Middle East & Gulf

കോഴഞ്ചേരി സെന്‍റ് തോമസ് കോളേജിലെ 1968 – 71 ബാച്ചിലെ 41 ബി കോം വിദ്യാർത്ഥികളിൽ 35 പേർ പഠിത്തം കഴിഞ്ഞു നേരേ ഗള്‍ഫിലേയ്ക്കു പറക്കുകയായിരുന്നു ! സെന്‍റ് തോമസിലെ ആദ്യത്തെ അഞ്ചു ബാച്ചുകളില്‍ ഭൂരിപക്ഷം കുട്ടികളും ബി കോം കഴിഞ്ഞയുടനെ ഗള്‍ഫില്‍ കുടിയേറി വലിയ ഭാഗ്യം കൈവരിച്ചു. തിരുവല്ലാ -കോഴഞ്ചേരി റോഡിനിരുവശവും ഉള്‍നാടുകളിലുമെല്ലാം ഗള്‍ഫ് പണത്തിന്‍റെ സമൃദ്ധി കാണാം. എയര്‍ ഇന്ത്യ തിരുവല്ലയില്‍, ടിക്കറ്റിങ്ങ് ഓഫീസും തുറന്നു. എഴുപതുകളില്‍ മലയാളികളെ ഗള്‍ഫിലെത്തിക്കുന്നതില്‍ എയര്‍ ഇന്ത്യ വഹിച്ച പങ്കു മറക്കാനാകുമോ ? കോഴഞ്ചേരിയിലെ ഗൾഫ് പോക്കറ്റും കുവൈറ്റ് യുദ്ധമുണ്ടാക്കിയ വേദനയും ! എയര്‍ ഇന്ത്യയും കോഴഞ്ചേരിയും തമ്മിലെന്ത് ? – അള്ളും മുള്ളും പംക്തിയിൽ ജേക്കബ് ജോർജ്ജ് എഴുതുന്നു

ജേക്കബ് ജോര്‍ജ്
Tuesday, October 12, 2021

കോഴഞ്ചേരി സെന്‍റ് തോമസ് കോളേജില്‍ ബി.കോം കോഴ്സ് ആരംഭിക്കുകയാണ്. 1968 ല്‍ ആകെ സീറ്റ് 35. കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് തലവന്‍ മാത്യു സി. വര്‍ഗീസ്. കോഴഞ്ചേരിക്കു തൊട്ടടുത്ത് മാരാമണ്‍ സ്വദേശിയായ കോയിക്കല്‍ തോമസ് ഏബ്രഹാം കൊമേഴ്സ് ചോദിച്ചെങ്കിലും കിട്ടിയത് ബോട്ടണി. ബന്ധുക്കളൊക്കെ കൂടി മാത്യു സി വര്‍ഗീസിനു മേല്‍ സമ്മര്‍ദം ചെലുത്തി.

മാത്യു സി. വര്‍ഗീസ് തിരുവനന്തപുരത്തു കേരള സര്‍വകലാശാലാ ഓഫീസിലെത്തി അവിടെ സമ്മര്‍ദം ചെലുത്തി. ആറ് അധിക സീറ്റുമായാണ് മാത്യു സി. വര്‍ഗീസ് മടങ്ങിയത്.

മാരാമണ്ണിൽ അറിയപ്പെടുന്ന ഓടു വ്യാപാരി ഓടവറാച്ചന്‍ എന്നറിയപ്പെട്ടിരുന്ന കോയിക്കല്‍ എബ്രഹാമിന്‍റെ മകന്‍ തോമസ് എബ്രഹാം ബി.കോം വിദ്യാര്‍ത്ഥിയായി. ആദ്യ ബാച്ചിലെ മഞ്ഞ്, മൈനര്‍, ഓട് എന്നു വിളിപ്പേരുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ കോളേജില്‍ പരക്കെ അറിയപ്പെടുന്ന കൂട്ടുകെട്ടായി.

ബി.കോം കഴിഞ്ഞയുടനേ മൂവരും ഗള്‍ഫിലെത്തി. ചെന്നയുടനെ ജോലി. മഞ്ഞ്, മൈനര്‍ എന്നീ രണ്ടു പേര്‍ക്കും പേരൊന്നുതന്നെ – തോമസ് മാത്യു.

