ദാസനും വിജയനും

താലിബാന്‍റെ നീക്കങ്ങള്‍ ഇത്തവണ വളരെ സൂക്ഷിച്ചാണെന്ന് വിലയിരുത്തണം. ഒരുതരം ജനകീയതയിലേയ്ക്ക് നീങ്ങാനുള്ള താലിബാന്‍ കള്ളനീക്കത്തിന് പിന്നില്‍ ചൈനയുടെ കുബുദ്ധിയുണ്ടാകാം. നമ്മുടെ അയല്‍ക്കൂട്ട രാജ്യങ്ങളെ ചൈന ചൊൽപ്പടിയിൽ നിര്‍ത്തുമ്പോൾ നാം ഇപ്പോഴും ഭജനകളില്‍ മുഴുകുകയാണോ – ദാസനും വിജയനും കണ്ട യാഥാര്‍ഥ്യങ്ങള്‍ !

ദാസനും വിജയനും
Tuesday, August 17, 2021

താലിബാൻ എന്നാൽ വിദ്യാർത്ഥികൾ എന്നാണർത്ഥം എങ്കിലും ഇന്ന് ലോകം മുഴുവനും അവർക്കെതിരെ ശബ്ദമുയർത്തുകയാണ്. താലിബാന്റെ ഏറ്റവും വലിയ പ്രശ്‌നമായി നാം കാണുന്നത് അവരുടെ വേഷഭൂഷാദികളും നീളൻ താടികളും കയ്യിലേന്തിയ എകെ 47 തോക്കുകളും റോക്കറ്റ് ലോഞ്ചറുകളുമൊക്കെയാണ്.

ഒറ്റ നോട്ടത്തിൽ തന്നെ വിവരമില്ലാത്തവർ അല്ലെങ്കിൽ സംസ്കാരമില്ലാത്തവർ എന്ന് തോന്നിപ്പിക്കും വിധമാണ് അവരുടെ നടപ്പ്.

എങ്കിലും വടക്കൻ സഖ്യവുമായും റഷ്യയുമായും അമേരിക്കയുമായും ഇറ്റലിയുമായും ഇംഗ്ലണ്ടുമായും ഫ്രാൻസുമായും അതിൽപ്പെട്ട എല്ലാ സഖ്യകക്ഷികളുമായും അങ്കം വെട്ടിക്കൊണ്ട് പിടിച്ചുനിന്നു എന്നതാണ് അവരുടെ യഥാർത്ഥ ഇരട്ട ചങ്ക് എന്ന് വേണമെങ്കിൽ പറയാം.

അമേരിക്കയുടെ പൈലറ്റില്ലാ ഡ്രോൺ കൺട്രോൾ സിസ്റ്റം ഒന്നടങ്കം അവരുടെ ഹമ്മർ എഛ് വൺ വാഹനങ്ങൾ അടക്കം അടിച്ചു മാറ്റി പാക്കിസ്ഥാനിലെ ക്വയ്‌റ്റ വിമാനത്താവളം വഴി കറാച്ചിയിൽ എത്തിക്കുകയും അവിടെനിന്നും മലേഷ്യൻ വിമാനത്തിൽ ചൈനയിലേക്ക് കടത്തുകയും ചെയ്യുതിന്റെ ഇടയിലാണ് മലേഷ്യൻ വിമാനത്തെ അമേരിക്ക ഇല്ലാതാക്കി കളഞ്ഞതത്രെ ?

2014 മാർച്ച് 8 നു കോലാലംപൂരിൽ നിന്നും ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലേക്ക് പറന്ന വിമാനം പെട്ടെന്നായിരുന്നു ആൻഡമാൻ നിക്കോബാർ മേഖലയിൽ തകർന്നു വീണത്.

കോലാലംപൂരിൽ നിന്നും പറന്നുയർന്ന വിമാനത്തിൽ നാലുപേർ കയറിക്കൂടുകയും അവർ ആ വിമാനത്തെ മാലിദ്വീപിന്റെ അടുത്തുള്ള അമേരിക്കൻ എയർ ബേസിൽ ഇറക്കുകയും അവർ ഡ്രോൺ സിസ്റ്റം അവിടെ ഇറക്കുകയും ചെയ്തു. പിന്നീട് ആ വിമാനത്തെ ഇല്ലാതാക്കി കളയുകയായിരുന്നത്രെ.

