അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭയും നാട്ടിലെ മാലിന്യ നിർമാർജന പദ്ധതികളും റോഡുകളിലെ ട്രാഫിക് നിയമലംഘകരെ പിടികൂടാൻ എഐ ക്യാമറകൾ സ്ഥാപിച്ചപോലെ സ്വന്തം വീട്ടിലെ മാലിന്യങ്ങൾ നിരത്തിലും വഴിയരികിലും വലിച്ചെറിയുന്നവരെ പിടികൂടി കനത്ത പിഴ ഈടാക്കുന്ന സംവിധാനം സർക്കാർ കൊണ്ടുവരേണ്ടത് ശുചിത്വ കേരളത്തിന് അനിവാര്യമാണ്. ഇക്കാര്യത്തൽ അമേരിക്കൻ മലയാളികളുടെ മുതൽ മുടക്കിൽ എന്തെങ്കിലും സംഭവിച്ചാൽ അവിടെ നടക്കുന്ന ലോക കേരള സഭകൊണ്ട് നേട്ടമുണ്ടാവും.
ശാന്തമായൊഴുകുന്ന കനോലികായലിന്റെ തീരത്തുകൂടിയാണ് എന്റെ പ്രഭാത നടത്തം. വലയിട്ട് മീൻപിടിക്കുന്നവരും, സുബഹ് നിസ്കാരം കഴിഞ്ഞു നടത്തം പതിവാക്കിയവരും, നാട്ടുകാരും അക്കൂട്ടത്തിലുണ്ടാവും. പക്ഷെ, ഇടുങ്ങിയ നിരത്തിന്റെ ഓരത്തും, ടാറിട്ട റോട്ടിലും തലേ ദിവസം ആരോ വലിച്ചെറിഞ്ഞ മാലിന്യകെട്ടുകൾ പട്ടിയും കാക്കയും വലിച്ചുകീറി വിതറിക്കിടക്കുന്നത് നിത്യക്കാഴ്ചയാണ്. മീൻ പിടിക്കുന്നവർക്കാവട്ടെ പലപ്പോഴും വിഘാതമായിത്തീരുന്നത് കായലിലൂടെ ഒഴുകുന്ന ചെറുതും വലുതുമായ മാലിന്യക്കെട്ടുകളും.
ഞങ്ങൾക്കും വരും തലമുറക്കും ഇവിടെ വസിക്കാനാവുമോ എന്ന ചോദ്യത്തോടെയാണ് എന്റെ ഓരോ പ്രഭാതങ്ങളും കടന്നു പോവുന്നത്. ബഹുമുഖ പ്രതിഭകളായ ഒട്ടനവധി ഭരണാധികാരികൾ ഈ നാട് ഭരിച്ചിട്ടും നേതൃപാടവംകൊണ്ട് സ്വന്തം വാർഡിന്റെ മഹിമകൾ വാതോരാതെ പ്രസംഗിച്ചു നടന്നിട്ടും എന്തുകൊണ്ട് മാലിന്യം വലിച്ചെറിയുന്ന സമ്പ്രദായത്തിന് പരിഹാരം കാണുന്നില്ല.
നമ്മൾ, മലയാളികൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മാലിന്യസംസ്‌കരണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് കാലാകാലങ്ങളായി അവർ ചോദിക്കുന്നത് ഒന്ന് മാത്രമാണ്. “ഞങ്ങളുടെ മാലിന്യം എവിടെ നിക്ഷേപിക്കണം, എവിടെ സംസ്കരിക്കണം” എന്ന്. മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഒരു പെട്ടി പോലും റോഡരികിലോ കൗൺസിലർമാരുടെ വാർഡുകളിലോ നാളിതുവരെ സ്ഥാപിച്ചിട്ടില്ല. മാലിന്യത്തെ തരംതിരിക്കാനും അവയെ സംസ്കരിക്കണമെന്നും വാതോരാതെ പറയുന്നവർ ജൈവമാലിന്യവും അജൈവമാലിന്യവും ഖരമാലിന്യവും വേർതിരിച്ചിട്ടെന്തുചെയ്യും എന്ന് മാത്രം പറയുന്നില്ല.
ഭൂമിയിലെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന മാരകമായ മാലിന്യവിഷം ശ്വസിക്കേണ്ടിവരുന്ന ഒരു ജനതയുടെ ഭാവി എന്തായിരിക്കുമെന്ന് നമ്മെ ഭരിക്കുന്നവർക്കറിയാമെങ്കിലും മറ്റു മേഖലകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കാനാണ് അവരുടെ താത്പര്യം. തൊട്ടതിനും കൊടുത്തതിനും വിവാദങ്ങളുണ്ടാക്കി വൃഥാ സമയം നഷ്ടപ്പെടുത്തുന്ന രാക്ഷ്ട്രീയ ശൈലിമാറ്റി ക്രിയാത്‌മകമായ മാറ്റങ്ങൾക്കുവേണ്ടി മുറവിളിക്കുകയല്ലേ അവർ ചെയ്യേണ്ടത്.
എഐ ക്യാമറയിലും കെഫോണിലും റോഡ് നിർമാണത്തിലും ഡിജിറ്റൽ മേഖലയിലും നാം കൈവരിച്ച നേട്ടങ്ങളെ മലീമസമാക്കും വിധത്തിലാണ് മാലിന്യക്കൂമ്പാരം ഓരോ തദ്ദേശസ്വയം ഭരണ വാർഡുകളിലും കുമിഞ്ഞു കൂടുന്നത്. അവ ഇല്ലാതാക്കണമെങ്കിൽ നാമോരോരുത്തരും സ്വയം നന്നാവണം. വ്യക്തിശുചിത്വവും, ഗാര്‍ഹികശുചിത്വവും, സാമൂഹികശുചിത്വവും വളരെ പ്രധാനപ്പെട്ടവ തന്നെയാണ്. എന്തെന്നാല്‍ നാം നന്നായാല്‍, നമ്മുടെ സമൂഹത്തിലെ ഓരോരുത്തരും നന്നായാല്‍ പകുതി പ്രശ്‌നം അവിടെ തീര്‍ന്നുവെന്നുപറയാം. ഈ ബോധവത്കരണം പ്രൈമറി സ്കൂൾ തലം മുതൽ തുടങ്ങണം.
സമുദ്ര നിരപ്പിൽനിന്നും 8848 അടി ഉയരത്തിൽ കിടക്കുന്ന എവറസ്റ്റിന്റെ താഴ്വരകളിൽ പോലും മാലിന്യം കുമിഞ്ഞകൂടിയ വാർത്ത അന്ത്രരാഷ്ട ഏജൻസികൾ റിപ്പോർട് ചെയ്തത് ഇക്കഴിഞ്ഞ ദിവസമാണ്. പർവ്വതാരോഹണത്തിനെത്തുന്നവർ വലിച്ചെറിയുന്ന മാലിന്യം നീക്കം ചെയ്യാൻ യാതൊരു സംവിധാനവും അധികൃതർ ഒരുക്കിയിട്ടില്ല. ഓരോ വ്യക്തിയും എട്ടുകിലോ മാലിന്യവീതം യാത്രയിൽ അവിടെ നിക്ഷേപിക്കുന്നു.
ചൈനയിലെ മാലിന്യരഹിത കാഴ്ചകൾ :
ഒരു വ്യാഴവട്ടംമുമ്പ് ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ പോയപ്പോൾ അവിടത്തെ വെടിപ്പും വൃത്തിയും കണ്ട് ഞാൻ അതിശപ്പെട്ടുപോയി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ വലിയ നഗരത്തിലെവിടെയും ഒരു തരി മാലിന്യം വഴിയരുകിൽ കാണുന്നില്ല. വെയിലിനു ചൂടേറുംമുമ്പേ ആ തെരുവിലൂടെ ചുറ്റിക്കറങ്ങിയ ഞാൻ നടന്നു കയറിയത് റോഡരികിലെ ഒരു സ്കൂളിലേക്കായിരുന്നു.
സമയം ഒൻപത്. ബെല്ലടിച്ചപാടേ യൂണിഫോമിട്ട കുട്ടികൾ കൈയിൽ കുട്ടയുമായി പുറത്തുവരുന്നു, സ്കൂളിനു ചുറ്റും ചൂലെടുത്തു വൃത്തിയാക്കുന്നു. അരമണിക്കൂറിനുശേഷം അവർ സ്കൂൾ കോംബൗണ്ടിലേക്കു തിരിച്ചു കയറുന്നു. മറ്റൊരു അരമണിക്കൂർ അവർ കായികാഭ്യാസം ചെയ്യുന്നു. ഇതിനൊക്കെ നേതൃത്വം കൊടുക്കുന്ന അധ്യാപകരാവട്ടെ അവരോടൊപ്പം ഇതേ പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുന്നു.
