Advertisment

ജലസമാധി (നീണ്ടകഥ - 1) 

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

ദേഹത്ത് ഐസ് വാരിവിതറിയാലെന്നപോലെ തണുത്ത് വിറയ്ക്കുന്നു..! ചുളുചുളെ അടിയ്ക്കുന്ന കാറ്റിന്റെ ആണോ ഈ ഗർജ്ജനം ? ശരീരമാകെ നനഞ്ഞ് കുതിർന്നിരിയ്ക്കുകയാണല്ലോ..! കണ്ണ് തുറക്കാൻ നോക്കിയിട്ട് പറ്റുന്നുമില്ല... ഞാനിത് എവിടെയാ ! പൊങ്ങിയും താഴ്ന്നും ഒഴുകി പോകുന്ന പോലെ... ഇന്നലെ കണ്ടമാനം കഴിച്ചെന്നു തോന്നുന്നു... എഴുന്നേൽക്കാൻ പോയിട്ട് ഒന്ന് അനങ്ങാൻ പോലും പറ്റുന്നില്ലല്ലോ...! ശരീരം എവിടെ ഒക്കെയോ കുടുങ്ങിയപോലെ !

രജനീ..! ശിവേ..! ശബ്ദം പുറത്ത് വന്നില്ല.. അവരൊക്കെ എവിടെ..? കണ്ണ് അൽപാൽപമായി തുറക്കാൻ ശ്രമിച്ചു. മങ്ങിയ വെളിച്ചത്തിൽ മുന്നിൽ കണ്ട കാഴ്ചയിൽ ഞെട്ടിവിറച്ചു..! എന്റെ ആനിക്കാട്ടമ്മേ.. ഭഗവതീ..! ചതിച്ചല്ലോ..! ശബ്ദം തൊണ്ടയിൽ തന്നെ തങ്ങി.

വീണ്ടും കണ്ണുകൾ അടയുകയാണല്ലോ..! ഇതെന്താ ഇങ്ങനെ..! ആരൊക്കെയോ ഇങ്ങോട്ട് വരുന്നുണ്ടെന്ന് തോന്നുന്നു. അച്ഛനും അമ്മയും വലിയമ്മാവനും കൊച്ചമ്മാവനും..ആണല്ലോ.! വരുന്ന കാര്യം ഒന്ന് വിളിച്ചു പറഞ്ഞു പോലുമില്ല. ഇതെന്നാ രാവിലെ തന്നെഎല്ലാവരും കൂടി...!

പുഞ്ചിരിയോടെ അമ്മ അരികിലെത്തി. " മധൂ..!"

പുറകെ അച്ഛനും അമ്മാവന്മാരും ഇറയത്ത് കയറിയിരുന്നു. ഇന്നലെ കള്ള് കുടിച്ചത് കണ്ടുപിടിച്ചാലുള്ള ജാള്യത ഓർത്ത് ഞാൻ എല്ലാവരെയും നോക്കി വിഷണ്ണനായി ചിരിച്ചു.

" ഞങ്ങൾ ഒത്തിരി നാളായി നിന്റടുത്തേയ്ക്ക് വരണോന്ന് വിചാരിച്ചിരിയ്ക്കുകയായിരുന്നു.. ഇന്ന് രാവിലെ പെട്ടെന്ന് പോരാൻ തീരുമാനിച്ചു..പോന്നു.. പിന്നെ

ആട്ടെന്നു വച്ച് വച്ച് ഇങ്ങോട്ടുള്ള വരവ് നീണ്ടു പോയി." വല്യമ്മാവൻ പറഞ്ഞു.

"രജനീ..!" അകത്തേക്ക് നോക്കി ഞാൻ.

" അതിന് അവളും മോളും ഇവിടെയുണ്ടോ..? രാവിലെ ഞങ്ങൾ പോരുമ്പോൾ ഇളംപള്ളീലുണ്ടാരുന്നല്ലോ." അച്ഛൻ ആശ്ചര്യപ്പെട്ടു.

" ഇവന്റെ ഒരു കാര്യം..! നിനക്കെന്നാപറ്റീടാ..." അമ്മ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. എന്റെ ചിരി വിളറിയത് ആരും അറിയാതിരിക്കാൻ പാടുപെട്ടു.

കഴിഞ്ഞ വ്യാഴാഴ്ച സുഭദ്രച്ചിറ്റേടെ എളേ മകൾ, കീർത്തീടെ കല്യാണത്തിന് പോയപ്പോൾ രജനിയെയും ശിവയെയും ഇളംപള്ളീലെ വീട്ടിലാക്കീട്ട് ഞാൻ മുളവുകാട്ടേയ്ക്ക് തിരിച്ചു പോന്നത് പോലും മറന്നു. ഇന്നലെ കഴിച്ചതിന്റെ കെട്ട് വിടുന്നില്ലല്ലോ..

ഇപ്പോ കാര്യങ്ങൾ കുറേശ്ശെ തെളിഞ്ഞു വരുന്നു..!

