Advertisment

ജലസമാധി (നീണ്ടകഥ - 4)

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

ആറ് വർഷം വൈദ്യരുടെ റബ്ബർ വെട്ടി. രണ്ട് അനിയത്തിമാരുടെയും കല്യാണത്തിന് അച്ഛനെ സഹായിക്കാൻ വൈദ്യരുടെ റബ്ബർ വെട്ട് അനുഗ്രഹമായി. ഒരു ദിവസം അച്ഛൻ പെട്ടെന്ന് പൊൻകുന്നത്തെ കെവിഎംഎസ് ആശുപത്രിയിൽ അഡ്മിറ്റ് ആയപ്പോൾ വൈദ്യർ വച്ചുനീട്ടിയ പതിനായിരം രൂപയായിരുന്നു അച്ചനെ രക്ഷിച്ചത്. തിരിച്ച് തരണ്ട എന്ന് പറഞ്ഞാണ് അതെനിക്ക് തന്നത്.

വൈദ്യരുടെ റബ്ബർ വെട്ടുന്ന കാലത്തായിരുന്നു ഇടപ്ലാത്തെ രാമപ്പണിയ്ക്കരുടെ അടുത്ത് ജ്യോതിഷം പഠിയ്ക്കാൻ ചേർന്നത്. മുത്തച്ഛന്റെ കൂട്ടുകാരനായിരുന്നു രാമപ്പണിയ്ക്കർ. ജ്യോതിഷത്തിൽ വലിയ കേമനായിരുന്നു അദ്ദേഹം. എന്റെ ജാതകം എഴുതിയത് രാമപ്പണിയ്ക്കർ ആശാനാണ് എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ആശാൻ ഗണിച്ച് പറഞ്ഞാൽ കടുകിടെ പിഴയ്ക്കില്ലന്ന് എല്ലാവരും പറയുമായിരുന്നു. എന്റെ അനുഭവവും അതാണല്ലോ.!

"പേരക്കിടാവ് വലിയ വിദ്യാസമ്പന്നനൊന്നും ആകത്തില്ലങ്കിലും ശാന്തസ്വഭാവിയും എല്ലാവർക്കും പ്രിയങ്കരനുമാകും. ഇവൻ ഭാവിയിൽ ജ്യോതിഷത്തിൽ നല്ലവണ്ണം ശോഭിക്കും..പ്രശസ്തനാകും.

പക്ഷേ ഇവൻ ഈ നാട്ടിൽ നിൽക്കത്തില്ല. അത് ഇവന്റെ കല്യാണവുമായി ബന്ധപ്പെട്ട് ജലാശയങ്ങളാൽ സമൃദ്ധമായ ഒരു വലിയ നഗരത്തിലും ആയിരിക്കും" മുത്തച്ഛനോട് ആശാൻ അന്ന് ജാതകം വായിച്ച് പറഞ്ഞു. " ഇവൻ എന്റെ അടുത്തു നിന്ന് ജ്യോതിഷം പഠിയ്ക്കുകയും ചെയ്യും."

വെള്ളത്തിൽ ഒഴുകി നടക്കുന്ന ഒരു കൂറ്റൻആൽമരത്തിന്റെ ചില്ലകളിലായിരുന്നു ഞാൻ കുടുങ്ങി കിടക്കുന്നത് എന്ന് ഇടയ്ക്ക് എപ്പോഴോ നേരിയ ബോധത്തിലേക്ക് വന്നപ്പോൾ മനസ്സിലായി. തിരയിൽ മരം ഇളകിമറിഞ്ഞപ്പോൾ വെള്ളത്തിൽ വിണു. പിന്നെയും വെള്ളം കുറെ കുടിച്ചു. കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. ബെന്നി എവിടെ.? വിസ്കി എവിടെ.? ബെന്നീ..! ആരുകേൾക്കാൻ.!

പാതി തുറന്ന കണ്ണുകളിൽ കാണുന്നത് സ്വപ്നമാണോ.! ലോറികളും, ബസ്സുകളും, കാറുകളും എല്ലാം ഒഴുകുകയായിരുന്നു. ഒരു ലോറിയിൽ തുമ്പിക്കൈ കൊണ്ട് പിടിച്ചു കിടന്ന് ഒരു കൊമ്പനാന തുഴയുന്നു. നാടും നഗരവും ഒരുമിച്ച് പരന്നൊഴുകുകയായിരുന്നു. കലങ്ങിയ ചെളിവെള്ളം നിറഞ്ഞ് ഒഴുകി.

