Advertisment

ജലസമാധി (നീണ്ടകഥ - 7)

author-image
സുഭാഷ് ടി ആര്‍
Updated On
New Update

 

Advertisment

publive-image

അപ്പോൾ കാറ്റും മഴയും ശക്തമായി. കാറ്റ് എവിടെ നിന്നോ പറത്തിക്കൊണ്ട് വന്ന തണൽമരത്തലപ്പ് കാറിന്റെ മുന്നിലെ ഗ്ലാസ്സിൽ വന്ന് വീണു ചിതറി, മുന്നിലുള്ള കാഴ്ച മറച്ചു. മരത്തലപ്പ് എടുത്ത് മാറ്റിയിട്ട് കാറിലേക്ക് തിരികെ കയറുമ്പോൾ ശക്തിയായി കാറ്റ് അടിച്ച് കുട തെറുപ്പിച്ചു.

വെള്ളത്തിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു ഞാൻ. പിന്നെയും വെള്ളം കുടിച്ചു.. ബോധം ഉണരുകയാണോ. കണ്ണ് തുറന്നു നോക്കി.. ദൈവമേ.. നോക്കെത്താ ദൂരത്തോളം ചുറ്റിനും തിരമാലകളിൽ ചാഞ്ചാടി ഉലഞ്ഞ് നാടും നഗരവും. അപ്പോൾ അത് സംഭവിച്ചിരിയ്ക്കുന്നു.! പിന്നെയും ബോധം നഷ്ടമാകുന്നു..!

ബിടിഎച്ചിൽ നിന്നും വണ്ടി എടുത്ത് എറണാകുളത്തമ്പലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കൂടി മഹാരാജാസ് കോളേജിന് മുന്നിലൂടെ ലോ കോളജിന് അടുത്തെത്തിയപ്പോൾ റോഡ് ബ്ലോക്ക് ആയി. അന്ന് മറൈൻ ഡ്രൈവിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപനം നടക്കുകയായിരുന്നു. ആ പാർട്ടിയുടെ മുഴുവൻ ദേശീയ നേതാക്കളും എംഎൽഎമാരും പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരിയ്ക്കുന്നു. വണ്ടികൾ ഉറൂമ്പരിയ്ക്കുന്ന വേഗതയിൽ നീങ്ങി.

വഴിനിറഞ്ഞ് കൊടിതോരണങ്ങളും കട്ടൗട്ടുകളും വാഹനങ്ങളും. പെന്റാമേനകയുടെ മുന്നിൽ എത്തിയപ്പോൾ റോഡ് പിന്നെയും ബ്ലോക്കായി. ബെന്നിയെ വിളിയ്ക്കാനായി മൊബൈൽ ഡയൽ ചെയ്തു. കോൾ പോകുന്നില്ല. ഒരു ലിറ്റർ വിസ്കി സക്കറിയ രാവിലെ തന്നിട്ടുണ്ടായിരുന്നു. ബെന്നിയെയും കൂട്ടി വീട്ടിലേക്ക് പോയി ഒന്നിച്ച് കഴിയ്ക്കാം എന്ന് കരുതി. ഫോൺ നിശ്ചലമായി. കോൾ പോകുന്നില്ല. സമ്മേളനം നടക്കുന്നതിനാൽ ആ പ്രദേശം മുഴുവനും ബ്ലോക്ക് ആണ്.

വണ്ടികൾ പതിയെ പതിയെ നീങ്ങിക്കൊണ്ടിരുന്നു. ഹൈക്കോടതി ജംഗ്ഷൻ വഴി ഗോശ്രീ പാലത്തിലൂടെ മുളവുകാടെത്തി. പതിവ് പോലെ ആദ്യം പോയി കുളിച്ചു. ഫ്രിഡ്ജിൽ നിന്ന് സാലഡിനുള്ളതെടുത്ത് അരിഞ്ഞു. മുട്ട ഓംലറ്റ് ചെയ്തു. രാവിലെ മിച്ചം വന്ന ദോശമാവ് കൊണ്ട് ദോശ ഉണ്ടാക്കി. എല്ലാം എടുത്ത് ഡൈനിങ് ടേബിളിൽ വച്ചപ്പോൾ കാളിംഗ് ബെൽ.

വാതിൽ തുറന്നപ്പോൾ ബെന്നി.

"ബെന്നിയെ വിളിച്ചിട്ട് കിട്ടുന്നില്ലാരുന്നു. ബിടിഎച്ചിലെ മീറ്റിംഗ് തുടങ്ങുന്നതിന് മുമ്പ് നെറ്റും ഫോണും ഒന്നും തന്നെ വർക്ക് ചെയ്യുന്നിലായിരുന്നു."

