Advertisment

ഉമ്മൻ ചാണ്ടിയെ ചതിയിലൂടെ വീഴ്ത്തിയവർ ഇത് വായിക്കണം.. , ആ നല്ല മനുഷ്യനെ അപമാനിച്ച്, അവഹേളിച്ച്, ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചവർ ഇതറിയണം - ഒരു മുൻ പ്രവാസിയുടെ അനുഭവക്കുറിപ്പ്

New Update

publive-image

Advertisment

2012 ൽ അതായത് 30 വർഷത്തെ ഉത്തരേന്ത്യൻ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്ന് രണ്ടുകൊല്ലം കഴിഞ്ഞ സമയം. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് എനിക്കും ഭാര്യക്കും യുകെയിലേക്ക് അടിയന്തരമായി പോകേണ്ട ആവശ്യം വന്നു. ഞങ്ങൾക്ക് പാസ്സ്‌പോർട്ട് ഇല്ലായിരുന്നു. അർജന്റ് പാസ്സ്‌പോർട്ട് എടുത്താൽ മരുമകൻ വിസയ്ക്ക് അപേക്ഷിക്കുകയും 15 - 20 ദിവസത്തിനകം ഞങ്ങൾക്ക് കയറിപ്പോകുകയും ചെയ്യാം.

അന്ന് തിരുവനന്തപുരം കൈതമുക്കിലാണ് റീജിയണൽ പാസ്സ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഞാനും ഭാര്യയും വെളുപ്പിന് 5 മണിക്കുള്ള തിരുവനന്തപുരം ഫാസ്റ്റിൽ കൊട്ടാരക്കരനിന്നും തിരിച്ച് 7.30 നു പാസ്സ്‌ പോർട്ട് ഓഫീസിലെത്തി. നോക്കുമ്പോൾ ഒരു കിലോമീറ്റർ നീളമുള്ള ക്യൂ. ആ ക്യൂവിന്റെ പിന്നിൽ ഞങ്ങൾ അണിനിരന്നു. പിന്നീട് വൈകുന്നേരം വരെ വെയിലിൽ ഒരേ നിൽപ്പ്. രണ്ടുപേരും നല്ലത്പോലെ ക്ഷീണിതരായി.

വൈകിട്ട് 4.50 നാണ് ഞങ്ങളുടെ അപേക്ഷ അവിടെ സ്വീകരിച്ചത്. എങ്കിലും മൂന്നു നാലു ദിവസങ്ങൾക്കകം പാസ്സ്‌പോർട്ട് ലഭിക്കുമെന്ന സംതൃപ്തിയോടെ ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ രാത്രി 10 മണിയായി. പിന്നെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിന്റെ നാളുകൾ.. ഒന്ന്, രണ്ട് , മൂന്ന്..


നാലാം ദിവസം സ്പീഡ് പോസ്റ്റിൽ തിരുവനന്തപുരം ആർപിഓയിൽ നിന്നും ഞങ്ങൾക്ക് ഒരു കത്തു ലഭിക്കുന്നു. ഞങ്ങളുടെ പാസ്സ്‌പോർട്ട് അപേക്ഷ നിരസിച്ചു എന്ന അറിയിപ്പായിരുന്നു അത്. സത്യത്തിൽ ഞെട്ടിപ്പോയി.


30 വർഷം മുൻപ്, 1982 ൽ ഞങ്ങളെടുത്ത പാസ്സ്‌പോർട്ട് ക്യാൻസലായി പോയിരുന്നു. പുതിയ പാസ്സ്‌പോർട്ട് അപേക്ഷയ്‌ക്കൊപ്പം അവ പാസ്സ്‌പോർട്ട് ഓഫീസിൽ സമർപ്പിക്കണമെന്ന കാര്യം ഞങ്ങൾക്കറിയില്ലായിരുന്നു. അതാണ് അപേക്ഷ നിരസിച്ചതിനുള്ള കാരണം.

