കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ. വന്ദനയുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു. താനൂരിലെ താങ്ങാനാവാത്ത ദുരന്തത്തിൽ നിന്ന് മുക്തി നേടുംമുമ്പാണ് മറ്റൊരു ക്രൂരകൃത്യത്തിന് കൂടി നാം സാക്ഷിയാകേണ്ടി വരുന്നത് !
നമ്മുടെ സംവിധാനങ്ങൾ ഓഡിറ്റിങ്ങിന് വിധേയമാവാൻ ഓരോ ദുരന്തങ്ങൾ ഉണ്ടാകേണ്ടി വരുന്നുവെന്നത് ഏറെ വേദനിപ്പിക്കുന്നതാണ്. അത് സംബന്ധിച്ച വാർത്തകൾ മീഡിയയിൽ നിന്ന് അപ്രത്യക്ഷമാകുന്നതോടെ എല്ലാം പഴയ പടിയിലേക്ക് തന്നെ തിരിച്ചു പോകുന്നതാണ് നാം നിരന്തരമായി കണ്ടുകൊണ്ടിരിക്കുന്നത്.
താനൂർ ദുരന്തം കൊട്ടാരക്കര സംഭവത്തോടെ വിസ്മരിക്കപ്പെടും. തൊട്ടടുത്ത ദിവസം മറ്റൊരു ദുരന്തം വാർത്തയാകുന്നതോടെ കൊട്ടാരക്കര സംഭവം ഉയർത്തുന്ന ആരോഗ്യ മേഖലയിലെ സുരക്ഷാപ്രശ്നങ്ങളും അവഗണിക്കപ്പെടും. ഇതൊരു തുടർക്കഥയാവുകയാണ്.
ലഹരിക്കെതിരെ വലിയ വേട്ട നാം തുടങ്ങി വെച്ചതാണ്. പക്ഷേ, അത് ഇപ്പോൾ എവിടെയെത്തിയെന്ന് നാം മോണിറ്റർ ചെയ്യുന്നുണ്ടോ ? പല വീടുകളിലും ലഹരിക്കടിമയായവർ ഉണ്ടാക്കുന്ന പ്രതിസന്ധികൾ വളരെ വലുതാണ്. വയോധികരായ മാതാപിതാക്കൾ മാത്രമുള്ള വീടുകളിൽ ലഹരിക്കടിമയായ മകൻ ഉയർത്തുന്ന ഭീഷണിയൊന്ന് ആലോചിച്ചു നോക്കൂ.
കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിൽ ഒരു മകൻ ചികിത്സയിൽ കഴിയുന്ന സ്വന്തം അച്ഛനെ ബെഡിൽ കയറി കത്തികൊണ്ട് കുത്തുന്നതും അലമുറയിട്ട് കരയുന്ന അച്ഛനെയും അടുത്തേക്ക് അടുക്കാൻ കഴിയാതെ നെട്ടോട്ടമോടുന്ന ബന്ധുക്കളെയും പോലീസുകാരെയും നമ്മൾ കണ്ടതാണ്. ഈ കേസിലെ പ്രതിയും ലഹരിക്കടിമയാണെന്ന് നാം ഓർക്കണം.
പ്രതിയെ കൈവിലങ്ങ് പോലും അണിയിക്കാതെ കൊണ്ടുവന്നത് പോലീസിന്റെ ഗുരുതര വീഴ്ചയാണ്. ഇയാൾ പ്രതിയായല്ല പരാതിക്കാരനായാണ് സ്റ്റേഷനിൽ എത്തിയത് എന്ന പോലീസ് വാദം അംഗീകരിക്കാവുന്നതല്ല. ഇയാൾ ലഹരി ഉപയോഗിച്ച് വീട്ടിലും നാട്ടിലും പ്രശ്നമുണ്ടാക്കുക പതിവായിരുന്നുവെന്ന് മാത്രമല്ല; ലഹരി ഉപയോഗത്തിന്റെ പേരിൽ അധ്യാപന ജോലിയിൽനിന്ന് മാറ്റിനിർത്തപ്പെടുകയും ചെയ്ത വ്യക്തിയാണ് എന്നിരിക്കെ, ഇദ്ദേഹത്തെ കേവലം ഒരു പരാതിക്കാരൻ മാത്രമായി കണ്ടത് ശരിയായില്ല.
