Advertisment

ലൊക്കേഷനിലും പ്രമോഷൻ പരിപാടിക്കിടെയും അഭിമുഖങ്ങൾക്കിടെയും പേക്കൂത്ത് പതിവാക്കിയ നടന് ദുബായിലെത്തിയപ്പോൾ വിമാനത്തിൽ കയറി 'ഊഞ്ഞാലാടണം' ? മറ്റൊരുവന് ഇളക്കം അവതാരകരോടാണ്. ഇതെന്ത് ചോദ്യമാടോ .. മൈ ... #, ഇതൊക്കെയാണോടാ ചോദ്യം #....മോനെ എന്നൊക്കെയാണ് 18 ഓസ്കാർ ഒന്നിച്ചു വാങ്ങിവന്ന മഹാപ്രതിഭയെപ്പോലെ പ്രതികരണം ! എക്സ്പയറി ഡേറ്റ് കഴിഞ്ഞ 'സാധന' മെങ്കിലും ഉപയോഗിക്കരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ലത്രേ ! സത്യത്തിൽ എന്താണ് മലയാള സിനിമയിൽ സംഭവിക്കുന്നത് ? സർക്കാർ അറിയുന്നുണ്ടോ ഇതുവല്ലതും ? വേഷങ്ങൾ ... ജന്മങ്ങൾ ...

author-image
nidheesh kumar
New Update

publive-image

Advertisment

'ഷൈന്‍ ടോം ചാക്കോയേപോലെ' എന്നൊരു പുതിയ പ്രയോഗം തന്നെ മലയാള ഭാഷയില്‍ ഉദയം ചെയ്തിരിക്കുകയാണ്. ഭ്രാന്ത് കാണിക്കരുത്... കിറുക്ക് കളിക്കരുത്... എന്നൊക്കെ ആരും ഇപ്പോള്‍ പറയാറില്ല; പകരം ഷൈന്‍ ടോം ചാക്കോ കളിക്കരുതെന്നത്രെ പുതിയ മൊഴി !

കക്ഷി ഇയ്യിടെ ദുബായില്‍ പോയി ; അതൊരൊന്നൊന്നര പോക്കായി പോയി ! സിനിമയുടെ പ്രമോഷനായാണ് പോയത്. പക്ഷേ സംഭവം പുള്ളിയുടെ സെല്‍ഫ് പ്രമോഷനായിപ്പോയി.

വിസിറ്റിംങ്ങ് വിസയില്‍ പോയ ക്രൂവിന് മടങ്ങിപ്പോരാന്‍ ടിക്കറ്റ് എടുത്ത വിമാനത്തില്‍ ഒപ്പം പോരാന്‍ നടന് കഴിഞ്ഞില്ല. സന്ദര്‍ഭവശാല്‍ നാലു കാലില്‍ നില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ വിമാനത്താവളത്തിലെത്താന്‍ കഴിഞ്ഞില്ല; അത്രതന്നെ .. യാത്ര മുടങ്ങി ! പിറ്റേ ദിവസത്തെ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ ഗതികേട് എന്നല്ലാതെ വേറെന്തു പറയാന്‍.


പിറ്റേദിവസം  വലിഞ്ഞ് .. വലിഞ്ഞ് ആരുടെയൊക്കെയോ സഹായത്താല്‍ ഒരുവിധം വിമാനത്തിനകത്തെത്തി. അപ്പോള്‍ കക്ഷിക്ക് വിമാനം പറത്തണം. വെറുതെ അതിനകത്ത് ഒതുങ്ങിയിരുന്ന് കൊച്ചിയിലെത്തിയാല്‍ പോരത്രെ.


നേരേ ചെന്ന് കോക്പിറ്റിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ജീവനക്കാര്‍ തട‍ഞ്ഞു. അതവരുടെ ഉത്തരവാദിത്വമാണല്ലോ. ഉടന്‍ നടന് ജീവനക്കാരുടെ സീറ്റില്‍ കിടക്കണം, അതും ടേക്ക് ഓഫ് സമയത്ത്. തടഞ്ഞപ്പോള്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ എന്തോ കൂടിയ 'സാധനം' കഴിച്ചവനേപ്പോലെ വിഭ്രാന്തിയോടെ ഫ്ലൈറ്റിനുള്ളില്‍കൂടി ഓടി നടന്നു. യാത്രക്കാര്‍ പരിഭ്രാന്തരായി.

