ദാസനും വിജയനും

മമ്മൂട്ടിക്ക് തമാശ പറയാനും ചില ചിട്ടകളൊക്കെയുണ്ട്. മസിൽ പിടിച്ചു ചായക്കടയിലെ സമോവർ പോലെയാകുന്നതും പെട്ടെന്നു കരച്ചിൽ വരുന്നതുമായ ചില സന്ദര്‍ഭങ്ങള്‍ വേറെയാണ് ! അതെങ്ങാനും നമ്മൾ ശ്രദ്ധിക്കുന്നു എന്നറിഞ്ഞാൽ പുളിച്ച തെറിയും വരും – പറയാന്‍ മടിക്കുന്ന പ്രായത്തിലും മമ്മൂട്ടി വ്യത്യസ്തനാകുന്നത് ഇങ്ങനെയൊക്കെ – ദാസനും വിജയനും കണ്ടറിഞ്ഞ മമ്മൂട്ടി…

ദാസനും വിജയനും
Tuesday, September 7, 2021

മമ്മുട്ടിയെ കുറിച്ച് എന്തെഴുതാൻ ? അദ്ദേഹത്തിന്റെ വയസ്സ് ഇപ്പോൾ ഇവിടെ പ്രതിപാദിക്കുവാൻ മനസ്സ് സമ്മതിക്കുന്നില്ലെന്നതാണ് വസ്തുത ! അദ്ദേഹം മലയാളിക്ക് പഠനവിഷയമാക്കേണ്ട ഒരു പ്രതിഭ എന്നൊക്കെ പറഞ്ഞാൽ , അതിനപ്പുറമാണ് മലയാളി മനസ്സിലാക്കാത്ത മമ്മുട്ടി .

മലയാള ഭാഷയെ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്ന ഒരു കലാകാരനാണ് സിനിമയിൽ വന്നുപെട്ടത് എന്നോര്‍ക്കുമ്പോഴാണ് ലേശം വിഷമം . മലയാള ഭാഷയിൽ അദ്ദേഹത്തിന്റെ പ്രാവീണ്യം അദ്ദേഹത്തെ അടുത്തറിയാവുന്നവർക്കേ മനസ്സിലാകൂ .

കൂട്ടുകാര്‍ക്കിടയിലെ തമാശക്കാരന്‍  

മമ്മുട്ടി തമാശ പറയുവാൻ തുടങ്ങിയാൽ ഒരോരോ വാക്കിലും വരിയിലും ഒട്ടനവധി അർത്ഥങ്ങളും കളിയാക്കലുകളും ഒളിഞ്ഞുകിടക്കും. അങ്ങനെ എല്ലായിടത്തും എല്ലാവരുടെ അടുത്തൊന്നും മമ്മുട്ടിയുടെ തമാശകൾ വരണമെന്നില്ല .

എത്ര വലിയ അടുപ്പമുള്ള ചങ്ങാതിമാരോടൊപ്പം ആണെങ്കിലും അതിലൊരാളെ മമ്മുട്ടിക്ക് ബോധിച്ചില്ലെങ്കിൽ പിന്നെ അദ്ദേഹം മസിൽ പിടുത്തം ആരംഭിക്കും. പിന്നെ ചായക്കടയിലെ സമോവർ പോലെയാകും അദ്ദേഹത്തിന്റെ ഇരുപ്പ് .

ഏറെ നാളുകൾക്ക് ശേഷം ഒരു ചങ്ങാതിയെയോ പരിചയക്കാരനെയോ കണ്ടാൽ പിന്നെ ആദ്യം എന്താണ് അദ്ദേഹത്തിന്റെ വായിൽ നിന്നും വരുന്നത് എന്നത് ആർക്കും ഊഹിക്കാൻ ആവില്ല. എങ്കിലും അതൊരു തമാശ ആയിരുന്നുവെന്ന് പിന്നീടാണ് കൂടെയുള്ളവർക്ക് മനസ്സിലാവുക.

സങ്കടങ്ങളില്‍ സഹായി 

പഴയ കൂട്ടുകാരെയും സിനിമക്കാരെയും ഫോണിൽ വിളിച്ചു ക്ഷേമം അന്വേഷിക്കുവാനും സമയം കണ്ടെത്തുന്ന അദ്ദേഹം ആരോരും അറിയാതെ പലരെയും സഹായിച്ചു വരുന്നുണ്ട് എന്നത് പുണ്യമായി തന്നെ കരുതണം.