അന്നുമുതൽ ചൈനയും താലിബാനും തമ്മിലുള്ള ബാന്ധവം ആരംഭിച്ചതാണ്. കൂടാതെ 62 ബില്യൺ ഡോളർ ചിലവിട്ട് ചൈന പാകിസ്ഥാൻ ഇക്കണോമിക് കോറിഡോർ ആരംഭിക്കുകയും ചെയ്തു.

ആ കോറിഡോർ നിർമ്മാണത്തിന്റെ മുഖ്യ ഉദ്ദേശം അഫ്ഘാനുമായുള്ള ബന്ധം ദൃഢമാക്കുവാൻ ആണെന്നുഉള്ളത് ഇപ്പോൾ യാഥാർഥ്യമാകുന്നു.

അമേരിക്കൻ ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം വടക്കൻ സഖ്യത്തെ ഉപയോഗിച്ചുകൊണ്ട് അഫ്ഘാനിലെ താലിബാൻ ഭരണം അമേരിക്ക ഇല്ലാതാക്കുവാൻ ശ്രമിച്ചുവെങ്കിലും അമേരിക്കയുമായി നേരിട്ടുള്ള യുദ്ധത്തിന് തയാറാകാതെ താലിബാൻ ഉൾവലിയുകയായിരുന്നു.

സദ്ദാം ഹുസൈന് പറ്റിയ അബദ്ധം പറ്റാതിരിക്കാനാണ് അവർ ശ്രമിച്ചത്. അങ്ങനെയുള്ള താലിബാന്റെ നീണ്ട താടിക്കാർക്ക് ബുദ്ധിയില്ല എന്ന് എങ്ങനെ പറയുവാനാകും ?

അഫ്ഘാനിലെ അമേരിക്കൻ സേനയുടെ ക്യാപ്റ്റൻ ആയിരുന്ന ബോയ്‌ഡ്‌ റിച്ചാർഡ് വിൻസ്‌ലേ, അദ്ദേഹത്തിന്റെ അഞ്ച് വർഷത്തെ അമേരിക്കൻ സേവനം മതിയാക്കിക്കൊണ്ട് 2017 ൽ ദുബായിലേക്ക് പറിച്ചുനട്ടപ്പോൾ കിട്ടിയ വിവരങ്ങൾ അനുസരിച്ച്, അഫ്ഘാൻകാർക്ക് അമേരിക്കക്കാർ ഭരിച്ചാലും താലിബാൻ ഭരിച്ചാലും എല്ലാം കണക്ക് തന്നെ.

ഏതച്ഛൻ വന്നാലും അമ്മക്കാണ് കേട് എന്ന് പറഞ്ഞതുപോലെ അഫ്ഘാൻ കാർ ഇതിനെല്ലാം വിധിക്കപ്പെട്ട മനുഷ്യസമൂഹം തന്നെ.

അമേരിക്കൻ സഖ്യസേനക്കൊപ്പം ഇറ്റലിയും ഫ്രാൻസും ചേർന്നുകൊണ്ട് അവിടത്തെ ഗ്രാനൈറ്റും മാർബിളും രത്‌നങ്ങളും അമൂല്യ ശേഖരങ്ങളും അടിച്ചുമാറ്റിയപ്പോൾ അഫ്ഘാൻ ഭരണകൂടം പണം സമാഹരിച്ചത് മയക്കുമരുന്ന് വ്യാപാരത്തിൽ കൂടി തന്നെയാണ് എന്നദ്ദേഹം പറയുമായിരുന്നു. ഇക്കളികളിൽ മനംനൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.

അമേരിക്ക, മെക്സിക്കോയിലെയും ഹെയ്തിയിലെയും കുടിയേറ്റക്കാരെ പട്ടാളത്തിൽ ചേർത്തിക്കൊണ്ട് അഫ്ഗാനിൽ ഇറക്കിവിട്ടപ്പോൾ അവർ അവിടെ ചെയ്തുകൂട്ടിയ പ്രവർത്തികൾ വളരെ മോശമായിരുന്നു. അതുകൊണ്ടാണ് സാധാരണ ജനങ്ങളുടെ ഇഷ്ടം അമേരിക്കൻ പട്ടാളത്തിന് ലഭിക്കാതിരുന്നത്.

