Advertisment

ഭാഗ്യശ്രീ ഇവിടെത്തന്നെയുണ്ട് ! വെള്ളിത്തിരയില്‍ വീണ്ടും തിളങ്ങാനൊരുങ്ങി !

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ബോംബെ ഡെയിങ് കലണ്ടറിൽ ഒരു കാലത്ത് മലയാളികളുടെ സ്വീകരണമുറിയിൽ ഭാഗ്യശ്രീയുടെ വലിയ ഫോട്ടോ ഇടം പിടിച്ചിരുന്നു. ഇടയ്ക്കിടെ മലയാളത്തിലെ മുൻനിര വാരികകളിൽ മുഖചിത്രമായും വാരികകളിലെ പരസ്യങ്ങളിൽ മോഡലായും മലയാളികളുടെ അകത്തളങ്ങളിൽ ഭാഗ്യശ്രീ നിറഞ്ഞുനിന്നിരുന്നു.

കാരണം അന്ന് സിനിമയിൽ അഭിനയിക്കുന്ന യുവതികൾ കുറവായിരുന്നു.അതിനാൽ പ്രശസ്തരായ ടീനേജുകാർ തന്നെ വേണം എല്ലാ പരസ്യത്തിലും, എല്ലാ മുഖചിത്രങ്ങളിലും, അതിനാൽ അക്കാലത്തെ യുവതീയുവാക്കളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ ഭാഗ്യശ്രീക്ക് കഴിഞ്ഞിരുന്നു.

എന്നാൽ 1989 -ൽ തന്റെ 18 മത്തെ വയസ്സിൽ അശോകന്റെ അശ്വതിക്കുട്ടിക്ക് എന്ന ചിത്രം ചെയ്തു ഭാഗ്യശ്രീ സിനിമാഭിനയം നിർത്തിയെന്നും സൗന്ദര്യവും അഭിനയശേഷിയും ഉണ്ടായിട്ടും ഭാഗ്യമില്ലാതെ പോയ നടി എന്ന പേരിലും മലയാളക്കരയിൽ പലരും ഭാഗ്യശ്രീയെ കുറിച്ച് ഇന്നും ധരിച്ചു വച്ചിരിക്കുന്നു.

അക്കാലത്തു കേരളത്തിൽ മാത്രം അവർ ഭാഗ്യലക്ഷ്മി എന്നപേരിൽ അറിയപ്പെട്ടു. എന്നാൽ ഭാഗ്യശ്രീയുടെ ജീവിതം ഭാഗ്യങ്ങളാൽ നിറഞ്ഞതാണെന്ന് കൂടുതൽ അവരെകുറിച്ചറിഞ്ഞാൽ മനസ്സിലാകും. സത്യത്തിൽ 1989 -ൽ ഭാഗ്യശ്രീ അഭിനയം നിറുത്തിയിരുന്നില്ല.

അവർ കേരളത്തേക്കാൾ ജനസംഖ്യയുള്ള തമിഴ്‌നാട്ടിലും ആന്ധ്രയിലും, മുൻനിര നായകന്മാരുടെ നായികയായി നിറഞ്ഞാടുകയും കന്നഡയിലും നായികയായി കഴിവ് തെളിയിക്കുകയുമായിരുന്നു.

ഭാഗ്യശ്രീയുടെ അച്ഛന്റെ അച്ഛൻ മദ്രാസ് ഹൈകോർട്ടിൽ അഭിഭാഷകനായിരുന്നു. പാലക്കാട് കൽ‌പാത്തി അഗ്രഹാരത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ തറവാട്. ഭാഗ്യശ്രീയുടെ അച്ഛൻ ശിവറാം അയ്യർ മദ്രാസിൽ ഇൻഷ്വറൻസ് കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥൻ. അമ്മ രാജാമണി അമ്മാൾ കാരൈക്കുടിയിലെ സൗരാഷ്ട്ര കുടുംബാംഗം.

പ്രശസ്ത അഭിനേത്രികൾ ആയ വെണ്ണിറാടൈ നിർമ്മല (ഉഷാകുമാരി), എൻ.എം രാജം, സീത, ബേബി സുമതി എന്നിവരെല്ലാം ഭാഗ്യശ്രീയുടെ അമ്മയുടെ സമുദായക്കാരാണ്. ഭാഗ്യശ്രീയുടെ അച്ഛൻ ശിവറാം അയ്യർക്ക് അക്കാലത്ത് മദ്രാസിൽ സിനിമ - രാഷ്ട്രീയ,മേഖലകളിൽ ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു.