ഇളംപള്ളീൽ കല്യാണത്തിന് പോയപ്പോൾ കുറച്ച് ദിവസം വീട്ടിൽ നിൽക്കണമെന്ന് രജനിയും മോളും പറഞ്ഞു. അവരെ തറവാട്ടിൽ ആക്കീട്ടാണ് ഞാൻ എറണാകുളത്തേക്ക് പോന്നത്.. പിന്നെ.. പിന്നെ..എന്നാ ഉണ്ടായേ..! വീണ്ടും കണ്ണുകൾ അടയുന്നു.! അമ്മയും അച്ഛനും അമ്മാവന്മാരും മങ്ങിയ കാഴ്ചയായി.

" മധൂ..ഇത് കഴിച്ചിട്ട് പോടാ." അമ്മ പതിവുപോലെ പുറകെയെത്തി..

"അമ്മേ.. എട്ടേകാലായി..! ലാലിപ്പോൾ വരും..അതുപോയാൽ ഞാൻ നടക്കണ്ടേ..ഇന്നൂടെല്ലെയുള്ളൂ പരീക്ഷ.. ഞാൻ വന്നിട്ട് കഴിച്ചോളാം.."

"ഈ ചെറുക്കന്റെ ഒരു കാര്യം." അമ്മ പരിഭവിച്ചു.

വെളുപ്പിന് നാലുമണിക്ക് ഉണർന്ന് വീട്ടിലെ റബ്ബർ വെട്ടി, പാൽ എടുത്ത് ഉറയൊഴിച്ച് കഴിയുമ്പോൾ ഏഴേമുക്കാലാകും. പിന്നെ തോട്ടിലെ തണുത്ത വെള്ളത്തിൽ ഒരു കുളി. തിരികെ വീട്ടിലെത്തുമ്പോഴേയ്ക്കും കോളജിൽ പോകാൻ നേരമാകും.

എട്ടാം ക്ലാസ്സിൽ തുടങ്ങിയ റബ്ബർ വെട്ടാണ്. ഒരു രസത്തിന് തുടങ്ങിയ റബ്ബർ വെട്ട് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് എന്നെ എത്തിയ്ക്കുകയായിരുന്നു. ഒരുകണക്കിന് പിന്നീട് അത് എനിക്ക് അനുഗ്രഹമായി.

അന്നൊക്കെ രാവിലത്തെ കാപ്പി കുടി കണക്കാ. എന്നതെങ്കിലും നിന്നോണ്ട് പെട്ടെന്ന് കഴിയ്ക്കും. ആ സമയംകൊണ്ട് അമ്മ വാട്ടിയ തൂശനിലയിൽ ഉച്ചത്തേയ്ക്കുള്ള ചോറ് പൊതിയാക്കിയിരിയ്ക്കും. പിന്നെ ഒരോട്ടമാ വഴീലേയ്ക്ക്.

വാട്ടിയ വാഴയിലയിലെ ചൂട് ചോറിൽ ഓരാദിവസവും അമ്മ, മോര് കാച്ചിയതോ അല്ലെങ്കിൽ പച്ചമോരോ, അവിയലോ അതുമല്ലെങ്കിൽ സാമ്പാറോ തോരൻ കറികളോ തേങ്ങാച്ചമ്മന്തിയോ എന്തെങ്കിലും ഒക്കെ ഉണ്ടാകും. വാട്ടിയ ഇലയിൽ നിന്നും ഉയരുന്ന ചൂട് ചോറിന്റെയും കറിയുടെയും കൊതിപ്പിക്കുന്ന മണവുമായി വല്യാത്തുകവലയിലെ ബസ് സ്റ്റോപ്പിലേയ്ക്ക്

ഓടിയെത്തുമ്പോഴേയ്ക്കും ലാൽ ബസ്സും വരും.

ഏതായാലും പരീക്ഷാഫലം പ്രതീക്ഷിച്ചപോലെ തന്നെ. പ്രീഡിഗ്രിക്ക് തോറ്റത് ഇംഗ്ലീഷ് വിഷയത്തിൽ. വീട്ടിൽ എല്ലാവർക്കും വിഷമമായി.

" അതിനവന് പഠിക്കാൻ എവിടാ നേരം..! വീട്ടിലെ പണീം കഴിഞ്ഞിട്ട് പഠിത്തം കണക്കാ..!" അമ്മ ആശ്വാസമായി. എന്തായാലും പഠിത്തം അവിടം കൊണ്ട് അവസാനിപ്പിച്ചു.!

(മരണത്തെ മുഖാമുഖം കാണുന്ന ഒരു മനുഷ്യന്റെ മനോമുകുരത്തിൽ നിറം കെടാതെ സൂക്ഷിക്കുന്ന ഓർമ്മകൾ മിന്നിമറയുന്നത് കഥയിൽ അനുഭവമാകും. കഥയിലെ പല സംഭവങ്ങളും ഭാവനാസൃഷടിയാണ്)

തുടരും...

Advertisment