റായ്‌പൂരിലെ പ്ലീനറി സമ്മേളനത്തെ ജീവന്‍ ടോണാക്കി പ്രതിപക്ഷം ! കരിങ്കൊടിയും കറുപ്പും വിജയനെ വിരട്ടാന്‍ പാകമായതല്ലെന്ന് മുഖ്യന്‍ ! വിജയനേത് ജനറേഷനാണെങ്കിലും തങ്ങള്‍ക്ക് പുല്ലാണെന്ന് സതീശന്‍ ! താടിയും കോട്ടും ഹിന്ദിയുമില്ലെന്നൊഴിച്ചാല്‍ മോദിയും പിണറായിയുമൊന്നെന്ന് ഷാഫി. മോദി ഭരണത്തിന്‍റെ മലയാള പരിഭാഷയാണ് പിണറായി ഭരണമെന്ന് കറുപ്പണിഞ്ഞ ഷാഫി പരിഹസിക്കുമ്പോള്‍ പോര്‍വിളിയുമായി ചിത്തരഞ്ജന്‍ നയിക്കുന്ന ഷൗട്ടിംങ്ങ് ബ്രിഗേഡ്. നിയമസഭയിലെ ആദ്യദിനമിങ്ങനെ

author-image
nidheesh kumar
New Update

publive-image

Advertisment

തിരുവനന്തപുരം:സേനാ വിന്യാസത്തിൽ പലതരം ബ്രിഗേഡുകളെ കുറിച്ച് കേട്ടിട്ടുണ്ട് ; പക്ഷേ ഒപ്പച്ചാ‍ടുണ്ടാക്കി ആളെ തുരത്തുന്ന ഷൗട്ടിങ്ങ് ബ്രിഗേഡ് ഉണ്ടെന്നത് ഇതിയ പുതിയ അറിവായിരുന്നു. ഷൗട്ടിങ്ങ് ബ്രിഗേഡ് വേറെ എവിടെയുമല്ല, നമ്മുടെ നിയമസഭയിലെ ഭരണപക്ഷ ബഞ്ചിലാണ് ഇങ്ങനെയൊരു അതിശക്തമായ ബ്രിഗേഡുളളത്.

തൊണ്ട കരുത്തുളള പി.പി. ചിത്തരഞ്ജനെപ്പോലെയുളള എം.എൽ.എമാർ അണിനിരക്കുന്ന ഷാൗട്ടിങ്ങ് ബ്രിഗേഡ് കേരളാ മോഡൽ ഐറ്റമായതിനാൽ കെ-ബ്രിഗേഡ് എന്നാണ് ഇനിമേലിൽ അറിയപ്പെടുക.

ചാവേർ സ്ക്വാഡും ഷൗട്ടിങ്ങ് ബ്രിഗേഡും ഏറ്റുമുട്ടിയപ്പോൾ സഭ സ്തംഭിച്ചതായിരുന്നു ഫലം. ഇതാണ് സഭാ സമ്മേളനത്തിന് ഇടവേള കൊടുക്കാൻ പാടില്ലെന്ന് പഴമക്കാർ പറയുന്നത്.

മത്സരത്തിനിടയ്ക്ക് അൽപ്പം ഇടവേള നൽകുന്നത്, മത്സരാർത്ഥികൾ ക്ഷീണമെല്ലാം അകറ്റി വീണ്ടും ഊർജസ്വലരായി വരാനാണ്. ഇത് കായികയിനങ്ങൾക്ക് മാത്രമല്ല രാഷ്ട്രീയ മുന്നണികൾക്കും ബാധകമാണ്. ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം പുനരാരംഭിച്ചപ്പോൾ ഭരണ-പ്രതിപക്ഷ കക്ഷികളും നല്ല ഊർജത്തിലായിരുന്നു.


റായ് പൂരിലെ പ്ളീനറി സമ്മേളനമാണ് പ്രതിപക്ഷത്തിന് ജീവൻടോൺ ആയതെങ്കിൽ പാർട്ടി സെക്ര‌ട്ടറിയുടെ ജാഥയാണ് ഭരണപക്ഷത്തെ ഉത്സാഹഭരിതരാക്കിയത്. ബജറ്റിലെ നികുതി വർദ്ധനവിനെതിരായ സമരത്തിൽ എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന ലാത്തിചാർജ് അടിയന്തിര പ്രമേയ നോട്ടിസിന് വിഷയമാക്കിയപ്പോഴെ ഇന്നത്തെ സഭാ സമ്മേളനത്തിൻെറ തലക്കുറി വ്യക്തമായിരുന്നു.


