Advertisment

ശമ്പളം ഒരു ലക്ഷം,യോഗ്യത പത്താം ക്ലാസ്; സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് ദക്ഷിണകൊറിയയിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് (Overseas Development and Employment Promotion Cousultants Ltd. -ODEPC) ദക്ഷിണകൊറിയയിലേക്ക് കാർഷികവൃത്തിയ്ക്കായി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. ഏകദേശം ഒരുലക്ഷം രൂപ (1000-1500 ഡോളർ) വേതനമുള്ള ജോലിക്ക് പത്താംക്ലാസാണ് യോഗ്യത. 25നും 40നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഒഡെപെക് വെബ്സൈറ്റ് (https://odepc.kerala.gov.in/jobs/recruitment-of-agricultural-labours-to-south-korea) വഴിയോ recruit@odepc.in എന്ന മെയിലിൽ ബയോഡാറ്റ അയച്ചോ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി: ഒക്ടോബർ 27.

ദക്ഷിണകൊറിയയിലേക്ക് തങ്ങൾ ആദ്യമായാണ് റിക്രൂട്ടിങ് നടത്തുന്നതെന്ന് ഒഡെപെക് മാനേജിങ് ഡയറക്ടർ കെ.എ.അനൂപ് പറഞ്ഞു. അവിടത്തെ സർക്കാർ പദ്ധതിയുടെ ഭാഗമയുള്ള ഉള്ളിക്കൃഷിയ്ക്കായാണ് ആളുകളെ കൊണ്ടുപോകുന്നത്. ആയിരം പേരെയാണ് ആവശ്യപ്പെട്ടതെങ്കിലും ആദ്യഘട്ടത്തിൽ നൂറുപേരെയാണ് അയക്കുന്നത്. 60 ശതമാനം പേർ സ്ത്രീകകളായിരിക്കണമെന്ന് അവർ നിർദേശിച്ചിട്ടുണ്ട്. പത്താംക്ലാസാണ് അടിസ്ഥാന യോഗ്യത എന്നതിനാൽ, അത്തരത്തിൽ കുറഞ്ഞ യോഗ്യതയുള്ള ജോലി കിട്ടാൻ ബുദ്ധിമുട്ടുള്ളവർക്കും അധികം അവസരങ്ങൾ ലഭിക്കാത്ത വിദൂരമേഖലയിൽ നിന്നുളളവർക്കും മുൻഗണന നൽകും

ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം ലഭിക്കുക.

ഇത് മൂന്നു വർഷം വരെ നീട്ടാം. കൊറിയൻ തൊഴിൽ നിയമമനുസരിച്ച് മാസത്തിൽ 28 ദിവസം ജോലി ഉണ്ടായിരിക്കും. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ജോലിസമയം. ജോലിസമയത്തെ ഭക്ഷണം സൗജന്യമായി ലഭിക്കും. കാർഷികവൃത്തിയിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഇംഗ്ലീഷിൽ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. ഡബ്ല്യു.എച്ച്.ഒ. അംഗീകൃത കോവിഡ് വാക്സിൻ എടുത്തവരെ മാത്രമേ കൊറിയ അനുവദിക്കൂ എന്നതിനാൽ കോവാക്സിൻ എടുത്തവർക്ക് പോകാനാവില്ല. കോവിഷീൽഡ് എടുത്തവർ രണ്ടു ഡോസും പൂർത്തിയാക്കിയിരിക്കണം.

താൽപര്യമുള്ളവർക്കായി ഒക്ടോബർ 27ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പൽ ടൗൺഹാളിലും ഒഡെപെക് സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. ജോലിയെ കുറിച്ചും കൊറിയയിലെ സാഹചര്യങ്ങളെ കുറിച്ചും സെമിനാറിൽ വിശദമാക്കും. ഇതിനുശേഷം യോഗ്യതയും താൽപര്യമുള്ളവരെ ഇന്റർവ്യൂവിന് വിളിക്കുകയാവും ചെയ്യുക.

ജോലിയെ കുറിച്ച് വിശദമായി അന്വേഷിച്ച ശേഷമാണ് റിക്രൂട്ടിങ് നടത്താൻ തീരുമാനിച്ചതെന്ന് ഒഡെപെക് എംഡി അനൂപ് വ്യക്തമാക്കുന്നു. എംബസികളും മറ്റും വഴി വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. ജോലി ലഭിക്കുന്നവരുടെ പേപ്പർ വർക്കുകൾ ഒഡെപെക്കിന്റെ മേൽനോട്ടത്തിലായിരിക്കും നടത്തുക. മിക്കവാറും അടുത്ത മാസം തന്നെ റിക്രൂട്ടിങ് ഉണ്ടാകും. ജെർമനി, ബെൽജിയം എന്നീ രാജ്യങ്ങളിലെ മീറ്റ് പ്രോസസിങ് യൂണിറ്റുകളിലേക്കുള്ള റിക്രൂട്ടിങ്ങും ഉടനെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment