Advertisment

ജലസമാധി (നീണ്ടകഥ - 5)

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

നാട്ടിലെ ഹിന്ദുഭവനങ്ങളുടെ മുറ്റത്തും കടകളുടെ മുറ്റത്തും കുംഭകുടക്കാർ തുള്ളി ഭഗവതിയുടെ സാന്നിദ്ധ്യം അറിയിച്ച് ദക്ഷിണ സ്വീകരിക്കും. ഈ ദക്ഷിണ കുംഭകുടസെറ്റിന്റെ ചിലവിലേയ്ക്കാണ് എടുക്കുന്നത്.

മന്ദിരം കവല, നടയ്ക്കൽ, കാക്കത്തോട്ട് വാല, അരുവിക്കുഴി, മുക്കാലി,കുറുംകുടി, കതിരമ്പുഴ,കിഴക്കടമ്പ്, ചെളിക്കുഴി, മണലുങ്കൽ, അമ്പഴത്തും കുന്ന്,

ഇളംപള്ളി വള്ളീലമ്പലം, ചല്ലോലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കുംഭകുടസെറ്റുകൾ ഉണ്ടാകും. നേരത്തെ ഇളങ്ങുളത്ത് നിന്ന് കുംഭകുടസെറ്റ് വന്നിരുന്നത് പിന്നീട് വള്ളീലമ്പലത്തിന്റെ കൂടെ ചേർന്നു. ഓരോ സെറ്റിലും ഇരുപത് മുതൽ മുപ്പതും നാൽപ്പതും വരെ ആളുകളുണ്ടാകാറുണ്ട്.

ചെണ്ടയുടെയും ഇലത്താളത്തിന്റെയും ത്രസിപ്പിക്കുന്ന താളത്തിനൊത്ത് നൃത്തച്ചുവടുകളുമായി കുംഭകുടം തുള്ളുന്ന കാഴ്ച മറ്റൊരിടത്തും കാണാൻ കഴിയില്ല. മൂന്നോ നാലോ നിരകളിൽ പുറകോട്ട് വരിയായി നിശ്ചിത അകലത്തിൽ നിന്നുകൊണ്ട് ഒരേ താളത്തിൽ, ഒരേ ചനലത്തിൽ കുഞ്ഞു കുട്ടികൾ മുതൽ പ്രായമായവർ വരെ തുള്ളുന്നത് കാണാൻ നല്ല രസമാണ്. ചിലപ്പോൾ എല്ലാവരും ചേർന്ന് വട്ടത്തിൽ നിന്ന് കൊണ്ടും തുള്ളും.

ചാണകപ്പാലിൽ അലക്കി ശുദ്ധിയാക്കിയ വെളുത്ത ഡബിൾ മുണ്ട്, മഞ്ഞൾ കലക്കിയ വെള്ളത്തിൽ മുക്കി മഞ്ഞ നിറം വരുത്തി വെയിലത്ത് ഉണക്കിയെടുത്ത് ഞൊറിഞ്ഞുടുക്കും. ചിലർ കൈയില്ലാത്ത വെള്ള ബനിയനും മഞ്ഞപ്പാലിൽ മുക്കി ധരിയ്ക്കാറുണ്ട്.

തലയിൽ ഭസ്മം തേച്ച് അതിന് മുകളിൽ ഗുരുതി കലക്കിയ, പൂക്കളും അലങ്കാര പച്ചിലകളും കൊണ്ട് ചന്തം പിടിപ്പിച്ച കുടം വയ്ക്കും. കുടത്തിൽ കൈ പിടിയ്ക്കാതെ ബാലൻസ് ചെയ്ത്, ഇടത് കാൽ നിലത്തൂന്നി, വലത് കാൽ മുന്നോട്ട് ഉയർത്തി ഇടത്തേക്ക് ചരിച്ച് ഇടത് കാൽ മുട്ടിനു മുന്നിൽ കൊണ്ടുവരും. ഈ സമയം വലത് കൈ വലത് കാലിനൊപ്പം മുന്നോട്ടും, ഇടത് കൈ പുറകിലോട്ടും ചലിപ്പിയ്ക്കും.

പിന്നെ, വലത് കാൽ നിലത്തൂന്നി, ഇടത് കാൽ മുന്നോട്ട് ഉയർത്തി വലത് കാൽ മുട്ടിനു മുന്നിൽ കൊണ്ടുവരും. ഈ സമയം ഇടത് കൈ ഇടത് കാലിനൊപ്പം മുന്നോട്ടും വലത് കൈ പുറകിലോട്ടും ചലിപ്പിയ്ക്കും. ചടുലമായ ചലനങ്ങളാണ് ഇത്.

