Advertisment

പ്ലസ്‌ടുക്കാർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പഠിക്കാം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

സയൻസ് പഠിക്കാൻ ഗൗരവമായി ഉദ്ദേശിക്കുന്നുവെങ്കിൽ ബംഗലൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ തന്നെ പഠിക്കണം. ലോക റാങ്കിംഗിലുള്ള ആദ്യ 200 സർവകലാശാലകളിൽ ഇന്ത്യയിൽ മുന്നിലുള്ള സ്ഥാപനമാണിത്. ഇവിടുത്തെ ഡിപ്പാർമെന്റുകൾ പലതും ഇൻസ്റ്റിറ്റ്യൂട്ടിനേക്കാൾ ഉയർന്ന സ്ഥാനം നിലനിർത്തുന്നവയാണ്.

ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ മുൻകൈയെടുത്തത് ജംഷഡ്‌ ജി ടാറ്റ ആയതിനാൽ ഇൻസ്റ്റിറ്റ്യൂട്ട് ബംഗലൂരുവിൽ അറിയപ്പെടുന്നത് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ്. ദേശീയ റാങ്കിംഗിൽ ഗവേഷണത്തിലും സർവകലാശാലാ കാറ്റഗറിയിൽ ഒന്നാമതും ഈ സ്ഥാപനമാണ്.

ജംഷഡ് ജി ടാറ്റാ 1893ൽ കപ്പൽ യാത്രയിൽ സ്വാമി വിവേകാനന്ദനുമായി പങ്കു വച്ച ആശയത്തിൽ നിന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിറവി. ഏത് രാജ്യത്തിന്റെയും പുരോഗതിക്ക് ശാസ്ത്ര സാങ്കേതിക മികവ് അനിവാര്യമാണെന്ന് മനസിലാക്കിയ ടാറ്റ, ഗവേഷണ സ്ഥാപനം തുടങ്ങുന്നതിന് കമ്മിറ്റി രൂപികരിച്ചു. ഇത് വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവിന് സമർപ്പിച്ചു.

നോബൽ സമ്മാന ജേതാവായ സർ വില്ല്യം റാംസേയാണ് ബംഗലൂരുവിൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ നിർദ്ദേശിച്ചത്. മൈസൂർ മഹാരാജാവാണ് തറക്കല്ലിട്ടത്. ശാസ്ത്രവിഷയങ്ങളിലെ ഗവേഷണമായിരുന്നു ആദ്യകാലത്ത്.

2010മുതൽ ശാസ്ത്രവിഷയങ്ങളിൽ ബിരുദപഠനവും തുടങ്ങി. സാങ്കേതിക വിഷയങ്ങളിൽ ഗവേഷണവുമുണ്ട്. യു.ജി.സി ഈ ഇൻസ്റ്റിറ്റ്യൂട്ടിന് കൽപ്പിത സർവകലാശാലാ പദവി നൽകിയിട്ടുണ്ട്. നോബൽ സമ്മാന ജേതാവ് സി.വി. രാമനാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിന്റെ ഭാരതീയനായ ആദ്യ ഡയറക്ടർ.

45 ഡിപ്പാർട്ട്‌മെന്റുകൾ

രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഗവേഷണ സ്ഥാപനങ്ങളിളിലൊന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്. ഇവിടെ രണ്ടായിരത്തിലേറെ ഗവേഷകർ 45 ഡിപ്പാർട്ടുമെന്റുകളിലായി, ശാസ്ത്ര സാങ്കേതിക മുൻനിര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ ഗവേഷണവും പോസ്റ്റ്‌ഡോക്ടറേറ്റ് ഗവേഷണവും നടത്തുന്നു. എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദ കോഴ്സ് ആദ്യം ആരംഭിച്ചത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലാണ്.

ഇപ്പോൾ 6 ഡിവിഷനുകളിലായി 45 ഡിപ്പാർട്ട്‌മെന്റുകളും അനവധി ഗവേഷണ സെന്ററുകളും സൊസൈറ്റികളും പ്രവർത്തിക്കുന്നു. 4200 വിദ്യാർത്ഥികളുണ്ട്. 2250 പേർ ഗവേഷണം നടത്തുന്നു. അഞ്ഞൂറിലധികം അദ്ധ്യാപകരുണ്ട്. ഇന്റഗ്രേറ്റഡ് പിഎച്ച്.ഡിയുമുണ്ട്.

