Advertisment

ജലസമാധി (നീണ്ടകഥ - 2)

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

"ഏലസ്സാ...ലാംപേ..!ഐലസ്സാ..ലാംപേ..!തള്ളിവിടയ്യാ.. ലാംപേ..!" എല്ലാവരും ചേർന്ന് ഈണത്തിൽ ഒത്ത് വിളിച്ചു.. ചന്നം പിന്നം പെയ്യുന്ന മഴയിൽ, ലോറിയിലേയ്ക്ക് റബ്ബർ തടി കയറ്റുകയാണ്..

" മുരളീ..നീയാ മധൂന്റെ അരികത്തേയ്ക്ക് ചേർന്ന് നിന്ന് താങ്ങിക്കൊടുത്തേ.." മണി നായർ വള്ളീലെ മുരളിയോട് പറഞ്ഞു.

തടിയുറയ്ക്കാത്ത പയ്യന്റെ തടിലോഡിംഗിന്റെ ബാലപാഠം ഇളംപള്ളീലും നെയ്യാട്ടുശ്ശേരീലും ആനിക്കാടും ഒക്കെ ഉള്ള റബ്ബർ തോട്ടങ്ങളിൽ ആയിരുന്നു. പള്ളിയ്ക്കത്തോട് പഞ്ചായത്തിലെ ഒട്ടുമിക്ക റബ്ബർ തോട്ടങ്ങളിൽ നിന്നും ടൺ കണക്കിന് റബ്ബർത്തടികളാണ് ഞങ്ങൾ പിന്നീട്

ലോറിയിൽ കയറ്റി വിട്ടിട്ടുള്ളത്.

തോട്ടങ്ങളിൽ നിന്നും തടി കയറ്റിക്കൊണ്ടു പോകാൻ വരുന്ന ലോറിയുടെ ഡ്രൈവർമാർ കൂട്ടുകാരാണ്. അതുകൊണ്ട് ആ വണ്ടികൾ ചിലപ്പോഴൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഞാൻ നീക്കി ഇടുമായിരുന്നു.

ഡ്രൈവിംഗ് പഠിച്ചിട്ടില്ലാരുന്നങ്കിലും ഒരു ധൈര്യത്തിന് വണ്ടി എടുക്കുകയായിരുന്നു. ചിലപ്പോൾ ലോറി ഓടിച്ച് വഴിയിൽ കയറ്റി ഒതുക്കി ഇടും. തടി ലോഡിംഗ് കഴിഞ്ഞ് വൈകിട്ട് അമ്മയുടെ കൈയ്യിൽ പൈസ ഏൽപിയ്ക്കുമ്പോൾ അമ്മയുടെ മനസ്സ് പിടയുന്നതറിയുന്നുണ്ടായിരുന്നു.

റബ്ബർ വെട്ടും തടിലോഡിംഗും മുറയ്ക്ക് നടന്നുകൊണ്ടേയിരുന്നു. അമ്മയ്ക്കും അനിയത്തിമാർക്കും വലിയ സങ്കടമായിരുന്നു ഞാൻ തടിവെട്ടിനും ലോഡിംഗിനും പോകുന്നത്.

ഓട്ടോറിക്ഷ വാങ്ങിച്ചാലോ എന്ന് ആലോചിയ്ക്കുന്നത് പാലാത്തെ സോമൻചേട്ടൻ പറഞ്ഞപ്പോഴാണ്.

സോമൻ ചേട്ടൻ നെയ്യാട്ട്ശ്ശേരി കവലയിൽ ഓട്ടോറിക്ഷ ഓടിയ്ക്കുകയാണ്. പള്ളിയ്ക്കത്തോട്ടിലെ ലക്ഷ്മി ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന് ഓട്ടോറിക്ഷയും കാറും ജീപ്പും സ്കൂട്ടറും ഒക്കെ ഓടിയ്ക്കാൻ പഠിച്ചു. ആദ്യത്തെ പരീക്ഷയിൽ തന്നെ ഡ്രൈവിംഗ് പാസ്സായി.

