Advertisment

ജലസമാധി (നീണ്ടകഥ - 8)

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന തടാകത്തിലെ നീലജലത്തിൽ ഇളംകാറ്റ് നെയ്യുന്ന വിസ്മയിപ്പിയ്ക്കുന്ന ചിത്രപ്പണികൾ.! കാറ്റ് കുഞ്ഞോളങ്ങളെ ഇക്കിളികൂട്ടുമ്പോൾ, ഓടിപ്പോയി തീരത്തണഞ്ഞ് തലതല്ലി കുലുങ്ങി ചിരിച്ച് വെള്ളിമുത്തുമണികൾ പൊഴിയ്ക്കുന്നത് വക്കന്റെ മനസ്സിനെ ആർദ്രമാക്കി.

ദൂരെ, മലകൾ ആകാശനീലിമ വാരിപുതച്ചു നിന്നു. നീലമലകളിൽ നിന്നും ഒലിച്ചിറങ്ങിയ നീലനിറമാണോ ഈ തടാകത്തിന്റെ നീലിമയ്ക്ക് കാരണം എന്ന് അവൻ ചിന്തിച്ചു. മലകളുടെ ഒരു വശത്ത് സൂര്യരശ്മികൾ പതിച്ച് വൃക്ഷലതാദികൾ പച്ചനിറം പൊഴിയ്ക്കുന്നതും മറുവശത്ത് മലയുടെ ഞൊറികളിൽ നീലയും കറുപ്പും ഇടകലരുന്നതും വക്കൻ വിസ്മയത്തോടെ നോക്കിനിന്നു.

എനിക്ക് ആയിരം കൈകൾ ഉണ്ടായിരുന്നു എങ്കിൽ ഈ പ്രകൃതിയെ മുഴുവനും വാരിപ്പുണരാമായിരുന്നു എന്ന് വക്കൻ കൊതിച്ചു. തടാകത്തിൽ നിന്നും മെല്ലെ ഈറൻകാറ്റ് വന്ന് വക്കനെയും ഇക്കിളി കൂട്ടി. വക്കൻ ആപാദചൂഡം കോരിത്തരിച്ചു നിന്നു.

അപ്പോൾ വക്കന്റെ മനസ്സിലേയ്ക്ക് വന്നത് നദി എന്നസിനിമയിലെ വയലാറിന്റെ " പുഴകൾ..! മലകൾ..!പൂവനങ്ങൾ..! ഭൂമിയ്ക്ക് കിട്ടിയ സ്ത്രീധനങ്ങൾ..!"എന്ന ഗാനമായിരുന്നു.

" നോക്ക് വക്കച്ചാ... അന്ന് ഞങ്ങൾ വെട്ടിയിട്ട മരങ്ങൾ കിടക്കുന്നത്.!" കുട്ടി അവന്റെ ഭാവനകളുടെ പ്രയാണത്തെ തടസ്സപ്പെടുത്തി.

" കണ്ടു..കണ്ടു.." വെട്ടിയിട്ട മരങ്ങൾ നോക്കിക്കൊണ്ട് വക്കൻ.

ഇലകളെല്ലാം കൊഴിഞ്ഞ് ഉണങ്ങി, തടിയുടെ പുറത്തെ തോലുകൾ ഉണങ്ങി പൊളിഞ്ഞനിലയിൽ കുറെ വലിയ മരങ്ങൾ. മൂന്നുദിവസം കൊണ്ടാണ് അവർ ആ മരങ്ങളെ മുറിച്ച് ഒരുക്കിയെടുത്തത്.

നാലാം ദിവസം ആ തടികളെല്ലാം ചങ്ങാടമാക്കി ഡാമിലെ വെള്ളത്തിലൂടെ ഏതോ കൂപ്പിനരികിലെത്തിച്ച് അവിടെ നിന്നും ലോറിയിൽ കൊണ്ടുപോകാനായിരുന്നു പരിപാടി.

നാലാം ദിവസം രാവിലെ തടികൾ ഓരോന്നായി അലവാങ്കുകൊണ്ട് ചെറിയ ഉരുണ്ട മരക്കഷണങ്ങളുടെ പുറത്തുകൂടി ഉരുട്ടി വെള്ളത്തിന് ആഴം കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടുവന്ന് കാട്ടുവള്ളികൾകൊണ്ടും കയറുകൾ കൊണ്ടും വരിഞ്ഞ് കെട്ടി ബലവത്താക്കി, രണ്ട് ചങ്ങാടം ഉണ്ടാക്കി.

