Advertisment

സർക്കാർ നൂറു ദിനങ്ങൾ പിന്നിടുമ്പോള്‍ ക്യാപ്റ്റന്‍റെ 'എഴുതി വായനയിൽ' 500 ദിനങ്ങൾ പിന്നിടുകയാണ്. സ്വര്‍ണ്ണക്കടത്തുകാരും മരം മുറിക്കാരും മണൽ കടത്തുകാരും പാറമടക്കാരും ആഘോഷങ്ങളില്‍ തന്നെ ! അരിവാങ്ങാൻ പോയാല്‍ പെറ്റി, കുളിക്കാന്‍ പോയാല്‍ പെറ്റി, മരുന്നു വാങ്ങാന്‍ പോയാല്‍ പെറ്റി ... എന്നിങ്ങനെ എന്തെല്ലാം 'ആഘോഷങ്ങള്‍' .. ! 'വാളെടുത്തവന്‍ വാളാല്‍' എന്നു പറഞ്ഞപോലെ കോവിഡിനാല്‍ അധികാരത്തിലെത്തിയവര്‍ കോവിഡിനാല്‍ എന്നു പറയിപ്പിക്കാതിരിക്കാനാകട്ടെ ഇനിയുള്ള 100 - ദാസനും വിജയനും എഴുതുന്നു

New Update

publive-image

Advertisment

നൂറു ദിനങ്ങൾ പിന്നിടുന്ന ക്യാപ്റ്റന്റെ സർക്കാർ ഇന്നിപ്പോൾ 'എഴുതി വായനയിൽ' 500 ദിനങ്ങൾ പിന്നിടുകയാണ് . വൈകുന്നേരത്തെ ആറുമണി തള്ളുകളിൽ ജനം കണ്ണടച്ചു വിശ്വസിച്ചപ്പോൾ പുലിക്കുട്ടികൾ ആയിരുന്ന പ്രതിപക്ഷ നേതാക്കളും കടുവാക്കുട്ടികൾ ആയിരുന്ന കണ്ണൂർ ആർമി നേതാക്കളും പൂച്ചക്കുട്ടികളായി മാറുന്നതും ഈ ദിനങ്ങളിൽ നാം കണ്ടു.

ശരിക്കും പറഞ്ഞാൽ ഈ ക്യാപ്റ്റൻ ഭരിക്കേണ്ടിയിരുന്നത് പതിനഞ്ച് വർഷങ്ങൾക്ക് മുന്‍പായിരുന്നു . അന്ന് ലാവ്‌ലിൻ എന്ന ഡെമോക്ലസിന്റെ വാൾ ക്യാപ്റ്റന്റെ ജൈത്രയാത്രയിൽ തടയിടുകയുണ്ടായി .

ഇന്നിപ്പോൾ അദ്ദേഹത്തിന് തന്നെ എന്താണ് ഇവിടെ നടക്കുന്നത് എന്ന് മനസ്സിലാകാത്ത അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത് .

പണ്ടത്തെ രാഷ്ട്രീയ വിമർശക സിനിമകളിൽ ഒരു മുഖ്യ വില്ലൻ മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആയിരിക്കും . പ്രതാപചന്ദ്രൻ ആയിരിക്കും മിക്കവാറും ആ വേഷം കൈകാര്യം ചെയ്തിരുന്നത് . ഒരു അബ്‌കാരി കോൺട്രാക്ടർ ഉണ്ടാകും ആ കൂട്ടത്തിൽ. അത് മിക്കവാറും സണ്ണിയോ കൊല്ലം തുളസിയോ ഒക്കെ ആയിരിക്കും .

പോലീസ് വില്ലൻമാരായി പോലീസിലെത്തന്നെ ജഗന്നാഥവർമ്മയോ അസീസോ ആകാറാണ് പതിവ് . പിന്നെ നിസ്‌കാര തഴമ്പുള്ള ഒരു മുസ്ലിം നേതാവായി മാമുക്കോയയോ സണ്ണിയോ ഉണ്ടാകും .

ജൂബയിട്ട ഒരു വനം കൊള്ളക്കാരൻ അച്ചായന്റെ വേഷത്തിലും ഒരാൾ ഉണ്ടാകും . അവരൊക്കെ ചേർന്നുകൊണ്ട് കയ്യിട്ടുവാരിയുള്ള ഒരു അഴകൊഴമ്പൻ മന്ത്രിസഭയും അതുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും ഒക്കെയായിരുന്നു അന്നത്തെ വിഷയം .