പൊൻകുന്നം ആർടിഒ യിലെ കൺസൾട്ടന്റ് ഇളംപള്ളീലുള്ള ഗോപിച്ചേട്ടനാണ്. ഞങ്ങൾ നാട്ടുകാർക്ക് വണ്ടികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തു തന്നിരുന്നത് പുള്ളിക്കാരൻ ആണ്. ഒരു സെക്കന്റ് ഹാൻഡ് ഓട്ടോറിക്ഷ വാങ്ങുന്ന കാര്യം ഞാൻ അമ്മയോട് പറഞ്ഞു.

അമ്മയ്ക്ക് അത് ഇഷ്ടമായി. തടിപ്പണിയിൽ നിന്ന് രക്ഷപെടുമല്ലോ. ഗോപിച്ചേട്ടന്റെ പരിചയത്തിൽ ഉള്ള ആർക്കെങ്കിലും ഓട്ടോറിക്ഷ കൊടുക്കാനുണ്ടങ്കിൽ അറിയാൻ കഴിയും എന്ന് അമ്മ പറഞ്ഞു.

കൂരാലിയിൽ ഗോപിച്ചേട്ടന് പരിചയമുള്ള കറിയാച്ചൻ എന്ന ഒരു ചേട്ടൻ ഓടിച്ചിരുന്ന ഓട്ടോ കൊടുക്കാൻ പോകുവാണന്ന് നേരത്തെ ഗോപിച്ചേട്ടനോട് പറഞ്ഞിട്ടുണ്ടായിരുന്നു. കറിയാച്ചനെ നാളെ കണ്ടിട്ട് വിവരം പറയാമെന്ന് ഗോപിച്ചേട്ടൻ പറഞ്ഞു.

പിറ്റേദിവസം വൈകുന്നേരം കറിയാച്ചന്റെ ഓട്ടോയിൽ ഗോപിച്ചേട്ടൻ വീട്ടിൽ വന്നു. ബജാജിന്റെ ബായ്ക്ക് എൻജിൻ ഓട്ടോ ആയിരുന്നു. ബായ്ക്ക് എൻജിൻ ഓട്ടോയ്ക്ക് നല്ല ഡിമാൻഡായിരുന്നു അന്ന്. കറിയാച്ചൻ ഓട്ടോ നല്ലവണ്ണം സൂക്ഷിയ്ക്കുന്ന ആളായിരുന്നതുകൊണ്ട് വണ്ടി നല്ല കണ്ടീഷനായിരുന്നു. കാഴ്ചയിൽ പുതിയതെന്ന് തോന്നുകയും ചെയ്യും.

പതിനോരായിരം രൂപയാണ് ഓട്ടോയ്ക്ക് കറിയാച്ചൻ ആവശ്യപ്പെട്ടത്. പതിനായിരം രൂപയ്ക്ക് ഗോപിച്ചേട്ടൻ കറിയാച്ചനെക്കൊണ്ട് സമ്മതിപ്പിച്ചു. അച്ഛൻ തന്ന ആറായിരം രൂപ കൊടുത്ത് ഓട്ടോ വാങ്ങി. ബാക്കി നാലായിരം രൂപയ്ക്ക് രണ്ടു മാസത്തെ അവധി വാങ്ങി.

പള്ളിയ്ക്കത്തോട് കവലയിലുള്ള തങ്കപ്പാസ് ഹോട്ടലിന്റെ മുന്നിൽ ഉള്ള ഓട്ടോ റിക്ഷാ സ്റ്റാൻഡിൽ ഞാനും ഇടം പിടിച്ചു. ആ ദിവസം ഒരിക്കലും മറക്കത്തില്ല. അന്ന് ഭയങ്കര മഴയുള്ള ദിവസമായിരുന്നു.

