സിനിമയിലേയ്ക്ക് 'ഈശോയെ' വലിച്ചിഴച്ചത് നാദിര്‍ഷായുടെ ബുദ്ധിയോ ജയസൂര്യയുടെ തന്ത്രമോ ? രണ്ടിലേതായാലും സിനിമ ഹിറ്റാകും ! ഈ കെട്ട കാലത്ത് ലാഭം ഉണ്ടാക്കരുതെന്ന് പറയുന്നില്ല, പക്ഷേ മനുഷ്യന്‍റെ മനസമാധാനം തകര്‍ക്കരുത് - ദാസനും വിജയനും എഴുതുന്നു

New Update

publive-image

ആദ്യം തന്നെ കാര്യം പറയാം, ''ഈശോ - നോട്ട് ഫ്രം ദി ബൈബിൾ '' എന്ന പേരിട്ടത് ശരിയായില്ല എന്ന് തന്നെയാണ് അഭിപ്രായം. എങ്കിലും കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യൻ സിനിമയിൽ ഇങ്ങനെയുള്ള ഏർപ്പാടുകൾ കുറേനാളുകളായി നാം കണ്ടുവരുന്നു .

Advertisment

ഒരു വിവാദം ഉണ്ടാക്കി നാല് കാശുണ്ടാക്കാനുള്ള ചെപ്പടി വിദ്യ പലരും പരീക്ഷിച്ചു വിജയിച്ചത് നമുക്ക് അനുഭവങ്ങളാണ്.

നാദിർഷ എന്ന ഇസ്ലാം നാമധാരിയും ജയസൂര്യ എന്ന ഹിന്ദു നാമധാരിയും ഈശോ എന്ന പേരിൽ സിനിമയെടുക്കുമ്പോള്‍ ക്രിസ്തീയ മത സംഘടനകൾ ഒച്ചപ്പാടുണ്ടാക്കിയതിൽ അത്‌ഭുത പെടാനൊന്നുമില്ല .

അഥവാ ഉണ്ടാക്കിയ ഒച്ചപ്പാട് ഇച്ചിരി കുറഞ്ഞു എന്ന് വേണം കരുതുവാൻ . ''അശ്വത്ഥാമാവ് ഹതായ ''എന്ന് ശ്രീകൃഷ്ണൻ ഉണ്ടാക്കിയ സൂത്രത്തിൽ അകപ്പെട്ടുപോകുന്ന ദ്രോണാചാര്യരെ പോലെ കേരളത്തിലെ ആളുകൾ വിചാരിക്കുന്നത് ഈശോ -ബൈബിളിൽ നിന്നല്ല , അപ്പോൾ പിന്നെ വേറെ എവിടെ നിന്നോ ആകണം എന്നാണ് .

1986 അവസാനത്തിൽ പിജെ ആന്റണി സംവിധാനം ചെയ്ത ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം കേരളത്തിന്റെ സകലമാന ഇടവകകളെയും രൂപതകളെയും ചൊടിപ്പിച്ചു .

നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളം മുഴുവൻ പ്രക്ഷോഭങ്ങളിൽ മുഴുകിയപ്പോൾ അന്നത്തെ യുവജന സംഘടനയായ ഡിവൈഎഫ്ഐയും ഇടതിന്റെ വക്താക്കളായ ശാസ്ത്ര സാഹിത്യ പരിഷത്തും സകലമാന ഇടതുപക്ഷ ബുദ്ധിജീവികളും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടി .

ക്രിസ്തീയ സംഘടനകളുടെ എതിർപ്പ് അക്രമാസക്തമാകുന്നത് കണ്ടപ്പോൾ അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ നാടകം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി .

നിരോധനം ക്രിസ്ത്യാനികൾക്ക് ആശ്വാസമായെങ്കിലും ഇടതുപക്ഷ ബുദ്ധിജീവികൾക്ക് അതൊരു വലിയ ആവിഷ്‌കാരപ്രശ്‌നമായി മാറുകയും അവരുടെ വക പന്തം കൊളുത്തി പ്രകടനങ്ങൾകൊണ്ട് കേരളത്തിൽ ശ്വാസം മുട്ടുകയും ചെയ്തു .

അവരുടെ നിര്‍ഭാഗ്യമെന്ന് പറയട്ടെ 1987 നിയമസഭാ തിരഞ്ഞെടുപ്പിൽ കരുണാകരനെ തോൽപ്പിച്ചുകൊണ്ട് നായനാർ മുഖ്യമന്ത്രി ആയപ്പോൾ ആദ്യത്തെ പ്രശ്നം ഈ നാടകം തന്നെയായിരുന്നു . അപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ബഹളം വെച്ച നായനാർക്കും ആ നാടകം നിരോധിക്കേണ്ടി വന്നു .