സർക്കാരിനെ വിമർശിക്കുന്ന പ്ളക്കാർഡുകളുമായി ചോദ്യോത്തരവേളയിൽ സമയം പോക്കിയ പ്രതിപക്ഷം ശൂന്യവേളയിലെ വലിയ യുദ്ധത്തിനുളള തയാറെടുപ്പിലായിരുന്നു. പ്രതീക്ഷ തെറ്റിയില്ല,അടിയന്തിര പ്രമേയ നോട്ടീസ് പരിഗണനക്കെടുത്ത ശൂന്യവേള പ്രക്ഷുബ്ധമായി.

അഭ്യന്തര വകുപ്പ് സമാധാനം പറയേണ്ട വിഷയമായതിനാൽ സാക്ഷാൽ മുഖ്യമന്ത്രി തന്നെ മറുപടി പറയാനെഴുന്നേറ്റപ്പോൾ ഒന്നുറപ്പിച്ചു, അരങ്ങ് കൊഴുക്കും ! പാണ്ടിമേളത്തിന് കാലം നിരത്തുന്നത് പോലെ പതികാലത്തിലായിരുന്നു മുഖ്യൻ തുടങ്ങിയത്. പ്രതിപക്ഷത്തിൻെറ സമരരീതിയാണ് പോലീസ് നടപടിക്ക് വഴിവെക്കുന്നതെന്ന് സമർത്ഥിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യത്തെ മറുപടി.


അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ഷാഫി വിഷയത്തിന് പറ്റിയ കറുപ്പ് വേഷത്തിലായിരുന്നു വരവ്. വേഷം കെട്ടുകൂടിയാണ് നവീനകാല രാഷ്ട്രീയമെന്ന് ഷാഫിക്ക് നന്നായി അറിയാം. എന്തായാലും കറുപ്പിൽ മാത്യു കുഴൽനാടനെ കൂടി കൂട്ടുകിട്ടിയതിനാൽ വേഷത്തിൽ വെറും ഒറ്റയാനായില്ല.


പാർട്ടി സെക്രട്ടറി ആയിരുന്ന കാലത്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കരിങ്കൊടി സമരത്തെക്കുറിച്ച് അരുളിച്ചെയ്ത നിരീക്ഷണങ്ങൾ വായിച്ചു കൊണ്ടായിരുന്നു ഷാഫി തുടങ്ങി‌യത്. ഉപന്യാസമത്സരത്തിൽ മഹാന്മാരുടെ ഉദ്ധരണികൾക്ക് നല്ല മാർക്ക് കിട്ടുന്നത് മനസിലാക്കിയാണ് ഷാഫി പറമ്പിൽ ചരിത്രതാളിൽ നിന്ന് മുഖ്യമന്ത്രിയു‌ടെ പഴയ പ്രസംഗം പൊക്കി സഭാതലത്തിലിട്ടത്.

"കരിങ്കൊടി കാണിക്കാൻ വന്നവരുടെ കൈയിൽ മുഖ്യമന്ത്രിക്ക് നേരെ വീശാനുളള കറുത്ത തുണി മാത്രമേയുളളു, ആ തുണിക്ക് പകരം തൻെറ ഷർട്ട് ഊരി വീശിയെന്നാണ് പറയുന്നത്, അത് ക്രിമിനൽ കുറ്റമാണോ, കരിങ്കൊടി ഇനിയും കാട്ടും കേട്ടോ" ഇതായിരുന്നു ഷാഫി എടുത്തിട്ട് അലക്കിയ ഉദ്ധരണി.

അന്ന് കരിങ്കൊടി പ്രതിഷേധത്തെ ജനാധിപത്യ സമരമെന്ന് വിശേഷിപ്പിച്ച ആളുകൾക്ക് അതൊന്നും ഓർമ്മയില്ലെങ്കിലും കേരളത്തിന് ഓർമ്മയുണ്ടെന്ന് മറക്കരുതെന്ന് ഓർമ്മിപ്പിച്ച ഷാഫി മർമ്മത്ത് തന്നെ കുത്തി. സമരങ്ങളെയെല്ലാം തളളിപ്പറയുമ്പോൾ ഭരണപക്ഷത്തെ യുവജന നേതാക്കൾക്ക് അൽപ്പം ആത്മനിന്ദ വേണമെന്നുകൂടി പറഞ്ഞ ഷാഫി ട്രഷറി ബഞ്ചിലെ ഡിഫിക്കാരെയും വെറുതെ വിട്ടില്ല.