" ഞാനും മധുച്ചേട്ടനെ വിളിച്ചാരുന്നു. കോൾ പോകുന്നില്ല. മധുച്ചേട്ടൻ ഇവിടെ ഉണ്ടോ എന്ന് നോക്കീട്ട് പോകാമെന്ന്

കരുതി കയറീതാ"

" കയറിവാ..! ബെന്നി ഒരു കാര്യം ചെയ്യ്.. ഫ്രിഡ്ജിൽ നിന്ന് തണുത്തവെള്ളോം സോഡായും ഇങ്ങെടുത്തോ."

ഞാൻ കഴിയ്ക്കാനുള്ളതും വിസ്കിയും ഗ്ലാസ്സുകളും മുകളിലത്തെ നിലയിലുള്ള ടീവി റൂമിലെ ടീ പോയയിൽ വച്ചു.ബെന്നി സോഡായും തണുത്ത വെള്ളവും കൊണ്ടുവന്നു.

നേരം പോയതറിഞ്ഞില്ല. മൊബൈലിൽ സമയം പന്ത്രണ്ടര. അടുത്ത ദിവസം ആരംഭിച്ചു. കുറെ നേരമായി പുറത്ത് എന്തൊക്കെയോ തട്ടിമറിഞ്ഞ് വീഴുന്ന ശബ്ദം കേൾക്കാമായിരുന്നു. ഇടയ്ക്ക് കറണ്ട് പോകുകയും ചെയ്തു. ആളുകൾ അലറി വിളിയ്ക്കുന്നുണ്ടോ.? നല്ല ഫിറ്റായിരുന്നു ഞങ്ങൾ രണ്ടു പേരും. എന്നതാന്ന് നോക്കാനായി താഴോട്ടിറങ്ങിയത് മുറിയിലെ നിലയില്ലാത്ത വെള്ളത്തിലേക്ക് ആയിരുന്നു.

പകച്ചുപോയി. ഞാൻ കുളിമുറിയിലെ ടാപ്പ് അടച്ചില്ലാരുന്നോ.? വെള്ളത്തിലൂടെ നീന്തി കുളിമുറിയുടെ വാതിൽ തുറക്കാൻ നോക്കിയിട്ട് പറ്റുന്നില്ല. അകത്ത് നിന്ന് ആരോ ബലം പിടിച്ച് ഇങ്ങോട്ട് തള്ളുകയായിരുന്നു. അകത്തേക്ക് തുറക്കുന്ന വാതിലാണല്ലോ..

" മധുച്ചേട്ടാ...എന്തോ കുഴപ്പമുണ്ട്.." എന്ന് പറഞ്ഞു കൊണ്ട് ബെന്നി വെള്ളത്തിലൂടെ മുൻവശത്തെ വാതിൽ തുറന്ന് അലറി വിളിച്ചു.

" മധുച്ചേട്ടാ..! പുറത്തെല്ലാം മുഴുവനും വെള്ളമാ.. കടല് കേറി വരുന്നേ.. ഓടിയ്ക്കോ.!"

ബെന്നി വിളിച്ചു പറഞ്ഞത് കേട്ടെങ്കിലും അവൻ ഫിറ്റായിപ്പോയത്കൊണ്ട് പറയുന്നതാണന്ന് വിചാരിച്ചു. വെള്ളത്തിലൂടെ നീന്തി പ്രയാസപ്പെട്ട് വാതിക്കൽ എത്തി.പോർച്ചിലിട്ടിരുന്ന എന്റെ കാർ മതിലിനു മുകളിലൂടെ ഒഴുകി പോകുന്നു.. ബെന്നിയെ നോക്കിയിട്ട് കാണുന്നില്ല.. ചുറ്റും ഇരുട്ട്. മാർട്ടിന്റെ, ജോസ്സിയുടെ, അഗസ്റ്റിന്റെ, രാമകൃഷ്ണന്റെ വീടൊന്നും കാണുന്നില്ല.. വഴിയിൽ വിളക്കുകളുമില്ല. എന്നതാ സംഭവിച്ച്കൊണ്ടിരിയ്ക്കുന്നത് എന്ന് നോക്കാനായി വെള്ളത്തിലൂടെ നീന്താൻ തുടങ്ങിയപ്പോൾ ആരോ എന്നെ ശക്തമായി മതിലിനു പുറത്തേയ്ക്ക് വലിച്ചെറിഞ്ഞതോർമ്മയുണ്ട്. എപ്പോഴോ ബോധം വന്നപ്പോൾ ഏതോ മരച്ചില്ലകൾക്കിടയിൽ പെട്ട് എവിടെയോ ഒഴുകി നടക്കുകയായിരുന്നു.

