/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
തിരുവനന്തപുരം: കോണ്‍ഗ്രസിനെ രക്ഷിക്കാനും ബിജെപിയെ നേരിടാനുമുള്ള ഭാരത് ജോഡോ യാത്ര കേരളത്തിലൂടെയുളള പ്രയാണം പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് കോൺഗ്രസും സി.പി.എമ്മും തമ്മിലുളള രാഷ്ട്രീയ ഏറ്റുമുട്ടലിന് കളമൊരുങ്ങിയിരിക്കുകയാണ്. തുടക്കത്തിലെ യാത്രക്കെതിരെ വാളോങ്ങിയ സിപിഎമ്മിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ജോഡോ യാത്രികരായ കോണ്‍ഗ്രസ് നേതാക്കളൊക്കെ.
കേരളത്തിൽ ബി.ജെ.പിയുമായി സഹകരിച്ചാണ് സി.പി.എം പ്രവർത്തിക്കുന്നതെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രസ്താവനയാണ് ഏറ്റവും ഒടുവില്‍ സി.പി.എം നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
സംഘപരിവാർ ആക്രമണത്തിൽ കഴിഞ്ഞ ആറ് വർഷക്കാലത്തിനിടയിൽ കൊല്ലപ്പെട്ടവരുടെ കണക്ക് നിരത്തിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വേണുഗോപാലിന് മറുപടി നൽകിയത്.
സംഘപരിവാർ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന കേരളത്തിലെ കോൺഗ്രസിന്റെ നിലപാടിനെ തിരുത്തിക്കുന്നതിന് നടപടി എടുക്കുകയാണ് ദേശിയ നേതൃത്വം അടിയന്തിരമായി ചെയ്യേണ്ടതെന്നും ബി.ജെ.പിയുമായി ഒളിഞ്ഞും തെളിഞ്ഞുമുളള ബന്ധം മറച്ചുപിടിക്കാനാണ് ഇപ്പോഴത്തെ ആരോപണമെന്നുമാണ് സിപിഎമ്മിന്റെ കുറ്റപ്പെടുത്തൽ.
ഭാരത് ജോഡോ യാത്ര തുടങ്ങിയ ശേഷം മന്ത്രിമാർ അടക്കമുളള സി.പി.എം നേതാക്കൾ സൈബറിടത്തിലൂടെ യാത്രയ്ക്കെതിരെ പ്രചാരണം തുടങ്ങിയിരുന്നു. ബി.ജെ.പി ദേശിയ നേതൃത്വം യാത്രയ്ക്കെതിരെ നടത്തുന്ന ആക്ഷേപങ്ങൾ ഏറ്റുപിടിച്ചു കൊണ്ടായിരുന്നു സൈബർ ആക്രമണം.
രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയ്ക്ക് ജനങ്ങൾക്കിടയിൽ സ്വാധീനം ഉണ്ടാക്കാനായെന്ന വിലയിരുത്തലാണ് സി.പി.എമ്മിനെ സൈബറിടത്തിൽ പോർമുഖം തുറക്കാൻ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്.
ബി.ജെ.പി വിമർശനം സിപിഎം സൈബർ സഖാക്കളുടെ പോസ്റ്റുകളിൽ പ്രതിഫലിച്ചതോടെയാണ് കെ.സി.വേണുഗോപാൽ കേരളത്തിൽ ബി.ജെ.പി - സി.പി.എം സഹകരണമാണെന്ന് ആരോപിച്ചത്.
ബി.ജെ.പിക്കെതിരെ വിശാലമായ രാഷ്ട്രീയ പ്രതിരോധം ലക്ഷ്യമിട്ടുളള ഭാരത് ജോഡോ യാത്ര മതന്യൂനപക്ഷങ്ങൾക്കിടയിൽ ചലനം ഉണ്ടാക്കുമെന്ന് കൂടി തിരിച്ചറിഞ്ഞാണ് സിപിഎം പൊടുന്നനെ തന്നെ വേണുഗോപാലിന് മറുപടി നൽകാൻ തയ്യാറായത്.
യാത്രയുടെ വിജയം കണ്ട് വിറളിപിടിച്ചാണ് സി.പി.എം എതിർനീക്കങ്ങൾ നടത്തുന്നതെന്നാണ് സി.പി.എം പ്രസ്താവനക്കുളള കെ.സി.വേണുഗോപാലിന്റെ മറുപടി.
മുമ്പ് ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ പ്രസ്താവനയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. കേന്ദ്രത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ കൂട്ടുകെട്ട് അനിവാര്യമാണെന്ന് പറയുന്ന സിപിഎം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത യാത്രയെ സ്വീകരിക്കാനെത്താത്തതിനെപ്പറ്റിയായിരുന്നു അടൂര്‍ വിമര്‍ശിച്ചത്.
അതേസമയം രാഹുല്‍ ഗാന്ധി യാത്രയ്ക്കിടെ മത, സാമുദായിക, സംഘടനാ പ്രതിനിധികളുമായി നടത്തുന്ന സംവാദങ്ങളും ചര്‍ച്ചകളും കൂടിക്കാഴ്ചകളും കേരള രാഷ്ട്രീയത്തില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമോ എന്ന ആശങ്കയും ഇടതുപക്ഷത്തിനുണ്ട്. ഓരോ ജില്ലയിലും ഇത്തരം കൂടിക്കാഴ്ചകള്‍ നടത്തിയാണ് യാത്ര മുന്നേറുന്നത്. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്‍റംഗം എന്ന നിലയില്‍ രാഹുല്‍ കേരള കാര്യങ്ങളിലും ഇവര്‍ക്ക് ചില ഉറപ്പുകള്‍ നല്‍കുന്നുണ്ട്. ഇത് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നുണ്ട്.