ശ്രീദേവിയുടെ സിനിമകൾ കണ്ട് സിനിമാനടിയാകാൻ ആഗ്രഹിച്ച ഭാഗ്യശ്രീ മദ്രാസിലെ പ്രശസ്തമായ ചർച്ച് പാർക്ക് കോൺവെന്റിൽ ആയിരുന്നു പഠിച്ചിരുന്നത്. ഇംഗ്ളീഷ് ഭാഷ ചടുലമായി സംസാരിക്കാൻ ഇന്നും ഭാഗ്യശ്രീക്ക് കഴിയുന്നതിന്റെ പ്രധാനകാരണം ചർച്ച് പാർക്കിലെ പഠനം കൊണ്ട് തന്നെയാണ്.

പ്രശസ്ത നർത്തക ദമ്പതികളായ ശാന്ത ധനഞ്ജയനിൽ നിന്നും ഭരതനാട്യം അഭ്യസിച്ച ഭാഗ്യശ്രീ തന്റെ പതിമൂന്നാമത്തെ വയസ്സിൽ തമിഴിലെ മുടിചൂടാമന്നനായ സംവിധായകൻ കെ എസ് ഗോപാലകൃഷ്ണന്റെ ദേവിയിൻ തിരുവിളയാടൽ എന്ന ചിത്രത്തിലൂടെ പ്രശസ്ത നടി മനോരമയുടെ മകളായി അഭിനയിച്ചു.

ശ്രീദേവി ആയിരുന്നു ആ ചിത്രത്തിലെ നായിക. അന്ന് ശ്രീദേവിയുമായുണ്ടായിരുന്ന സൗഹൃദം ഭാഗ്യശ്രീ ശ്രീദേവിയുടെ മരണം വരെ തുടരുകയും. അവസാനമായി ശ്രീദേവി മരിക്കുന്നതിന്റെ 3 മാസം മുൻപ് മുംബൈ എയർപോർട്ടിൽ വച്ച് ശ്രീദേവിയെ ആലിംഗനം ചെയ്തു പിരിഞ്ഞ ഭാഗ്യശ്രീക്ക് ഇന്നും ശ്രീദേവിയുടെ അകാല മരണം വേദനാജനകമാണ്.

കെ ആർ വിജയ ഉൾപ്പടെയുള്ള അഭിനേത്രികളെ സിനിമയ്ക്ക് സമ്മാനിച്ച കെ എസ് ഗോപാലകൃഷ്ണന്റെ ചിത്രത്തിലൂടെയുള്ള അരങ്ങേറ്റം വലിയ അനുഗ്രഹമായി ഭാഗ്യശ്രീ ഇന്നും കാണുന്നു. തുടർന്ന് ഭരതന്റെ " ഇത്തിരിപ്പൂവേ ചുവന്ന പൂവേ" എന്നചിത്രത്തിലൂടെ മലയാസിനിമയിലും ഭാഗ്യശ്രീ രംഗപ്രവേശം ചെയ്തു.

publive-image

റഹ്മാന്റെ നായികയായാണ് പ്രസ്തുത ചിത്രത്തിൽ ഭാഗ്യശ്രീ അഭിനയിച്ചത്. അച്ഛന്റെ കൂടെ മദ്രാസിൽ ധാരാളം നല്ല ഇംഗ്ളീഷ് സിനിമകൾ കണ്ടുവളർന്ന ഭാഗ്യശ്രീയുടെ പുരോഗമന ചിന്താഗതിയും വിശാലമായ കാഴ്ചപ്പാടുകളും അന്നത്തെ മലയാള സിനിമാപ്രേക്ഷകർക്കോ ചില സിനിമാപ്രവർത്തകർക്കോ മനസിലാക്കാൻ പ്രയാസമായിരുന്നു.