ബി. എസ്. (റിസർച്ച്)

2011 മുതൽ ശാസ്ത്ര വിഷയങ്ങളിൽ നാലുവർഷത്തെ ബി. എസ്. (റിസർച്ച്) കോഴ്സും ഇവിടെയുണ്ട്. ബയോളജി, കെമിസ്ട്രി, എൻവയോൺമെന്റൽ സയൻസ്, മാത്തമറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളാണ് പ്രോഗ്രാമിന്റെ ഭാഗമായുള്ളത്. ഇതോടൊപ്പം എൻജിനിയറിംഗ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളുമുണ്ട്. ആദ്യ മൂന്നു സെമസ്റ്ററുകളിൽ കോർ വിഷയത്തിനു പുറമെ എൻജിനിയറിംഗും ഹ്യൂമാനിറ്റീസും പഠിക്കണം. നാലാം സെമസ്റ്റർ മുതലാണ് ഇഷ്ട വിഷയങ്ങളിലേക്കു തിരിയുന്നത്. ഏഴും എട്ടും സെമസ്റ്ററുകളിൽ ഗവേഷണത്തിനും പ്രോജക്ടിനുമാണ് പ്രാധാന്യം.

ലൈബ്രറിയും കമ്പ്യൂട്ടർ സെന്ററും സൂപ്പർ

ഐ. ഐ. എസ്സിയുടെ അഭിമാനം അതിന്റെ ലൈബ്രറിയും കമ്പ്യൂട്ടർ സെന്ററുമാണ്. ഇന്ത്യയിലെ ഏറ്റവും നല്ല ശാസ്ത്ര-സാങ്കേതിക ഗ്രന്ഥശാലയാണിവിടെ. പ്രധാന ലൈബ്രറിയിൽ 411000 പ്രസിദ്ധീകരണങ്ങളുണ്ട്. 2000ലേറെ ജേണലുകളുമുണ്ട്. നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് ഈ ലൈബ്രറിയെ റീജണൽ സെന്റർ ഫോർ മാത്തമാറ്റിക്സ് ആയി അംഗീകരിച്ചിട്ടുണ്ട്.

ഐ. ഐ. എസ്സിയുടെ കമ്പ്യൂട്ടർ സെന്റർ 1990 ൽ സൂപ്പർ കമ്പ്യൂട്ടർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്റർ ആയി. സൂപ്പർ കമ്പ്യൂട്ടർ വികസിപ്പിക്കുന്നതിന് ഇന്ത്യയിലുള്ള ഒരു സ്ഥാപനമാണിത്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ സിആർഎവൈ എക്സ് സി 40 ഇൻസ്റ്റിറ്റിയൂട്ടിലുണ്ട്. അമേരിക്ക സൂപ്പർ കമ്പ്യൂട്ടറുകൾ നൽകാതിരുന്നപ്പോൾ പാരലൽ കമ്പ്യൂട്ടിംഗ് വഴി അവയ്ക്ക് തുല്യമായ പ്രവർത്തനം നടത്തിയത് ഈ സ്ഥാപനമാണ്.

സയൻസിൽ കേമൻ

ഐ. ഐ. എസ്‌സി വിവിധ ഗവ. സ്ഥാപനങ്ങളായ ഡിആർഡിഒ, ഐഎസ്ആർഒ, സിഎസ്‌ഐആർ, ഭാരത് ഇലക്ട്രോണിക്സ്, നാഷണൽ എയ്‌റോസ്‌പേസ് ലാബറട്ടറീസ് തുടങ്ങിയവയുമായി സഹകരിച്ച് ഗവേഷണം നടത്തുന്നുണ്ട്. കൂടാതെ ജനറൽ മോട്ടോഴ്സ്, ഗൂഗിൾ, ഐബിഎം, ബോയിംഗ് എന്നിവയുമായും സഹകരണമുണ്ട്.

രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ സ്‌പേയ്സ് റിസർച്ച് ഓർഗനൈസേഷൻ, വുഡ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് എന്നിവയുമായും ഗവേഷണത്തിൽ സഹകരിക്കുന്നു.

നാലുവർഷ ബാച്ച്‌ലർ ഓഫ് സയൻസ്-ബി.എസ്. (റിസർച്ച്) പ്രോഗ്രാം വിഷയങ്ങൾ എട്ട് സെമസ്റ്റർ പ്രോഗ്രാമിൽ ബയോളജി, കെമിസ്ട്രി, എർത്ത് ആൻഡ് എൻവയൺമെൻറൽ സയൻസ്, മെറ്റീരിയൽസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ മേജർ ഡിസിപ്ലിനുകൾ ലഭ്യമാണ്.