അപ്പോൾ കുറച്ചു ദൂരെ, കുറുക്കന്മാർ കാട്ടിലൂടെ ഏതാനും കാട്ടുമുയലുകളെ ഓടിച്ച് കൊണ്ട് വരുന്നത് ബഷീർ കണ്ടു.

"ശശീ..! പീലീ..! നോക്കടാ..!മുയലോടിവരുന്നു.! എടാ.. കുറുക്കന്മാർ ഓടിച്ചോണ്ട് വരുന്നതാ..കേട്ടോ..!

അതിനെയിങ്ങ് പിടിച്ചോ.."

ശശിയും പീലിയും വടികളെടോത്ത് ഓടിച്ചെന്നപ്പോൾ കുറുക്കന്മാർ തിരിഞ്ഞോടി.

പക്ഷേ പേടിച്ചോടിയ മുയലുകൾ ഡാമിലെ വെള്ളത്തിൽ വീണു. ശശി, പീലിയെയും വിളിച്ച് ഓടിപ്പോയി അവയെ വെള്ളത്തിൽ നിന്നും എടുത്തപ്പോഴേയ്ക്കും അവ ചത്ത് പോയിരുന്നു.

ശശിയും പീലിയും കൂടി മുയലുകളെ കറിവച്ചു. അന്നും രാവിലെ ഡാമിൽ നിന്നും രവി പിടിച്ചുകൊണ്ടുവന്ന വലിയ മീനുകളെ ചുട്ടെടുത്തു. ഉച്ചയോടെ എല്ലാവരും ഭക്ഷണം കഴിച്ചിട്ട് പണിയായുധങ്ങൾ എടുക്കാൻ മുകളിലേക്ക് കയറുകയായിരുന്നു.

അപ്പോൾ വലിയ ഒരു മുഴക്കത്തോടെ ഭൂമി കുലുങ്ങി. കാട്ടാനക്കൂട്ടങ്ങൾ പാഞ്ഞ് വരുകയാണ് എന്ന് തോന്നി എല്ലാവരും അലറി നിലവിളിച്ചു. പണിയായുധങ്ങളും പാത്രങ്ങളും പാറപ്പുറത്തുനിന്നും നിലത്തുവീണു. അത് കണ്ട് എല്ലാവരും പിന്നേം അലറി നിലവിളിച്ചു. മരങ്ങൾ കടപുഴകി.

ആ കുലുക്കത്തിൽ എല്ലാവരും നിലത്തു വീണു. അവർ വീണുകിടന്ന സ്ഥലത്തെ ഭൂമി പിളർന്നുണ്ടായ നീളത്തിലും വീതിയിലുമുള്ള വലിയ ഗർത്തത്തിലേയ്ക്ക് ഒരാളുപോലും അവശേഷിയ്ക്കാതെ താഴ്ന്നുപോയി. തൊട്ടുപുറകെ, മലയുടെ ചരിവിൽ എവിടെയോ വലിയൊരു ഉരുൾ പൊട്ടി വന്ന കല്ലും മണ്ണും വെള്ളവും ചെളിയും കൂടി കുത്തിയൊലിച്ച് വന്ന് ആ വിള്ളലുകൾ നികത്തി, തടിച്ചെങ്ങാടം പൊട്ടിച്ചെറിഞ്ഞ് തടികളെ ഡാമിലേയ്ക്ക് ചിതറിച്ചൊഴുക്കി.

എല്ലാം നിമിഷങ്ങൾ കൊണ്ട് അവസാനിച്ചു. മൂകസാക്ഷിയായി വിറങ്ങലിച്ചു പോയ വൃക്ഷങ്ങളൊഴികെ ആരും ഒന്നും കണ്ടില്ല, അറിഞ്ഞില്ല. പക്ഷേ, പിന്നീട് എപ്പോഴോ സംഭവിച്ചേക്കാവുന്ന വലിയ ഒരു ദുരന്തത്തിന് കാരണമാകുകയായിരുന്നു ആ ഭൂകമ്പം.

ഡാം ഭിത്തികളിൽ വിള്ളലുകൾ വീഴ്ത്തി ഭൂകമ്പം കടന്നുപോയി. കല്ലുകൾ കെട്ടി ബലപ്പെടുത്തിയിരുന്ന ഡാം ഭിത്തിയിലെ തേപ്പുകൾ മീറ്ററുകൾ നീളത്തിലും വീതിയിലും വിള്ളലുകളോടൊപ്പം പൊട്ടിത്തകർന്നു.