പിറ്റേ ദിവസം രാവിലെ തന്നെ ക്യാൻസലായിപ്പോയ പഴയ പാസ്സ്പോർട്ടുകളുമായി ഞാൻ തിരുവനന്തപുരം ആർപിഓയിലെത്തി റീജിയണൽ പാസ്സ്‌പോർട്ട് ഓഫീസറെ കണ്ടു. യാതൊരു മനസാക്ഷിയും മനുഷ്യത്വവും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം.

സർക്കാർ നൽകിയ ഒരു പ്രധാനപ്പെട്ട ഡോക്യുമെന്റ് നിങ്ങൾ മനപ്പൂർവ്വം മറച്ചുവച്ചുവെന്നും, അതീവ ഗുരുതരമായ ആ കുറ്റം ചെയ്തതിനാൽ നിങ്ങൾക്ക് പാസ്പോർട്ട് ഇഷ്യു ചെയ്യാൻ സാധിക്കില്ലായെന്നും 6 മാസത്തിനുശേഷം പഴയ പാസ്പോർട്ടുൾപ്പെടെ വീണ്ടും അപേക്ഷ നൽകാനും, അപ്പോൾ നിങ്ങൾക്ക് അർഹതയുണ്ടെങ്കിൽ പാസ്പോർട്ട് ലഭിക്കുമെന്നുമായിരുന്നു അദ്ദേഹം അറിയിച്ചത്.


30 വർഷം കഴിഞ്ഞ കാലഹരണപ്പെട്ട പാസ്പോർട്ട് മടക്കി നൽകണമെന്ന കാര്യം സത്യത്തിൽ ഞങ്ങൾക്കറില്ലായിരുന്നു എന്ന എൻ്റെ വിശദീകരണങ്ങളും അഭ്യർത്ഥനകളൂം അദ്ദേഹം ഒരുതരം അവജ്ഞപോലെ തള്ളിക്കളയുകയായിരുന്നു.


മകൾക്കു സഹായത്തിന് യുകെയിൽ ഞങ്ങൾക്ക് ബന്ധുക്കളോ പരിചയക്കാരോ ആരുമില്ല. അവർക്ക് പലവിധ കാരണങ്ങളാൽ നാട്ടിൽ വരാനും കഴിയാത്ത അവസ്ഥയായിരുന്നു. വല്ലാത്ത മാനസിക വിഷമത്തോടെയാണ് പാസ്പോർട്ട് ഓഫീസിൽ നിന്നും അന്ന് ഞാൻ പുറത്തുവന്നത്. ജീവിതത്തിൽ ഏറ്റവും കൂടുതൽ വിഷമിച്ച നിമിഷങ്ങളായിരുന്നു അതെന്ന് ഇപ്പോഴും മനസിലാക്കുന്നു. മകളോടും മരുമകനോടും എന്തുപറയും ? എങ്ങനെ അവരെ ആശ്വസിപ്പിക്കും..?

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ തികച്ചും യാന്ത്രികമായി മുന്നോട്ടുനടന്നു. ഞങ്ങൾക്ക് പാസ്പോർട്ട് അപേക്ഷ തയ്യാറാക്കിത്തന്ന കമ്പ്യൂട്ടർ ഷോപ്പിനു മുന്നിലെത്തിയപ്പോൾ എന്തോ ഒരുൾവിളിപോലെ ഞാനവിടെ കയറി ആ യുവാവിനോട് കാര്യങ്ങൾ വിവരിച്ചു.

എല്ലാം മനസ്സിലാക്കിയ അയാൾ തന്ന ഉപദേശം മുഖ്യമന്ത്രിയിൽ നിന്നും ഒരു കത്തുവാങ്ങി ആർ പി ഓയിൽ നൽകിയാൽ നിങ്ങളുടെ കാര്യം നടക്കുമെന്നായിരുന്നു. പരിചയമുള്ള ഏതെങ്കിലും കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെടാനും അദ്ദേഹം നിർദ്ദേശിച്ചു.

