Advertisment

ലോക്ഡൗണിനു ശേഷം കവര്‍ച്ചാ ശ്രമങ്ങളില്‍ വര്‍ധനവുണ്ടാകുമെന്ന് ദക്ഷിണേന്ത്യയിലെ 79 ശതമാനം പോലീസുകാരും കരുതുന്നതായി ഗോദ്റെജ് ലോക്സ് പഠന റിപ്പോര്‍ട്ട്

New Update

publive-image

Advertisment

കൊച്ചി: ലോക്ഡൗണ്‍ കഴിഞ്ഞതിനു ശേഷമുള്ള കാലത്ത് വീടുകളില്‍ കവര്‍ച്ച, മോഷണം എന്നിവയില്‍ വര്‍ധനവുണ്ടാകുമെന്ന് ദക്ഷിണേന്ത്യയിലെ 79 ശതമാനം പോലീസുകാരും മുന്‍കൂട്ടിക്കാണുന്നു. ഗോദ്റെജ് ആന്‍റ് ബോയ്സിന്‍റെ ഗോദ്റെജ് ലോക്സ് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദക്ഷിണേന്ത്യയിലെ വീടുകളുടെ സ്ഥിതി മനസിലാക്കുന്നതിനായി കൊച്ചി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഹര്‍ ഘര്‍ സുരക്ഷിത് റിപ്പോര്‍ട്ട് തയ്യാറാക്കാനായി ഇന്‍കോഗ്നിറ്റോ ഗവേഷണം നടത്തിയത്.

കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യം പലരേയും തൊഴിലില്ലായ്മയിലേക്കും വലിയ ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള സാമ്പത്തിക സൂചനകളും രേഖപ്പെടുത്തുന്ന കുറ്റകൃത്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ ഗ്ലോബല്‍ പള്‍സ് ഇനീഷിയേറ്റീവ് ചൂണ്ടിക്കാട്ടുന്നത്. ചെറിയ മോഷണങ്ങള്‍, വാഹന മോഷണങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കല്‍ തുടങ്ങിയവയില്‍ ഇപ്പോള്‍ തന്നെ വര്‍ധനവു ദൃശ്യമാണെന്നാണ് പോലീസുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

ദക്ഷിണേന്ത്യയിലുള്ളവര്‍ എന്തെങ്കിലും കവര്‍ച്ചകള്‍ക്ക് വിധേയരാകുമ്പോഴാണ് വീടിന്‍റെ സുരക്ഷയെ കുറിച്ചു ചിന്തിക്കുന്നതെന്ന് 73 ശതമാനം പോലീസുകാര്‍ കരുതുന്നു എന്നും ഹര്‍ ഘര്‍ സുരക്ഷിത് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗേറ്റഡ് കമ്യൂണിറ്റികളിലുള്ള ഒറ്റയായ വീടുകള്‍ക്കാണ് രാത്രിയില്‍ കൂടുതല്‍ അപകട സാധ്യതയെന്നും പോലീസുകാര്‍ വിശ്വസിക്കുന്നു. ഒറ്റപ്പെട്ട വീടുകള്‍ പുലര്‍കാലത്ത് ആക്രമിക്കപ്പെടാനുള്ള സാധ്യത ദക്ഷിണേന്ത്യയില്‍ ചെറിയ തോതില്‍ കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബ്രാന്‍ഡഡ് മെക്കാനിക്കല്‍ ലോക്കുകളും ഡിജിറ്റല്‍ ലോക്കുകളും കൂടുതല്‍ പ്രധാനപ്പെട്ടതാണെന്ന് പ്രതികരിച്ചവരില്‍ 81 ശതമാനവും കരുതുന്നു. ഏറ്റവും സുരക്ഷിതം ഡിജിറ്റല്‍ ലോക്കുകളാണെന്നാണ് 99 ശതമാനം പേരും കണക്കാക്കുന്നത്. വീടുകള്‍ക്ക് സുരക്ഷ നല്‍കുന്ന സാങ്കേതികവിദ്യകളെ കുറിച്ച് അടിയന്തര ബോധവല്‍ക്കരണം വേണമെന്നാണ് 85 ശതമാനം പോലീസുകാരും കരുതുന്നത്.

ഇന്ത്യയിലെ വീടുകളുടെ സുരക്ഷിതത്വം സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകള്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഹര്‍ ഘര്‍ സുരക്ഷിത് റിപ്പോര്‍ട്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് ലോക്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ബസിനസ് തലവനുമായ ശ്യാം മോട്വാനി പറഞ്ഞു. ജനങ്ങള്‍ക്ക് ഇത് സഹായകമാകും എന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ടു തയ്യാറാക്കുന്നതിനായി ഇന്ത്യയില്‍ ഉടനീളമുള്ള പോലീസ് ഓഫിസര്‍മാരുടെ സര്‍വേ എടുത്തിരുന്നു. സുരക്ഷാ ആവശ്യങ്ങളുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ഗോദ്റെജ് ലോക്സ് തുടര്‍ച്ചയായ ശ്രമങ്ങളാണ് നടത്തുന്നത്.

Advertisment