സ്കൂളിൽ ധാരാളം ആംഗ്ലോ ഇന്ത്യൻ സുഹൃത്തുക്കൾ ഉണ്ടായിരുന്നതിനാൽ പുറത്തു പോകുമ്പോൾ മോഡേൺ ഡ്രെസ്സുകൾ ധാരാളം ധരിക്കുമായിരുന്നു ഭാഗ്യശ്രീ. യോഗയും വർക്ക് ഔട്ടുകളും മുടങ്ങാതെ ചെയ്തിരുന്ന ഭാഗ്യശ്രീ സുന്ദരിയും കൃശഗാത്രയും ആയിരുന്നു.

എന്നാൽ അക്കാലത്ത് അതൊന്നും മലയാള സിനിമക്കാവശ്യമായിരുന്നില്ല. തന്റെ മനോഹരമായ മിഴികൾ തനിക്കു ധാരാളം ആരാധകരെ നേടിത്തന്നിരുന്നതായും ഭാഗ്യശ്രീ സാക്ഷ്യപ്പെടുത്തുന്നു.

സാമുദ്രിക ലക്ഷണങ്ങളോട് കൂടിയ അഭിനേത്രിയാണ് ഭാഗ്യശ്രീ എന്നാണ് ഭരതൻ ഭാഗ്യശ്രീയെ വിശേഷിപ്പിച്ചിരുന്നത്. ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്നചിത്രത്തിൽ സെക്കൻഡുകൾ മാത്രം റഹ്മാനും ആയി ഇഴുകി അഭിനയിക്കേണ്ടിവരുമെന്നു പറഞ്ഞപ്പോൾ സിനിമയിൽ തന്റെ കഥാപാത്രം ഭംഗിയായി ചെയ്യാൻ വളരെ ചെറുപ്രായത്തിൽ തന്നെ റിസ്ക് എടുത്ത താരം കൂടിയായിരുന്നു ഭാഗ്യശ്രീ.

എന്നാൽ കണ്ണടച്ച് തുറക്കും മുൻപ് മായുന്ന ആ ആലിംഗന രംഗത്തിന്റെ സ്റ്റിൽസ് അന്നത്തെ യുവതീ യുവാക്കളെ കോൾമയിർ കൊള്ളിക്കുകയും അവരെ തിയ്യേറ്ററിലേക്കാവാഹിക്കുകയും ചെയ്തു.

അന്ന് തടിച്ച സ്ത്രീകൾ മാത്രം മലയാളസിനിമയിൽ നായികമാരാകുന്ന കാലമായിരുന്നു. അതിനാൽ വളരെ മെലിഞ്ഞിരിക്കുന്ന ഭാഗ്യശ്രീയെ പി ചന്ദ്രകുമാർ മാത്രം തന്റെ ചിത്രമായ കറുത്തകുതിരയിൽ നായികയാക്കി. എന്നാൽ ധാരാളം ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ഭാഗ്യശ്രീയെ തേടിയെത്തിയിരുന്നു.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ വമ്പൻ താരനിരയുണ്ടായിരുന്ന മൾട്ടി സ്റ്റാർ ചിത്രം ഇടനിലങ്ങളിലെ രവീന്ദ്രന്റെ കാമുകി, ശശികുമാറിന്റെ ഏഴുമുതൽ ഒൻപതുവരെയിലെ കഥാപാത്രം, പിജി വിശ്വംഭരന്റെ പൊന്നിലെ സിന്ധു തുടങ്ങിയവ അവയിൽ ചിലത് മാത്രം.

മലയാള സിനിമയിൽ മാത്രം "ഭാഗ്യലക്ഷ്‌മി" എന്നപേരിൽ അവർ അറിയപ്പെട്ടു. തെലുങ്ക് , തമിഴ് കന്നഡ സിനിമകളിൽ എല്ലാം അവർ ഭാഗ്യശ്രീ ആയിരുന്നു. അവർ മലയാള സിനിമകളിൽ അഭിനയിക്കുമ്പോൾ 13, 14 വയസ്സായിരുന്നു അവരുടെ പ്രായം. എന്നിരുന്നാലും നല്ല ധാരാളം കഥാപാത്രങ്ങൾ മലയാളത്തിൽ അവരെ തേടിയെത്തിയിരുന്നു.