ഈ മൂന്നുപേര്‍ മാത്രമല്ല ഗള്‍ഫില്‍ സൗഭാഗ്യം തേടിപ്പോയി വിജയം വരിച്ചത്. 1968 – 71 ബാച്ചിലെ 41 പേരില്‍ 35 പേരോളം പഠിത്തം കഴിഞ്ഞു നേരേ ഗള്‍ഫിലേയ്ക്കു പറക്കുകയായിരുന്നു.

1968 ലെ പ്രീഡിഗ്രി തേര്‍ഡ് ഗ്രൂപ്പില്‍ പഠിച്ച ജോര്‍ജ് തോമസ് ചങ്ങനാശേരി എന്‍.എസ്.എസ് കോളേജില്‍ ചേര്‍ന്നു ബി.എ ഇക്കണോമിക്സ് പാസായി അക്കൗണ്ടന്‍സി പ്രത്യേകം പഠിച്ച് നേരേ ദുബായ്ക്കു പറന്നു. ഷാര്‍ജയില്‍ വലിയൊരു ഓയില്‍ കമ്പിനിയില്‍ അസിസ്റ്റന്‍റ് അക്കൗണ്ടന്‍റായി നിയമനം. മാനേജ്മെന്‍റിന്‍റെ വിശ്വസ്തനായ ജോര്‍ജ് തോമസിന്‍റെ താഴെ പിന്നീട് ധാരാളം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റുമാര്‍ ജോലി ചെയ്തു.

സെന്‍റ് തോമസിലെ ആദ്യത്തെ അഞ്ചു ബാച്ചുകളില്‍ ഏതാണ്ട് ഭൂരിപക്ഷം കുട്ടികളും ബി.കോം കഴിഞ്ഞയുടനെ ഗള്‍ഫില്‍ കുടിയേറി വലിയ ഭാഗ്യം കൈവരിച്ചു. പുല്ലാട് മുള്ളന്‍കുഴിയില്‍ ബേബി എന്നു പേരുള്ള തോമസ് മാത്യു രണ്ടു വര്‍ഷം മുമ്പ് മടങ്ങിയെത്തി. ജോലി മതിയാക്കി മടക്കം.

തിരുവല്ലാ കോഴഞ്ചേരി റോഡിനിരുവശവും ഉള്‍നാടുകളിലുമെല്ലാം ഗള്‍ഫ് പണത്തിന്‍റെ സമൃദ്ധി കാണാം. എങ്ങും വലിയ വീടുകള്‍, കൂറ്റന്‍ വ്യാപാര സ്ഥാപനങ്ങള്‍, നല്ല കാറുകള്‍ – ആകെ ഒരു പച്ചപ്പ്, വര്‍ണപ്പകിട്ട്. പിന്നോക്കാവസ്ഥ എങ്ങുമില്ലതന്നെ.

എഴുപതുകളില്‍ മലയാളികളെ ഗള്‍ഫിലെത്തിക്കുന്നതില്‍ എയര്‍ ഇന്ത്യ വഹിച്ച പങ്കു വിവരിക്കാനാണ് ഇത്രയും തുടക്കമായി പറഞ്ഞത്. മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം തുടങ്ങിയത് അറുപതുകളിലാണ്. ഗള്‍ഫ് നാടുകള്‍ അതിവേഗം വളരാന്‍ തുടങ്ങുന്ന കാലം.

അന്നും മലയാളികള്‍ക്ക് ഇഷ്ടപ്പെട്ട കേന്ദ്രം ദുബായ് തന്നെ. തിരുവനന്തപുരത്തു നിന്ന് അന്താരാഷ്ട്ര സര്‍വീസുകളൊന്നുമില്ല. മുംബൈയില്‍ പോയി വേണം അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍.