കൗതുകം തോന്നിയ ഞാൻ സ്കൂളിനകത്തേക്കു കയറി. പാറാവുകാരൻ മുതൽ അധ്യാപകർക്കുവരെ ചൈനീസ് ഭാഷയല്ലാതെ മറ്റൊന്നും അറിയില്ല. ആംഗ്യ ഭാഷയിൽ അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കൊയോ പറഞ്ഞു. ഒടുവിൽ പ്രിൻസിപ്പൽ അവരുടെ ടെലിഫോൺ ആപ്പിൽ ചൈനീസ് ഭാഷയിൽ ചോദിച്ചപ്പോൾ ഇംഗ്ളീഷ് പരിഭാഷ വന്നു. ഞങ്ങൾ ഏറെനേരം ടെലിഫോൺ ആപ്പിലൂടെ സംസാരിച്ചു.
ചൈനയിലെ എല്ലാ സ്കൂളുകളിലും പരിസരം വൃത്തിയാക്കലും കായികാഭ്യാസവും പതിവാണ്. പാഠ്യപദ്ധതിയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണത്. ചെറുപ്പം തൊട്ടേ ശുചിത്വവും കായിക പരിശീലനവും അവരുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. അതുകൊണ്ടുതന്നെ നാടും വീടും ഒരു പോലെ വൃത്തിയുള്ളതായിത്തീരുന്നു.
നമ്മുടെ പാഠ്യ പദ്ധതിയിലും മാലിന്യ നിർമ്മാർജ്ജനവും പ്രത്യുല്പാദന മാർഗങ്ങളും പഠിപ്പിക്കണം. വളർന്നു വരുന്ന കുട്ടികളിൽ ശുചിത്വ ഭൂമിയുടെ അടയാളങ്ങൾ മനസ്സിലാക്കണം. ഈ വിഷയത്തില്‍ കുട്ടികള്‍ക്കും ചിലതു ചെയ്യുവാന്‍ കഴിയും. സ്കൂളും പരിസരവും നിത്യേന ശുചീകരിക്കുക, സ്‌കൂളുകളില്‍ ഡ്രൈ ഡേ ആചരിക്കുക, ബോധവല്‍ക്കരണം നടത്തുക, ജാഥകള്‍ സംഘടിപ്പിക്കുക, ഫ്‌ളാഷ്‌മോബുകള്‍, മാലിന്യ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധതിരിക്കാനുതകും വിധം ചെറുതും വലുതുമായ സെമിനാറുകൾ സംഘടിപ്പിക്കുക. അധ്യാപകർ കൈകെട്ടി നോക്കി നിൽക്കാതെ അവരും ഇത്തരം പ്രവൃത്തി ചെയ്തുകൊണ്ട് കുട്ടികൾക്കും നാട്ടുകാർക്കും മാതൃകയാവുക.
മാലിന്യത്തിൽനിന്ന് ഇലക്രിസിറ്റി:
ചൈനയിലെ തെരുവോരത്തും മുക്കിലും മൂലയിലും വെച്ചിരിക്കുന്ന ചെറുതും വലുതുമായ മാലിന്യപെട്ടികളിൽ നിക്ഷേപിക്കുന്ന വേർതിരിച്ച മാലിന്യം അവ കയറ്റുന്ന വാഹനത്തിൽ കൊണ്ടുപോവുന്നു. വാഹനം മറ്റൊരിടത്തേക്കു നീങ്ങിത്തുടങ്ങുബോൾതന്നെ അവ അതിൽ ഘടിപ്പിച്ച മെഷീനിലൂടെ സ്വയം സംസ്കരിച്ചു തുടങ്ങും. ഒടുവിൽ അവിടത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തുന്നതോടെ മറ്റൊരു മെഷീൻ അതേറ്റു വാങ്ങുകയും അവിടെവെച്ചു യന്ത്രവൽകൃത സംസ്കാരണ പ്രവർത്തി ആരംഭിക്കുന്നു.
വെയ്സ്റ്റ് ടു എനർജി ഉല്പാദിപ്പിക്കുന്ന പ്ലാന്റിലേക്കു ഈ മാലിന്യങ്ങൾ നീങ്ങിത്തുടങ്ങുന്നു. ഡബ്ല്യുടിഇ പദ്ധതിപ്രകാരം ആ നാടും നഗരവും പ്രകാശ പൂരിതമാകുന്നു. ചുരുക്കിപ്പറഞ്ഞാൽ ജൈവമാലിന്യങ്ങളെ ഇലക്ട്രിസിറ്റി ആക്കി മാറ്റുന്നു. കറണ്ടുൽപ്പാദനത്തിന്റെ മറ്റൊരു മേഖലയിലേക്ക് ചൈന കടന്നെത്തിയിട്ട് കാൽനൂറ്റാണ്ടിലെറെയായി. രണ്ടായിരത്തി മുപ്പതാവുമ്പോഴേക്കും അമേരിക്കയെ മറികടക്കുമെന്നാണ് അവർ വെല്ലുവിളിക്കുന്നത്.
