ഇന്ന് അന്താരാഷ്ട്ര നേഴ്സസ് ദിനം. നഴ്സിംഗ് ജോലിക്ക് ഒരു പുതിയ മുഖവും, കാരുണ്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മനോഭാവവും നൽകിയ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 നാണല്ലോ എല്ലാ വർഷവും നഴ്സസ് ദിനം ആഘോഷിക്കുന്നത്. നേഴ്‌സുമാർ ലോകത്തിന് നല്‍കിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ആഗോള തലത്തിൽ നേഴ്‌സസ് ദിനം ആചരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആരോഗ്യമേഖലയില്‍ ഇന്നുള്ളതില്‍വെച്ച് ഏറ്റവും വലിയ തൊഴില്‍ വിഭാഗമാണ് നഴ്‌സിംഗ് രംഗം. ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പിന്മുറക്കാരായ ഇന്നത്തെ നേഴ്സുമാർ ശാരീരികവും മാനസികവുമായ പീഡകൾ അനുഭവിക്കുന്ന രോഗികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരുകയെന്ന നിയോഗമാണ് നിർവഹിക്കുന്നത്.
ജോലി സമയത്ത് ഓരോ നഴ്സും തങ്ങളുടെ വ്യഥകൾ മറന്ന് രോഗിയുടെ മനസ്സിന് കുളിർമയേകുന്ന കർമ്മങ്ങളാണ് ചെയ്യുന്നത്. ആതുര ശുശ്രൂഷ എന്നത് കേവലം രോഗസൗഖ്യം മാത്രമല്ലെന്നും രോഗിയെ അടുത്ത് അറിഞ്ഞ് വികാരവായ്പുകള്‍ പങ്കുവെക്കുന്നതും, സ്വന്തത്തിലേക്കുള്ള ചുരുങ്ങലിനപ്പുറം അപരനിലേക്കുള്ള വിശാലമായ പ്രയാണമാണെന്നും നഴ്സ് സമൂഹം ലോകത്തോട് വിളിച്ചോതുന്നു.
കൊവിഡ് മഹാമാരിയുടെ ഉൾപ്പെടെ നിർണായക ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരെന്ന നിലയിൽ നഴ്സുമാർ കാട്ടിയ അസാധാരണമായ മനക്കരുത്ത് ഏറെ പ്രചോദനകരമായിരുന്നു. വേദനാജനകമായ കാലത്ത് മുൻനിര യോദ്ധാക്കളെന്ന നിലയിൽ നഴ്‌സുമാർ കാണിച്ച സമർപ്പണമനോഭാവവും ത്യാഗസന്നദ്ധതയും പ്രശംസനീയമായിരുന്നു. രോഗവ്യാപന നാളുകളിലും പിന്നീടും രോഗീപരിചരണത്തോടൊപ്പം പൊതുസമൂഹത്തെയും ജീവനക്കാരെയും ബോധവത്ക്കരിക്കുന്നതിനും നഴ്സുമാർ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്.
ലോകത്തെവിടെയെങ്കിലും നഴ്‌സുമാർക്ക് സുഗമമായി ജോലി നിർവഹിക്കുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുന്നെങ്കിൽ അതില്ലാതെയാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ വർഷത്തെ നഴ്‌സസ് ദിനം വിരൽ ചൂണ്ടേണ്ടത്. ഒപ്പം ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളായ നഴ്‌സുമാർക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകർക്കും മെച്ചപ്പെട്ട ആരോഗ്യസുരക്ഷയും ജീവിത സാഹചര്യങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം.