അവസാനം 1978 ല്‍ എയര്‍ ഇന്ത്യ തിരുവനന്തപുരത്തു വന്നു. ഇവിടെ നിന്നു നേരിട്ട് ദുബായ്ക്ക് ആദ്യ വിമാനം. തുടക്കത്തില്‍ ആഴ്ചയില്‍ ഒന്നു മാത്രം. പിന്നത് ആഴ്ചയില്‍ രണ്ടു ദിവസമായി. പിന്നെ എല്ലാ ദിവസവും. ട്രാവല്‍ ഏജന്‍സികളില്‍ ഗള്‍ഫ് യാത്രക്കാര്‍ കൂട്ടം കൂടി. ടിക്കറ്റ് കിട്ടാന്‍, കണ്‍ഫര്‍മേഷന്‍ കിട്ടാന്‍ – എല്ലാറ്റിനും ബുദ്ധിമുട്ട്.

എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരാവട്ടെ, യജമാനന്മാരെപ്പോലെയും. ടിക്കറ്റ് ഒക്കെ ഉണ്ടെങ്കിലും അവസാനം സീറ്റില്ലെങ്കില്‍ തിരിച്ചയയ്ക്കും. ദയ തോന്നിയാല്‍ ഹോട്ടലില്‍ മുറിതരും.

പൈലറ്റുമാരുടെ മിന്നല്‍ പണിമുടക്കും ഇടയ്ക്കുണ്ടാകും. എങ്കിലും എയര്‍ ഇന്ത്യ മലയാളികളെയും കൊണ്ട് ദുബായിലേയ്ക്കും ദോഹയിലേയ്ക്കും കുവൈറ്റിലേയ്ക്കും  സൗദിക്കും ബഹ്റിനിലേക്കുമൊക്കെ പറന്നുകൊണ്ടേയിരുന്നു.

അവധിക്കു വരുന്നവരെ നാട്ടിലേയ്ക്കു കൊണ്ടുവന്നു. ഭാര്യമാരെ ഗള്‍ഫിലെത്തിച്ചു. അവിടെ കുടുംബങ്ങളായി താമസിച്ച മലയാളികള്‍ മക്കളെ അവിടെ പഠിപ്പിച്ചു. അവധിക്ക് എല്ലാവരും കൂടി നാട്ടിലേയ്ക്ക്. എയര്‍ ഇന്ത്യ എപ്പോഴും എല്ലാവര്‍ക്കും തുണയായി.

നാട്ടിലൊക്കെയും ട്രാവല്‍ ഏജന്‍സിയും മുളച്ചു പൊന്തി. എയര്‍ ഇന്ത്യ തിരുവല്ലയില്‍ ടിക്കറ്റിങ്ങ് ഓഫീസ് തുറന്നു. തിരുവനന്തപുരത്ത് മുമ്പ് പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ‘ടൈംസ് ഓഫ് ഇന്ത്യാ’ ലേഖകന്‍ കെ.സി. ജോണിന്‍റെ മകള്‍ ബീനാ ജോണായിരുന്നു തിരിവല്ലയില്‍ മാനേജര്‍.

കോഴഞ്ചേരി സെന്‍റ് തോമസില്‍ ബി.എസ്.സി മാത്‍സ് പൂര്‍ത്തിയാക്കിയ ജോണി പി. മാത്യു ടൗണില്‍ത്തന്നെ ഒരു ട്രാവല്‍ ഏജന്‍സി തുടങ്ങി. ടാംജ് ട്രാവല്‍സ്.

കോഴഞ്ചേരി സെന്‍റ് തോമസിലെ 1974 ബാച്ച് ബി.എസ്.സി കെമിസ്ട്രിയില്‍ എന്‍റെ ക്ലാസില്‍ പഠിച്ച രാജന്‍ മാത്യു ജ്യേഷ്ഠന്‍ റൂബിച്ചായന്‍റെ നിര്യാണത്തിന് അനുശോചനമര്‍പ്പിച്ചത് ഫേസ്ബുക്കിലും കുടുംബ ഗ്രൂപ്പിലും.

രാജന്‍ മാത്യുവിന്‍റെ ഇളയ മകള്‍ ജെയ്ന്‍ മേരി മാത്യു ഫേസ്ബുക്ക് ഉദ്യോഗസ്ഥയാണ്. ലണ്ടനില്‍. അടുത്ത തലമുറ ആകെ മാറിയിരിക്കുന്നു. അനുശോചന സന്ദേശവുമായി ജെയ്നും വിഡിയോ ഇട്ടിട്ടുണ്ട്. തനി ഓക്സ്ഫെഡ് ഇംഗ്ലീഷില്‍. സംസാരം ആഗോള നിലവാരത്തില്‍ത്തന്നെ. അടുത്ത തലമുറ പുതിയ നിലവാരത്തിലെത്തിക്കഴിഞ്ഞു.