" ഞാൻ പിറന്ന നാട്ടിൽ, ഉയരും ഞാൻ നാടാകെ, പാവംക്രൂരൻ, ജനകീയ കോടതി, പാവം പൂർണ്ണിമ, നിറഭേദങ്ങൾ എന്നീ സിനിമകൾ അതിൽ ചിലവയാണ്.

publive-image

മലയാളസിനിമയിൽ അഭിനയിക്കുമ്പോൾ അച്ഛൻ ശിവറാം അയ്യരാണ് ഭാഗ്യശ്രീയുടെ കൂടെ ലൊക്കേഷനിൽ വന്നിരുന്നത്. പെട്ടെന്നൊരുദിവസം ഭാഗ്യശ്രീയുടെ പിതാവിന് പക്ഷാഘാതം ഉണ്ടാവുകയും അദ്ദേഹം കിടപ്പിലാവുകയും ചെയ്തു.

ഭാഗ്യശ്രീയുടെ കുടുംബത്തിന് സംഭവിച്ച കനത്ത ആഘാതമായിരുന്നു അത്. കേവലം 18 വയസ്സുള്ള മൂത്തപുത്രിയായ ഭാഗ്യശ്രീ കുടുംബത്തിന്റെ ദൈനംദിന ചെലവുകളും, അനിയന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചെലവുകളും എല്ലാം വഹിക്കേണ്ടി വരുന്ന അവസ്ഥ, അതിനാൽ അവർക്ക് സിനിമയിൽ നായികയാവേണ്ടത് നിർബന്ധമായിരുന്നു.

ഇക്കാരണം കൊണ്ട് തന്നെ അവർക്ക് മലയാള സിനിമയിൽ നിന്നും മാറി നിൽക്കേണ്ടത് നിർബന്ധമായിരുന്നു. സോഷ്യൽ മീഡയകളോ ചാനലുകളോ ഒന്നുമില്ലാത്ത കാലമായതിനാൽ ഭാഗ്യശ്രീയുടെ കൂടുതൽ വിവരങ്ങൾ കേരളത്തിൽ ആർക്കും കൂടുതൽ ലഭ്യമായിരുന്നില്ല. മലയാള സിനിമയിൽ വരേണ്ട ആവശ്യം അന്നില്ലാത്തതിനാൽ മലയാള മാധ്യമങ്ങളോട് ഭാഗ്യശ്രീ പിന്നീട് ബന്ധം പുലർത്തിയതുമില്ല.

മലയാള സിനിമയിൽ ഭാഗ്യശ്രീയെ കാണാത്തതിനാൽ അവർ അഭിനയം നിർത്തിയെന്ന ധാരണയായിരുന്നു സാധാരണ ജനങ്ങളും ചുരുക്കം ചില സിനിമ പ്രവർത്തകരും ധരിച്ചുവെച്ചിരുന്നത്. എന്നാൽ മലയാള സിനിമകളേക്കാൾ ഉയർന്ന പ്രതിഫലവും കൂടുതൽ പ്രേക്ഷകരുമുള്ള തമിഴ്, തെലുങ്ക് സിനിമകളിൽ ഭാഗ്യശ്രീ നായികയും ഉപനായികയുമായി തിരക്കിലായതോടെയാണ് മലയാള ചലച്ചിത്രങ്ങളിൽ നിന്നും ക്രമേണ അവർ പിൻവലിഞ്ഞതെന്ന സത്യം വളരെ കുറച്ചുപേരെ മനസിലാക്കിയിട്ടുണ്ടായിരുന്നുള്ളൂ.

publive-image

ഭാഗ്യശ്രീയുടെ വിടർന്ന കണ്ണുകളും, പനങ്കുലപോലെയുള്ള മുടിയും അംഗലാവണ്യങ്ങളും അന്നത്തെ പ്രേക്ഷക മനസ്സിൽ ഭാഗ്യശ്രീയ്ക്ക് പ്രത്യേക ഇടം കൊടുത്തിരുന്നു. തമിഴ് നടൻ മുരളിയും ഭാഗ്യശ്രീയും നായികാ നായകന്മാരായി അഭിനയിച്ച "വളയൽ സത്തം" സിനിമയിലൂടെ തമിഴ് പ്രേക്ഷകരുടെ ഇടയിൽ ഭാഗ്യശ്രീക്ക് തന്റേതായ ഇടമുണ്ടായിരുന്നു.