സ്ഥിരമായി പ്രശ്നമുണ്ടാക്കുകയും ഇയാൾ തന്നെ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്യുന്ന ഒരു പ്രവണതയും ഇദ്ദേഹത്തിന് ഉണ്ടെന്നു കേൾക്കുമ്പോൾ അക്കാര്യം കൂടി പോലീസ് പരിഗണിക്കാതിരുന്നത് ഒട്ടും ന്യായീകരിക്കാവതല്ല.
ഡോക്ടർമാരുടെ സുരക്ഷാപ്രശ്നം എത്രയോ കാലമായി ചർച്ച ചെയ്യുന്നതാണ്.ഇപ്പോഴും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. ഒട്ടുമിക്ക ഇടങ്ങളിലും നേരായ ഭക്ഷണക്രമവും ഉറക്കവും അതുവഴി സ്വന്തം ആരോഗ്യവും പോലും ത്യജിച്ചാണ് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ജോലിചെയ്യാറുള്ളത്.
രോഗിയുമായി എത്തുന്ന ആളുകൾക്ക് ഉണ്ടാകാവുന്ന ഭയത്തിനും ടെൻഷനുമപ്പുറം പക്വമായും തികഞ്ഞ യാഥാർഥ്യബോധ്യത്തോടെയും തീരുമാനം എടുക്കേണ്ടവരാണ് ഡോക്ടർമാർ.അതിനുതകുന്ന സുരക്ഷിതമായ അന്തരീക്ഷം അവർക്ക് ഒരുക്കി കൊടുക്കുക എന്നത് സർക്കാറിൻ്റെയും സമൂഹത്തിൻ്റെയും ബാധ്യതയാണ്. ആരോഗ്യവും സമയവും ജീവിത സുഖങ്ങളും നോക്കാതെ സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് തൊഴിലിടങ്ങൾ സമാധാനപൂർവ്വമാവുക അത്യാവശ്യമാണ്.
ഇത്തരം ആക്രമണ സംഭവങ്ങൾ, നാളെ നമുക്ക് വേണ്ടി വെല്ലുവിളികൾ ഏറ്റെടുക്കുന്നതിൽ നിന്നും ഡോക്ടർമാരെ പിന്നോട്ട് വലിക്കുമെന്ന് നാം തിരിച്ചറിയണം. പലപ്പോഴും വേണ്ടവിധം നിയമസംവിധാനങ്ങൾ ഈ വിഷയത്തിൽ ഇടപെടാത്തത് ഇത്തരം സംഭവങ്ങൾ വർധിക്കാൻ കാരണമാവുന്നുണ്ട്.
സർക്കാരിന്റെ ഭാഗത്ത് നിന്നും പഴുതുകളടച്ച ഇടപെടലുകൾ അടിയന്തിരമായി ഉണ്ടാകണം. മന്ത്രിമാർ ജനവികാരം മനസിലാക്കി പ്രതികരിക്കണം. വിവാദങ്ങൾക്ക് തിരികൊളുത്താൻ പാകത്തിൽ വാക്കുകൾ എറിഞ്ഞ് കൊടുക്കരുത്. ഈ ദാരുണമായ കൊലപാതകം, ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണമെന്നും ആരോഗ്യമേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾ സമൂലമായി പരിഹരിക്കാനുള്ള പഴുതടച്ച നിയമനിർമ്മാണത്തിന് ഇനിയും വൈകിക്കൂടന്നുമാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്.