ജീവനുള്ളതും ജീവനില്ലാത്തതും ആയ പതിനായിരക്കണക്കിന് മനുഷ്യർ മുങ്ങിപ്പൊങ്ങി ഒഴുകി പോകുന്നു. കാടിളക്കി നടന്ന ആനക്കൂട്ടങ്ങൾ, പന്നികൾ, പുലികൾ, കടുവകൾ,മാനുകൾ, കേഴമാൻ, തുടങ്ങി നാനാജാതി ജീവജാലങ്ങളും വൃക്ഷങ്ങളും എല്ലാം ഒഴുകുകയായിരുന്നു.

പാമ്പുകൾ, ഒഴുകുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങളിൽ ചുറ്റിപ്പിണഞ്ഞു. പരസ്യ ഹോർഡിംഗുകൾ, മറൈൻഡ്രൈവിൽ സമ്മേളനം നടത്തിയ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ, കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ, പശുക്കൾ, ആടുകൾ, നായ്ക്കൾ, പൂച്ചകൾ, കോഴികൾ എല്ലാം പ്രവാഹത്തിൽ അകപ്പെട്ടു.

മിന്നൽപ്പിണരുകൾ സർപ്പങ്ങളായി. കാതടപ്പിക്കുന്ന ഇടിയുടെ ശബ്ദത്തിൽ ലോറിയിലെ പിടിവിട്ട് കൊമ്പനാന ആഴങ്ങളിൽ തുഴഞ്ഞു പൊങ്ങി ആൽമരത്തിൽ തുമ്പിക്കൈ നീട്ടി പിടിച്ചതിന്റെ കുലുക്കത്തിൽ വെള്ളത്തിൽ താഴ്ന്നു പോയ ഞാൻ പിന്നേം കുറെ വെള്ളം കുടിച്ചു. കാഴ്ചയുടെ നിറം മങ്ങി...ബോധമനസ്സ് തീരം തേടി.

റബ്ബർ വെട്ടും, ഓട്ടോ ഓടിയ്ക്കലും, ജ്യോതിഷപഠനവും, ഇടയ്ക്ക് തടിപ്പണിയും ഒക്കെ ആയി ജീവിച്ചു പോകുമ്പോഴാണ് വിവാഹം കഴിക്കാൻ വീട്ടുകാർ നിർബ്ബന്ധിയ്ക്കുന്നത്.

എറണാകുളത്ത് മുളവുകാട് പോയി രജനികുമാരിയെ പെണ്ണു കണ്ട് ഇഷ്ടപ്പെട്ടു. കല്യാണവും കഴിച്ചു. ഒരു പെൺകുഞ്ഞും ഞങ്ങൾക്ക് ജനിച്ചു. ശിവരഞ്ജിനി എന്ന പേര് പെൺകുഞ്ഞിനായി രജനിയും ഞാനും നേരത്തെ തന്നെ കണ്ടുവച്ചിരുന്നു.

ജ്യോതിഷ പഠനം പൂർത്തിയാക്കി. വീട്ടിൽ ജ്യോതിഷം പ്രാക്ടീസ് ചെയ്യാൻ ആരംഭിച്ച ശേഷം അത്യാവശ്യം വരുമാനം കിട്ടിത്തുടങ്ങി. ഇടയ്ക്ക് ഓട്ടോയും ഓടിയ്ക്കാൻ പോകും, തടിപ്പണിയ്ക്കും പോകും.

ആയിടയ്ക്ക് ഓട്ടോറിക്ഷ ഒരു അപകടത്തിൽ പെട്ട് എന്റെ കാലിന് സാരമായി പരുക്കേറ്റപ്പോൾ ഓട്ടോറിക്ഷ വിറ്റു. വൈദ്യരുടെ റബ്ബർ വെട്ട് ചിങ്ങപ്പനെ നേരത്തെ തന്നെ പൂർണമായും ഏൽപ്പിച്ചാരുന്നു.