നാട്ടിൽപ്പോലും നേതാക്കളെയൊന്നും എനിക്കു പരിചയമില്ല. മാത്രവുമല്ല വളരെക്കാലം പ്രവാസിയായി ജീവിച്ച എന്നെ കോടീശ്വരനെന്നു മുദ്രകുത്തി നാട്ടിലെ ഇടതു - വലതു കക്ഷികളുടെ ലോക്കൽ നേതാക്കളും അനുയായികളും നാടുകടത്താനുള്ള കുൽസിത ശ്രമങ്ങൾ വ്യാപകമായി അന്ന് നടത്തുകയുമായിരുന്നു.

പലതരത്തിൽ പലരീതികളിൽ അവരെന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ടായിരുന്നു. നാട്ടിൽ വന്ന് സംരംഭങ്ങൾ തുടങ്ങുന്ന പ്രവാസികൾ നേരിടുന്ന അതെ അനുഭവം ഒരു സംരംഭവും തുടങ്ങാത്ത എനിക്ക് 2010 മുതൽ ഏകദേശം 5 വർഷക്കാലം തുടർച്ചായി ഉണ്ടായി.

അവിടെനിന്നും പുറത്തിറങ്ങിയ ഞാൻ മൊബൈലിലൂടെ നെറ്റിൽ സെർച്ച് ചെയ്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോൺ നമ്പറുകൾ കണ്ടെത്തി. പാസ്പോർട്ട് ഓഫീസിനുമുന്നിലെ റോഡിൽ നിന്നുകൊണ്ട് ഞാൻ മൊബൈലിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു.

ഫോണെടുത്തത് അദ്ദേഹത്തിൻ്റെ ഒരു പി.എ ആയിരുന്നു. പേര് ഇപ്പോൾ വ്യക്തമായി ഓർക്കുന്നില്ലെങ്കിലും ജോൺ എന്നാണെന്ന് ചെറിയ ഓർമ്മയുണ്ട്. അദ്ദേഹത്തോട് എൻ്റെ അവസ്ഥയും ആവശ്യവും വിവരിച്ചപ്പോൾ

'ഒട്ടും വിഷമിക്കേണ്ട, നേരെ സൗത്ത് ഗേറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരൂ, നമുക്ക് പരിഹാരമുണ്ടാക്കാം' എന്ന അദ്ദേഹത്തിൻ്റെ മറുപടി എന്നിലുളവാക്കിയ ആഹ്ളാദം പറഞ്ഞറിയിക്കാൻ കഴിയില്ല.

ഞാൻ ഒരു ഓട്ടോയിൽ സൗത്ത് ഗേറ്റിലെത്തി, വീണ്ടും അതെ നമ്പറിൽ അദ്ദേഹത്തിനു ഫോൺ ചെയ്തു. അൽപ്പം കഴിഞ്ഞപ്പോൾ എനിക്കുള്ള പാസ്സ് സെക്യൂരിറ്റിയിൽ എത്തി. നേരെ പി.എ യുടെ ഓഫീസിൽ ചെന്നു. അദ്ദേഹത്തിൻ്റെ ഓഫീസിൽ ആളുകളുടെ വലിയ തിരക്കായിരുന്നു. ആ തിരക്കിലും അദ്ദേഹം എല്ലാവരെയും മാനേജ് ചെയ്യുന്നതും കണ്ടു.


എനിക്കൊരു വെള്ളപ്പേപ്പർ തന്നിട്ട് അപേക്ഷ തയ്യറാക്കി നൽകാൻ ആവശ്യപ്പെട്ടു . എൻ്റെ അപേക്ഷയുമായി അദ്ദേഹം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ക്യാബിനിലേക്ക് പോയി. അൽപ്പം കഴിഞ്ഞു ചിരിച്ചുകൊണ്ട് പുറത്തുവന്ന അദ്ദേഹം,  പാസ്പോർട്ട് ഓഫീസർക്കുള്ള സിഎമ്മിന്റെ കത്തു തയ്യാറാകുന്നുണ്ട്, പത്തുമിനിറ്റ് വെയ്റ്റ് ചെയ്ത് അത് നേരിട്ടുകൊണ്ടുപോയി അദ്ദേഹത്തിന് കൊടുക്കണമെന്ന് പറഞ്ഞു.