അങ്ങനെ മുന്നോട്ട് കുറെ ചുവടുകൾ വയ്ക്കും. പിന്നെ പുറകോട്ട് താളത്തിൽ നടക്കും. ചിലർ ഇരുകൈകളിലും ചെറിയ കുടങ്ങളും എടുത്ത് മുക്കുടം തുള്ളും. വേറെ ചിലർ ഇരുകൈകളിലെയും ചെറിയ കുടങ്ങൾ തുള്ളലിനിടയിൽ വായുവിൽ എറിഞ്ഞ് അമ്മാനമാടും.

മേളം മുറുകി വരുമ്പോൾ ആദ്യത്തെ തുള്ളൽ രീതിയ്ക്ക് പുറമേ രണ്ടു കാലും നിലത്തൂന്നി മുന്നോട്ട് ചാടി അമർന്ന് കുന്തിച്ചിരുന്ന്, പിന്നെ പുറകോട്ട് എഴുന്നേറ്റ് പിന്നെയും ഇടത് കാലിലും വലത് കാലിലും ആയി തുള്ളിയിട്ട് മുന്നോട്ട് ചാടി അമർന്ന് കുന്തിച്ചിരുന്ന് എഴുന്നേൽക്കും. അത് പലവട്ടം ആവർത്തിയ്ക്കും.

മെയ് വഴക്കത്തോടെ, ചടുലമായി തുള്ളുന്ന ഈ നാടൻ കൊറിയോഗ്രഫി നേരിട്ട് തന്നെ ആസ്വദിയ്ക്കണം. തുള്ളുന്നതിനിടെ ഇടയ്ക്കിടെ അമ്മേ ശരണം..! ദേവീ ശരണം..! എന്ന് ശരണം വിളിച്ച് ഭക്തിയുടെ ഔന്നത്യത്തിലേയ്ക്ക് കാണികളെ കൊണ്ടുപോകും.

ആണുങ്ങൾ മാത്രമാണ് കുംഭകുടം എടുക്കാറുള്ളത്. ചെറിയ ആൺകുട്ടികളും കുഭകുടം എടുക്കാറുണ്ട്. ചെറിയ പെൺകുട്ടികളെക്കൊണ്ടും ചെറിയ ആൺകുട്ടികളെക്കൊണ്ടും വഴിപാടായി എണ്ണക്കുടം മാതാപിതാക്കൾ എടുപ്പിയ്ക്കാറുണ്ട്.

എണ്ണക്കുടം വളരെ വിശേഷപ്പെട്ടതാണ്. കാരണം ശ്രീകോവിലിൽ ദേവീ വിഗ്രഹത്തിലാണ് കുടത്തിലെ എണ്ണ അഭിഷേകം ചെയ്യുന്നത്. എണ്ണക്കുടം മേടപ്പത്തിന്റന്ന് പുലർച്ചെ നാലു മണിയോടെയാണ് ആടുന്നത് (അഭിഷേകം)

ക്ഷേത്രത്തിന്റെ വടക്കു വശത്ത് നൂറ്റാണ്ടുകൾ പഴക്കംചെന്ന ജരാനരകൾ ബാധിച്ച ഒരു കാട്ടുചെമ്പകം ഉണ്ട്. പ്രായമേറെ ആയെങ്കിലും ഇന്നും പുഷ്പിണിയാണ്. വളരെ വിസ്ത്രുതിയിൽ ശാഖോപശാഖകളിൽ നിറയെ ഇലകളും പൂക്കളും പൂമണവുമായി ക്ഷേത്രത്തിലെത്തുന്നവരെ ആകർഷിയ്ക്കുന്ന ആ കാട്ടുചെമ്പകച്ചുവട്ടിൽ സ്ഥാപിയ്ക്കുന്ന ത്രിശൂലത്തിലാണ് കുടം അഭിഷേകം ചെയ്യുന്നത്.

ആസുരശക്തികളെ പരാശക്തി നിഗ്രഹിയ്ക്കുമ്പോൾ അവയുടെ ശരീരത്തിൽ നിന്നും വരുന്ന നിണമാണ് കുടത്തിൽ ശേഖരിയ്ക്കുന്ന മഞ്ഞളും ചുണ്ണാമ്പും കലക്കിയ ഗുരുതി എന്നാണ് വിശ്വാസം. അതാണ് ശൂലത്തിൽ അഭിഷേകം ചെയ്യുന്നത്. രക്തം അശുദ്ധി ആയതുകൊണ്ട് ആണ് കുഭകുടം അഭിഷേകം ക്ഷേത്രത്തിന് പുറത്ത് നടത്തുന്നത്.

