/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
തിരുവനന്തപുരം: ബി.ജെ.പി പ്രസിഡന്റ് സ്ഥാനത്ത് കാലാവധി പൂർത്തീകരിക്കാൻ പോകുന്ന കെ.സുരേന്ദ്രന് വീണ്ടും ഒരവസരം കൂടി ലഭിക്കുമോ ? അതോ ദേശിയ നേതൃത്വം പുതിയ മുഖങ്ങളെ തേടുമോ ?
സുരേന്ദ്രന്റെ പ്രവർത്തനത്തിൽ കോർ കമ്മിറ്റി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തി പ്രകടിപ്പിച്ചെന്ന വാർത്തക്ക് പിന്നാലെ ബി.ജെ.പി കേരള ഘടകത്തിൽ ചർച്ച മുറുകുകയാണ്. ഒപ്പം ഗ്രൂപ്പ് കരുനീക്കങ്ങളും.
വി.മുരളീധരന്റെ പിന്തുണയോടെ സംസ്ഥാന അദ്ധ്യക്ഷപദത്തിൽ എത്തിയ സുരേന്ദ്രൻ വീണ്ടുമൊരു ടേമിന് ശ്രമിക്കുമ്പോൾ എം.ടി രമേശിനെ അദ്ധ്യക്ഷ സ്ഥാനത്തെത്തിക്കാനാണ് പി.കെ.കൃഷ്ണദാസ് പക്ഷത്തിന്റെ പരിശ്രമം.
പ്രകാശ് ജാവദേക്കർ സംസ്ഥാനത്തിന്റെ ചുമതലക്കാരാനായി വന്നതോടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പുതിയ മുഖങ്ങൾ വരാനുളള സാധ്യതയും തളളിക്കളയാനാവില്ല.
മാസത്തിൽ ഒരു പ്രാവശ്യം കേരളത്തിൽ എത്തി ഒരാഴ്ച തങ്ങി സംഘടനാ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ജാവദേക്കർ ഗ്രൂപ്പ് വഴക്കിലും തമ്മിലടിയിലും തപ്പിത്തടയുന്ന കേരള ബി.ജെ.പിയെ പുനരുജ്ജീവിപ്പിച്ചേ അടങ്ങു എന്ന ദൃഢനിശ്ചയത്തിലാണ്. അതായത് ഗ്രൂപ്പുകളികള്‍ക്ക് നിന്നു കൊടുക്കാന്‍ ജാവദേക്കറെ കിട്ടില്ലെന്ന് വ്യക്തം.
ബി.ജെ.പി ഭരണഘടന അനുസരിച്ച് 3 വർഷമാണ് സംസ്ഥാന അദ്ധ്യക്ഷന്റെ കാലവധി. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ച കെ.സുരേന്ദ്രൻ ഡിസംബറിൽ 3 വർഷം പൂർത്തിയാക്കും. ഇതാണ് പുതിയ സംസ്ഥാന അദ്ധ്യക്ഷനെ പറ്റിയുളള ചർച്ച സജീവമാകാൻ കാരണം.
കാലവധി പൂർത്തിയാക്കുക ആണെങ്കിലും അധ്യക്ഷ പദവിയിൽ കെ.സുരേന്ദ്രന് ഒരു ടേം കൂടി നൽകുന്നതിന് സാങ്കേതിക തടസങ്ങളില്ല. എന്നാൽ പാർട്ടിക്ക് ഉണ്ടായിരുന്ന ഏക അസംബ്ളി സീറ്റും നഷ്ടപ്പെടുത്തിയ സാഹചര്യത്തിലും കൊടകര കുഴൽപ്പണക്കേസും മഞ്ചേശ്വരം സുന്ദരക്കേസും പോലുളള വിവാദങ്ങളുടെ പശ്ചാത്തലത്തിലും ഇനി അവസരം നൽകിയേക്കില്ലെന്നാണ് പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗം പറയുന്നത്.
വിദേശകാര്യ സഹമന്ത്രിയും മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ വി.മുരളീധരന് ദേശിയ നേതൃത്വത്തിലുളള വലിയ സ്വാധീനമാണ് സുരേന്ദ്രന്റെ അനുകൂല ഘടകം.
എന്നാൽ സീറ്റ് നഷ്ടവും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ വിവാദങ്ങളിലെ നായകനെന്ന മോശം പ്രതിഛായയുമുളള സുരേന്ദ്രനെ വീണ്ടും വാഴിക്കാൻ അമിത് ഷായും ജെ.പി.നഡ്ഡയും ഉൾപ്പെടുന്ന നേതൃത്വം തയാറാകുമോ എന്നതാണ് ചോദ്യം. സംസ്ഥാനത്തെ ആർ.എസ്.എസ് നേതൃത്വത്തിന്റെ അഭിപ്രായവും ഇക്കാര്യത്തിൽ നിർണായകമാകും.
കെ.സുരേന്ദ്രനെ മാറ്റിയാൽ പകരം ആര് എന്ന ചോദ്യവും നേതൃത്വത്തെ അലട്ടുന്നുണ്ട്. എം.ടി.രമേശാണ് പിന്നെ അദ്ധ്യക്ഷ പദവിയിൽ എത്താൻ സാധ്യതയുളള നേതാവ്. ബി.ജെ.പിയിലെ ഗ്രൂപ്പ് സമവാക്യത്തിൽ പി.കെ. കൃഷ്ണദാസ് പക്ഷത്താണ് രമേശ്.
അതുകൊണ്ട് തന്നെ മുരളീധര പക്ഷത്തിന്റെ പിന്തുണ ലഭിക്കാനിടയില്ല. പാർട്ടിയുടെ സംഘടനാ തലങ്ങളിൽ വലിയ സ്വാധീനമില്ല എന്നതും എം.ടി.രമേശിന് പ്രതികൂലമാണ്.
എങ്കിലും അനുയോജ്യരായ മറ്റ് നേതാക്കളില്ലാത്തതിനാൽ രമേശിന് നറുക്ക് വീണേക്കാമെന്നാണ് അദ്ദേഹത്തോടൊപ്പമുളളവരുടെ പ്രതീക്ഷ. സംസ്ഥാന നേതൃത്വത്തിലെ തമ്മിലടി കണക്കിലെടുത്ത് ദേശിയ നേതൃത്വം കുമ്മനം മോഡലില്‍ പുതുമുഖങ്ങളെ അദ്ധ്യക്ഷനാക്കുമെന്ന് കരുതുന്നവരുമുണ്ട്.
മുൻ രാജ്യസഭ എം.പിയും നടനുമായ സുരേഷ് ഗോപി, ദേശിയ ജനറൽ സെക്രട്ടറിമാരിൽ ഒരാളുമായ അരവിന്ദ് മേനോൻ എന്നിവരുടെ പേരുകളാണ് പ്രചാരത്തിലുളളത്.
ടി.ജി.മോഹൻദാസിനെ പോലുളള ആർ.എസ്.എസ് ബന്ധമുളള നേതാക്കളെ അദ്ധ്യക്ഷനാക്കണമെന്ന് ആവശ്യമുണ്ടായിരുന്നെങ്കിലും നേതൃത്വത്തിന് എതിരായ പരസ്യ വിമർശനങ്ങളുടെ പേരിൽ അദ്ദേഹം ഇപ്പോൾ നേതൃത്വത്തിന് അനഭിമതനാണ്.