ബി.എസ്.സി കെമിസ്ട്രിയില്‍ പഠിച്ചവരിലും മിക്കവരും വിദേശത്തുതന്നെ. ജോര്‍ജ് ഉമ്മന്‍ കാനഡയില്‍. പുല്ലാട് സ്വദേശി ബാബു എബ്രഹാം ദീര്‍ഘകാലം ദോഹയില്‍ ജോലി ചെയ്തു ഭാര്യ ഷൈനിയോടൊപ്പം മടങ്ങിയെത്തി നാട്ടില്‍.

കുസുമം ചാക്കോ അന്നേ അമേരിക്കയിലേയ്ക്കു പോയി. വിവാഹം കഴിച്ചത് ആദ്യ ബി.കോം ബാച്ചിലെ രാജന്‍ കോശിയെ. കുസുമം ചാക്കോ ഇപ്പോള്‍ കുസുമം കോശി. ഇപ്പോഴും അവിടെ.

67 – 70 ബാച്ച് ബി.എ. ഇക്കണോമിക്സ് വിദ്യാര്‍ത്ഥിയായിരുന്ന പീലിപ്പോസ് തോമസ് 1983 -ല്‍ നടത്തിയ ഒരമേരിക്കന്‍ യാത്രയില്‍ നേരിട്ടറിഞ്ഞ ഒരനുഭവം 68 – 71 കൊമേഴ്സ് ബാച്ചിന്‍റെ ശക്തിയെ ഇതു സാക്ഷ്യപ്പെടുത്തുന്നു.

അന്ന് ഒരു ബി.കോം കാരന്‍റെ നമ്പര്‍ കൈയിലുണ്ടായിരുന്നതെടുത്തു വിളിച്ചു. ആളിനു വലിയ സന്തോഷം. മണിക്കൂറുകള്‍ക്കുള്ളില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 68 – 70 ബി.കോം ബാച്ചിലെ 13 പേരാണ് പീലിപ്പോസുമായി ബന്ധപ്പെട്ടത്. ഒരൊറ്റ ക്ലാസില്‍ പഠിച്ച 13 പേര്‍ അമേരിക്കയില്‍ !

അന്നു കെ.എസ്.യുവിന്‍റെ തിളങ്ങുന്ന നേതാവായിരുന്ന പീലിപ്പോസ് ഉജ്വലമായ പ്രസംഗം കൊണ്ട് കോളജിലാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോളജിലെ പ്രസംഗ മത്സരങ്ങളില്‍ പീലിപ്പോസ് തോമസിന്‍റെ തീപാറുന്ന പ്രസംഗം കേള്‍ക്കാന്‍ ഞാനും പോയിരിക്കുമായിരുന്നു. ഇപ്പോള്‍ അദ്ദേഹം ഇടതു പക്ഷത്താണ്. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നു.

ഞങ്ങളുടെ ക്ലാസിലെ ജോര്‍ജ് കോശി, സാമുവല്‍ സൈമണ്‍, രാജേന്ദ്ര ശര്‍മ, ടുള്‍സണ്‍ ഫിലിപ്പ്, ജേക്കബ് ജോണ്‍, ജോണ്‍ വര്‍ഗീസ്, ടൈറ്റസ് മാത്യു, ഷാജന്‍ എം. മാത്യൂസ്, എം.ടി തോമസ് എന്നിങ്ങനെ മിക്കവരും ഗള്‍ഫില്‍ തന്നെ ജോലി നോക്കി.

ഇവരിലധികം പേരും ആദ്യം കയറിയ ജോലിയില്‍ത്തന്നെ അവസാനം വരെ തുടര്‍ന്നു. ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും ജോലി ചെയ്ത് ഉടമയുടെ, കുടുതലും സ്വദേശികള്‍, വിശ്വാസമാര്‍ജിച്ചു. വലിയ നേട്ടം കൈവരിക്കുകയും ചെയ്തു.

