Advertisment

ഊർജദായിനി - കവിത

author-image
ജൂലി
New Update
publive-image
Advertisment
പുലരിയിൽ പെയ്യുന്ന ഈ മഴ നനഞ്ഞിട്ടുണ്ടോ..?
മഞ്ഞിൻ കണങ്ങളും, നേരിയ സൂര്യവെളിച്ചവും
അറിയാതെ വന്ന് കൈ പിടിച്ചങ്ങ്
നെഞ്ചോടു ചേർക്കും
മഴ, മിഴി പൊത്തി മേഘ മറവിൽ നിന്ന് കണ്ണിറുക്കിച്ചിരിക്കും
അടുത്ത നിമിഷം നിറഞ്ഞ് പെയ്യും..
നിറഞ്ഞ്... നിറഞ്ഞ്...
ചിരിച്ച്...ചിരിച്ച്...
ഹൃദയത്തിലേക്ക് ചെയ്യുന്ന മഴകൾ
സഹസ്രദളപത്മങ്ങളായി
വിരിഞ്ഞു നിൽക്കും
മഴ!ഒരു സ്വകാര്യമാണ്..
നിൻ്റെ പ്രണയത്തിലേക്കുള്ള അതിലോലമായ നൂലിഴകൾ പാകുന്ന
നിത്യവിസ്മയ വഴികളാണ്
മഴ... തരളമായൊരു പങ്കു വെയ്പ്പാണ്
നിനക്കും എനിക്കുമിടയിലെ
കൈമാറാനാവാത്ത
ഇന്ദ്രനീലക്കനവുകളിലെ
മാസ്മരിക മുഹൂർത്തങ്ങളുടെ
മഴ... നീയും ഞാനുമാണ്
ഒറ്റയൊറ്റയായ് പെയ്യുന്നുവെങ്കിലും
എത്ര പെട്ടെന്നാണ്
പരസ്പരം ആത്മാവിലേക്ക് ചേർത്തണച്ച്,
ഒരൊറ്റ മഴയായ്
ഒറ്റ പ്രണയ പ്രവാഹമായ്
ഭൂമിയെ നനച്ച്... നനച്ച്
ആഴങ്ങളിലേക്കാഴങ്ങളിലേക്ക്
ഊർന്നിറങ്ങി,
വേരുകൾക്ക് ഊർജദായിനിയായി
പ്രപഞ്ചത്തിൻ്റെ ഉണർവിലേക്കുള്ള മഹാമന്ത്രമായി..
ആദിചേതനയുടെ
ഉൾത്തുടിപ്പുകളായീ...
ഉണർത്തുപാട്ടുകളായീ
അതെ... മഴ... നിർത്താതെ പെയ്യുകയാണ്!!
Advertisment