Advertisment

അങ്ങാടിക്കാര്യം അടുക്കളപ്പാട്ട് (നീണ്ടകഥ)

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

സൂര്യന് താഴെയും മുകളിലും ഉള്ള ഏത് കാര്യവും ചർച്ചചെയ്യുന്ന സ്ഥലമാണ് ഈ അടുക്കള. ഇതിന്റെ കാര്യക്കാരത്തി ചില്ലറക്കാരിയൊന്നുമല്ല. “ആരാടീ”ന്ന് ചോദിച്ചാൽ “നീയാരാടാ.?” എന്ന് തിരിച്ച് ചോദിയ്ക്കുന്ന ചങ്കൂറ്റം. ചോദിച്ചവൻ പിന്നെ മീനച്ചിൽ താലൂക്കിന്റെ അതിർത്തി കടന്നേ തിരിഞ്ഞ് നോക്കൂ. ഇതാണ് താഴത്തേടത്ത് മറിയാമ്മ. ഒരു മൂന്ന് മൂന്നര പാലാക്കാരി.

താഴത്തേടത്ത് ഔസേപ്പിന്റെയും അന്നക്കുട്ടിയുടെയും ഒമ്പത് മക്കളിൽ നാലാമത്തവൾ. മറിയാമ്മയുടെ മൂത്തത് മൂന്ന് ആണുങ്ങളും താഴെ രണ്ട് പെണ്ണുങ്ങളും മൂന്ന് ആണുങ്ങളും.

പാലാ അൽഫോൻസാ കോളജിലെ പഴയ വോളിബോൾ താരം. ടീമിന്റെ ക്യാപ്റ്റൻ. പങ്കെടുത്ത ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിലെ ല്ലാം പാലായിലേക്ക് കപ്പും കൊണ്ട് വന്നിരുന്നത് മറിയാമ്മയുടെ അതികിടിലൻ സ്മാഷിലായിരുന്നു. ഒരിയ്ക്കൽ ഡൽഹിയിൽ നടന്ന ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ കിരീടം, കേരള യൂണിവേഴ്സിറ്റി നേടിയപ്പോൾ കപ്പ് സമ്മാനിച്ചത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നു.

ദേശീയ വിദ്യാർത്ഥി യൂണിയനിലേയ്ക്ക് മറിയാമ്മയെ ഇന്ദിരാഗാന്ധി ക്ഷണിച്ചതാണ്. രാഷ്ട്രീയം അത്ര വഴങ്ങുന്നതല്ലാത്തതുകൊണ്ട് ആ വഴി പോയില്ല. പക്ഷേ, കോൺഗ്രസ്സിനോട് ആയിരുന്നു അന്നും ഇന്നും ആഭിമുഖ്യം. ഇഷ്ടനേതാവ് ഇന്ദിരാഗാന്ധി. കേരളത്തിൽ കെ.കരുണാകരൻ. പിന്നെ ഇഷ്ടം മാണിസാറിനോട് ആയിരുന്നു.

മാണിസാർ, മറിയാമ്മയെ കേരളകോൺഗ്രസ്സിലേയ്ക്ക് എത്തിയ്ക്കാൻ നോക്കിയിരുന്നു. “ഞാൻ ഒരു കോൺഗ്രസ്സ്കാരിയാണ് മാണിസാറേ” എന്ന് സ്നേഹപൂർവ്വം പറഞ്ഞ് മാണിസാറിനെ ചിരിപ്പിച്ച് മടക്കും. ബി.എസ്.സി ബോട്ടണി ബിരുദധാരി.

മറിയാമ്മയ്ക്ക് ഇപ്പോൾ അമ്പത്തിഎട്ട് വയസ്സ് പ്രായം ഉണ്ട്. വെളുത്ത നിറം, ഒത്ത ഉയരം, അധികം തടിയ്ക്കാത്ത ശരീരം. ഇരുണ്ട് ഇടതൂർന്ന മുടിയിഴകൾ. ആരുകണ്ടാലും രണ്ട് പ്രാവശ്യം കൂടി നോക്കിപ്പൊകുന്ന കുലീനത്വം വിളിച്ചോതുന്ന സൗന്ദര്യം.

ഈശ്വരവിശ്വാസിയും, കറകളഞ്ഞ മതേതരനിലപാട് ഉള്ളവളും സഹജീവി സ്നേഹം പുലർത്തുന്നവളുമാണ് മറിയാമ്മ. നീതിയ്ക്കും മനസ്സാക്ഷിയ്ക്കും നിരക്കാത്ത ഒന്നും ചെയ്യത്തില്ല. അക്കാര്യത്തിൽ ആരെയും കൂസാക്കാത്ത പ്രകൃതം.

പ്ലാന്ററും അബ്കാരി ബിസിനസ്സ്കാരനുമായ തോമസ്കുട്ടിയാണ് മറിയാമ്മയുടെ ഭർത്താവ്. കുട്ടികൾ രണ്ട് ആണും മൂന്ന് പെണ്ണും. മൂത്ത മകൾ ടീനയും രണ്ടാമത്തെ മകൻ ടോമും ഡൽഹിയിൽ, എഐഐഎംഎസിൽ ഡോക്ടർമാർ ആണ്. ടോമിന് താഴെയുള്ള ടിറ്റി ബംഗലുരുവിൽ ജർണലിസ്റ്റും, ഇളയമകൾ ടിജി എറണാകുളം ലോകോളജ് വിദ്യാർത്ഥിനിയും.

ഉച്ചമയക്കത്തിന് ശേഷം മറിയാമ്മ അടുക്കളയോട് ചേർന്നുള്ള ഇടികുഴിയിൽ ചാരുകസേരയിൽ ഇരിയ്ക്കും. അപ്പോഴേയ്ക്കും കൂട്ടുകാരും അയൽക്കാരുമായ സാവിത്രിയും ഇന്ദിരയും ഏലിയാമ്മയും കൊച്ചുത്രേസ്യയും എത്തും.

കൂടാതെ, അപ്രതീക്ഷിതമായി എത്തുന്ന സുഹൃത്തുക്കളും. ചിലപ്പോൾ അവരുടെ സംസാരം കേൾക്കാനും ചേർന്ന് പറയാനും വീട്ടുജോലിക്കാരായ ജാൻസിയും മോളിയും ഇടയ്ക്കിടെ വന്ന് തലകാണിയ്ക്കും.

സൊറപറച്ചിലും പൊട്ടിച്ചിരിയുമായി ഓരോ വൈകുന്നേരങ്ങളും ഇടികുഴി സജീവമാകും. ഇതിനിടയിൽ, ടീവി സീരിയലുകളും സിനിമകളും രാഷ്ട്രീയവും ഭക്ഷണകാര്യങ്ങളും എന്നുവേണ്ട, നാട്ടിൽ നടക്കുന്ന സകലകാര്യങ്ങളും ചർച്ച ചെയ്യും. ഇവരുടെ സല്ലാപത്തിലേയ്ക്ക് നിങ്ങളെയും ക്ഷണിക്കുന്നു.

തുടരും...

കുറിപ്പ്: ഇതിലെ കഥയും കഥാപാത്രങ്ങളും ഭാവനയിൽ ഉരുത്തിരിഞ്ഞതാണ്. യാഥാർത്ഥ്യങ്ങളുമായി സാമ്യം തോന്നുന്നത് യാദൃശ്ചികമാവാം. ആരെയും അപമാനിയ്ക്കാനല്ല.

Advertisment