശാസനയും. “മോന് കളിപ്പാട്ടമൊക്കെ ഉപ്പ വരുമ്പോൾ കൊണ്ടുവരും” വശ്യമായ കൈകൾകൊണ്ട് തലയിൽ തലോടി ഉമ്മ എന്നെ അവരിൽനിന്നും അകറ്റി അകത്തേക്ക് കൊണ്ടുപോയി ഉമ്മയുടെ മടിയിലിരുത്തി ഇരുകവിളുകളിലും തുരുതുരാ ഉമ്മ വെക്കും. അപ്പോൾ ഉമ്മയുടെ കണ്ണിൽനിന്നും ധാരധാരയായി കണ്ണുനീർ പൊഴിയുമായിരുന്നു.
പ്രായഭേദമില്ലാതെ കളിച്ചുതിമിർക്കുന്നവരുടെ കൂട്ടത്തിൽ എനിക്കൊരിടം കിട്ടാത്ത വിഷമം ഉമ്മക്കുണ്ടായിരിക്കാം. ഓർമ്മയുടെ നാട്ടിടവഴിയിൽ ഇപ്പോഴുമകലാതെ നിൽക്കുന്ന ബാപ്പയുടെ തറവാട് വീട്. ജിന്നുകൾ താമസിച്ചിരുന്ന ആ തറവാടിന്റെ മോന്തായത്തിൽ ഒരിക്കലെങ്കിലും ഊളിയിട്ടെത്താൻ ഞാനാഗ്രഹിച്ചിരുന്നു.
കെട്ടുകഥകളെയും ആരാൻ പറഞ്ഞ മിത്തുകളുടെയും കെട്ടഴിക്കാൻ. ഇന്ന് സ്വന്തം പേരക്കുട്ടികളോട് പഴമയുടെ എന്റെ കുട്ടിക്കാലം പങ്കുവെക്കുമ്പോൾ അവർ ചോദിക്കുന്നു: “വാട്ടീസ് ജിന്ന്?...ഈസ് ഇറ്റ് എ റിയൽ ഗോസ്റ്റ്”. ഉത്തരം മുട്ടിക്കുന്ന അവരുടെ ചോദ്യങ്ങൾക്കുമുമ്പിൽ ഞാനറിയാതെ മൗനിയാവുന്നു. അവരുടെ ആരിട്ടിഫിഷൽ ഇന്റലിജൻസിന്റെ ലോകത്തിൽ മുട്ടുമടക്കാതെ നിവിർത്തിയല്ലല്ലോ.
കുവൈറ്റിലെ ആദ്യ പെരുന്നാൾ: കുവൈറ്റിലെ ആദ്യപെരുന്നാൾ മറ്റൊരോർമ്മയാണ്. ഫഹാഹീലിലെ തെക്കേ മൈതാനിയിൽ പഴമയുടെഭേരിപേറുന്ന അറബിയുടെ ഒരു കൊച്ചു വാടക വീട്ടിലായിരുന്നു അന്ന് താമസം. പഴയകാലത്ത് അറബികൾ താമസിച്ചിരുന്ന “ഹട്ട്” മൺകട്ടകൾകൊണ്ടുണ്ടാക്കിയതായിരുന്നു. എല്ലാ വീടുകൾക്കും ഒരു തുറന്ന കോട്ടയാടുണ്ടായിരിക്കും. ചൂടുകാലത്തെ രാത്രികളിൽ മാനം നോക്കി കിടക്കാനായിരുന്നു അത്തരം വീടുകൾ നിർമിച്ചതെന്ന് അറബിൾ പറയും.
എന്റെ എളേപ്പയും എളേമ്മയും അവിടെയാണ് താമസിച്ചിരുന്നത്. അവരോടൊപ്പം കഴിയവേ നാട്ടിൽ നിന്നെത്തിയ എന്റെ ആദ്യ പെരുന്നാളിന് രാവിലെ എളേപ്പ എന്നെയുംകൂട്ടി എളേപ്പജോലിചെയ്യുന്ന മിനിസ്ട്രിയിലെ ബോസ്സായ അറബിയുടെ വീട്ടിലേക്കു കൊണ്ടുപോയി. അറബികളെ നേരിൽകണ്ട് ഈദ് മുബാറക് പറയുക അവരുടെ ആചാരത്തിന്റെ ഭാഗമായിരുന്നു. തലേ ദിവസം വാങ്ങി വെച്ച “അൽ- സബാ” ബേക്കറിയിലെ രണ്ടുകിലോ ഈദ് കേക്ക് ഗിഫ്റ്റായി കൊണ്ടുപോയിരുന്നു.
ദിവാനിയും ദിനാറുകളും: അറബികളുടെ വീടിന്റെ മുൻവശത്തെ പ്രത്യേകമായി കെട്ടിയുണ്ടാക്കിയ “ദിവാനി” കളിലാണ് അവർ ഇരിക്കുക. സ്ത്രീകൾ അകത്തെ മുറിയിലെ മറ്റൊരു ദിവാനിയിലും. ആണും പെണ്ണും പരസ്പരം കാണില്ലായിരുന്നു. (അറബികളുടെ പഴയ വീടുകൾ)
ചുറ്റുമിരിക്കുന്ന അറബികളെ ഓരോരുത്തരെയും അടുത്തുചെന്നു കെട്ടിപ്പിടിച്ചുമ്മവെക്കണം, അവർ എണീറ്റ് നിന്ന് വന്നവരെ അഭിവാദ്യം ചെയ്യും, “ഈദ് മുബാറക്” ആശംസകൾ നേരുമ്പോൾത്തന്നെ നമ്മുടെ സുഖവിവരങ്ങൾ തിരക്കും. നിമിഷങ്ങൾ നീണ്ടുനിൽക്കുന്ന ആശ്ലേഷങ്ങളും അഭിവാദ്യങ്ങളും കഴിയുമ്പോഴേക്കും നേരം ഏറെവൈകും. വരുന്നവരോടെല്ലാം ഇതാവർത്തിക്കും.