ഭഗവതീ കടാക്ഷം അനുഭവേദ്യമായതിന്റെ കൃതഞ്ജത കുംഭകുട വഴിപാടായി അമ്പലമുറ്റത്തെ പച്ചപ്പുല്ലിൽ തിമിർത്താടി വിയർപ്പിയ്ക്കുന്നത് കാണാൻ ഉറക്കച്ചടവിൽ പുളിച്ച്ചുവന്നകണ്ണുകൾ പ്രയാസപ്പെട്ട് തുറന്ന് പിടിയ്ക്കാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലേക്ക് വരുന്നത്.

കുംഭകുടത്തിന്റെ അന്ന് ധാരാളം ഗരുഢൻമാർ ഉണ്ടാകാറുണ്ട്. അത് വലിയ ചിലവുള്ള വഴിപാടാണ്. നാടടച്ച് ആളുകളെ ക്ഷണിച്ചു വരുത്തി കെങ്കേമമായ സദ്യകൊടുത്ത് ആണ് ഗരുഢനെ ക്ഷേത്രത്തിലേക്ക് ആനയിയ്ക്കുന്നത്. നല്ല മൂത്ത രണ്ടു കമുക് നീളത്തിൽ വെട്ടിയെടുത്ത് അതിൽ പലക പാകി വശങ്ങളിൽ പട്ടികകൾ കൊണ്ടോ അലകുകൾ കൊണ്ടോ വേലി തീർത്ത് ചാട് തീർക്കും.

വഴിപാട് നേരുന്ന വീടിന്റെ മുറ്റത്ത് ഗരുഢൻ ചെണ്ടമേളത്തിനൊത്ത് കുറെ സമയം പറന്നു കളിയ്ക്കും. ക്ഷേത്രത്തിലേക്ക് പുറപ്പെടാറാകുമ്പോൾ ചാടിൽ പറന്നു കയറിയ ഗരുഢനെ, മുന്നിലും പിന്നിലും ഇരുവശത്തുമായി നീണ്ടു നിൽക്കുന്ന കമുക് കഴ ചുമലിലേറ്റി ആളുകൾ ആനയിയ്ക്കും.ഇടയ്ക്ക് ചിലയിടങ്ങളിൽ നിർത്തുമ്പോൾ ഗരുഢൻ ഇവരുടെ ചുമലിലുള്ള ചാടിൽ പറന്നുകളിയ്ക്കുകയും ചെയ്യും.

ഇടയ്ക്കിടെ ചാട് ചുമക്കുന്നവർ മാറി, പുതിയ ഒരു സംഘം ചാട് ചുമലിലേറ്റും. ചെണ്ടമേളത്തിന്റെയും കംഭകുടത്തിന്റെയും ആവേശം കാണികളിലേയ്ക്ക് പടരും. ചിലർ മേളത്തിന്റെ ഒപ്പം കൈകലാശങ്ങളോടെയും, ചിലർ കംഭകുടത്തിന്റെ തുള്ളലിനൊപ്പവും ചാടും.

കതിരമ്പുഴ, വള്ളീലമ്പലം തുടങ്ങി കിഴക്കു നിന്ന് വരുന്ന കുംഭകുടസെറ്റുകൾ ആൽചുവട്ടിലൂടെ നടകൾ കയറി നേരേ അമ്പലത്തിലേക്ക് പ്രവേശിയ്ക്കും. ബാക്കിയുള്ള, തെക്കുനിന്നും വടക്കുനിന്നും പടിഞ്ഞാറുനിന്നും വരുന്ന സെറ്റുകൾ പള്ളിയ്ക്കത്തോട് കവലയിൽ വന്ന് അവിടെ കുറേസമയം തുള്ളിയിട്ടാണ് അമ്പലത്തിലേക്ക് കിഴക്ക് ഭാഗത്ത് കൂടെ പ്രവേശിയ്ക്കുന്നത്.

ആദ്യമാദ്യം തീവെട്ടികളായിരുന്നു കുടത്തിന് വഴികാണിച്ചിരുന്നത്. പിന്നീട് പെട്രോമാക്സ്കൾ വെള്ളിവെളിച്ചം തൂകി നിരന്നു. രാത്രി എട്ടുമണിമുതൽ പള്ളിയ്ക്കത്തോട് കവല ജനസമുദ്രമാകും, കുടം കാണാൻ.

പള്ളിയ്ക്കത്തോട് കവലയെ കീറിമുറിച്ച് പോകുന്ന പാലാ കൊടുങ്ങൂർ റോഡ്, രണ്ട് അറ്റവും ഉയർന്ന് നടുഭാഗം പരന്ന്, വലിയ ഒരു വള്ളത്തിന്റെ ആകൃതിയിൽ ആണ് കവലയിൽ നിന്ന് നോക്കുമ്പോൾ തോന്നുക.