ഇന്നത്തെ അവസ്ഥ നോക്കുകയാണെങ്കിൽ ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് രാഷ്ട്രീയക്കാർ ആണെങ്കിലും അവരെ നിയന്ത്രിക്കുന്നത് മാധ്യമ ഉപദേഷ്ടാക്കളും സിനിമാ നായകന്മാരും ഐഎഎസ് ലോബികളും ഒക്കെയാണ് .

publive-image

ഇവരുടെയൊക്കെ മുകളിൽ മതം മാറിയ ഒരു ഹിന്ദു ആത്മീചാര്യനും ഒരു ഡ്യൂപ്ലിക്കേറ്റ് ബിഷപ്പും മുസ്ലിം വക്താവാണെന്ന് സ്വയം അവകാശപ്പെടുന്ന ഒരു ആത്മീയാചാര്യനുമൊക്കെയാണ് .

ഇവരൊക്കെ കൂടി ചേർന്നുകൊണ്ട് കേരളത്തിന്റെ മാധ്യമങ്ങളെയും അനുബന്ധ സ്ഥാപനങ്ങളെയും വിലക്കെടുത്തുകൊണ്ട് വാർത്തകൾ സൃഷ്ടിക്കുമ്പോള്‍ മാധ്യമങ്ങളും സോഷ്യൽ മീഡിയ പോരാളികളും വാട്സാപ്പ് യുണിവേഴ്സിറ്റികളും എതിരാളികളെ ഒന്നിനും കൊള്ളരുതാത്തവർ ആക്കി മാറ്റുന്നു .

കേരളത്തിലെ മുപ്പതോളം നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതും സാമ്പത്തികമായി സഹായങ്ങൾ ചെയ്യുന്നതും അവരെ ജയിപ്പിക്കുന്നതും സിയറ ലിയോൺ - കൊടുവള്ളി കോൺസുലേറ്റ് ബന്ധങ്ങളിലൂടെയുമാണ് . അതിന്നായി സ്വർണ്ണം കൊണ്ട് അമ്മാനമാടിക്കളിക്കുന്ന ഒരു പ്രത്യേക വിഭാഗം തന്നെ കേരളത്തിൽ കാണപ്പെടുന്നു .

സ്വർണ്ണം കടത്തുന്ന റമീസുമാരും കാരാട്ടുകാരും എംഎൽഎമാരും മന്ത്രിമാരും ഒരു ഭാഗത്തും മറ്റുള്ളവർ കൊണ്ടുവരുന്ന സ്വർണ്ണം പൊട്ടിക്കുവാൻ ആയങ്കരിമാരും തില്ലെങ്കേരിമാരും വേറെ തന്നെയുണ്ട് .

പത്തോളം നിയമസഭാ സീറ്റുകളിൽ വിജയം ഉറപ്പിക്കുന്നത് ഈ സ്വർണ്ണക്കാരാണ് എന്നതാണ് ഇന്നത്തെ കേരളത്തിന്റെ ഒരു ഗതികേട് . ഇക്കാലഘട്ടത്തിലെ ചെറുപ്പക്കാർക്ക് അത്തരക്കാരോടുള്ള ആരാധനയും കൂടിക്കൂടി വരുന്നു .

പിന്നെ ഓരോരോ നിയമസഭാ മണ്ഡലങ്ങളിലും ഓരോരോ തരത്തിലുള്ള കരുവന്നൂർ മോഡൽ സഹകരണ ബാങ്ക് മാഫിയക്കാരും മുട്ടിനു മുട്ടിനു മരം മുറിക്കുന്നവരും മണൽ കടത്തുകാരും പാറമടക്കാരും പണം വീശിയെറിയുന്നു .

ഓരോ പ്രളയത്തിലും നാലായിരവും ആയ്യായിരവും കോടികൾ പിരിച്ചെടുത്തപ്പോൾ പിന്നെ സർക്കാർ ഭദ്രമായി. അതിൽ കുറെ പണം പാർട്ടിക്കാർ മുഖേന സഹായമായി കുറച്ചു പേരിൽ എത്തിച്ചുവെങ്കിലും കൂടുതൽ പണവും എന്ത് ചെയ്തുവെന്നതില്‍ ഒരെത്തും പിടിയുമില്ല.

കടം കയറിയ കുറെ ചാനലുകാർക്കും പത്രക്കാർക്കും ആശ്വാസമായി . സോഷ്യൽ മീഡിയക്കാർ, പോരാളികൾ, കുട്ടി നേതാക്കൾ ഒക്കെ പണക്കാരായി എന്നതല്ലാതെ പ്രളയത്തിൽ നഷ്ടപ്പെട്ടവരുടെ ഗതി ഇപ്പോഴും ഓഫീസുകളിൽ കയറി ഇറങ്ങുക തന്നെ .