എൻ്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. നടക്കുന്നത് സത്യമോ എന്നുപോലും തോന്നിപ്പോയി. ഒരു പരിചയവുമില്ലാത്ത എനിക്കുവേണ്ടി മുഖ്യമന്ത്രി ശുപാർശക്കത്തു നൽകുന്നു എന്നൊക്കെ പറഞ്ഞാൽ ആര് വിശ്വസിക്കും. യുകെയിൽ നിന്നും മകളും വീട്ടിൽ നിന്നും ഭാര്യയും തുടരെ വിളിക്കുന്നുണ്ടായിരുന്നെങ്കിലും ഫോൺ അറ്റൻഡ് ചെയ്തില്ല.

മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ച കത്തുമായി ശരവേഗത്തിൽ ഞാൻ പാസ്സ്‌പോർട്ട് ഓഫീസിലെത്തി. അമിതാവേശം കൊണ്ടോ, ആഹ്‌ളാദം കൊണ്ടോ എന്നറിയില്ല, അതിൻ്റെ ഫോട്ടോകോപ്പി പോലുമെടുക്കാൻ ഞാൻ മറന്നുപോയി.

മുഖ്യമന്ത്രിയുടെ കത്തു കൈമാറിയപ്പോൾ മുഖ്യമന്ത്രിയെ പരിചയമുണ്ടോ എന്നായി പാസ്പോർട്ട് ഓഫീസർ. ഞാനും വിട്ടുകൊടുത്തില്ല നല്ല പരിചയമുണ്ട് എന്ന മറുപടിയും കൊടുത്തു.

പിന്നീട് പാസ്പോർട്ടിലെ നിയമവശങ്ങളും കുറേ ന്യായസംഗതികളുമൊക്കെ അയാൾ എനിക്കുമുന്നിൽ നിരത്തിയെങ്കിലും അതൊക്കെ തൻ്റെ ഭാഗം ന്യായീകരിക്കാൻ അദ്ദേഹം നടത്തുന്ന പാഴ് ശ്രമങ്ങൾ മാത്രമാണ് എന്നെനിക്കു മനസിലായി.

നിരസിച്ച ഞങ്ങളുടെ അപേക്ഷ വീണ്ടും പാസ്പോർട്ട് ഓഫീസറുടെ മേശപ്പുറത്തെത്തി. അടിയന്തര പോലീസ് വെരിഫിക്കേഷന് അദ്ദേഹം നിർദേശം നൽകി. വെരിഫിക്കേഷൻ വേഗം പോലീസ് സ്റ്റേഷനിൽ നിന്നയപ്പിച്ചാൽ ഉടൻ പാസ്പോർട്ട് ഇഷ്യൂ ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി. നോക്കുക കാര്യങ്ങൾ എത്രവേഗമാണ് തലകീഴ് മറിഞ്ഞതെന്ന്..?

ഒരു ലോകം കീഴടക്കിയ ജേതാവിനെപ്പോലെയാണ് ഞാൻ അന്ന് തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസിന്റെ പടിയിറങ്ങിയത്. വിവരങ്ങൾ മകളെയും ഭാര്യയെയും അറിയിച്ചു. അവർക്കും സന്തോഷമായി, മാത്രവുമല്ല ഒരു പരിചയവുമില്ലാത്ത നമുക്കുവേണ്ടി കത്തു തരാൻ ഇത്രയ്ക്ക് നല്ല മനുഷ്യനാണോ ഉമ്മൻ‌ചാണ്ടി സാർ എന്നാണ് മകളും ഭാര്യയും ചോദിച്ചത്.

മൂന്നാമത്തെ ദിവസം പോലീസ് വെരിഫിക്കേഷൻ പൂർത്തിയായി.. അടുത്ത 4 ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പാസ്പോർട്ടും കയ്യിൽക്കട്ടി.

ഞാൻ നന്ദി അറിയിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ എന്നെ സഹായിച്ച പി.എ യെ വിളിച്ചു. അദ്ദേഹം പറഞ്ഞ വാക്കുകൾ എന്നെ അതിശയിപ്പിച്ചുകളഞ്ഞു.