ഇയാളിനി തങ്ങളെ കയറി മാന്തുകയോ പിച്ചുകയോ ചെയ്താല്‍ കുത്തിവെയ്പ് എടുക്കേണ്ടിവരുമോ എന്നുവരെ ഭയപ്പെട്ട യാത്രക്കാരുണ്ട്. കാരണം അതാണ് കാലം. ചാടുന്നു, കുത്തിയിരിക്കുന്നു, ചിരിക്കുന്നു, ഗോഷ്ടി കാണിക്കുന്നു; പിന്നെയും ഓടുന്നു... ഇടയ്ക്ക് ശാന്തമാകുന്നു... ഇങ്ങനൊക്കെ കാണിക്കുന്നത് മനുഷ്യരല്ലെങ്കില്‍ പിന്നെ ആരാണ് ?


മങ്കി പോക്സ് വല്ലതുമാണോ എന്ന് ചില യാത്രക്കാര്‍ സംശയിച്ചു. അതിങ്ങനെയല്ലെന്ന് മറ്റു ചിലര്‍. എന്തായാലും ഈ കോലം ദുബായ് മുതല്‍ നെടുമ്പാശ്ശേരി വരെ സഹിക്കാനാവില്ലെന്ന് യാത്രക്കാര്‍ കട്ടായം പറഞ്ഞതോടെ വിമാന ജീവനക്കാര്‍ സടകുടഞ്ഞെഴുന്നേറ്റു.


താരത്തെ പിടിച്ചു പുറത്താക്കി. ഈ മൊതല് കാരണം വിമാനം പുറപ്പെടാൻ ഒരു മണിക്കൂർ വൈകുകയും ചെയ്തു.

പുറത്തിറങ്ങിയപ്പോഴാണ് നടന് വിവരം പിടികിട്ടിയത്. എയര്‍പോര്‍ട്ട് വിട്ട് പുറത്തിറങ്ങാനാവില്ല. കാരണം പാസ്പോര്‍ട്ടില്‍ എക്സിറ്റ് അടിച്ചതോടെ വിസിറ്റിംങ്ങ് വിസ എക്സ്പയര്‍ ആയി. അപ്പോഴാണ് ലേശം കെട്ടിറങ്ങിയത്. തിരിച്ചു വേറൊരു വിമാനത്തില്‍ കയറണമെങ്കില്‍ വിസ വേണം. അത് വേറെ എടുക്കണം.

അപ്പോഴുമുണ്ട് പ്രശ്നം. സിനിമ പ്രമോഷനായി സ്പോണ്‍സര്‍ ചെയ്തു കൊണ്ടുവന്ന നടനെ ഇനിയും വഹിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ബാധ്യതയില്ല. പേക്കൂത്ത് കാണിച്ചു നടന്ന് ഓള്‍റെഡി ഒരു ടിക്കറ്റ് ക്യാന്‍സലായി വേറൊന്ന് എടുത്ത് നല്‍കിയതാണ്. അതാണ് ഈ കോലം !

വീണ്ടും ഒരെണ്ണം കൂടി തരപ്പെടുത്തി കൊടുത്താലും ഈ മൊതല് അങ്ങെത്തുമെന്ന് അവര്‍ക്കൊട്ടുറപ്പുമില്ല. അതിനാല്‍ ബന്ധുക്കളിടപെട്ടു. പിന്നെ പോലീസ് ചോദ്യം ചെയ്യലും മെഡിക്കല്‍ പരിശോധനയുമൊക്കെ ആയപ്പോള്‍ കക്ഷി കുറച്ചൊക്കെ യാഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങി വന്നു. ചങ്ങലക്കിടേണ്ടത് അഴിച്ചുവിട്ടാല്‍ ഇതല്ല ഇതിനപ്പുറവും നടക്കും എന്നതാണ് പാഠം.