സമരത്തെ അസഹിഷ്ണുതയോടെ കാണുന്ന മോദി സർക്കാരിൽ നിന്ന് കേൾക്കുന്ന വാക്കുകളുടെ തനിയാവർത്തനമാണ് കെറെയിൽ വിരുദ്ധ സമരത്തിനെതിരെയും നികുതി വർദ്ധനവിന് എതിരായ സമരത്തിനെതിരെയും ഇവിടെ കേൾക്കുന്നത്.


നരേന്ദ്രമോദി ഭരണത്തിൻെറ മലയാള പരിഭാഷയാണ് കേരളത്തിലെ പിണറായി സർക്കാരിൽ നിന്ന് ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഷാഫി പറമ്പിൽ കത്തിക്കയറി. താടിയില്ലെന്നതും കോട്ടില്ലെന്നതും ഹിന്ദി പറയില്ലെന്നതും മാത്രമാണ് മോദിയും പിണറായിയും തമ്മിലുളള വ്യത്യാസമെന്നായിരുന്നു ഷാഫയുടെ കണ്ടുപിടിത്തം.


ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന് പറയുന്നത് വെറുതെയല്ലെന്ന് വ്യക്തമായി. എല്ലാ നികുതിയും വർദ്ധിപ്പിച്ചിട്ട് പിന്നെ സമരം ചെയ്യരുതെന്ന് പറയുന്നത് കേൾക്കാൻ ഞങ്ങൾ അടിമകളല്ല. പുന്നപ്ര-വയലാർ, കരിവെളളൂർ, കാവുമ്പായി സമരങ്ങളുടെ പാരമ്പര്യം പറയുന്നവരാണ് ഇങ്ങനെ ചെയ്യുന്നതെന്നുകൂടി ചൂണ്ടിക്കാട്ടിയ ഷാഫി വിടില്ല ഞാൻ എന്ന മട്ടിലായി.

എല്ലാം ക്ഷമയോടെ കേട്ടിരുന്ന മുഖ്യമന്ത്രി മറുപടിയിൽ അത്ര ക്ഷമകാട്ടിയില്ല. സമരം പാടില്ലെന്ന് ആരോ തീരുമാനിച്ചു എന്ന മട്ടിലാണ് പ്രമേയവതാരകൻ സംസാരിച്ചതെന്ന് പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി തനിക്ക് കറുപ്പ് വിരോധമാണെന്ന ആക്ഷേപത്തെയും തളളിക്കളഞ്ഞു.

കറുപ്പ് വിരോധമെന്ന പ്രചാരണത്തിന് മുഖ്യമന്ത്രി പഴിചാരിയത് മാധ്യമങ്ങളെയാണ്. കേരളത്തിലെ ചില മാധ്യമങ്ങൾക്ക് സർക്കാരിനെ എങ്ങെനെയും താറടിക്കണമെന്ന വിചാരമാണന്ന കണ്ടെത്തലും അവതരിപ്പിച്ച മുഖ്യമന്ത്രി കണ്ടുപിടിത്തുത്തത്തിൽ ഷാഫി പറമ്പിലിന് പിന്നിലല്ലെന്ന് തെളിയിച്ചു.

കോൺഗ്രസ് സർക്കാരുകൾ സമരത്തെ നേരിട്ട അനുഭവം വിവരിക്കാൻ കൂത്ത്പറമ്പ് വെടിവെയ്പിനെയും ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെയും പരാമർശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.ഒന്നോ രണ്ടോ ആളുകളെ വെച്ച് കരിങ്കൊടി കാണിക്കുന്നത് മാധ്യമങ്ങൾക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സുരക്ഷ തീരുമാനിക്കുന്നത് താനല്ല പോലിസാണ്, തൻെറ ദൗർബല്യമായി കാണേണ്ട, പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് കോൺഗ്രസ് സർക്കാർ നിർദ്ദേശിച്ച സുരക്ഷ വേണ്ടെന്ന് വെച്ചയാളാണ്, മുഖ്യമന്ത്രി വീട്ടിലിരിക്കേണ്ടി വരുമെന്ന പ്രസ്താവനക്ക് പഴയ വിജയനായിരുന്നെങ്കിൽ മറുപടി പറഞ്ഞേനെ, എതിരാളികൾ എല്ലാ സന്നാഹങ്ങളുമായി നടന്ന കാലത്ത് ഒറ്റയ്ക്ക് ഇറങ്ങി നടന്നി‌ട്ടുണ്ട്, അക്കര്യം കെ.സുധാകരനോട് ചോദിച്ചാൽ എന്നിങ്ങനെ താൻപോരിമ വെളിവാക്കുന്ന പ്രതികരണങ്ങളുമായി മുഖ്യമന്ത്രി ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലും റീൽസ് ഉണ്ടാക്കാനുളള നിസ്തുലമായ സംഭാവനകൾ നൽകി കേമനായി.