അദ്ധ്യായം 3

ചന്തേലുള്ള കുട്ടപ്പൻ ചേട്ടന്റെ റേഷൻ കടയിലെ കണക്കെഴുതുന്ന പിള്ളേച്ചൻ തങ്കപ്പാസിൽ നിന്ന് ചായ കുടിച്ച് പുറത്തിറങ്ങുമ്പോൾ ഞാൻ മാത്രമേ സ്റ്റാൻഡിൽ ഉണ്ടായിരുന്നുള്ളൂ. പുള്ളിക്കാരൻ ഓട്ടോയിൽ കയറിയിട്ട് വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞു.

ചന്തേന്ന്, രാഘവൻ വൈദ്യന്റെ വീടിനരികിലൂടെയുള്ള കയറ്റം കയറി പോകുന്ന മണ്ണ് റോഡിലൂടെ പോയി, താബോർ ഹോമിയോ ക്ലിനിക്കിലെ അച്ചൻകുഞ്ഞ് ഡോക്ടറുടെ വീടിന്റെ പറമ്പിന്റെ അരികിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പുളിയ്ക്കത്തോട് ഇറങ്ങി കയറി വേണം പിള്ളേച്ചന്റെ വീട്ടിലെത്താൻ.

മഴ പെയ്യുന്നകാരണം തോട്ടിൽ നിറയെ വെള്ളമായിരുന്നു. എന്നാലും ഓട്ടോ പോകുമെന്ന് പിള്ളേച്ചൻ പറഞ്ഞു. പിള്ളേച്ചനെയും കൊണ്ട് ഞാൻ ഓട്ടോ തോട്ടിലേയ്ക്ക് ഇറക്കിയതും വെള്ളം കുത്തിയൊലിച്ച് ഓട്ടോയ്ക്ക് അകത്തേയ്ക്ക് കയറി.

വലിയൊരു കുലുക്കത്തിൽ ഞാൻ മുങ്ങി. കുടിച്ച വെള്ളത്തിന് ഉപ്പുരസമായിരുന്നു.

പിള്ളേച്ചാ..! ഞാൻ ഉറക്കെ വിളിച്ചു. എന്റെ ഓട്ടോ എവിടെ..! കണ്ണ് വീണ്ടും ചിമ്മി തുറക്കാൻ ശ്രമിച്ചു.. അയ്യോ.. എന്റെ ഓട്ടോ..!പിള്ളേച്ചാ.! ഏതോ മരച്ചില്ലകളിൽ ഞാൻ കുടുങ്ങിപ്പോയോ.!

ഓളങ്ങളിൽ പെട്ട് ആ മരം എന്നെയും കൊണ്ട് എങ്ങോട്ടൊക്കെയൊ ഒഴുകി.  കുറെ വെള്ളം പിന്നെയും കുടിച്ചു. കണ്ണ് വലിച്ച് തുറന്നപ്പോൾ പിന്നെയും ആ കാഴ്ച. കര കാണാൻ കഴിയാത്ത വിധത്തിൽ ചുറ്റും വെള്ളം. ചുറ്റും ഒഴുകി നടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ, ആളുകൾ, വാഹനങ്ങൾ.! ബോധം മിന്നി മറയുമ്പോൾ യെസ്ഡി മോട്ടോർ സൈക്കിളിന്റെ ശബ്ദം അടുത്തടുത്ത് വരുന്നു.

ഒട്ടയ്ക്കലെ കുട്ടി വൈദ്യന്റെ യെസ്ഡി മോട്ടോർസൈക്കിൾ അന്ത്രയോച്ചന്റെ ആനന്ദ് ടെക്സ്റ്റൈൽസിനു മുന്നിൽ നിർത്തി. വൈദ്യൻ സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷകളെ നോക്കി. എന്നെ കാണാൻ ഉള്ള വരവാണ്. റോഡ് മുറിച്ച് കടന്ന് വൈദ്യർ വരുമ്പോൾ ഞാൻ ഓട്ടോയിൽ നിന്നും പുറത്തിറങ്ങി.

" മധൂ..എന്നാ ഉണ്ട്..?"

ഓ...വിശേഷമൊന്നുമില്ല.