പിൽക്കാലത്തു തമിഴ്നാട് എംഎൽഎ ആയിരുന്ന ചന്ദ്രശേഖറും ഭാഗ്യശ്രീയും ചേർന്നഭിനയിച്ച "ആളൈ പാത്ത് മാലൈ മാത്ത്", ഭാരതിരാജ സംവിധാനം ചെയ്ത രജനികാന്ത് ഡബിൾ റോളിൽ അഭിനയിച്ച "കോടിപറക്കുത്" സിനിമയിലെ ദാദാ രജനികാന്തിന്റെ പെയർ ആയ ഭാഗ്യശ്രീയുടെ ദേവദാസി കഥാപാത്രം, കലൈഞ്ജർ കരുണാനിധി തിരക്കഥ ഒരുക്കിയ ഇപ്പോഴത്തെ തമിഴ്നാട് മുഖ്യന്ത്രിയായ സ്റ്റാലിൻ അഭിനയിച്ച "ഒരേ രത്തം" എന്ന ചിത്രത്തിൽ നവരസനായകൻ കാർത്തികിന്റെ കൂടെയുള്ള ഭാഗ്യശ്രീയുടെ മേഴ്‌സി എന്ന ശക്തമായ കഥാപാത്രം ഇവയൊന്നും തമിഴ് ജനതയ്ക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

അങ്ങിനെ എത്രയെത്ര കഥാപാത്രങ്ങൾ അഭ്രപാളികളിൽ ഭാഗ്യശ്രീ അനശ്വരമാക്കി. തമിഴിൽ "ശക്തി പരാശക്തി" എന്ന സൂപ്പർ ഹിറ്റ് ചിത്രം മലയാളത്തിൽ സാജൻ "അർച്ചന ആരാധന" എന്നപേരിൽ റീമേക്ക് ചെയ്തപ്പോൾ ഭാഗ്യശ്രീ ചെയ്ത വേഷം മേനകയായിരുന്നു മലയാളത്തിൽ ചെയ്തത്.

പുലിമുരുഗൻ സിനിമയിൽ ഡാഡി ഗിരിജയായി വന്ന തെലുങ്ക് നടൻ ജഗപതിബാബുവും ഭാഗ്യശ്രീയും നായികാനായകന്മാരായി അഭിനയിച്ച "പന്തിരീ മഞ്ചം" ആന്ധ്രയിലും ഇന്നത്തെ തെലുങ്കാനയിലും ധാരാളം ആരാധകരെ ഭാഗ്യശ്രീക്ക് നേടിക്കൊടുത്തു.

സുമന്റെ കൂടെ ഭാഗ്യശ്രീ അഭിനയിച്ച "റാവു ഗാരി ഇന്റുലോ റൗഡി", സുധാകറും ഭാഗ്യശ്രീയും അഭിനയിച്ച "റേപ്പഡി കൊടുകു" എന്നീ ചിത്രങ്ങളെല്ലാം ഭാഗ്യശ്രീയുടെ പൊൻതൂവലുകളിൽ ചിലതുമാത്രം.

മോഹൻലാലും മോണിഷയും അഭിനയിച്ച "ആര്യൻ" എന്ന മലയാളചലച്ചിത്രം തെലുങ്കിൽ "അശോക ചക്രവർത്തി" എന്ന പേരിൽ റീമേക്ക് ചെയ്തപ്പോൾ മോഹൻലാൽ ചെയ്തവേഷം ബാലകൃഷ്ണയും മോനിഷ ചെയ്ത വേഷം ഭാഗ്യശ്രീയും ആണ് അനശ്വരമാക്കിയത്.

"ഒരു സിബിഐ ഡയറികുറിപ്പ്" തെലുങ്കിൽ" ന്യായം കോസം" എന്ന പേരിൽ റീമേക്ക് ചെയ്തതിൽ ലിസി മലയാളത്തിൽ ചെയ്ത വേഷം തെലുങ്കിൽ ഭാഗ്യശ്രീയാണ് അഭിനയിച്ചത്. കന്നഡ സൂപ്പർസ്റ്റാർ രാജ്‌കുമാറിന്റെ കുടുംബാംഗമായ ബൽരാജ് നായകനായ നൃത്തപ്രധാന്യമുള്ള "രുദ്ര താണ്ഡവ" എന്ന ചിത്രത്തിൽ ഭാഗ്യശ്രീ ആയിരുന്നു കഥാനായകി.