ശരിക്കും ഒരു മൂത്ത ജേഷ്ഠന്റെ റോളിൽ അദ്ദേഹം വളരെയധികം അലിഞ്ഞു ചേർന്നിരിക്കുന്നു . സങ്കടങ്ങളും ദുഖങ്ങളും മറ്റുള്ളവരെക്കാൾ കൂടുതലാണ് അദ്ദേഹത്തിന് എന്നത് ആരും ശ്രദ്ധിക്കപെടാത്ത ചില സത്യാവസ്ഥകളാണ് .

 ചിലപ്പോളയാള്‍ കരയുന്ന ചങ്ങാതി  ?

പെട്ടെന്നു കരച്ചിൽ വരുന്ന അദ്ദേഹത്തിന് സങ്കടം പിടിച്ചുനിർത്തുവാൻ ആകാറില്ല . രണ്ടുമൂന്നു നാളുകൾ ഇടപഴകിയതിനു ശേഷം ഒരാളെ യാത്രയയക്കുമ്പോള്‍ മമ്മൂട്ടിയുടെ കണ്ണുകൾ ഈറനണിയുന്നതും പതിവത്രെ .

അതെങ്ങാനും നമ്മൾ ശ്രദ്ധിക്കുന്നു എന്നറിഞ്ഞാൽ പുളിച്ച തെറിയും പാസാക്കുവാൻ ആ മഹാമനസ്സിന് മടിയില്ല.

കൂടെ നടക്കുന്നവർ രക്ഷപ്പെട്ടു കാണണമെന്ന് ഏറെ ആഗ്രഹിക്കുന്ന അദ്ദേഹം അതിന്നായി ചില നമ്പറുകളും ഇറക്കാറുണ്ട് . മറ്റുള്ള മുതലാളിമാരുടെ മുന്നിൽ വെച്ചൊക്കെ വളരെ നല്ല രീതിയിൽ പൊക്കി പറയുന്ന ഒരു രീതിയാണ് അദ്ദേഹം അനുവർത്തിക്കാറുള്ളത് .

സൗഹൃദമാണ് ബലം

അങ്ങനെയെങ്കിലും ചില സഹായങ്ങൾ കിട്ടിക്കോട്ടെ എന്ന് കരുതിയാണ് അദ്ദേഹം കൂടെയുള്ളവർക്ക് സഹായമായി പ്രവർത്തിക്കാറുള്ളത് . എങ്കിലും കൂടെ നടക്കുന്ന എല്ലാവരെയും മനസ്സിലാക്കുവാനുള്ള ഒരു കഴിവ് അദ്ദേഹത്തിന് ഇല്ല എന്ന് വേണം കരുതുവാൻ . അല്ലെങ്കിൽ എല്ലാം അറിഞ്ഞിട്ടും അദ്ദേഹം കണ്ണടക്കുന്നതാകാം .

എന്ത് കാര്യങ്ങളിലും ഒരു ബ്രാൻഡിങ് ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് അറിയാത്ത ബ്രാൻഡുകൾ ലോകത്ത് ഉണ്ടാകുമെന്ന് കരുതുന്നില്ല .

നാൻഡോസ് ചിക്കൻ ദുബായിൽ വരുന്നതിനു മുന്‍പേ കൊച്ചിയിൽ എത്തിക്കുവാൻ ശ്രമിച്ചിരുന്നു. അതുപോലെ വാച്ചുകളെ കുറിച്ചും പെർഫ്യൂമുകളെ കുറിച്ചുമൊന്നും വീണ്ടും വീണ്ടും എഴുതി ബോറാക്കുന്നില്ല .

എത്ര വലിയ കോടീശ്വരന്മാർ കൂട്ടുകാരായി ഉണ്ടെങ്കിലും
പഴയ വിശ്വംഭരേട്ടനും ഷറഫുദ്ദീനുമൊക്കെയാണ് ഇപ്പോഴും കൂട്ടിനുള്ളത് .

മമ്മുട്ടിയുമായുളള നല്ല നിമിഷങ്ങൾ ഓർത്തുകൊണ്ട് പഴയ സുഹൃത്ത് ദാസനും സുഹൃത്താകാൻ ആഗ്രഹിക്കുന്ന വിജയനും

×