എന്തൊരു സൗമ്യമായ ആചാരം. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പരമമായ പെരുമാറ്റങ്ങൾ. ഇസ്തിക്കാൻ ചായയും ഗഹ്‌വവും ഈത്തപ്പഴവും ധാരാളം ഇടവിടാതെ കഴിച്ചുകൊണ്ടിരിക്കണം. സമയം ഏറെ കഴിഞ്ഞപ്പോൾ എളേപ്പ എന്നെയുംകൂട്ടി യാത്ര പറഞ്ഞു. അപ്പോൾ അറബികൾ ഓരോരുത്തരായി എന്നെ അടുത്തേക്ക് വിളിച്ചു. അവരുടെ നീണ്ട “ളോഹ”യുടെ വലിയ കീശയിൽ കൈയ്യിട്ടു “ദിനാറുകൾ”വാരിയെടുത്ത് സമ്മാനമായി തന്നു.
എളേപ്പ കൂസലില്ലാതെ എന്നെയുംകൂട്ടി അകത്തെ ദിവാനിയിലേക്കു കൊണ്ടുപോയി. അവിടെ പ്രായംകൂടിയ ഒരു ഉമ്മുമ്മ അടക്കം കുറെ ചെറുപ്പക്കാരിപ്പെണ്ണുങ്ങൾ ഇരിക്കുന്നുണ്ടായിരുന്നു. കൈകൊടുക്കലും ചുംബിക്കലും ഇല്ല. ഈദ് മുബാറക് ആശംസകൾ നേർന്നു.
ഇത്തിരിനേരം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. എളേപ്പ നന്നായി അറബി പറയുമായിരുന്നു. ഞാൻ അന്തംവിട്ടുനിൽക്കേ വയസ്സായ ഉമ്മാമ എന്നെ “വാ മോനെ അസ്സാ” എന്ന് മലയാളത്തിൽ വിളിച്ചു. ഞാൻ ചുറ്റും നോക്കി. ഇവിടെ ആരാ മലയാളം പറയുന്നതെന്നറിയാൻ.
അവിടെ മലയാളിയായി ഞാനും എളേപ്പയും മാത്രം. അവർ വീണ്ടും ….”ഞ്ചി ഇവിടെ വാ…”. തനി കോഴിക്കോടൻ മലയാളം….എളേപ്പ ആംഗ്യത്തിൽ എന്നോടടുത്തുചെല്ലാൻ പറഞ്ഞു. അവർ സ്നേഹത്തോടെ എന്നെ അടുത്തിരുത്തികൊണ്ടു പറഞ്ഞു. “മോൻ പേടിക്കണ്ട…ഞാൻ കോഴിക്കോട്ടുകാരിയാ…എന്നെ ഇവിടത്തെ വലിയ അറബി പത്തറുപതു കൊല്ലം മുമ്പ് കെട്ടികൊണ്ടുവന്നതാ….പിന്നെ ഞാൻ നാട്ടിലക്ക് പോയിട്ടില്ല….ഇവരൊക്കെ എന്റെ മക്കളും പേരക്കുട്ടികളുമാ…..പെരുത്ത് സന്തോഷം….”
അവർ ബുർക്കയുടെ കീശയിൽനിന്നും ഒരുപിടി ദിനാർ എന്റെ കൈയിൽ തന്നു. അവർ എന്റെ നെറ്റിയിൽ ചുംബിച്ചു. പിന്നെ അവർക്കു ചുറ്റുമിരുന്നു പേരക്കിടാങ്ങളും എന്നെ അടുത്തേക്ക് വിളിച്ചുകൊണ്ട് അവരുടെ വിഹിതവും തന്നു. ദിനാറുകളുടെ വലിയകെട്ട് എന്റെ പാന്സിന്റെ കീശയിൽ ഒരു കുന്നുപോലെ ഉയർന്നു.
ഉന്മാദിനിയായ നാട്ടുപെണ്ണുങ്ങളെപോലെയായിരുന്നു അവർ. വന്യമായ സൗന്ദര്യത്തോടെ, മാന്യമായ ഉടയാടകളോടെ അവർ പെരുന്നാളിനെ ആഘോഷിക്കുകകയാണ്. എണ്ണമയമുള്ള ദിനാറുകളുടെ ലോകത്ത് ജീവിതത്തിന്റെ ഒഴുക്കിനെതിരെ തുഴയെറിയാൻ അഹങ്കാരലേശമേശാതെ അവർ പ്രാപ്തരായിരിക്കുന്നു. പ്രണവ സോപാനമണ്ഡപത്തിൽ നൃത്തംവയ്ക്കുന്ന ഋതുകന്യകമാരെപോലെ.