യാത്ര തുടങ്ങിയിട്ട് ഏകദേശം നാല് മണിക്കൂർ എങ്കിലും ആയിക്കാണണം. വക്കൻ ചുറ്റും നോക്കി. തിങ്ങി നിറഞ്ഞ് മരങ്ങൾ കാടിനെ കറുപ്പിച്ചു.! എന്തൊരു കുളിർമയാണ് ഇവിടെ.! എന്തൊരു വാസനയാണ് ഇവിടെയെല്ലാം.! കാട്ടുമരങ്ങൾ പൂത്തുലഞ്ഞ് പരിമളം പൊഴിച്ചു നിൽക്കുന്നത് വക്കൻ കൊതിയോടെ കണ്ട് കണ്ട് നടന്നു. ദൂരെ എവിടെയോ കാട്ടാർ കുലുങ്ങി ചിരിച്ച് ഒഴുകുന്ന ശബ്ദം കാതിലണഞ്ഞു.

വിവിധ ശബ്ദങ്ങളിൽ കേൾക്കുന്ന പക്ഷികളുടെ പാട്ട് വക്കനെ ആകർഷിച്ചു. ചീവീടുകളുടെ കർണ്ണകഠോരമായ ശബ്ദം വക്കന് ഒട്ടും ഇഷ്ടമായില്ല. മരങ്ങളുടെ ഇടയിലെ ഇരുട്ട് കണ്ടപ്പോൾ ആനിയമ്മയുടെ കറുത്ത് ഇടതൂർന്ന ഇരുണ്ട തലമുടി വക്കന്റെ മനസ്സിൽ ഓടിയെത്തി. സൂര്യപ്രകാശം വനഭൂമിയിൽ പതിയ്ക്കാത്തവിധം വൃക്ഷങ്ങൾ കൂടി നിൽക്കുകയല്ലേ ഇവിടെ. ഈ കാടുകളിലായിരിയ്ക്കും ഇരുട്ട് പകൽ ഉറങ്ങുന്നത്.

കറുത്തിരുണ്ട കാട്ടിലെ യമണ്ടൻമാരും ഘടാഘടിയൻമാരും ആജാനുബാഹുക്കളുമായ മരത്തടിയൻമാരോട് വക്കന് ആദരവ് തോന്നി.! " കാട്..!കറുത്ത കാട്..!മനുഷ്യനാദ്യം പിറന്ന വീട്.." കുറച്ച് നാള് മുമ്പ് കണ്ട നെല്ല് സിനിമേലെ പാട്ടാണ് വക്കന് ഓർമ്മവന്നത്. ആരും കേൾക്കാതെ ആ പാട്ട് ചുണ്ടിൽ ഒളിപ്പിച്ച് മൂളി വക്കൻ നടന്നു. വക്കന്റെ ആദ്യത്തെ വനയാത്ര ആയിരുന്നു അത്.

1979 ലെ ഒരു പകലായിരുന്നു അത്. ഒരു ചെറിയ സംഘം ആളുകൾ വലിയ വടങ്ങളും, അലവാങ്കും, വട്ടവാളും, കൈവാളും, വാക്കത്തിയും, വടിയും, കൈക്കോടാലിയും, കോടാലിയും പാത്രങ്ങളും, ഭക്ഷണത്തിന് വേണ്ട സാധനസാമഗ്രികളും ഒക്കെ ചുമന്ന് നിശ്ശബ്ദമായി വനത്തിലൂടെ പോവുകയാണ്. വനത്തിലേക്ക് കടന്നാൽ ഉറക്കെ വർത്തമാനം പറയരുത് എന്ന് നേരത്തെ തന്നെ എല്ലാവരോടും ഗോപാലൻ ചേട്ടന് പറഞ്ഞിട്ടുണ്ടായിരുന്നു. ശബ്ദമുണ്ടാക്കിയാൽ കാട്ടുമൃഗങ്ങൾ ആക്രമിയ്ക്കാൻ സാദ്ധ്യത ഉണ്ടാകും.

" എട ഗോപാലാ..!മഴ വരുവോടാ.?"

" ചിലപ്പോൾ പെയ്യാം കുട്ടീ..! പെയ്യത്തില്ലന്നും പറയാൻ പറ്റത്തില്ല.!" ഗോപാലൻ

" കുട്ടിച്ചേട്ടാ...നിങ്ങൾ എങ്ങനെയാണ് ഈ വഴീം സ്ഥലോം ഒക്കെ കണ്ട് പിടിച്ചത് ..!" വക്കൻ ചോദിച്ചു.

" ഗോപാലാ... ഇവൻ ചോദിച്ചത് കേട്ടില്ലേ.." ചിരിയോടെ കുട്ടി ഗോപാലനോട്.