"ആളുകൾക്ക് അത്യാവശ്യ സഹായം വേണ്ട ഘട്ടത്തിൽ സാങ്കേതികത്വമോ നിയമത്തിൻ്റെ തലനാരിഴ കീറലോ ഒന്നും വേണ്ടെന്ന ഉറച്ച നിലപാടുകാരനാണ് നമ്മുടെ മുഖ്യമന്ത്രി എന്നാണദ്ദേഹം എന്നോട് പറഞ്ഞത്..

ഉമ്മൻചാണ്ടി സാറിന്റെ ആ വലിയ മനസ്സിനെ അറിയാതെ നമിച്ചുപോയി. എനിക്കേറെ ഇഷ്ടമുള്ള മുഖ്യമന്ത്രിയായിരുന്നു സഖാവ് ഇ.കെ. നായനാർ, അതുപോലെതന്നെ വി.എസിന്റെയും ആരാധകനായിരുന്നു ഞാൻ. ഈ ശ്രേണിയിൽ ഞാൻ ഉമ്മൻചാണ്ടി സാറിനെയും കാണുന്നു.


അദ്ദേഹത്തിനെതിരെയുയർന്ന സോളാർ അഴിമതിയാരോപണങ്ങൾ കുറെയൊക്കെ സത്യമാകാമെന്ന് ഒരു ഘട്ടത്തിൽ ഞാനും കരുതിയിരുന്നു. എന്നാൽ അദ്ദേഹം കറകളഞ്ഞ വ്യക്തിത്വമാണെന്ന് ഇന്ന് ഞാൻ മനസിലാക്കുന്നു. അധികാരം കൈക്കലാക്കാൻ എന്ത് നെറികേടും കാട്ടുന്ന ഒരു കൂട്ടരുടെ തുടർച്ചയായ നുണക്കഥകളിൽ ജനം പെട്ടുപോകുകയായിരുന്നു.


ഇന്ന് സത്യം ഒന്നൊന്നായി പുറത്തുവരുകയാണ്. സിസ്റ്റർ അഭയാ കേസിൽ അടയ്ക്കാ രാജു എന്ന മോഷ്ടാവിലൂടെ ലോകം നേരറിഞ്ഞപ്പോൾ ഇവിടെ സി. ദിവാകരനിലൂടെ, ഹേമചന്ദ്രൻ ഐപി എസിലൂടെ ഉമ്മൻ‌ചാണ്ടി എന്ന നന്മമനസ്സിനെ ചതിക്കെണിയിൽപ്പെടുത്തിയ നെറികേടിന്റെ കഥകൾ ഒന്നൊന്നായി ചുരുളഴിയുകയാണ്.

2012 ൽ ഒരു നേതാവിന്റെയും ശുപാർശയില്ലാതെ ഉമ്മൻചാണ്ടിയുടെ സഹായത്താൽ ഞങ്ങൾ ആദ്യമായി 6 മാസ വിസയിൽ യുകെയ്ക്ക്  പോയി. എല്ലാ കാര്യങ്ങളും ഭംഗിയായി നടന്നു.

ഇന്ന് ഉമ്മൻചാണ്ടി അനാരോഗ്യവാനാണ്. അവശനായി ആശുപത്രിക്കിടക്കയിൽ കഴിയുന്ന അദ്ദേഹത്തിൻ്റെ ചിത്രം കാണുമ്പോൾ മനസ്സ് പിടയാറുണ്ട്. ഈ നല്ല മനുഷ്യന് ആപത്തൊന്നും വരുത്തല്ലേ എന്ന് മനമുരുകി അപേക്ഷിക്കാറുമുണ്ട്.

ഉമ്മൻചാണ്ടി പഴയതുപോലെ ആരോഗ്യവാനായി മടങ്ങിവരും എന്ന് മനസ്സ് പറയുന്നു.. അങ്ങനെതന്നെ സംഭവിക്കട്ടെ...

Advertisment