പിന്നെ കിട്ടിയ മലങ്കോളാണ് കോവിഡ് . കോവിഡിൽ ഒട്ടനവധി രാജ്യങ്ങളും ബഹുരാഷ്ട്ര കമ്പനികളും വമ്പന്മാരും തകർന്നടിഞ്ഞുവെങ്കിലും കോവിഡ് കൊണ്ട് നേട്ടം കൊയ്ത ഒരു ഭൂപ്രദേശമാണ് കേരളം .

ഒരു വശത്ത് യു ട്യൂബ് വ്ളോഗര്‍മാരും , ഇൻഫ്ളുവൻസർമാരും പണം കൊയ്ത്തു കൂട്ടിയപ്പോൾ കേരളം ഭരിക്കുന്ന പാർട്ടിയും നേതാക്കന്മാരും മന്ത്രിമാരും അണികളും സല്യൂട്ട് ചെയ്യേണ്ടത് കോവിഡിനെയാണ് .

കോവിഡ് ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഭരിക്കുന്നവർ കേരളത്തിൽ നിന്നും തൂത്തെറിയപ്പെടുമായിരുന്നു. ബംഗാളിലെയും ത്രിപുരയിലെയും വഴിയേ സഞ്ചരിക്കുമായിരുന്ന ആ പാർട്ടി ഇന്ന് നമിക്കേണ്ടത് കോവിഡിനെയാണ് .

കോവിഡ് എന്ന മഹാമാരി ഈ ലോകത്തേക്ക് സമ്മാനിച്ചവർ പ്രതീക്ഷിച്ചതിലും ഗുണം കേരളത്തിലുള്ളവർക്ക് കിട്ടി എന്നതിൽ നമ്മുക്ക് സന്തോഷിക്കാം . വളരെ മോശം ഭരണം നടത്തിയിരുന്നവരെ ജനം വീണ്ടും വീണ്ടും രണ്ടുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഇവിടെ അഹങ്കാരികൾ വളർന്നു .

സോഷ്യൽ മീഡിയയിലും അല്ലാതെയും കുറെയധികം വിവരമില്ലാത്തവർ വിജയങ്ങൾ ആഘോഷിച്ചപ്പോൾ നഷ്ടമായത് നമ്മുടെ കുറെ വർഷങ്ങളാണ് . ആസ്ട്രേലിയയിലെ മെൽബണിൽ കെട്ടിടത്തിന്റെ മേലെ പേര് വന്നെന്നും , ബിബിസിയും സിഎൻഎന്നും ഐക്യരാഷ്ട്ര സഭയും അനുമോദിച്ചെന്നും വീമ്പിളക്കി.

കോവിഡിനെ പിടിച്ചുകെട്ടിയതിൽ അഭിമാനിച്ചവരൊക്കെ ഇന്നിപ്പോൾ മിണ്ടാട്ടമില്ലാതെ 'ഹോം' എന്ന സിനിമയെ കുറിച്ചും 'ഈശോയെ' കുറിച്ചുമൊക്കെ പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുകയാണ്.

കപ്പൽ ആടിയുലയുകയില്ല, ഇതിനൊരു കപ്പിത്താൻ ഉണ്ടെന്നൊക്കെ വിളിച്ചു കൂവിയെങ്കിലും ഇന്നിപ്പോൾ ആ ഒന്നാം സ്ഥാനം ഇന്നും നിലനിർത്തുന്നതിൽ അവർക്ക് അഭിമാനിക്കാം .

publive-image

കോവിഡ് വന്ന നാൾ മുതൽ ലോക്ക് ഡൌൺ ട്രിപ്പിൾ ലോക്ക് ഡൌൺ 144 ഒക്കെ ഉണ്ടാക്കിയവർ , പ്രാർത്ഥിക്കാൻ പോകുവാൻ സമ്മതിക്കാത്തവർ , പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നപ്പോഴും , നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോഴും രോഗികളുടെ എണ്ണം കുറച്ചുകാണിച്ചുകൊണ്ട് റോഡ്‌ഷോകളും കൂറ്റൻ റാലികളും ഒക്കെ നടത്തി മാതൃക കാണിച്ചു തന്നു .

കോവിഡ് പോസിറ്റീവ് ആയ നമ്മുടെ ക്യാപ്ടന്മാർ വരെ റാലികളിൽ പങ്കെടുത്തു എന്നതിൽ അഭിമാനിക്കാം .