നാൽപത്തി മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള ഒരു മഴക്കാലം. നിർത്താതെ പെയ്ത കാലവർഷത്തിലെ കനത്തമഴയിൽ കേരളം കുതിർന്ന് കുളിർത്തു. ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ദിവസങ്ങളോളം തോരാതെ കലിതുള്ളി തിമിർത്തു.

മഴക്കൂടുതലും ഉരുൾപൊട്ടലും കാരണം ഡാമിന്റെ സംഭരണശേഷിയ്ക്കപ്പുറവും ജലം വന്നു നിറഞ്ഞുകൊണ്ടിരുന്നു. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു. ഡാം ഷട്ടറുകൾ തുറന്ന് അധികജലം ഒഴുക്കിക്കളഞ്ഞു.

നാട്ടിലൂടെ ഒഴുകിയ പ്രളയജലത്തിൽ നാടും നഗരവും മുങ്ങി. വലിയ ആൾനാശവും അർത്ഥനാശവും ഉണ്ടായി.

വൃഷ്ടി പ്രദേശങ്ങളിൽ നിന്നും കുട്ടിയും ഗോപാലനും ഒക്കെ വർഷങ്ങൾക്കു മുൻപ് വെട്ടിയ വൻമരങ്ങൾ അന്നത്തെ ഭൂമികുലുക്കത്തിലും തുടർന്നുണ്ടായ ഉരുൾപൊട്ടലിലും ഡാമിലേയ്ക്ക് ഒഴുകി പോയിരുന്നുവല്ലോ. ഓരോ വർഷവും ഉണ്ടാകുന്ന ശക്തമായ മലവെള്ളപ്പാച്ചിലിൽ ആ തടികൾ ആഴങ്ങളിലൂടെ ഡാമിനകത്ത് തലങ്ങനെയും വിലങ്ങനെയും ഒഴുകി നടന്നു.

അതിൽ വലിയ ഒരുതടി ഒഴുകി ഡാമിന്റെ വിള്ളലുകൾക്കിടയിൽ കയറി കുടുങ്ങി. അതിനു ചുറ്റുമുള്ള തേപ്പുകൾ മുഴുവനും പൊടിഞ്ഞ് ഇളകി, കല്ലുകൾ അടർന്ന് വെള്ളത്തിൽ വീണു. ഈ തടിയിൽ ഇനിയും മറ്റ് തടികളോ വലിയ കല്ലുകളോ ഒഴുകി വന്നിടിച്ചാൽ ഇനിയും കല്ലുകൾ അടരും. അത് ഡാം തകരാനിടയാകും.

ഈ പരിണാമങ്ങൾ ആരുമറിയാതെ ഡാമിനുള്ളിൽ നടക്കുമ്പോൾ ജനം പുറത്ത് പുതിയ ഡാം നിർമ്മിക്കാൻ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭസമരങ്ങളിലായിരുന്നു. ജനങ്ങൾ പരിഭ്രാന്തരായി സർക്കാരിനെ ശപിച്ചു.

രണ്ടായിരത്തി പതിനെട്ടിലെ മഹാപ്രളയത്തിൽ ഡാമുകളുടെ ഷട്ടറുകൾ അൽപമൊന്നുയർത്തിയപ്പോൾ പല ജില്ലകളും വെള്ളത്തിലായി. അപ്പോൾ ഡാം തകർന്നാൽ ഉണ്ടായേക്കാവുന്ന അതിഭീകരമായ ദുരന്തം സങ്കൽപിക്കാൻ പറ്റത്തില്ല. വിശേഷിച്ചും ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉള്ളവർക്ക്.

അണക്കെട്ടിന്റെ വിഷയത്തിൽ മാത്രമല്ല, ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും ജനങ്ങളെ സഹായിയ്ക്കാൻ ആരുമില്ല എന്ന് ജനങ്ങൾക്ക് ബോദ്ധ്യമായി. വരുന്നത് വരട്ടെ എന്ന് കരുതി അവർ അണക്കെട്ടിന്റെ കാര്യം മറന്നു.

കാലവർഷം വലിയ പരിക്കേൽപിയ്ക്കാതെ ഇത്തവണ കടന്നുപോയതിന്റെ ആശ്വാസത്തിലായിരുന്നു ജനങ്ങൾ. തുലാവർഷം അത്ര പേടിയ്ക്കാനില്ല. അണക്കെട്ട് വിഷയം ജനങ്ങൾ മറന്നു. കാരണം മഹാമാരിയായ കൊറോണ ലോകമെങ്ങും പടർന്ന് പിടിച്ച് ജനങ്ങളുടെ ജീവനെടുത്ത് അമ്മാനമാടി.