കവലയുടെ മദ്ധ്യഭാഗം നിരപ്പാർന്നതും, അവിടെ നിന്ന് നോക്കിയാൽ, പാലാ ഭാഗത്തേക്ക് പോകുന്ന റോഡ് ഒരു ചെറിയ കയറ്റവും വളവും ചേർന്നതുമാണ്. കൊടുങ്ങൂർ ഭാഗത്തേക്ക് പോകുന്ന റോഡ് അതിനേക്കാൾ ചെറിയ കയറ്റവും വളവും ചേർന്നതാണ്.

ഒരു ഏണിയുടെ ഇരു വശങ്ങളിലുമുള്ള ഒന്നിടവിട്ടുള്ള ശിഖരങ്ങൾ പോലെ, പാലാ റോഡിൽ നിന്നും ആനന്ദ് ടെക്സ്റ്റയിൽസിന് മുന്നിലൂടെ കിഴക്കോട്ട് കൂരാലിയ്ക്കും, ശങ്കരപ്പിള്ള ചേട്ടന്റെ ഹോട്ടലിന്റെയും കുട്ടൻപിള്ളയുടെ പലചരക്ക് കടയുടെയും ഇടയിലൂടെ പടിഞ്ഞാറോട്ട് കോട്ടയത്തിനും, കരുണാകരൻ കർത്താവിന്റെ റബ്ബർക്കടയോട് ചേർന്ന് വീണ്ടും കിഴക്കോട്ട് ചെങ്ങളത്തിനും പോകുന്ന റോഡുകളാണ്. പാലാ റോഡിന്റെ ഇരുവശവും ഉള്ള കടകളുടെ തിണ്ണയിലും മുറ്റത്തും കുടം കാണാൻ ജനങ്ങൾ സ്ഥാനം പിടിയ്ക്കും.

ശങ്കരപ്പിള്ളച്ചേട്ടന്റെ, ദേവീ വിലാസം നാരായണച്ചേട്ടന്റെ, തങ്കപ്പാസിന്റെ, ധന്യ നാരായണച്ചേട്ടന്റെ, ഒക്കെ ഹോട്ടലുകൾ കുംഭകുടരാത്രിയെ പകലുകളാക്കും. ഗോപാലകൃഷ്ണനും അനിയൻ അപ്പുക്കുട്ടനും സോഡാനാരങ്ങാവെള്ളം എടുത്ത് കൈ കഴയ്ക്കും. കടയുടെ പുറകിലുള്ള അവരുടെ സോഡാഫാക്ടറിയ്ക്ക് അന്ന് വിശ്രമമുണ്ടാകില്ല.

ഇളം പച്ചയും നീലയും കലർന്ന സോഡാക്കുപ്പിയുടെ മുകളിൽ ഗ്യാസ് പോകാതെ അടഞ്ഞിരിക്കുന്ന വട്ട് അന്ന് "ശ്..ഠ്" എന്ന് ശബ്ദത്തോടെ തെരുതെരെ തുറക്കും. സോഡാ പൊട്ടിയ്ക്കുമ്പോൾ നീല നിറത്തിലുള്ള വട്ട് പിടിവിട്ട് കിലുകിലാ ശബ്ദമുണ്ടാക്കി കുപ്പിയുടെ കഴുത്തിൽ വട്ടം കറങ്ങി വീണ് കണ്ണ് മിഴിച്ച് കിടക്കും.

നാരങ്ങാ പിഴിഞ്ഞ വലിയ വെട്ടുഗ്ലാസ്സിലേയ്ക്ക് വട്ടിനെ കുളിരണിയിച്ച് സോഡാ ഒഴിയ്ക്കുമ്പോൾ ഗ്ലാസ്സിൽ പതഞ്ഞ് വരുന്ന സോഡാനാരങ്ങാവെള്ളത്തിൽ നിർവികാരതയോടെ ആ നീലവട്ട് നോക്കുന്നത് കാണാം.

അവരുടെ കടയുടെ മുന്നിൽ നിരത്തിവെച്ചിരിയ്ക്കുന്ന മുട്ടായി ഭരണിയുടെ മുന്നിൽ നിറച്ച സൊഡാക്കുപ്പികൾ നിരത്തി, അതിന് മുകളിൽ ചെറുനാരങ്ങ വച്ചിട്ടുണ്ടാകും. ഗോപാലകൃഷ്ണനെയും അപ്പുക്കുട്ടനെയും സഹായിക്കാൻ അളിയൻ പുഷ്പനും മകനും അന്ന് കടയിൽ ഉണ്ടാകും.

Advertisment