" അതല്ല... ഗോപാലൻചേട്ടാ..! നമ്മൾ കുറേ നേരമായി ഈ കാട്ടിലൂടെ നടപ്പ് തുടങ്ങീട്ട്..! നിങ്ങൾക്ക് ആണങ്കിൽ വഴി നല്ല തിട്ടവും.. അതുകൊണ്ട് ചോദിച്ചതാ..! വക്കൻ ചെറു ചിരിയോടെ പറഞ്ഞു.

" ഇടുക്കി ഡാമിന്റെ പണീം ആയി വന്നതാ ഞാനും കുട്ടിയും ബഷീറും ഇങ്ങോട്ട്. മൂന്ന് വർഷം മുമ്പ് ഇന്ദിരാഗാന്ധി ഡാം ഉത്ഘാടനം ചെയ്തുകഴിഞ്ഞും ഞങ്ങൾക്ക് അവിടെ പണിയുണ്ടാരുന്നു. കഴിഞ്ഞ ക്രിസ്മസിന് മുമ്പാ ഞങ്ങൾ പണിനിർത്തി പോയത്." ഗോപാലൻ അതിന്റെ മറുപടിയായി പറഞ്ഞു.

"അന്ന് പൊക്കൻ എന്ന ഒരു ആദിവാസി ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ. പൊക്കനായിരുന്നു കാട്ടിലെ ഞങ്ങളുടെ വഴികാട്ടി. ഞങ്ങൾ നാട്ടിലേക്ക് പോരുന്നേന് മുമ്പ് കുറേ മരം അവിടെ വെട്ടിയിട്ടിട്ടുണ്ടായിരുന്നു." ബഷീർ തലയിൽ നിന്നും വടം താഴെയിട്ടിട്ട് വക്കനോട് പറഞ്ഞു.

എല്ലാവരും അവരവരുടെ കൈയ്യിൽ ഉള്ള സാധനങ്ങൾ എല്ലാം നിലത്ത് വച്ച് നടന്നുവന്ന ക്ഷീണം മാറ്റാൻ അവിടെ കണ്ട പാറേലും മരത്തിന്റെ വലിയ വേരുകളിലും ഇരുന്നു.

വലിയ ഒരു മരത്തിൽ നിന്നും തൂങ്ങി ഊഞ്ഞാൽ പോലെ കിടന്ന ഞരളവള്ളിയിൽ വക്കൻ ഇരുന്ന് ഊഞ്ഞാലാടി. ആ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആൾ വക്കനായിരുന്നു.

കുട്ടിയുടെ ഭാര്യയുടെ നാത്തൂന്റെ വകേലുള്ള ബന്ധത്തിലുള്ളതാണ് വക്കൻ. കുട്ടീടെ മകളാണ് ആനിയമ്മ. വക്കനും ആനിയമ്മയും ഇഷ്ടത്തിലാണ്. ആനിയമ്മയെ വക്കന് കൊടുക്കാൻ കുട്ടിയ്ക്കും ഭാര്യ വത്സമ്മയ്ക്കും ബന്ധുക്കൾക്കും താത്പര്യം ഉണ്ട് താനും. നോയമ്പ് വീടലുകഴിഞ്ഞ് മനസ്സമ്മതവും കെട്ടുകല്യാണവും നടത്താൻ തീരുമാനിച്ചിരിയ്ക്കുകയാണ്.

ഗോപാലനും മറ്റ് ചിലരും വെറ്റിലമുറുക്കി. കുട്ടിയും ബഷീറും ബീഡി വലിച്ചു.

" ഇനി എന്തോരം പോണം ഗോപാലൻചേട്ടാ.." അരിസാമാനങ്ങൾ ചുമക്കുന്ന പീലി ചോദിച്ചു.

" ഓ..ഇനി..എന്നാടാ ഉവ്വേ..ഒരു..മുക്കാകിലോമീറ്ററുകാണും..അല്ലേ..കുട്ടീ.." ഗോപാലൻ പീലിയോടും കുട്ടിയോടുമായി പറഞ്ഞു.

"ആ.... അത്രയേയുള്ളൂ.!" കുട്ടിപറഞ്ഞു.

കുറച്ചു നേരം കഴിഞ്ഞ് എല്ലാവരും യാത്ര തുടർന്നു. വനഭംഗി കണ്ട് രസിച്ച്, യാത്ര അവസാനിച്ചത് ഡാമിലെ ജലാശയത്തിനരികിലായിരുന്നു. ദൂരെനിന്ന് തന്നെ ആ മനോഹരമായ കാഴ്ച ആസ്വദിച്ച് കൊണ്ടാണ് വക്കൻ മലഞ്ചെരിവ് ഇറങ്ങുന്നത്.

-തുടരും...

Advertisment