ലോകരാഷ്ട്രങ്ങൾക്ക് ഒപ്പം ഇന്ത്യയും നിശ്ചലമായി. ജനങ്ങളും സർക്കാരും കൊറോണയുടെ മുന്നിലും പുറകിലും ഓടി. കൊറോണയുടെ മൂന്ന് വരവ് കഴിഞ്ഞു. ഏറെക്കൂറെ എല്ലാം ശാന്തമാകുമെന്ന് എല്ലാവരും ആശ്വസിച്ചു.

വേനൽ കടുത്തുകൊണ്ടേയിരുന്നു. ധനുമാസത്തിലെന്നോ പെയ്തൊഴിഞ്ഞ മഴ തിരികെ വന്നിട്ടില്ല. കുംഭവും മീനവും വെയിലിന്റെ തീഷ്ണത കാണിച്ചു കൊണ്ടിരുന്നു. ന്യൂനമർദ്ദം വന്നിരുന്നങ്കിൽ എന്ന് ജനം ആഗ്രഹിച്ചു. ഇടയ്ക്ക് ചില ന്യൂനമർദ്ദ സാദ്ധ്യതകൾ കേരളത്തിനെ തൊടാതെ കടന്ന് പോയി.

പുതിയ ഒരു ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്നുണ്ടന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത് ജനം കൊതിയോടെ കേട്ടു. രണ്ടു മൂന്നു ദിവസം കൊണ്ട് ആകാശത്തിൽ മഴയുടെ ലാഞ്ചനകൾ കണ്ടുതുടങ്ങി.

ചുഴലിക്കാറ്റും അതിവൃഷ്ടിയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മേഘവിസ്ഫോടനം പലയിടങ്ങളിലും പ്രത്യേകിച്ച് മദ്ധ്യകേരളത്തിൽ ഉണ്ടായേക്കാമെന്നും അവർ പ്രവചിച്ചു.

സൂര്യനിൽ നിന്നും ഉഷ്ണവാതകം ഭൂമിയിലേയ്ക്ക് പ്രവഹിയ്ക്കാൻ ഇടയുണ്ടന്നും അത് സകല വാർത്താവിനിമയ ഉപഗ്രഹങ്ങളെയും നിശ്ചലമാക്കിയേക്കാമെന്നും അന്താരാഷ്ട്ര സ്പേസ് ഏജൻസികൾ മുന്നറിയിപ്പ് നൽകി.

ഇന്റർനെറ്റുകളും മോബൈൽ ഫോണുകളും ഉൾപ്പെടെ എല്ലാ വാർത്താ വിനിമയ മാർഗ്ഗങ്ങളും സ്തംഭിപ്പിയ്ക്കാൻ ഇടയാക്കും എന്ന് മുന്നറിയിപ്പ് നൽകി . ഇതെത്ര കണ്ടിരിക്കുന്നു എന്ന പുശ്ചത്തോടെ ആ മുന്നറിയിപ്പ് ജനങ്ങൾ കാര്യമായെടുത്തില്ല. ജനത്തിന്, ഭരണകൂടങ്ങൾക്ക് ഇതിലെന്നാ ചെയ്യാൻ പറ്റും.? കുറെനേരം കഴിയുമ്പോൾ ശരിയാകും എന്ന് ആശ്വസിച്ചു.

തമിഴ്നാടിന് മുകളിലൂടെ വലിയ മലകൾ പോലെ ഒഴുകി വന്ന മഴമേഘങ്ങൾ, കറുകറെകറുത്ത തലനാടുള്ള അയ്യമ്പാറയെന്ന പാറക്കെട്ടിനെ ഓർമപ്പെടുത്തി. നൂറ് കണക്കിന് അയ്യമ്പാറകൾ ആകാശത്ത് നിരന്നു.

വളരെ വേഗത്തിൽ ആയിരുന്നു മേഘവിസ്ഫോടനം ഉണ്ടായത്. പക്ഷേ ലോകമറിഞ്ഞില്ല. തുള്ളിയ്ക്ക് ഒരു കുടമല്ല, തുള്ളിയ്ക്ക് ആയിരം കുടമെന്നകണക്കിന് ആർത്തലച്ച് പെയ്ത മഴ രാവിലെ മുതൽ തുടങ്ങിയതാണ്.