മദ്യപിച്ചു ആടുന്ന സീൻ വരെ രജനീകാന്തിന്റെ കൂടെ ഭാഗ്യശ്രീ ചെയ്തിരുന്നെങ്കിലും ജീവിതത്തിൽ ഒരിക്കലും അവർ ലഹരി ഉപയോഗിച്ചിരുന്നില്ല. അതിനുള്ള കാരണവും ഭാഗ്യശ്രീ പറയുന്നു. ചെറിയ പ്രായത്തിൽ തന്നെ ഭാഗ്യശ്രീയോട് അച്ഛൻ പറഞ്ഞ രണ്ടുകാര്യങ്ങൾ ഇവയായിരുന്നു."ഒരിക്കലും എന്തെല്ലാം പ്രേരണകൾ ഉണ്ടായാലും മദ്യപാനം ശീലിക്കരുത്, എത്ര ബുദ്ധിമുട്ടുകൾ വന്നാലും ശരീരം വിറ്റു പണമുണ്ടാക്കരുത്".

publive-image

അച്ഛന് 13 വയസ്സിൽ കൊടുത്ത വാഗ്‌ദാനം പ്രായം അൻപതിനോടടുക്കാൻ മാസങ്ങൾ മാത്രമുള്ളപ്പോഴും പാലിച്ചുകൊണ്ടാണ് ഇന്നും ജീവിക്കുന്നത്. തികഞ്ഞ ഈശ്വരവിശ്വാസിനിയായ ഭാഗ്യശ്രീയ്ക്ക് ആത്മീയത വളരെ ആനന്ദം നൽകുന്ന ഒന്നാണ്. തന്റെ മുഖശ്രീയ്ക്ക് ഇന്നും കോട്ടം തട്ടാതിരിക്കാനുള്ള പ്രധാനകാരണം മദ്യപാനം ചെയ്യാത്തതും, പോസിറ്റീവായ ചിന്തകളും നല്ല കൂട്ടുകാരുമായുള്ള സംസർഗവുമാണെന്നാണ് ഭാഗ്യശ്രീയുടെ മതം.

അടുത്തിടെ നടി ചിത്ര അന്തരിച്ചപ്പോൾ എവിഎം ഉണ്ണി എന്ന പ്രവാസി എൺപതുകളുടെ അവസാനത്തിൽ മലയാള സിനിമ ലൊക്കേഷനിൽ പോയി എടുത്ത ചിത്രയുടെയും ഭാഗ്യശ്രീയുടെയും ഇന്റർവ്യൂ ലക്ഷകണക്കിന് മലയാളികൾ കാണുകയും നാലു ദക്ഷിണേന്ത്യൻ ഭാഷകളിലായി അറുപതിനു മുകളിൽ സിനിമകളിൽ അഭിനയിച്ച പഴയകാല നായികയായ ഭാഗ്യശ്രീ എന്നൊരു അഭിനേത്രി മലയാളത്തിൽ ഉണ്ടായിരുന്നെന്നും പുതിയ തലമുറയും സിനിമാപ്രവർത്തകരും അറിയാനിടയാവുകയും ചെയ്തു.

"പൊൻപുലരൊളി പൂവിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ" എന്ന ഗാനരംഗത്തിൽ റഹ്മാനോടൊപ്പം അഭിനയിച്ചതോടെ അക്കാലത്തെ ചെറുപ്പക്കാരുടെ സ്വപ്ന സുന്ദരിയായിത്തീർന്നിരുന്നു ഭാഗ്യശ്രീ.

തങ്ങൾ യുവതികളായിരുന്നപ്പോൾ രാധാസ് സോപ്പിന്റെ മോഡലായിരുന്ന വലിയ കണ്ണുകളുള്ള ഭാഗ്യശ്രീയെ ഓർത്തെടുക്കുന്ന വീട്ടമ്മമാരും ധാരാളം. ഫെയ്‌സ്ബുക്കിൽ Bhagyasri Bhagyalakshmi എന്ന തന്റെ ഐഡിയിലേക്കുള്ള റിക്വസ്റ്റുകളും മെസ്സേജുകളും കണ്ടപ്പോൾ ആണ് ഭാഗ്യശ്രീ തനിക്ക് മലയാളക്കരയിൽ ഇത്രയധികം ആരാധകരുണ്ടായിരുന്നു എന്നറിയുന്നത്.

