ദാസനും വിജയനും

രാഷ്ട്രീയത്തിനപ്പുറം ജനം സ്നേഹിക്കുന്ന നേതാക്കളും ജനം വെറുക്കുന്ന നേതാക്കളും കേരളത്തിലുണ്ട്. കെ.ടി ജലീല്‍ അതില്‍ ഏത് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത് ? ഇന്നിപ്പോള്‍ ‘ഇ ഡി’ ഓഫീസില്‍ കയറി ഇറങ്ങിയുള്ള ഈ കളികള്‍ ഇ ഡി എന്നത് തന്റെ കളിക്കൂട്ടുകാർ ആണെന്നു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. അതായത്… മുന്‍പ് തലയില്‍ തോര്‍ത്തിട്ട് വെളുപ്പാന്‍ കാലത്ത് പാത്തും പതുങ്ങിയും അവിടെ കയറിയതിന്‍റെ ക്ഷീണവും മാറ്റുകയും ആവാം – ദാസനും വിജയനും

ദാസനും വിജയനും
Thursday, September 9, 2021

കേരള രാഷ്ട്രീയത്തിൽ പല തരത്തിലുള്ള രാഷ്ട്രീയ നേതാക്കന്മാരും പ്രവർത്തകരും ഉണ്ട്. പക്ഷേ അവരെ എല്ലാവരെയും എല്ലാവരും ഇഷ്ടപ്പെടണമെന്നില്ല ! എല്ലാവരെയും എല്ലാവരും വെറുക്കണമെന്നുമില്ല .

എതിരാളികൾ പോലും ഇഷ്ടപ്പെട്ടിരുന്ന അല്ലെങ്കിൽ ഇഷ്ടപെടുന്ന പല രാഷ്ട്രീയ വ്യക്തിത്വങ്ങളും നമ്മുടെ കേരളക്കരയിൽ പിറവിയെടുത്തിട്ടുണ്ട്. ആശയങ്ങൾ കൊണ്ട് എതിരാണെങ്കിലും പല നേതാക്കന്മാരിലും വളരെ നല്ല അടുപ്പങ്ങളും ബന്ധങ്ങളും കാത്തുസൂക്ഷിക്കുന്നവരുമുണ്ട്.

ഇപ്പോൾ ഇങ്ങനെ ഒരു കാര്യം ഇവിടെ പ്രതിപാദിക്കുവാൻ കാരണക്കാരനായത് ഡോക്ടറും, മുൻ മന്ത്രിയും, വാഗ്മിയും, നന്മ നിറഞ്ഞവൻ എന്ന് സ്വയം കരുതുന്നവനും, വിവരമുള്ളവൻ എന്ന് ചിന്തിക്കുന്നവനും, വേണ്ടപ്പെട്ടവരെയെല്ലാം ജോലിയിൽ കയറ്റി സഹായിക്കുന്നവനും, തവനൂരിലെ സ്വയം കൽപ്പിത സുൽത്താനും, കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ചവനുമായ (കെ.ടി) ജലീലിനെ കുറിച്ച് ഓർക്കുമ്പോഴും അദ്ദേഹം ഈയിടെയായി കാണിച്ചുകൂട്ടുന്ന കാര്യങ്ങളും ഫേസ്ബുക്കിലിടുന്ന പോസ്റ്റുകളുമൊക്കെ കാണുമ്പോഴുമാണ്.

കരുണാകരനാണ് ഇപ്പോള്‍ താരതമ്യം

ഒരു കാലഘട്ടത്തിൽ മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ലീഡർ കെ കരുണാകരനെ മാധ്യമങ്ങളുടെ അക്രമണത്താൽ അതേ ജനങ്ങൾ കുറച്ചു നാൾ വെറുത്തുവെങ്കിലും അദ്ദേഹം മരിക്കുന്നതിന് മുമ്പ് ജനങ്ങളുടെ ഇഷ്ടം തിരിച്ചുപിടിക്കുകയും മരണശേഷം ഇന്നിപ്പോൾ എല്ലാ കാര്യത്തിലും താരതമ്യപഠനം ചെയ്യുന്ന ഒരു വ്യക്തിത്വമായി മാറുന്നത് നാം കണ്ടു.

അതുപോലെ ഇകെ നായനാരും ഇഎംഎസും എകെജിയും ഗൗരിയമ്മയും സിഎച്ചും പിടി ചാക്കോയും കെഎം മാണിയും ഒക്കെ എതിരാളികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നു.