"അപ്പഴേ... നാളെ നമുക്ക് ഒന്ന് എടത്വാ വരെ പോകണം...ഏലിക്കുട്ടീടെ ആങ്ങളേടെ എളേകൊച്ചിന്റെ ആദ്യകുർബ്ബാന കൈക്കൊള്ളപ്പാടാ. മധു രാവിലെ ഒരു ആറു മണിക്ക് എത്തിയാൽ മതി.

" ഞാൻ വന്നേക്കാം."

വൈദ്യർ നടന്നിട്ട് തിരികെ വന്ന് ഒച്ച താഴ്ത്തി ചിരിയോടെ പറഞ്ഞു. "രാവിലെ വീട്ടിൽ വന്ന് കാപ്പി കുടിച്ചാൽ മതി കേട്ടോ.

" ശരി.."

വൈദ്യർക്ക് കുടുംബവുമായി എവിടെയെങ്കിലും പോകണമെങ്കിൽ കാർ ഓടിയ്ക്കാൻ എന്നെയേ വിളിയ്ക്കാറുള്ളൂ. വൈദ്യരുടെ, മഞ്ഞമന്ദാരപ്പൂവിന്റെ നിറത്തിലുള്ള പുതിയ അംബാസിഡർ കാർ മിയ്ക്കപ്പോഴും പോർച്ചിൽ വിശ്രമത്തിലായിരിയ്ക്കും.

ഭാര്യയും മക്കളും ഒക്കെ ആയി പോകുമ്പോഴേ ആ വണ്ടി പോർച്ചിൽ നിന്ന് ഇറങ്ങി പുറംലോകം കാണാറുള്ളൂ. വൈദ്യർ ഡ്രൈവിംഗ് പഠിച്ചിട്ടില്ല, പഠിയ്ക്കാൻ ഇപ്പോൾ മനസ്സിന് ധൈര്യം ഇല്ല.

മോട്ടോർ സൈക്കിൾ ഓടിക്കാൻ വല്യ ഇഷ്ടമാണ് താനും. മക്കളാകട്ടെ സ്കൂളിൽ പഠിക്കുന്ന പ്രായവും.

രാത്രി എട്ടര മണിയോടെ ഞാൻ ഓട്ടം നിർത്തി സ്റ്റാൻഡിൽ തന്നെ കിടക്കും. കൂടെ ഓട്ടോ ഓടിക്കുന്ന പലരും അടുത്ത് താമസിയ്ക്കുന്നവരായതിനാൽ അവര് എട്ടുമണിയോടെ വീട്ടിൽ പോകും. ഇളംപള്ളി ഭാഗത്തേക്ക് ഓട്ടം കിട്ടുമെന്ന പ്രതീക്ഷയിൽ ഞാൻ കാത്ത് കിടക്കും. അങ്ങോട്ട് ഓട്ടം  പോകുമ്പോൾ പെട്രോൾ ലാഭിയ്ക്കാമല്ലോ.

ചില ദിവസങ്ങളിൽ  ആനിക്കാട് പള്ളിവരെയോ ചല്ലോലിവരെയോ ഇളംപള്ളി പാറക്കടവ് വരെയോ ഒക്കെ ഓട്ടം കിട്ടാറുണ്ട്. അപൂർവ്വം ചില അവസരങ്ങളിൽ കൂരാലിയ്ക്കും ചെങ്ങളത്തിനും പൊൻകുന്നത്തിനും ഓട്ടം കിട്ടീട്ടുണ്ട്.

ഒരുദിവസം എട്ടരമണി കഴിഞ്ഞിട്ടും ആരും വന്നില്ല. മിയ്ക്ക കടകളും അടച്ചു. ഞാൻ വണ്ടി എടുത്ത് ആരെങ്കിലും ഓട്ടം വിളിയ്ക്കാൻ വരുന്നുണ്ടോ എന്ന് കൊടുങ്ങൂർ പാലാ റോഡിൽ രണ്ടു വശത്തേയ്ക്കും നോക്കി.