ഡാമിനകത്തും വനപ്രദേശങ്ങളിലും ഉരുളുകൾ പൊട്ടി.മണിയ്ക്കൂറുകൾക്കുള്ളിൽ ഡാം നിറഞ്ഞ് കവിഞ്ഞു. ഡാമിന് കാവൽ നിന്ന പോലീസുകാർക്ക് മേലധികാരികളെ വിവരം അറിയിയ്ക്കാൻ കഴിഞ്ഞില്ല. ഫോൺ നിശ്ചലമായിരുന്നു. വയർലസ്സും നിശ്ശബ്ദമായി. കനത്തമഴ കാരണം പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥ.

ഡാം ഭിത്തിയിൽ കുടുങ്ങി കിടന്ന, കുട്ടിയും കൂട്ടരും വെട്ടിയിട്ട തടി ജലപ്രവാഹത്തിൽ ആടി ഉലയുകയായിരുന്നു. ആ ഉലച്ചിലിൽ ഡാം ഭിത്തിയിലെ കല്ലുകളും മറ്റും ഇളകിതകർന്നു. ഡാം തകരുകയായിരുന്നു. പോലീസുകാരെ, അവരുടെ കാവൽമാടത്തോടെ ജലപ്രവാഹത്തിലേയ്ക്ക് എടുത്തെറിഞ്ഞു. അലറിവിളിച്ച്, ആർത്തട്ടഹസിച്ച് ഡാം തകർത്ത് ജലം പാഞ്ഞു. തടവറയിൽ നിന്ന് മോചനം കിട്ടിയതിന്റെ അമിതാവേശത്തിൽ ഡാമിന് താഴെയുള്ള സകലതിനെയും തകർത്തെറിഞ്ഞ് ജലം കുതിച്ച് പാഞ്ഞു.

ആർക്കും ഒന്നും പ്രതികരിയ്ക്കാനോ മറ്റുള്ളവരെ വിവരമറിയിക്കാനോ കഴിഞ്ഞില്ല. സൂര്യനിൽ നിന്നും പ്രവഹിച്ച അതിതീഷ്ണമായ ഉഷ്ണപ്രവാഹം വാർത്താവിനിമയ ഉപഗ്രഹങ്ങളെ സ്തംഭിപ്പിച്ചതിനാൽ ലോകം മുഴുവൻ മണിയ്ക്കൂറുകളോളം നിശ്ചലമായി.

അറിഞ്ഞ് കേട്ടവർ വാഹനങ്ങളിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും ഗതാഗത കുരുക്കിൽ പെട്ട് വഴികളെല്ലാം അടഞ്ഞു. വാഹനങ്ങളെ മനുഷ്യരോടൊപ്പം ജലപ്രവാഹത്തിൽ എടുത്തെറിഞ്ഞു. നദികളും തോടുകളും കുളങ്ങളും കായലുകളും സമുദ്രവും ഒന്നായി. കര കടലിലേക്ക് ഒഴുകി അലിഞ്ഞു.

നൂറുകണക്കിന് ഗ്രാമങ്ങളും നഗരങ്ങളും പട്ടണങ്ങളും ആയിരക്കണക്കിന് കെട്ടിടങ്ങളും വാഹനങ്ങളും ലക്ഷക്കണക്കിന് ആബാലവൃദ്ധം ജനങ്ങളും വൃക്ഷങ്ങളും കാട്ടുമൃഗങ്ങളും വളർത്തുമൃഗങ്ങളും ഒഴുക്കിലും ചെളിയിലും പെട്ട് കഥാവശേഷരായി.

ഇടിമുഴക്കത്തിൽ വീണ്ടും ഞെട്ടിവിറച്ച ഞാൻ, കടൽതിരമാലകളിൽ ആടിയുലയുന്ന ആൽമരച്ചില്ലകളിൽ കിടന്ന് കൊണ്ട് ആ യാഥാർത്ഥ്യം പതുക്കെ.. പതുക്കെ തിരിച്ചറിയുകയായിരുന്നു. കേരളത്തിന്റെ കാതലായ ഭൂപ്രദേശങ്ങളും മനുഷ്യരുൾപ്പെടെ സകല ജീവജാലങ്ങളും സ്ഥാവരജംഗമങ്ങളും അറബിക്കടലിൽ സമാധിയായി.

കുറിപ്പ്:

ഈ കഥ ഭാവനയിൽ ഉടലെടുത്തതാണ്. പലരുടെയും പേരുകളും സ്ഥലനാമങ്ങളും ആളുകളും ആഘോഷങ്ങളും കഥപറച്ചിലിന്റെ സുഗമമായ സഞ്ചാരത്തിന് വേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്. ജീവിച്ചിരിയ്ക്കുന്നതോ മരിച്ചുപോയതോ ആളുകളുമായി സാമ്യം തോന്നുന്നത് യാദൃശ്ചികമാണ്.

Advertisment