കോഴഞ്ചേരി കോളേജില്‍ത്തന്നെ 68 ബി.എ. ഇക്കണോമിക്സില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ശാന്തമ്മയെ മാതൃസഹോദരങ്ങളാണ് ഗള്‍ഫില്‍ കൊണ്ടുപോയത്. നാരങ്ങാനം മലയില്‍ മേമുറിയില്‍ മാത്യൂസ്, ഫിലിപ്പ് എന്നീ സഹോദരന്മാര്‍ 1962 ല്‍ത്തന്നെ ഭാഗ്യം തേടി ദുബായിലെത്തി. സഹോദരി ശാന്ത യുള്‍പ്പെടെ അഞ്ചു മക്കളെ അവര്‍ ദുബായിലെത്തിച്ചു.

അന്ന് ജോലികിട്ടാന്‍ ഒരുപ്രയാസവുമില്ലായിരുന്നുവെന്നാണ് ശാന്തയുടെ സാക്ഷ്യപ്പെടുത്തല്‍. ജോലിയില്‍ കയറിയ ശേഷം സ്വദേശി പോള്‍ വടശേരിയുമായി വിവാഹബന്ധം. അബുദാബിയില്‍ വലിയ ബിസിനസ്സ് കെട്ടിപ്പടുത്ത് പോള്‍ ഗള്‍ഫില്‍ വേരുറപ്പിച്ചു. പോള്‍ – ശാന്ത ദമ്പതികള്‍ ഗള്‍ഫ് മലയാളി കൂട്ടായ്മകളിലെ സ്ഥിരം സാന്നിദ്ധ്യം.

കോഴഞ്ചേരി കോളജിനു തൊട്ടടുത്തു താമസിക്കുന്ന ഡോ. ജി മുളമൂട്ടില്‍ (പൂര്‍ണമായ പേര് പെരുമാള്‍ ജി. മാത്യു) മെഡിസിന്‍ പഠിച്ച് ഡോക്ടറായശേഷം 1972 മസ്കറ്റില്‍ പോയ ആളാണ്. മസ്കറ്റില്‍ മിലിട്ടറി ഇന്‍റലിജന്‍സ് വിഭാഗത്തിലായിരുന്നു ജോലി. കേണലായി സര്‍വീസില്‍ നിന്നു പിരിഞ്ഞ് ഭാര്യ ഡോ. റോഷ്നി മാത്യുവിനൊപ്പം കോഴഞ്ചേരിയില്‍.

1991 കാലത്ത് കുവൈറ്റ് പ്രശ്നം രൂക്ഷമായപ്പോഴാണ് കോഴഞ്ചേരി – തിരുവല്ലാ പ്രദേശങ്ങളില്‍ തീവ്രമായ പരിഭ്രാന്തി പരന്നത്. യുദ്ധത്തിന്‍റെ ഭീകരമായ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ട് ജനങ്ങള്‍ ഭയചകിതരായി.

മക്കളും ബന്ധുക്കളുമായി അനേകം പേര്‍ കുവൈറ്റില്‍ ജോലിനോക്കുന്നു. ഗള്‍ഫ് നാടുകളില്‍ താരതമ്യേന ഉയര്‍ന്ന വരുമാനമാണ് കുവൈറ്റ് മലയാളികള്‍ക്കു കിട്ടിക്കൊണ്ടിരുന്നത്.

‘ഇന്ത്യാ ടുഡേ’ ലേഖകനായിരുന്ന ഞാന്‍ ഫോട്ടോഗ്രാഫര്‍ ശങ്കറുമൊത്ത് പല ദിവസങ്ങള്‍ ഇവിടെ താമസിച്ചു. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിക്കാന്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് ജോര്‍ജ് കുന്നപ്പുഴയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം ചേരുന്നതും പിന്നീട് തീവണ്ടി തടയുന്നതും കണ്ടു.

കുവൈറ്റില്‍ നിന്നുള്ള മലയാളികളുടെ പലായനത്തിന് അവിടെ നേതൃത്വം കൊടുത്തത് തിരുവല്ലാ സ്വദേശി ടൊയോട്ടാ സണ്ണിയായിരുന്നു. ജോര്‍ജ് തരകന്‍ എയര്‍ ഇന്ത്യയുടെ മിഡില്‍ ഈസ്റ്റ് ഡയറക്ടറായിരുന്നു അപ്പോള്‍.