(ചൈനയിലെ വെയ്സ്റ്റ് ടു എനർജി പ്ലാന്റ്)
മാലിന്യരഹിത ലോക കേരളസഭ:
അമേരിക്കയിൽ ചേരുന്ന ലോക കേരള സഭയിൽ ഡബ്ല്യുടിഇയെ കുറിച്ച് ചോദിച്ചറിയുന്നത് എന്തുകൊണ്ടും അഭികാമ്യമായിരിക്കും. കാരണം ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ വെയ്സ്റ്റ് ടു എനർജി ഉല്പാദിപ്പിക്കുന്ന രാജ്യം അമേരിക്കയാണ്.
ലോകത്തിലെ ആദ്യത്തെ ഡബ്ല്യുടിഇ പ്ലാന്റ് നിർമ്മിച്ചത് ലോക കേരള സഭ നടക്കുന്ന ന്യൂയോർക്കിലാണ്, 1885-ൽ. ആ ടെക്നോളജി പഠിക്കാനും അവിടത്തെ മലയാളികളെകൊണ്ട് ഇവിടെ ഡബ്ല്യുടിഇക്കുവേണ്ടി ഇൻവെസ്റ്റ് ചെയ്യിക്കാനുമുള്ള ചർച്ചകളാണ് നടക്കേണ്ടത്. എങ്കിൽ മാത്രമേ വിവാദമുയർന്ന ലോക കേരള സഭ സമ്മേളനം കൊണ്ട് എന്തെങ്കിലും പ്രചോദനം ലഭിക്കൂ.
വിവാദക്കാരുടെ വായടക്കാൻ കിട്ടുന്ന അവസരം സർക്കാറിന് വിനിയോഗിക്കാനാവും. അല്ലാതെ കണ്ണുപൊട്ടൻ നാടുകാണാൻ പോയപോലെ ആയിത്തീരും അമേരിക്ക കണ്ട് മടങ്ങുന്ന ലോക കേരളസഭ പ്രതിനിധികൾ.
അമേരിക്കൻ മലയാളി ഇൻവെസ്റ്റ് ചെയ്യുമോ:
സുഖലോലുപതയുടെ നടുവിൽ ജീവിക്കുന്ന അമേരിക്കൻ മലയാളികൾ ഇവിടെ ഇൻവെസ്റ്റ് ചെയ്യുമോ എന്നത് മറ്റൊരുകാര്യം. കാരണം അവരവിടെ ജീവിക്കുന്നത് അല്ലലില്ലാതെയാണ്. എല്ലാം വിരൽത്തുമ്പിലൂടെ നേടിയെടുക്കുന്ന ടെക്നോളജിയുടെ മടിത്തട്ടിലിരിക്കുന്നവർ സർക്കാരിന്റെ വീമ്പുപറച്ചിലിനപ്പുറം മറ്റൊന്നും ഇവിടെ നടക്കില്ലെന്ന് ബുദ്ധിയും വിദ്യാഭ്യാസവുമുള്ളവർ ഒരുവേള ചിന്തിച്ചുപോയെങ്കിൽ അവരെ കുറ്റം പറയാനാവില്ല. കാരണം അവർ അദ്ധ്യനിച്ചുണ്ടാക്കിയ ഡോളർ ഇഡിയുടെയും മറ്റും പരിശോധനയിൽ നിന്നും രക്ഷിക്കാൻ സർക്കാറിനാവുമോ?
കൊട്ടിഘോഷിച്ചുണ്ടാക്കിയ കണ്ണൂർ വിമാനത്താവളം കഴിഞ്ഞ അഞ്ചുവർഷമായി മാസംതോറും അഞ്ചുകോടി രൂപ നഷ്ടത്തിലാണൊടുന്നത്. കേന്ദ്രത്തിൽ നിന്നും ഒരു പിഒസി നേടിയെടുത്താൽ തീരുന്ന പ്രശ്നമായിട്ടു പോലും അതിനു ശ്രമിക്കാതെ കേന്ദ്ര സർക്കാരിനെ കുറ്റം പറഞ്ഞു നടക്കുകയാണ്. എയർപോർട്ടുണ്ടാക്കുന്നതിന് മുമ്പേ അവിടെ പിഒസി ലഭിക്കുമോ എന്ന പഠനം എന്തുകൊണ്ട് നടത്തിയില്ല? രാജ്യം മുഴുവൻ പണിയുന്ന എയർപോർട്ടുകൾക്കു സിപിഒസി കൊടുക്കാൻ നിന്നാൽ ഇൻഡസ്ട്രിയുടെ ബലന്‍സ് തെററും.