പോളയ്ക്കലെ കുഞ്ഞൂഞ്ഞിന്റെ സ്റ്റേഷനറിക്കടയിൽ തുണ്ടത്തിലെ വിജയനും കുഞ്ഞൂഞ്ഞും കൂടി വർത്താനം പറയുന്നുണ്ട്. മുണ്ടേപ്പറമ്പിൽ തോമാച്ചന്റെ ചെരുപ്പുകടയിൽ വീവീസ് സ്റ്റുഡിയോ വർഗ്ഗീസും കാട്ടിൽ ചാക്കോച്ചനും കമ്പീപ്പറമ്പിലെ ശിവരാമച്ചേട്ടനും ഉമാവിലാസം ശിവൻചേട്ടനും ഉണ്ട്.

ഏറ്റവും അവസാനം അടയ്ക്കുന്ന കട പോളയ്ക്കൽ കുഞ്ഞൂഞ്ഞിന്റെയാണ്. ബോസ് ചേട്ടന്റ വീനസ് ക്ലിനിക്ക് അടച്ചിട്ട് സുഭദ്ര ചേച്ചിയും, ത്രെസ്യാമ്മ ചേച്ചിയും അംബികയും പോകാനിറങ്ങി. ബോസ് ചേട്ടന് അവരോട് എന്തോ പറഞ്ഞിട്ട് ലാംബി സ്കൂട്ടറിൽ കയറി പോയി.

അച്ചോയിയുടെ പച്ചക്കറിക്കടയിൽ തെക്കേക്കര വൈദ്യനും അച്ചോയിയുടെ ചേട്ടൻ ജോസും വർത്തമാനം പറയുന്നു. രവിച്ചേട്ടന്റെ ബീലൈൻ ബേക്കറിയിൽ ആരൊക്കെയോ സാധനം വാങ്ങുന്നുണ്ട്. ഓട്ടോ തിരിയ്ക്കാൻ തുടങ്ങുമ്പോൾ  സെയ്ന്റ് മേരീസ് ബസ് കോട്ടയത്ത് നിന്നും വന്നു. ബസ്സ് കവലയിലിട്ട് തിരിച്ച് ശങ്കരപ്പിള്ളച്ചേട്ടന്റെ ഹോട്ടലിന്റെ  കടയുടെ മുന്നിൽ  നിർത്തി ആളെ ഇറക്കി അവിടെ പാർക്ക് ചെയ്യും. ആ ബസിന്റെ ലാസ്റ്റ് ട്രിപ്പ് ആയിരുന്നു.

ആനിക്കാട് ഭാഗത്തേക്ക് ആരെങ്കിലും ഉണ്ടങ്കിലോ? ഓട്ടോ ആനന്ദ് ടെക്സ്റ്റയിൽസിനുമുന്നിൽ ഒതുക്കി നിർത്തി ഞാൻ വണ്ടിയിൽ ഇരുന്നു. അന്ത്രയോച്ചനും അനിയൻ ബേബിയും കട അടയ്ക്കുന്ന തിരക്കിലാണ്. പലചരക്ക് കടയിൽ കുഞ്ഞുമോൻ ചേട്ടൻ, പുറത്തിരുന്ന  സാധനങ്ങളെല്ലാം അകത്തേക്ക് എടുത്ത് വയ്ക്കുന്നു.

തങ്കപ്പാസിൽ നിന്ന് ഫാർമേഴ്സ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി അത്താഴം കഴിഞ്ഞ് ഇറങ്ങി. രഘു തങ്കപ്പാസിന്റെ കടയുടെ തട്ടി അടച്ചു. രഘുവിന്റെ ചേട്ടൻ ശശി ഹോട്ടലിൽ നിന്നും വിയർത്ത് കുളിച്ച ശരീരവുമായി ഒരു തോർത്തും തോളിലിട്ട് കുളിയ്ക്കാൻ തോട്ടിലെ മുല്ലൂർക്കടവിലേയ്ക്ക് പോയി. അപ്പോൾ പുറകിൽ നിന്ന് ആരോ ചോദിച്ചു.

-തുടരും...

Advertisment