അച്ഛന് നല്ല ചികിത്സ കൊടുക്കാൻ കഴിഞ്ഞതും, എൻജിനീയറിങ് പഠനം ഉയർന്ന മാർക്കോടെ പൂർത്തിയാക്കിയ അനിയന് വിദേശത്ത് മികച്ച ശമ്പളത്തിൽ ജോലി ലഭിച്ചതും ആണ് ഭാഗ്യശ്രീക്ക് ജീവിതത്തിൽ ഇന്നും സന്തോഷമായി തോന്നുന്നത്.

തമിഴിലും തെലുങ്കിലും കന്നഡത്തിലും നിറഞ്ഞുനിൽക്കുമ്പോൾ സിനിമ നിർമ്മാതാവായിരുന്ന

വസുദേവ് എന്ന ഗുജറാത്ത് മലയാളി ബിസിനെസ്സുകാരനുമായി ഭാഗ്യശ്രീ പ്രണയവിവാഹം ചെയ്യുകയും അഭ്രപാളിയിൽനിന്നും പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാവുകയും ചെയ്തു.

ആരാധകർ എല്ലാം ഇടയ്ക്കു ഭാഗ്യശ്രീയെ സിനിമകളിൽ തിരഞ്ഞു. എന്നാൽ കുടുംബജീവിതം ആസ്വദിക്കുകയായിരുന്ന ഭാഗ്യശ്രീ സിനിമയെ പൂർണ്ണമായും മറന്നിരുന്നു. മകൻ വിശ്വജിത് ഇപ്പോൾ എംബിഎ ചെയ്യുന്നു.

publive-image

ഭർത്താവ് ബിസിനെസ്സുമായി തിരക്കിൽ. അങ്ങിനെ വന്നപ്പോഴാണ് ഭാഗ്യശ്രീ വീണ്ടും സിനിമയിലേക്ക് വരാൻ തീരുമാനിച്ചത്. പുരാണ സിനിമകളിലും, തമ്പുരാട്ടി, കുലീനയായ അമ്മ തുടങ്ങിയ ശ്രീവിദ്യ എല്ലാം ചെയ്തിരുന്ന വേഷങ്ങളിൽ ഭാഗ്യശ്രീക്ക് തീർച്ചയായും തിളങ്ങാൻ കഴിയും.

സൗന്ദര്യത്തിനോ അഭിനയിക്കാനുളള കഴിവിനോ യാതൊരു കോട്ടവും തട്ടാത്ത ഭാഗ്യശ്രീ വീണ്ടും അഭ്രപാളികളിൽ നല്ല കഥാപാത്രങ്ങളുമായി വരുന്നതുകാണാൻ ആരാധകരും ആഗ്രഹിക്കുന്നു.

ചെന്നൈയിലെ കെ കെ നഗറിൽ സ്ഥിരതാമസമാക്കിയ ഭാഗ്യശ്രീ അക്കിനേനി നാഗേശ്വർ റാവു, എംഎൻ നമ്പ്യാർ, നാഗേഷ്, മനോരമ, ശ്രീദേവി തുടങ്ങിയ ഇതിഹാസതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച അഭിനേത്രിയാണ്.

കോടി രാമകൃഷ്ണയുടെ തെലുങ്ക് പടങ്ങളിലും നിറസാന്നിധ്യമായിരുന്ന ഭാഗ്യശ്രീ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പഴയ സിനിമകളിൽ എത്രയോ കഥാപത്രങ്ങളെ അനശ്വരമാക്കിയിട്ടുണ്ട്. പേരുപോലെ സകല സൗഭാഗ്യങ്ങളോടും കൂടി തന്നെയാണ് ഭാഗ്യശ്രീ ഇന്നും ജീവിക്കുന്നതെന്ന് അറിയുമ്പോൾ ഭാഗ്യശ്രീയുടെ അഭ്യുദയകാംഷികൾക്കും ആരാധകർക്കും സന്തോഷം നൽകുമെന്നത് പകൽപോലെ സത്യമാണ്.

life style
Advertisment