/sathyam/media/post_attachments/cihCnHfuZ7nXj0nGiLfb.jpg)
പിണറായി വിജയനെന്ന കേരളത്തിന്റെ മുഖ്യമന്ത്രി അധികാരത്തിൽ കയറേണ്ടിയിരുന്നത് 2006 ൽ ആയിരുന്നു. അന്ന് അദ്ദേഹത്തിന്റെ അറുപതാം വയസ്സിൽ അധികാരം കയ്യിൽ കിട്ടിയിരുന്നെങ്കിൽ കേരളത്തിൽ എന്തെങ്കിലുമൊക്കെ സംഭവിച്ചിരുന്നേനെ.
ഇന്നിപ്പോൾ അദ്ദേഹം അധികാരത്തിൽ തന്നെയുണ്ടെങ്കിലും നാം കരുതിയ പോലെയുള്ള പെർഫോമൻസ് അദ്ദേഹത്തിന് പുറത്തെടുക്കാൻ ആവുന്നില്ല. പൊള്ളയായ കുറെ സോഷ്യൽ മീഡിയ പോസ്റ്ററുകളും ഉത്‌ഘാടനങ്ങളും അല്ലാതെ ഒരു നല്ല പ്രോജക്ട് കേരളത്തിലെ ജനങ്ങളിൽ എത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചില്ല.
വിവാദങ്ങളുടെ സംസ്ഥാന സമ്മേളനങ്ങൾ
പിണറായി സർക്കാർ : 1 എന്നത് വിവാദങ്ങളുടെ സംസ്ഥാന സമ്മേളനങ്ങൾ മാത്രമായിരുന്നു. സിപിഎം എന്തിനൊക്കെ എതിരെ സമരങ്ങൾ കൊണ്ടാടിയോ അതിനൊക്കെ അതേ നാണയത്തിലുള്ള തിരിച്ചടികളും പ്രശ്നങ്ങളിൽ നിന്നൊഴിയാത്ത മന്ത്രിമാരും വിഷ്ണു പ്രണോയ് വിഷയവും ലക്ഷ്മി നായർ വിഷയവും അതുപോലെ മാർക്ക് ദാനവും ബന്ധുനിയമനങ്ങളും എല്ലാം ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഭരണത്തിനെ പിടിച്ചു കുലുക്കുകയായിരുന്നു.
ഉമ്മൻചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാരേക്കാൾ കൂടുതൽ വിവാദങ്ങൾ കെടി ജലീൽ, ശശീന്ദ്രൻ പോലുള്ളവർ പടച്ചു വിട്ടപ്പോൾ ഭരണത്തിന്റെ മധുരം നുകരുവാൻ പിണറായി വിജയനായില്ല എന്നത് അദ്ദേഹത്തിനറിയാം.
ഓഖിയും നിപ്പയും ഒന്നാം പ്രളയവും രണ്ടാം പ്രളയവും ലോകം മുഴുവൻ കലക്കി മറിച്ച കൊറോണയും ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയിരുന്നു.
/sathyam/media/post_attachments/BTEsZw5QoGsTbNu9ObEa.jpg)
ആശുപത്രികളും ആശുപത്രി വരാന്തകളും വൃത്തികേട് ആയിരുന്നാലും കേരളത്തിന്റെ ആരോഗ്യ രംഗം പൊതുവേ നല്ല നിലയിൽ പ്രവർത്തിച്ചിരുന്നതുകൊണ്ടു ഒരളവു വരെ എല്ലാ മഹാമാരികളിലും കേരളം അതിജീവിച്ചു.
പലപ്പോഴും ആർക്കും വേണ്ടാത്ത കടലിന്റെ മക്കൾ കേരളത്തിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കുവാൻ ഇറങ്ങി തിരിച്ചപ്പോൾ അതിന്റെ ക്രെഡിറ്റും പിണറായി സർക്കാരും ഭരിക്കുന്ന പാർട്ടിക്കാരും കൈക്കലാക്കുകയായിരുന്നു.
പ്രളയകുടുക്കയില്‍ കൈയ്യിട്ട് വാരിയവര്‍ ?