വെട്ടിനിരത്തി വെട്ടിപ്പിടിച്ചു, വി എസ്

വെട്ടിനിരത്തൽ സഖാവ് എന്ന കളിപ്പേരുമായി ഏറെ നാൾ ജയവും തോൽവിയും ഏറ്റുവാങ്ങിയ വിഎസ് അച്യുതാനന്ദൻ പിന്നീട് കേരളത്തിന്റെ കണ്ണും കരളുമായി മാറുകയായിരുന്നു. ആദർശത്തിന്റെ ഒരൊറ്റ പേരിൽ എകെ ആന്റണിക്ക് ഇന്നും കേരള രാഷ്ട്രീയത്തിൽ പ്രത്യേക ഇരിപ്പിടം ഉണ്ട്. അതുപോലെ ഉമ്മൻചാണ്ടിയും വിഎം സുധീരനും കോടിയേരിയും ഓ രാജഗോപാലുമൊക്കെ അവരവരുടെ സ്ഥാനങ്ങൾ വളരെ ഭദ്രമായി കാത്തു സൂക്ഷിക്കുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ഒരു കാലഘട്ടത്തിൽ സ്വന്തം പാർട്ടി അണികളിലും എതിർ പാർട്ടിയിലെ പ്രവർത്തകരിലും അവമതിപ്പുണ്ടാക്കിയ നേതാവായിരുന്നു. പക്ഷെ കാലം അദ്ദേഹത്തിന് തിരിച്ചുവരവൊരുക്കിക്കൊണ്ട് ഇന്നിപ്പോൾ കേരളത്തിലെ ഏറ്റവും സ്വീകാര്യനായ വ്യക്തിത്വമാക്കി മാറ്റിയെടുത്തു.

എത്രയെത്ര ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഇറങ്ങിയിട്ടും അജയ്യനായി ഇപ്പോഴും കേരളത്തിൽ നിലകൊള്ളുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ അചഞ്ചലമായ നിലപാടുകളാണ്.

‘പിസി’ മാര്‍ക്കിത് കലികാലം

നിലപാടുകളില്ലാത്ത കുറെയധികം നേതാക്കന്മാർ ഇന്നും അലഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചകളും കേരളം കാണുന്നു. ‘പി.സി’യിൽ തുടങ്ങുന്ന പി.സി ചാക്കോയും, പി.സി തോമസും, പി.സി ജോർജ്ജും ഒക്കെ ജനങ്ങളുമായുള്ള ബന്ധം ഏതാണ്ട് ഇല്ലാതായ അവസ്ഥയിലാണ്.

അപ്പോഴും എം.എം മണിയും ശിവൻകുട്ടിയുമൊക്കെ കൂടുതൽ ജനകീയരായി കേരളത്തിൽ വിലസി നടക്കുന്നു. ഡോളർ കടത്തുകേസിൽ പേരുമോശം വന്നെങ്കിലും പഴയ സ്പീക്കര്‍ ശ്രീരാമകൃഷ്ണനോട് ജനങ്ങൾക്ക് വെറുപ്പില്ല .

കൈയ്യടിച്ചത് ബലറാമിനും സ്വരാജിനും 

ഇടതു സഹയാത്രികർക്ക് വിടി ബാലറാമിന്റെ തോൽ‌വിയിൽ അമിതമായ സന്തോഷം ഉള്ളതുപോലെ എം സ്വരാജിന്റെ തോൽവി ശരിക്കും പിണറായി 2 സർക്കാരിന്റെ വിജയത്തിനേൽപ്പിച്ച കനത്ത ആഘാതമാണ് .

കോൺഗ്രസ്സുകാർക്ക് ഭരണം കിട്ടിയില്ല എങ്കിലും സ്വരാജിന്റെ തോൽ‌വിയിൽ അവർ ഇപ്പോഴും ആഹ്ലാദത്തിലാണ്.

അതുപോലെ പാലായിൽ ജോസ്മോൻ തോറ്റപ്പോഴും ആറ്റിങ്ങലിൽ സമ്പത്ത് തോറ്റപ്പോഴും പാലക്കാട്ട് എംബി രാജേഷ്‌ തോറ്റപ്പോഴും ആലപ്പുഴയിൽ ഷാനിമോൾ തോറ്റപ്പോഴും ഉള്ളുകൊണ്ട് സന്തോഷിക്കാത്ത സ്വന്തം അണികൾ ഇല്ലാതില്ല. എങ്കിലും ഇവരോടോന്നും ആർക്കും വെറുപ്പ് ഉണ്ടെന്ന് തോന്നുന്നില്ല.

കുഞ്ഞാലിക്കുട്ടിയുടെ ഉര്‍വശീശാപം 

ശരിക്കും പറഞ്ഞാൽ കുറ്റിപ്പുറത്തെ ഇലക്ഷൻ തോൽവിയോടെ കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗും എന്നെന്നേക്കുമായി ഇല്ലാതാകേണ്ടതായിരുന്നു.