അപ്പോഴാണ് വൊഡാഫോൺ മൊബൈൽ ഫോൺ കമ്പനിയുടെ ടവർ ഇളംപള്ളിയിൽ വരുന്നത്. അവിടെ സെക്യൂരിറ്റി ആയി. ടവറിൽ ഇടയ്ക്കിടെ ഇൻസ്പെക്ഷന് വരുന്ന വൊഡാഫോൺ കമ്പനിയുടെ എൻജിനിയറുടെ ചില വ്യക്തിപരമായ പ്രശ്നങ്ങളിൽ ഞാൻ ജ്യോതിഷപരിഹാരം നിർദേശിച്ചത് ഫലം കണ്ടത് എന്റെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവാകുകയായിരുന്നു.

അദ്ദേഹത്തിന്റെ ഇടപാടിൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിൽ മൊബൈലിലൂടെ ജ്യോതിഷം പ്രവചിയ്ക്കുന്ന ജോലി കിട്ടി. ഇളംപള്ളിയിൽ നിന്നും എറണാകുളത്തേക്ക് ജീവിതം മാറ്റി നട്ടു.

രാമപ്പണിയ്ക്കരാശാൻ പ്രവചിച്ച പോലെ ജ്യോതിഷം ജീവനോപാധി ആയി. ജലാശയത്താൽ ചുറ്റപ്പെട്ട നഗരമായ എറണാകുളത്ത് താമസം തുടങ്ങുകയും ചെയ്തു. എന്റെ മരണം എവിടെ വച്ച് ആയിരിയ്ക്കും എന്ന് ഒരിക്കൽ ഞാൻ കവടി നിരത്തി. എട്ടാം ഭാവം, മീനം രാശിയാണ് കിട്ടിയത്. അതായത് ജലരാശി. ജലത്തിൽ വച്ചോ ജലാശയത്തിനടുത്ത് വച്ചോ മരണം സംഭവിയ്ക്കാം എന്ന് ഞാൻ തന്നെ ഗണിച്ചത് സംഭവിയ്ക്കുമോ. അതും വരുണദേവന്റെ മടിത്തട്ടിലും.

വൊഡാഫോണിലെ ജോലി വേണ്ടന്ന് വച്ച് സ്വന്തമായി ജ്യോതിഷാലയം ആരംഭിയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് നക്ഷത്ര ജൂവൽസിലെ ഗണേഷ് സാറിനെ കാണുന്നത്. തമ്മനത്തുള്ള അദ്ദേഹത്തിന്റെ പുതിയ ജൂവലറിയിൽ ജോലി തന്നു.

കസ്റ്റമേഴ്സിന് അനുയോജ്യമായ രത്നക്കല്ലുകൾ, നാളും ജനനസമയവും ഒക്കെ നോക്കി പറഞ്ഞു കൊടുക്കണം. പിന്നെ ആവശ്യക്കാർക്ക് ജ്യോതിഷവും. തരക്കേടില്ലാത്ത വരുമാനം കിട്ടിയിരുന്നത്കൊണ്ടും സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാമെന്നതുകൊണ്ടും ഗണേഷ് സാറിന്റെ അന്തസ്സും ആഢ്യത്തവുമായ പെരുമാറ്റം കൊണ്ടും പതിനാലു വർഷമായി നക്ഷത്ര ജൂവൽസിൽ ജോലിചെയ്യുകയാണ്.

കതിനയുടെ ശബ്ദം കാതടപ്പിച്ചു. തൊട്ടുപുറകേ ഒന്നിച്ച്.. "അമ്മേ.. ശരണം..! ദേവീ... ശരണം..! കുംഭകുടഘോഷയാത്ര വള്ളീലമ്പലത്തിൽ നിന്നും ആനിക്കാട് ഭഗവതീ ക്ഷേത്രത്തിലേക്ക് പുറപ്പെടുകയാണ്.

ഞാനും, വെങ്ങാലാത്ത് മണിനായര്, മരപ്പാട്ടെ ഷാജു, കണിയാംപറമ്പിൽ ബിജു, രാജേഷ്, ലാപ്പി, ഓമനക്കുട്ടൻ, ചീരമ്മാന്റെ മകൻ കുട്ടൻ, രതീഷ് കിഴക്കേടത്ത്, തുണ്ടിയിൽ പ്രകാശ് തുടങ്ങിയ കൂട്ടുകാരും ഇളങ്ങുളത്ത് നിന്ന് വരുന്ന കുറെ പേരും സംഘത്തിലുണ്ട്. കണിയാംപറമ്പിലെ ബിജുവിന്റെയും ബൈജുവിന്റെയും നേതൃത്വത്തിൽ ആയിരുന്നു മേളം.