രോഗാവസ്ഥയിൽ നിന്ന് അനേകരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്ന ശുശ്രൂഷയോടൊപ്പം സാമൂഹ്യ സേവനരംഗത്തും ശോഭിക്കുന്ന നേഴ്സുമാർക്ക് അർഹിക്കുന്ന പിന്തുണ തുടർന്നും ലഭ്യമാകണം. അനാരോഗ്യ പ്രവണതകളെ ഇല്ലാതാക്കികൊണ്ട്, ആരോഗ്യമുള്ള സമൂഹം എന്ന ലക്ഷ്യത്തോടെ കാരുണ്യത്തിന്റെയും കരുതലിന്റെയും സേവനമാതൃകകൾ തുടർന്നും സൃഷ്ടിക്കാൻ നേഴ്സസ് ദിനാഘോഷങ്ങളിലൂടെ സാധ്യമാവട്ടെ.
കേൾവികൾക്കപ്പുറമുള്ള ഉൾവിളികൾക്കായി കാതോർക്കാനും, കാഴ്ചകൾക്കപ്പുറമുള്ള കാണാക്കാഴ്ചകളിലേക്ക് കണ്ണ് തുറക്കാനും ഭയലേശമെന്യേ പ്രയാണം തുടരാനും നഴ്സുമാർക്ക് അകമഴിഞ്ഞ ജനപിന്തുണ ഉണ്ടാകണം. നേഴ്സുമാർ രോഗികളോട് പുലര്‍ത്തുന്ന നിസ്വാര്‍ഥ പരിചരണം ഓര്‍മ്മിപ്പിക്കപ്പെടാനും, അംഗീകരിക്കാനുമുള്ള മുഖാന്തിരം എല്ലാകാലത്തും സൃഷ്ടിക്കപ്പെടണം. ലോകമെങ്ങും നഴ്സുമാർ അഭിമുഖീകരിക്കുന്ന കാഠിന്യമേറിയ ജീവിത അവസ്ഥകളെക്കുറിച്ച് പൊതുജനങ്ങൾക്ക് ധാരണയുണ്ടാവണം.
ഭൂമിയിലെ മാലാഖമാരായി, രോഗങ്ങളുടെയും രോഗികളുടെയും മരുന്നുകളുടെയും ഇടയില്‍ പറന്ന് നടക്കുന്ന നഴ്സുമാർ സ്നേഹവും സാന്ത്വനവുമാണ് വിതറുന്നത്. ചുറ്റുപാടും അലയടിക്കുന്ന രോദനങ്ങൾ കേൾക്കാനും, ഈറനണിയിക്കുന്ന കാഴ്ചകൾ കാണാനും ഇനിയും ഏറെ ധീരതയോടെ മുന്നേറാൻ നഴ്സ് സമൂഹത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. വേനലിലെ നീരുറവ പോലെ തളര്‍ച്ചയില്‍ താങ്ങാകുന്ന നേഴ്സുമാരിലൂടെ 'അന്ധകാരത്തിനപ്പുറത്ത് വെളിച്ചത്തിന്റെ നാളമുണ്ട്' എന്ന തിരിച്ചറിവ് രോഗികൾക്കും ഉണ്ടാകട്ടെ.
-സിറിൽ ബി. മാത്യു
(പ്രസിഡന്റ്, നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ്)
കുവൈറ്റ് ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഫർവാനിയ ആശുപത്രിയിൽ ക്ലിനിക്കൽ ഇൻസ്ട്രക്ടർ ആയി സേവനം അനുഷ്ഠിക്കുന്ന ലേഖകൻ, കർമ്മ മേഖലയിലും പ്രവാസി സംഘടനാ രംഗത്തും സാമുദായിക പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമാണ്. ഫർവാനിയ ആശുപത്രിയിലെ ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ആയ നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിന്റെയും കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെയും പ്രസിഡന്റ്, മാർത്തോമാ സഭാ ചെന്നൈ - ബാംഗ്ലൂർ ഭദ്രാസന അസംബ്ലി അംഗം തുടങ്ങിയ വിവിധ ചുമതലകൾ നിർവഹിക്കുന്ന സിറിൽ ബി. മാത്യു കൊട്ടാരക്കര പ്ലാപ്പള്ളി സ്വദേശിയാണ്. സഹധർമ്മിണി - സിജി, മകൻ - എയ്ഡൻ.