അരിവാങ്ങാൻ പോകുമ്പോള്‍ പെറ്റി അടിച്ചുകൊണ്ടു അവർ ജനങ്ങളുടെ ആരോഗ്യം സംരക്ഷിച്ചു . ബിവറേജിൽ പോകുന്നവർക്ക് മുൻഗണന കൊടുത്തുകൊണ്ട് രാജ്യത്തിന്റെ താല്പര്യങ്ങൾക്ക് മാതൃക കാണിച്ചവർ ഇന്നിപ്പോൾ ഗംഗാ നദിയിൽ ഒഴുകിനടന്ന മൃത ദേഹങ്ങളെ കുറിച്ചാണ് വീമ്പിളക്കുന്നത് .

വീട്ടിൽ കുട്ടികൾ തമ്മിൽ വഴക്കിടുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തുന്നതുപോലെ നീ അത് ചെയ്തില്ലേ ? ഞാൻ അത് ചെയ്തില്ല എന്ന് പറഞ്ഞുകൊണ്ടാണ് നൂറാം നാളിൽ എഴുതികൊടുത്തത് വായിക്കുന്നത് . ഇതൊക്കെ കേൾക്കുവാനും അനുസരിക്കുവാനും കുറെ ജന്മങ്ങൾ കേരളത്തിൽ ഉണ്ടല്ലോ എന്നോർക്കുമ്പോൾ 'ശൈലജ്ജ' തോന്നുന്നു .

മകളുടെ വീട്ടിലേക്ക് കുളിക്കാൻ പോയിരുന്ന ഒരു താത്തയെ പിടിച്ചുനിർത്തി പെറ്റിയടിച്ച ഈ നാട്ടിൽ , ആടിനെ വിറ്റ് കോവിഡിന് മരുന്ന് വാങ്ങാൻ സഹായം ചെയ്ത താത്തമാരുടെ ഈ നാട്ടിൽ , കാശുകുടുക്ക പൊട്ടിച്ചുകൊണ്ട് സർക്കാരിനെ സഹായിച്ച കുട്ടികളുടെ ഈ നാട്ടിൽ, ചക്കവീണ് മരിച്ചയാളെ കളിയാക്കി ചിരിക്കുന്ന മന്ത്രിമാരുടെ ഈ നാട്ടിൽ , ഭരണാധിപന്മാർ ഡോളർക്കടത്തുവാൻ മുന്നിൽ നിൽക്കുന്ന ഈ നാട്ടിൽ , ജനപ്രതിനിധി സ്വർണ്ണം കുഴിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഈ നാട്ടിൽ , ഖുർആനിൽ സ്വർണ്ണം കടത്തുന്ന മന്ത്രിമാരുള്ള ഈ നാട്ടിൽ , വാളെടുത്തവൻ വാളാൽ എന്ന് പറഞ്ഞതുപോലെ കോവിഡിനാൽ അധികാരത്തിൽ വന്നവർ കോവിഡ് കൊണ്ട് തന്നെ ഇല്ലാതാകുന്ന കാഴ്ചകളാണ് നൂറാം നാളുകളിൽ കണ്ടുകൊണ്ടിരിക്കുന്നത് .

മുഖ്യമന്ത്രിക്കായി അദ്ദേഹത്തിന്റെ കൂട്ടുകാർ ഉണ്ടാക്കിയ 'വൺ ' എന്ന സിനിമ ശരിക്കും അറം പറ്റിയോ എന്ന് തോന്നുന്നു . കാരണം ജനങ്ങൾ തിരഞ്ഞെടുത്ത ഒരു മുഖ്യനെ തിരിച്ചുവിളിക്കുവാൻ ജനങ്ങൾക്ക് തന്നെ അവകാശമുണ്ടാകട്ടെ , അങ്ങനെ സംഭവിക്കട്ടെ .

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണടച്ചുകൊണ്ട് ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും വിശ്വസിച്ച ഒട്ടനവധി ചെറുപ്പക്കാർ ഇന്ന്

ഏറെ സങ്കടത്തിലാണ് . അവർക്കു പറ്റിയ അബദ്ധത്തെ ഓർത്തുകൊണ്ട് ..

കോവിഡിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സഹായം തരുമോ എന്ന് ചോദിച്ചുകൊണ്ട് ദാസനും ഇനിയൊരു അബദ്ധം അടുത്ത തിരഞ്ഞെടുപ്പിൽ സംഭവിക്കില്ല എന്ന ഉറപ്പിന്മേൽ വിജയനും

dasanum vijayanum
Advertisment