ചെറിയ ചെമ്പ് കുടത്തിൽ മഞ്ഞൾ കലക്കിയ വെള്ളം നിറച്ച്, അതിൽ ആര്യവേപ്പിലകൾ ഒടിച്ചുകുത്തി, ആര്യവേപ്പില ആവശ്യത്തിന് കിട്ടാതെവരുമ്പോൾ ആര്യവേപ്പിലയുടെ രൂപസാദൃശ്യമുള്ള ഒരു അലങ്കാരപച്ചിലചെടിയുടെ ഇലകൾ നിറച്ച്, അതിന് നടുവിൽ ഈർക്കിലികളിൽ കോർത്തലങ്കരിച്ച കാട്ട്ചെമ്പകപ്പൂക്കളും ചെമ്പരത്തിപ്പൂക്കളും മറ്റ് പച്ചിലച്ചെടികളുടെ ഇലകളും കുത്തി നിർത്തി ഭംഗിവരുത്തും.

മഞ്ഞളിന്റെയും ചെമ്പകപ്പൂവിന്റെയും കർപ്പൂരത്തട്ടിലെ ഭസ്മത്തിലെരിയുന്ന കർപ്പൂരത്തിന്റെയും സമ്മിശ്രമായ പരിമളം അവാച്യമായ ഭക്തിയുടെ അനുഭൂതിയായി കുംഭകുടം എടുക്കുന്നവരിലേയ്ക്കും കാഴ്ചക്കാരിലേയ്ക്കും പരന്നൊഴുകും.

മേടപ്പത്ത്. അന്നാണ് അമ്പഴത്തുങ്കൽ കർത്താക്കൻമാരുടെ ഭരദേവതാക്ഷേത്രമായ ആനിക്കാട് ഭഗവതീക്ഷേത്രത്തിലെ സവിശേഷമായ കുംഭകുട മഹോത്സവം. അമ്പലം കർത്താക്കൻമാരുടെ ആണങ്കിലും ഉത്സവം നടത്തുന്നതും മറ്റ് ആഘോഷങ്ങൾ നടത്തുന്നതും ക്ഷേത്രത്തിന്റെ വികസനകാര്യങ്ങൾ ചെയ്യുന്നതും ക്ഷേത്ര വിശ്വാസികളും നാട്ടുകാരും ഒക്കെ ചേർന്നാണ്.

ഭഗവതീ ക്ഷേത്രങ്ങളിലെല്ലാം മേടപ്പത്ത് വളരെ നിഷ്ഠയോടെ ഭക്തിനിർഭരമായി ആചരിച്ചു പോരുന്നുണ്ടങ്കിലും ഓരോ ആനിക്കാടുകാരന്റെയും സ്വകാര്യാഭിമാനമായ "മഞ്ഞക്കുടം" ഞങ്ങളുടെ അമ്പലത്തിൽ മാത്രമുള്ള അനുഷ്ഠാനം ആണ്.

രാത്രിയിൽ മാത്രം നടന്നുവരുന്ന ഈ കുംഭകുടം കേരളത്തിൽ വേറൊരു ക്ഷേത്രത്തിലും ഉണ്ടാകാനിടയില്ല എന്ന ഒരു അഹങ്കാരം ഓരോ ആനിക്കാട്ടുകാർക്കുമുണ്ട്. ആചാരാനുഷ്ഠാനങ്ങളുടെ മുറതെറ്റാതെയുള്ള ആവർത്തനത്തിന്, ജാതിമത ചിന്തകൾക്ക് അതീതമായുള്ള ഓരോ ആനിക്കാട്ടുകാരന്റെയും സഹവർത്തിത്വവും അന്യമതങ്ങളോടുള്ള പരസ്പര ബഹുമാനവും കരുതലുമാണ്.