പ്ലീനറി സമ്മേളനത്തിൻെറ തീരുമാനം ഉൾക്കൊണ്ട് നന്നാവണം എന്ന ഉപദേശം നൽകിക്കൊണ്ട് മുഖ്യമന്ത്രി സ്വയം രാഷ്ട്രീയ തറവാട്ടിലെ കാരണവരായി. അപ്പുറത്തും ഇപ്പുറത്തും നിന്നുളള വാഗ് യുദ്ധം ആചാരം പോലെ നടന്നാൽ കഥ തീരില്ല. കഥ അവസാരനിപ്പിക്കാൻ ക്ളൈമാക്സ് കൂടിയേ തീരു.ആ ദൗത്യമാണ് പ്രതിപക്ഷ നേതാവ് ഏറ്റെടുത്തത്.

സത്യാഗ്രഹ സമരം മാത്രമേ അറിയുളളു എന്ന് പറഞ്ഞവർ ഇപ്പോൾ ചാവേർ സംഘങ്ങൾ എന്നു പറയുന്നതില് പറയുന്നതിൽ വി.ഡി.സതീശൻ കൃതാർത്ഥനായി. വീട്ടിലിരിക്കണമെന്ന് പറഞ്ഞതിൽ മുഖ്യമന്ത്രിക്ക് തിരുവുളളക്കേട് തോന്നാതിരിക്കാൻ വിശദീകരണം നൽകിയ സതീശൻ പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ലെന്നും പ്രഖ്യാപിച്ചു.

കമ്മി റീൽസിന് മറുപടി നൽകാൻ കൊങ്ങി റീൽസ് കൊണ്ട് മറുപടി.നേതാക്കൾ ഇങ്ങനെ ന്യൂജെൻ ഡിജിറ്റൽ പ്രവീണരായി മാറിയാൽ അണികൾ ലൈക്കടിച്ച് മരിക്കത്തേയുളളു.സതീശനെ ഇങ്ങനെ വിട്ടാൽ കുറെ റീൽസിന് മറുപടി നൽകേണ്ടിവരുമെന്ന് മനസിലാക്കിയ ഭരണപക്ഷ ബഞ്ചിൽ ഇളക്കം തുടങ്ങി. ബഹളത്തിനിടക്ക് പ്രതിപക്ഷ നേതാവിൻെറ സംസാരം മുക്കുന്നതായിരുന്നു തന്ത്രം.

ഭരണപക്ഷ ബഞ്ചിൻെറ വീര്യമടക്കാൻ സ്പീക്കർ എ.എൻ. ഷംസീറിന് പോലുമായില്ല. പ്രതിപക്ഷം പരാതിപ്പെട്ടപ്പോൾ കേൾക്കേണ്ടേ നമ്മളെന്ത് ചെയ്യാനായി എന്ന് ഷംസീർ നിസ്സഹയനായി. ഷൗട്ടിങ്ങ് ബ്രിഗേഡ് ഉണ്ടാക്കി പ്രതിപക്ഷത്തെ നേരിടുന്നുവെന്ന ആരോപണം വന്നതോടെ സഭ പ്രക്ഷുബ്ധമായി. ഭരണ-പ്രതിപക്ഷ പോർവിളി കനത്തതോടെ സഭ നിർത്തിവെച്ചു. വീണ്ടും ചേർന്നപ്പോഴും മാറ്റമൊന്നുമുണ്ടായില്ല. പിന്നെ പതിവുപോലെ അടിച്ചു പിരിഞ്ഞു.

Advertisment