പക്ഷെ വിഎസ് അച്യുതാനന്ദൻ കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യക്തിവൈരാഗ്യത്തിന്‍റെ കാടുകയറിയപ്പോള്‍ ലീഗ് എന്നത് കേരളത്തിൽ അവഗണിക്കാനാവാത്ത ശക്തിയായി മാറുകയായിരുന്നു. അതുപോലെ കുഞ്ഞാലിക്കുട്ടിയും.

അങ്ങനെയുള്ള അവസ്ഥകൾ മനസ്സിലാക്കിയ പിണറായിയും വാസവനും എ വിജയരാഘവനും ഇന്നിപ്പോൾ പണി കൊടുത്തത് ജലീലിനായിരുന്നു. അതിന്റെയർത്ഥം അമിതമായാൽ അമൃതും വിഷം എന്നതുതന്നെ.

ഇന്നിപ്പോൾ ഈ ദാസനും വിജയനും കേരളത്തിലെ ഒട്ടുമിക്ക നേതാക്കളെ കുറിച്ചും എഴുതി എങ്കിലും ജലീലിനെപോലെ ഒരാളെ കുറിച്ച് എഴുതുവാൻ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നു എന്നത് അദ്ദേഹത്തിന്റെ ഒരു കഴിവായി കരുതാം.

നേട്ടം വിലയിരുത്തിയപ്പോള്‍

വയനാട്ടിൽ രാഹുൽഗാന്ധി മത്സരിച്ചപ്പോൾ പച്ചപതാക വിഷയം ഇന്ത്യയിലെ ആർഎസ്എസ് അനുഭാവികൾക്ക് മനസിലാക്കി കൊടുത്തതിൽ ജലീലിന്റെ പങ്ക് നിസാരമായിരുന്നില്ല.

അതുപോലെ പിണറായി വിജയൻറെ കേരളയാത്രയിൽ വിഎസ് അച്യുതാനന്ദന് എതിരായി കടലിലെ വെള്ളവും ബക്കറ്റിലെ വെള്ളവും അവതരിപ്പിച്ചതിൽ ജലീലിന്റെ പങ്ക് എല്ലാവർക്കുമറിയാം.

കേരളത്തിൽ ജലീലിനെ കൊണ്ട് ഏറ്റവും ഗുണം കിട്ടിയതു അദ്ദേഹത്തിന്റെ ബന്ധുവിനും പിന്നെ താനൂരിലെ അബ്ദുറഹ്മാനും നിലമ്പൂരിലെ അൻവറിനും മാത്രമാണ് . അത് മനസ്സിലാക്കിയ പിണറായി വിജയൻ അദ്ദേഹത്തിനെ തള്ളിപ്പറഞ്ഞതിൽ അത്ഭുതപ്പെടുവാനൊന്നുമില്ല.

ഇന്നിപ്പോൾ ജലീൽ ദിനേനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന ഇഡി യുടെ ഓഫീസിൽ കയറി ഇറങ്ങുന്നതിൽ വേറെ ലക്ഷ്യങ്ങളുമുണ്ട്.

അന്ന് അവർ ജലീലിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ആദ്യ തവണ ചേർത്തലയിലെ പണക്കാരനായ മുസ്ലിം കൂട്ടുകാരന്റെ വണ്ടിയിലും രണ്ടാം തവണ ആലുവയിലെ രാഷ്ട്രീയക്കാരനായ മുസ്ലിം കൂട്ടുകാരന്റെ വണ്ടിയിലും എത്തിയതും തലയിൽ മുണ്ടിട്ട് അങ്ങോട്ട് കയറിയതും മീഡിയയും ജലീലിന്റെ എതിരാളികളും അതുപോലെ ഉള്ളിന്റെ ഉള്ളിൽ ജലീലിന് വോട്ട് ചെയ്തവരും സ്വന്തം അണികളും ആഘോഷിച്ചതിന്റെ ക്ഷീണം മാറ്റുവാൻ ആണീ കളികൾ കളിച്ചു കൂട്ടുന്നത്.

ഇനിയിപ്പോൾ ഇഡി എന്നത് തന്റെ കളിക്കൂട്ടുകാർ ആണെന്നും അവരെ സമൂഹത്തിൽ നിസ്സാരവത്കരിക്കുവാനും ആണ് ഈ കളികൾ കളിക്കുന്നത് എന്നത് ഏവർക്കും മനസ്സിലായി തുടങ്ങി.

ഇനിയും ജലീലുമാരെ സഹിക്കാനാവുന്നില്ല എന്ന തിരിച്ചറിവിൽ കുറ്റിപ്പുറത്തെ മീൻ കടക്കാരൻ ദാസനും അവസരവാദികളെ കേരളത്തിൽ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് മിസ്റ്റർ വിജയനും

×