മേടപ്പത്തിന്റെ പാതിരാവിലും ഗരുഡൻ ആൽച്ചുവട്ടിലും അമ്പലമുറ്റത്തും പറന്നിറങ്ങും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന അമ്പലത്തിലെ ഉത്സവമായ മീനഭരണിയുടെ അന്നും, ഉത്സവം കഴിഞ്ഞ് വരുന്ന മേടത്തിലെ വിഷുവിനും ഗരുഢന്റെ വരവുണ്ടാകാറുണ്ട്. കുംഭകുട മഹോത്സവം, ഒരുപക്ഷേ ജനപങ്കാളിത്തം കൊണ്ടും നിറവിന്യാസങ്ങൾ കൊണ്ടും കുറച്ചുകൂടി മികച്ചതാണോ എന്ന് തോന്നാറുണ്ട്.

മേടം ഒന്നിന് കുംഭകുടം എടുക്കുവാൻ നേർച്ച നേർന്നവരും, ഒരു അനുഷ്ഠാനമായി കണ്ട് കുടം എടുക്കാൻ ആഗ്രഹിയ്ക്കുന്നവരും ആനിക്കാട്ട് അമ്പലത്തിൽ വന്ന് കാപ്പ് കെട്ടും. പത്തുദിവസത്തെ വ്രതശുദ്ധി വേണം കുംഭകുടം എടുക്കുന്നവർക്ക് എന്നാണ് ആചാര്യന്മാർ നിർദ്ദേശിച്ചിട്ടുള്ളത്.

ഓട്ടക്കാലണയുടെ ഇരുവശത്തും കറുത്ത ചരട് കെട്ടി, അതിലൊന്നിൽ ഉണങ്ങിയ ഒരുകഷണം മഞ്ഞളും മറ്റേതിൽ ആലിലയും മാവിലയും മടക്കി തെറുത്തുകെട്ടി, അത് ദേവീപാദത്തിങ്കൽ പൂജിച്ച് കൈയ്യുടെ ഉരത്തിന് താഴെയായി കെട്ടുന്നതാണ് കാപ്പ് കെട്ടൽ.

കാപ്പ് കെട്ടിക്കഴിഞ്ഞാൽ ആ ആള് പിന്നെ ദേവീ ദാസനാണ്. മദ്യപാനം, മത്സ്യമാംസാദികൾ, സ്ത്രീ സഹശയനം, പുകവലി ഇവയെല്ലാം ആ കാലത്ത് നിഷിദ്ധമാണ്.

ആനിക്കാട്ടുകരയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കുംഭകുടസെറ്റുകൾ ഉണ്ടാകും. പള്ളിയ്ക്കത്തോട് പഞ്ചായത്തിനോട് അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിൽ നിന്നും ഒക്കെ കുഭകുടസെറ്റുകൾ ആനിക്കാട്ടമ്പലത്തിലേക്ക് വരാറുണ്ട്.

പനയോല കൊണ്ട് താത്കാലികമായി ഉണ്ടാക്കുന്ന കുംഭകുട സെറ്റുകളുടെ പാട്ടമ്പലത്തിൽ നിന്നും പൂജിച്ച് നൽകുന്ന കാപ്പ്, മേടം ഒന്നിന് അമ്പലത്തിൽ പോയി കാപ്പ് കെട്ടാൻ സാധിയ്ക്കാത്തവർ കെട്ടാറുണ്ട്.

മേടം ഏഴിന് ഈ കേന്ദ്രങ്ങളിൽ നടക്കുന്ന ഹിഡുംബൻ പൂജയ്ക്ക് (ഇടുമ്മൻപൂജ എന്ന് നാടൻ പ്രയോഗം) ശേഷം കുംഭകുടക്കാർ ഊരുചുറ്റാനിറങ്ങും.

ഹിഡുംബൻ പൂജയുടെ അന്നും മേടപ്പത്തിന്റെ അന്നും കുംഭകുട സെറ്റുകളിൽ ചെട്ടിയാർമാരുടെ വില്ലടിച്ചാംപാട്ടുണ്ടാകും. വലിയ ഒരു വില്ല് മലർത്തി വച്ച് അതിന്റെ ഞാണിമ്മേൽ കുറെ ചെറിയ മണികൾ തൂക്കിയിടും. വില്ലടിച്ചാം പാട്ട് കലാകാരന്മാർ പാട്ട് പാടുമ്പോൾ, അവരുടെ കൈകളിലുള്ള ചെറിയ കോലുകൾകൊണ്ട് വില്ലിന്റെ ഞാണിൽ താളത്തിൽ അടിയ്ക്കും. പാട്ടിനൊത്ത് ആ മണികൾ കിലുങ്ങും.

തുടരും...

Advertisment