നാട്ടുകാരൊക്കെ മടങ്ങിയിട്ടും ടൊയോട്ടാ സണ്ണി കുവൈറ്റില്‍ തന്നെ തങ്ങി. മലയാളികളെയൊക്കെ രക്ഷപെടുത്തി കരമാര്‍ഗം ജോര്‍ദാനിലേയ്ക്കയച്ചുകൊണ്ടിരുന്നു. അവിടെ എയര്‍ ഇന്ത്യാ വിമാനങ്ങളെത്തി അവരെയൊക്കെ നാട്ടിലെത്തിച്ചു. ജോര്‍ജ് തരകന്‍ അതിന് വലിയ നേതൃത്വമാണ് നല്‍കിയത്.

കുവൈറ്റില്‍ നിന്നു മടങ്ങിവന്ന ഒട്ടുമിക്ക കുടുംബങ്ങളെയും നേരിട്ടു കാണാനും അന്നു കഴിഞ്ഞു. ജീവിതത്തില്‍ സമ്പാദിച്ചതൊക്കെയും വലിച്ചെറിഞ്ഞിട്ടു ജീവനുംകൊണ്ടു രക്ഷപെടുകയായിരുന്നു അവര്‍. അവരില്‍ ചിലരൊക്കെ തിരികെപോയി വീണ്ടും ഭാഗ്യം തേടി.

കുവൈറ്റ് മലയാളികളുടെ കാര്യം പറയുമ്പോള്‍ പുല്ലാട് സ്വദേശി ഉണ്ണി എന്ന എം.എം. മത്തായിയുടെ പേരു പറഞ്ഞേ തീരൂ. പുല്ലാട് എസ്.വി. ഹൈസ്കൂളില്‍ പഠിച്ച ശേഷം 1960 ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ചേര്‍ന്ന മത്തായി 1970 ല്‍ സര്‍വീസില്‍ നിന്നു പിരിഞ്ഞു.

ആ വര്‍ഷം തന്നെ കുവൈറ്റില്‍ പോയി ബിസിനസ് തുടങ്ങി. കുവൈറ്റ് യുദ്ധ കാലത്ത് ഇവാക്വേഷന്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അവസാനം എല്ലാം നശിച്ച് രക്ഷപ്പെട്ടു നാട്ടിലെത്തി.

യുദ്ധം കഴിഞ്ഞ് തിരിച്ചു കുവൈറ്റിലെത്തിയ എം.എം. മത്തായിയുടെ ബിസിനസ്സ് അതിവേഗം വളര്‍ന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉയര്‍ന്നപ്പോള്‍ അവിടെ ഓഹരിയെടുത്തു. കൊച്ചി ലേക്ഷോര്‍ ആശുപത്രിയുടെ മാനേജ്മെന്‍റ് , പ്രമുഖ വ്യവസായി എം.എ. യുസഫ് അലി ഏറ്റെടുത്തപ്പോള്‍ അവിടെ നിക്ഷേപം നടത്തി. ഇപ്പോള്‍ കുവൈറ്റിലെ ബിസിനസ് പ്രമുഖരിലൊരാള്‍.

പുല്ലാട്ടുതന്നെ കാലായില്‍ കെ.ഐ മാത്യു, കെ.ഐ. തോമസ് കുട്ടി എന്നീ സഹോദരങ്ങളും ആദ്യകാലത്തു കുവൈറ്റില്‍ പോയവരാണ്. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ശേഷമായിരുന്നു ഇവരുടെ യാത്ര. കൃഷിയില്‍ത്തന്നെ പുതിയ വരുമാന മേഖലയുണ്ടാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു.