അപ്പോൾ അങ്ങനെയുള്ള സിനിമകളും നാടകങ്ങളും നോവലുകളും ഇറങ്ങുമ്പോള്‍ മത സംഘടനകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോള്‍ അതിനെതിരെ ബഹളമുണ്ടാക്കുന്ന പുരോഗമനവാദികളും ഇടത്‌ സംഘടനകളും വരെ മൗനം പാലിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായാണ് തസ്ലീമ നസ്രീന്റെയും സാത്താന്റെ വചനങ്ങളിലൂടെ സൽമാൻ റഷ്ദിയുടെയും അനുഭവങ്ങളിൽ നാം മനസ്സിലാക്കുന്നത് .

പലരും ഒച്ചവെക്കുമെങ്കിലും അവസാനം മുട്ടുമടക്കുന്നു . ഡെന്മാർക്ക് എന്ന ഒരു രാജ്യം വരെ ഇവർക്ക് മുന്നിൽ മുട്ടുമടക്കിയത് അനുഭവം .

അതിപ്പോൾ അമേരിക്കൻ ഭരണകൂടത്തിനെതിരെ ഒരു സിനിമയോ നോവലോ ഇറക്കിയാൽ , ചൈനീസ് ഭരണകൂടത്തിനെതിരെ ആരെങ്കിലും പ്രതികരിച്ചാൽ , റഷ്യയായാലും സൗദി ആയാലും ആരും വെറുതെ ഇരിക്കുമെന്ന് കരുതണ്ട. ഓരോരുത്തരും അവരവരുടെ തിണ്ണ മിടുക്ക് കാണിച്ചെന്നുവരാം .

'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമ ഒരു ഷോമാത്രം കളിച്ച അല്ലെങ്കിൽ കളിപ്പിച്ച ഈ നാട്ടിൽ , 'ഏകലവ്യൻ' സിനിമക്ക് സ്ക്രീനിലേക്ക് കല്ലെറിഞ്ഞ ഈ നാട്ടിൽ , 'ടിപി 51' എന്ന സിനിമ വെളിച്ചം കാണാത്ത ഈ നാട്ടിൽ പരമാവധി പ്രതികരണശേഷി ഒളിപ്പിച്ചു വെക്കുന്നതാകും ആരോഗ്യത്തിന് നല്ലത് .

മാവോവാദികളെ വെളുപ്പിക്കാൻ ശ്രമിക്കുകയും ഉന്നതങ്ങളിലെ പിടിപാടുള്ളവരുടെ ചെയ്തികളെ തുറന്നുകാട്ടുകയും ചെയ്ത അയ്യപ്പനും കോശിയുടെ സംവിധായകൻ , പാർട്ടി സെക്രട്ടറിയെ പിന്നിൽ നിന്നും കുത്തിയത് തുറന്നുകാട്ടിയ രാമലീലയുടെ കഥാകൃത്ത് , സ്വർണ്ണ-ഡോളർ-മയക്കുമരുന്നിനെതിരെ സിനിമയെടുക്കാൻ ശ്രമിച്ചപ്പോൾ ഓക്സിജൻ ഇല്ലാത്ത ആംബുലൻസിൽ കയറ്റി ജീവൻ ഇല്ലാതാകുന്നതിന് സാക്ഷ്യം വഹിച്ച മണ്ണാണ് നമ്മുടേത് .

ലവ് ജിഹാദിനെതിരെ സിനിമയെടുത്ത സംവിധായകനെ ഇല്ലാതാക്കിയ മണ്ണാണ് ഇത് .

ആയതിനാൽ എന്തിനീ കളികൾ . വേറെ എന്തൊക്കെ പേരുകൾ ഉണ്ട് ഒരു സിനിമക്കിടുവാൻ , ഒരു കാരണം കിട്ടുവാൻ കാത്തുനിൽക്കുന്ന ഒട്ടനവധി മനസ്സുകൾ ഇന്നിപ്പോൾ കേരളത്തിൽ കാണപ്പെടുമ്പോള്‍ എന്തിനാണ് മറ്റുള്ളവരുടെ മനസ്സമാധാനം കളയുന്നത് എന്നത് ചിന്തിക്കുക .

വിവാദങ്ങളിൽ പണം സമ്പാദിച്ചോളൂ , മനസമാധാനം തകർക്കരുത് എന്ന് മാത്രം പറയട്ടെ 

ഇങ്ങനെപോയാൽ നാട് വിടുവാൻ തയാറായി ദാസനുംവേതാളത്തെ തോളിലേറ്റിക്കൊണ്ട് വിജയനും

dasanum vijayanum
Advertisment