അമേരിക്കൻ വാർത്ത ഏജൻസികളായ ബിബിസിയും സിഎൻഎൻ ഉം സ്റ്റാറും ബ്ലൂംബെർഗുമൊക്കെ പറയുന്നത് അപ്പാടെ നമ്മൾ വിഴുങ്ങുമ്പോൾ, നമ്മുടെ മീഡിയകൾ അതേറ്റു പാടുമ്പോൾ അവർ വാളയാറിലെയും വണ്ടിപ്പെരിയാറിലെയും ക്രൂരമായി കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളെ മറന്നു കൊണ്ടാണ് വാർത്തകൾ ഏറ്റുപിടിച്ചിരുന്നത്. കുഞ്ഞുങ്ങൾ ഏറ്റവും കൂടുതൽ മരിച്ചുവീണത് ഇറാഖിലും സിറിയയിലും പലസ്തീനിലുമൊക്കെയാണ്.

താലിബാൻ ഇത്തവണ വളരെ സൂക്ഷിച്ചാണ് കാര്യങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. പഴയ വിവരമില്ലായ്മ ഒക്കെ മാറ്റിവെച്ചുകൊണ്ട് ഇത്തവണ ആളെ കൊല്ലുന്നതൊക്കെ കുറച്ചുകൊണ്ട്, ലെബനോനിലെ ഹിസ്ബുൾ മുജാഹിദീന്റെ പോളിസികളാണ് കൈക്കൊണ്ടിരിക്കുന്നത് എന്ന് വേണം കരുതുവാൻ.

ലെബനോനിലെ ഹിസ്ബുൾ മുജാഹിദീൻ യുദ്ധം കഴിഞ്ഞാൽ അവിടത്തെ ഇസ്ലാം സഹോദരന്മാര്‍ക്കും ക്രിസ്തീയ സഹോദരന്മാര്‍ക്കും ഒരുപോലെ സഹായം ചെയ്തുകൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

താലിബാൻ വലിയ ബഹളമൊക്കെ ഉണ്ടാക്കും എന്ന് കരുതിയവരെയൊക്കെ ഞെട്ടിച്ചുകൊണ്ട് അവരിപ്പോൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുകയാണ്. ചിലപ്പോൾ ചൈനയുടെ ബുദ്ധിയായിരിക്കാം അത്.

നമ്മുടെ ഇന്ത്യയുടെ ചുറ്റുമുള്ള രാജ്യങ്ങൾ, ശ്രീലങ്ക മുതൽ നേപ്പാൾ, മ്യാന്മാർ, ഭൂട്ടാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് ഇപ്പോൾ അഫ്ഘാനിസ്ഥാൻ വരെ ചൈനയുടെ ചൊൽപ്പടിയിൽ നിൽക്കുന്നവരായി മാറുമ്പോൾ നാം ഇപ്പോഴും ഭജനകളിലാണ്.

നമ്മുടെ അയൽവക്ക രാജ്യങ്ങളെ നാം അവഗണിക്കുമ്പോൾ നമ്മുടെ ശത്രുക്കൾ അവിടേക്കു നുഴഞ്ഞുകയറുകയാണ്. അക്രമം, മരണം കൊലപാതകം എന്നിവ ആരൊക്കെ ചെയ്താലും അവിടെ താലിബാൻ ചെയ്താലും, യുദ്ധങ്ങളിലൂടെ അമേരിക്കൻ മുതലാളി ചെയ്താലും, ഇവിടെ രാഷ്ട്രീയക്കാർ ചെയ്താലും വേദന ഒന്നുതന്നെ. വിഷമം ഒന്നുതന്നെ.

ഇനിയെങ്കിലും ഇതൊക്കെ നിർത്തുവാൻ യുഎൻ പോലുള്ള സംഘടനകളും സോഷ്യൽ മീഡിയയിൽ നിലവിളിക്കുന്ന ആക്ടിവിസ്റ്റുകളും, പ്രതികരണത്തൊഴിലാളികളും സാംസ്‌കാരിക നായകന്മാരും ഒക്കെ ശ്രദ്ധിക്കണം !!!

താലിബാൻ അക്രമങ്ങളെ എതിര്‍ത്തുകൊണ്ട് ദാസപ്പനും വണ്ടിപ്പെരിയാറിലെ പിഞ്ചുകുഞ്ഞിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് വിജയപ്പനും

×