ആഭ്യന്തര വിമാനസർവീസുകൾ ഓരോന്നായി അടച്ചുപൂട്ടിയ കഥ നമുക്കറിയാമല്ലോ. പറഞ്ഞുതുടങ്ങിയത് നമ്മുടെ നാട്ടിലെ മാലിന്യങ്ങളെ എങ്ങനെ നീക്കം ചെയ്യും എന്നതിനെ കുറിച്ചാണ്. ജാതിയും, മതവും, രാക്ഷ്ട്രീയവും മറന്നു നാം ഒന്നിക്കണം. പവിത്രമായ നമ്മുടെ മണ്ണ് വലിയൊരു ചവറ്റുകൂനയായി അധ:പതിക്കാതിരിക്കാൻ നാമോരുരുത്തതും ശ്രദ്ദിക്കണം.
1987-ലാണ് ഇന്ത്യയിലെ ആദ്യത്തെ ഡബ്ല്യുടിഇ പ്ലാന്റ് ഡൽഹിയിൽ തുടങ്ങിയത്. പതിനാലെണ്ണത്തിൽ ഏഴെണ്ണം അടച്ചുപൂട്ടേണ്ടി വന്നു. 40 മെഗാവാട്ട് വൈദ്യതി ഉല്പാദിപ്പിക്കാൻ ഇവെസ്റ് ചെയ്യേണ്ടത് 20-25 കോടി രൂപയാണ്. കോടികൾ ചെലവിട്ട് ട്രാഫിക് ക്യാമറകൾ സ്ഥാപിച്ചപോലെ, കെ-ഫോൺ ലൈനുകൾ ഇലക്ട്രിക് പോസ്റ്റിലൂടെ വലിച്ചപോലെ നാട്ടിലെ ഓരോ മുക്കിലും മൂലയിലും എഐ ക്യാമറകൾ സ്ഥാപിച്ചുകൊണ്ട് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുകയും അവർക്കു കനത്തപിഴ ചുമത്തുകയും ചെയ്യുക.
അതോടപ്പം അതാതു തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ അവരവരുടെ ഓരോ വാർഡിലും മാലിന്യപ്പെട്ടികളും അവ ശേഖരിക്കാനുള്ള യന്ത്ര വൽകൃത വാഹനങ്ങളും സജ്ജമാക്കുകയും അവ പ്രത്യുല്പാദനത്തിനായി വേണ്ടത്ര പ്ലാന്റുകൾ നിർമ്മിക്കുകയും ചെയ്യുക.
ശാസ്ത്രീയമായ രീതിയിൽ സംസ്കരണ പ്ലാന്റുകൾ നിർമ്മിച്ചാൽ ജനങ്ങളുടെ എതിർപ്പുകൾ ഉണ്ടാവില്ല. സമരങ്ങളും എതിർപ്പുകളും കുറയും. അടുത്ത കേരള ലോകസഭ ചൈനയിൽ നടത്തിയാൽ അവിടത്തെ ടെക്നോളജിയും ചൈനീസ് മാതൃകയും നമുക്കൊപ്പിയെടുക്കാനാവും.
അവിടത്തെപോലെ ഇവിടെയും മാലിന്യത്തിൽനിന്നും ഇലക്ട്രിസിറ്റി ഉല്പാതിപ്പിച്ച് ഉപഭോകതാക്കൾക്കു കരണ്ടു വിലകുറച്ചു വിൽക്കാം. വരും തലമുറയ്ക്ക് വസിക്കുവാന്‍ പാകത്തില്‍ പരിസ്ഥിതി സൗഹാര്‍ദ ഭവനമായി ഭൂമിയെ മാറ്റുവാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
“നവകേരളം എങ്ങോട്ട്, അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതയും” എന്നവിഷയത്തെ കുറിച്ച് ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന പ്രബന്ധത്തിൽ കേരളത്തിലെ മാലിന്യ നിർമ്മാർജനം എങ്ങനെ അമേരിക്കൻ മാതൃകയിൽ നടത്താമെന്നുകൂടി പറയുമായിരിക്കും.