തിരുവല്ലാ മുതല്‍ കോഴഞ്ചേരി വരെ വിശാലമായൊരു മേഖല ഗള്‍ഫ് പോക്കറ്റായാണ് അറിയപ്പെടുന്നത്. കേരളത്തില്‍ എടുത്തു പറയാവുന്ന അതി സമ്പന്നതയുടെ നാട്. ഇന്ത്യയിലെ പ്രധാനപ്പെട്ട ബാങ്കുകള്‍ക്കൊക്കെ ഇവിടെ ശാഖകളുണ്ട്. ഈ ബാങ്കുകളിലൊക്കെ ഇന്നാട്ടിലെ ജനങ്ങള്‍ ഗള്‍ഫില്‍ ജോലിചെയ്തും ബിസിനസ് നടത്തിയും അയയ്ക്കുന്ന ഭീമമായ നിക്ഷേപങ്ങളുണ്ട്.

അക്കാലത്ത് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബാങ്ക് ബ്രാഞ്ചുകളിലൊന്ന് കുമ്പനാട്ടേ എസ്.ബി.ടി ബ്രാഞ്ചായിരുന്നു. എസ്.ബി.ടിയുടെ തിരുവനന്തപുരത്തെ പുത്തന്‍ചന്ത ബ്രാഞ്ച് എന്ന മെയിന്‍ ബ്രാഞ്ചു കഴിഞ്ഞാല്‍ നിക്ഷേപത്തിന്‍റെ കാര്യത്തില്‍ കുമ്പനാടു ബ്രാഞ്ച് തന്നെ മുന്നില്‍ നിന്നു.

അന്ന് ഒരാഴ്ചത്തെ ഇന്ത്യാ ടുഡ‍േയില്‍ ഞാന്‍ ഈ ബാങ്ക് ബ്രാഞ്ചിനെക്കുറിച്ചൊരു ഫീച്ചര്‍ ചെയ്തിരുന്നു. വിദേശ മലയാളികള്‍ അയയ്ക്കുന്ന പണം കുന്നുകൂടി കിടക്കുന്ന ബാങ്ക്. ഇതുകണ്ട് 1994 -ല്‍ കുമ്പനാട്ടു തന്നെ ഫെഡറല്‍ ബാങ്ക് ആര്‍ഭാടമായി ഒരു എന്‍.ആര്‍.ഐ ബ്രാഞ്ച് തുറന്നു.

ആദ്യ മാനേജര്‍ കോഴഞ്ചേരി സെന്‍റ് തോമസ് കോളേജില്‍ പഠിച്ച സി. ജോര്‍ജ് മാത്യു. ബ്രാഞ്ച് ഉദ്ഘാടനം ചെയ്തത് മാര്‍ത്തോമ്മാ സഭയുടെ കാലം ചെയ്ത വലിയ തിരുമേനി മാര്‍ ക്രിസോസ്റ്റം. ലോക്കര്‍ ഉല്‍ഘാടനം ചെയ്തത് ടൊയോട്ടാ സണ്ണിയുടെ ഭാര്യ മോളി മാത്യൂവും.

കുമ്പനാടു സ്വദേശി തന്നെയായ മാര്‍ ക്രിസോസ്റ്റം പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: “എന്‍റെ ചെറുപ്പത്തില്‍ ഈ പ്രദേശത്ത് സര്‍ക്കാര്‍ സ്ഥാപനമെന്നു പറയാന്‍ ഒന്നേ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളു – ആ റോഡില്‍ കാണുന്ന മൈല്‍ക്കുറ്റി.”

മാര്‍ ക്രിസോസ്റ്റത്തിന്‍റെ വാക്കുകളില്‍ ഒരു നാടിന്‍റെ വളര്‍ച്ചയുടെ കഥ മുഴുവന്‍ ഒതുങ്ങിയിരിക്കുന്നു. ഈ നാടിന്‍റെ വളര്‍ച്ചയില്‍ നാട്ടുകാരോടൊപ്പം ഇന്ത്യന്‍ പതാക പറപ്പിച്ച് എയര്‍ ഇന്ത്യ ഇനി ടാറ്റയുടെ കൈകളില്‍.

എയര്‍ ഇന്ത്യയെ ഓര്‍ക്കാതെ ആര്‍ക്കും മലയാളികളുടെ ഗള്‍ഫ് ജീവിതത്തെ ഓര്‍ക്കാനോ അതേക്കുറിച്ചെഴുതാനോ കഴിയില്ല തന്നെ.

×