അതിനിടയിൽ ന്യായീകരണവുമായി ഒരാൾ. വിമാനത്തിന്റെ വാതിൽ മാറിപോയതാണത്രെ. ആദ്യമായി വിമാനത്തിൽ കയറുന്ന കൊച്ചു കുട്ടിയാണല്ലോ ? കോക്‌പിറ്റിന്റെ വാതിലേതാ .. പുറത്തേയ്ക്കുള്ള വാതിലേതാ.. എന്നൊന്നും തിരിച്ചറിയാത്ത പാവം ..


മറ്റൊരു ഭാസിക്ക് കളം ലൈവ് അഭിമുഖങ്ങളായിരുന്നു. അവനേതോ 'ഇന്ദ്രന്‍' എന്നായിരുന്നു ഭാവം.

അഭിമുഖത്തിനെത്തുന്ന അവതാരകരോടായിരുന്നു മെക്കിട്ട് കയറല്‍. ഇതെന്ത് മൈ... !! ചോദ്യമാണെടോ... കു... !! ഇതൊക്കെയാണോ ചോദ്യം ? എന്ത്... മൈ... ടാ... ഇത്.. നിന്‍റെ ... അ... ടെ ചോദ്യം - എന്നൊക്കെയായി മഹാപ്രതിഭയും ബുദ്ധിമാനും ചിന്തകനും ഏതാണ്ടെല്ലാമൊക്കെയായ വിദ്വാന്‍റെ മറുചോദ്യങ്ങള്‍.

അത് അവതാരികമാരോടാണെങ്കിലും ശരി... പ്രയോഗം അതുതന്നെ... കാരണം ഇവന്‍ ഓസ്കാര്‍ 18 തവണ തുടര്‍ച്ചയായി വാങ്ങി വന്നിരിക്കുന്ന മഹാ പ്രതിഭയാണല്ലോ ?

'ഉണങ്ങാത്ത' കഞ്ചാവ് അടിച്ചാല്‍ ലഹരി കൂടുതലാണെന്നോ മറ്റോ ഒക്കെ ഇടുക്കിക്കാര്‍ പറഞ്ഞുകേട്ടിട്ടേയുള്ളു. അതിന് ഇങ്ങനെയൊക്കെ പ്രശ്നങ്ങളുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

എന്തായാലും അഭിമുഖത്തിനിടെ അവഹേളനപരമായി പെരുമാറിയെന്നു കാണിച്ച് അവതാരിക പരാതി കൊടുത്തു. ചില അവതാരകര്‍ അതിനും തയ്യാറായില്ല. ഇനി പരാതി കൊടുത്തവര്‍ തന്നെ നടന്‍ ക്ഷമ പറഞ്ഞെന്നോ മറ്റോ പറഞ്ഞ് പിന്നീട് പരാതി പിന്‍വലിക്കുകയും ചെയ്തു.


എന്തായാലും രണ്ടാള്‍ക്കും വേണ്ടി രഹസ്യമായും പരസ്യമായും ഇടപെട്ടത് മലയാള സിനിമയിലെ മുന്തിയ താരം തന്നെയാണ്. അപ്പോള്‍തന്നെ മനസിലായി കാണുമല്ലോ നടന്‍മാരുടെ പെരുമാറ്റത്തിന്‍റെ ശാസ്ത്രീയ കാരണങ്ങളുടെ വേരുകള്‍ ചെന്നെത്തുന്നത് എവിടെയാണെന്ന്.


പണ്ടൊക്കെ സിനിമയില്‍ ലഹരി മാഫിയ സാന്നിധ്യം എന്നേ കേട്ടിട്ടുണ്ടായിരുന്നുള്ളു. പിന്നെയത് 'പിടിമുറുക്കുന്നു' എന്നായി. ഇപ്പോഴത് 'കൈയ്യടക്കി' എന്നാണ്.

അത് മുന്തിയ നടന്‍മാര്‍ക്കുപോലും ചെറുവിരലനക്കാന്‍ പറ്റാത്ത വിധം അവരുടെ മക്കള്‍ വരെ നീളുന്ന കണ്ണികളായി വളര്‍ന്നിരിക്കുന്നു. ഈ സാധനം അടിച്ചിട്ടിരിക്കുന്നവനെ അഭിമുഖത്തിന് വിളിച്ചാലും ഫ്‌ളൈറ്റിൽ കയറ്റിയാലും ഇതുക്കപ്പുറം ഒന്നുമേ ഇല്ല ....

Advertisment