ആദ്യ മൂന്നു സെമസ്റ്ററുകളിൽ എല്ലാ വിദ്യാർഥികളും ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, എൻജിനിയറിങ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾ പഠിക്കണം. തുടർന്നുള്ള മൂന്നു സെമസ്റ്ററുകളിൽ സ്പെഷ്യലൈസേഷനാണ്. ഏഴാം സെമസ്റ്ററിൽ അഡ്വാൻസ്ഡ് ഇലക്ടീവ് കോഴ്സുകൾക്കൊപ്പം ഗവേഷണ പ്രോജക്ടും ആരംഭിക്കും. അവസാന സെമസ്റ്ററിൽ പ്രോജക്ട് പൂർത്തിയാക്കണം.

യോഗ്യത

മറ്റുവിഷയങ്ങൾക്കൊപ്പം ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മുഖ്യ വിഷയങ്ങളായി പഠിച്ച് ഫസ്റ്റ് ക്ലാസ്/60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടി (പട്ടികവിഭാഗക്കാർക്ക് പാസ് ക്ലാസ്), 10+2/തത്തുല്യ പരീക്ഷ, 2021-ൽ ജയിച്ചിരിക്കുകയോ 2022-ൽ ജയിക്കുകയോ ചെയ്തിരിക്കണം.

പ്രവേശനരീതി

പ്രവേശനത്തിനായി ഐ.ഐ.എസ്‌സി. പരീക്ഷയൊന്നും നടത്തുന്നില്ല. ദേശീയതലത്തിലെ നിശ്ചിത പ്രവേശനപരീക്ഷകളിൽ യോഗ്യത നേടിയവരെയാണ് പ്രവേശനത്തിന് പരിഗണിക്കുക. നാലുചാനൽ വഴിയാണ് പ്രവേശനം.

1. കിഷോർ വൈഗ്യാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ.): കെ.വി.പി.വൈ ഫെലോഷിപ്പ് സ്ട്രീം, വർഷം: എസ്.എ.-2020, എസ്.എക്സ്.- 2021, എസ്.ബി.-2021. എസ്.സി./എസ്.ടി. എംപവർമെൻറ് ഇനീഷ്യേറ്റീവ് വഴി കെ.വി.പി.വൈ. ഫെലോഷിപ്പിന് അർഹത നേടിയിരിക്കേണ്ട സ്ട്രീം, വർഷം: എസ്.എ- 2020, എസ്.എക്സ് - 2021

2. ജോയിൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) -മെയിൻ 2022

3. ജെ.ഇ.ഇ (അഡ്വാൻസ്ഡ്) 2022

4. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി.-2022

ഇവയിലൊന്നിലെ മികവുപരിഗണിച്ചാകും തിരഞ്ഞെടുപ്പ്. വനിതകൾക്ക്, അംഗീകൃത സീറ്റിന്റെ 10 ശതമാനം അധികം സീറ്റുകൾ സൂപ്പർ ന്യൂമററി സീറ്റുകളായി അനുവദിക്കും.

സ്കോളർഷിപ്പ്

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രവേശന ചാനലിനനുസരിച്ച് കെ.വി.പി.വൈ./ ഇൻസ്പെയർ/ഐ.ഐ.എസ്‌സി. പ്രൊമോഷണൽ സ്കീം എന്നിവ വഴിയുള്ള സ്കോളർഷിപ്പ് അർഹതയുണ്ടാകും. മികവുള്ളവർക്ക് ഇന്ത്യൻ, മൾട്ടിനാഷണൽ ഏജൻസികൾ/കമ്പനികള്‍, ബിസിനസ് ഹൗസുകള്‍ എന്നിവ നൽകുന്ന സ്കോളർഷിപ്പുകളും ലഭ്യമാണ്.

വിശദാംശങ്ങൾ അടങ്ങുന്ന ഇൻഫർമേഷൻ ബ്രോഷർ http://ug.iisc.ac.in/ (പ്രോസ്‌പെക്ടീവ് സ്റ്റുഡൻറ്സ് ലിങ്കിൽ) ലഭിക്കും. അപേക്ഷ http://ug.iisc.ac.in/ ല്‍ മേയ് 31 വരെ നൽകാം.

Advertisment