പ്രായഭേദ, മതഭേദമന്യേ ജനം സർക്കാരിനെ സഹായിക്കുവാൻ പണം വീശിയെറിഞ്ഞു. ഒന്നാം പ്രളയത്തിൽ ഗൾഫിൽ നിന്ന് മാത്രം പിരിച്ചെടുത്തത് നാലായിരം കോടിയാണെന്ന് നമുക്കറിയാം.
പാവങ്ങൾ ആടിനെ വിറ്റും വളയും മാലയും ഊരി നൽകിയും കാശുകുടുക്ക പൊട്ടിച്ചും കേരളത്തിന്റെ സർക്കാരിനെ സഹായിച്ചപ്പോൾ പല ഛിദ്രശക്തികളും അതിൽ കയ്യിട്ടുവാരുവാൻ ഓടിയെത്തി.
തലസ്ഥാനത്തെ ചില ചാർട്ടേർഡ് അക്കൗണ്ടന്റുമാർ ഈ അവസരം നല്ല രീതിയിൽ വിനിയോഗിച്ചു. ഐഎഎസ് ബ്യുറോക്രാറ്റുകളെ പിന്നിൽ നിർത്തിക്കൊണ്ട് ഒരു മീഡിയ മാഫിയ സർക്കാരിനെ നിയന്ത്രിച്ചു. അതിന്റെ ഭവിഷ്യത്തുകൾ ഒന്നൊന്നായി സർക്കാരിനെ നേരിട്ടുതന്നെ ബാധിച്ചു.
കേരളസർക്കാരുകളിൽ ഇതുവരെ നേരിടാത്ത പേരുമോശം കഴിഞ്ഞ സർക്കാരിൽ സ്വപ്നയും, ശിവശങ്കരനും, സ്പീക്കറും, മന്ത്രിയും കൂടി ഉണ്ടാക്കിയെടുത്തപ്പോൾ കേന്ദ്രത്തിന്റെ എല്ലാ അന്വേഷണ ഏജൻസികളും അന്വേഷങ്ങൾ ആരംഭിച്ചു.
/sathyam/media/post_attachments/sf5t7dpKej3comDYYH88.jpg)
ലോക കേരള സഭയെന്ന പേരിൽ നടത്തിപ്പോന്ന യാത്രകളും മറ്റും കേരളത്തിൽ ഒരു തട്ടിപ്പ് , സ്വർണ്ണക്കടത്ത്, ഡോളർ ഹവാല സംസ്കാരം ഉടലെടുക്കുകയായിരുന്നു. ജയിലിൽ കിടക്കുന്നവർ മുതൽ എംഎൽഎമാരും മന്ത്രിമാരും കോൺസുലേറ്റുവരെ ഇങ്ങനെയുള്ള കളികളിൽ വ്യാപകമായി ഭാഗഭാക്കായി മാറി.
ഓരോരോ പ്രദേശത്തെയും തട്ടിപ്പുകാർ അവരവർക്ക് ആവശ്യമുള്ളവരുടെ പിന്നാലെ പോകുന്ന അവസ്ഥയായി. എന്തൊക്കെ ചെയ്താലും കേരളത്തിൽ അത് വിലപ്പോവുമെന്ന് മനസിലാക്കിയ ഇക്കൂട്ടർ ഭരണത്തെ അനുകൂലിച്ചു.
കൊള്ളക്കാര്‍ക്കു ചാകരയായപ്പോള്‍
കടം കയറി മുങ്ങാനിരുന്ന ചാനലുകാരും, കേസുകളാൽ ബന്ധിക്കപ്പെട്ട പത്രക്കാരും, നിർമ്മാതാക്കളെ കുഴിയിൽ ഇറക്കിയ സംവിധായകരും, വിവാഹമോചന കേസുകളിൽ കുടുങ്ങിയ നടന്മാരും, 'മയക്കുമരുന്ന് വിപണി കീഴടക്കിയ ചെറുപ്പക്കാരും, കോപ്പിയടിച്ചുകൊണ്ട് സോഷ്യൽ മീഡിയ താരങ്ങൾ ആയവരും, വർഗ്ഗീയ പാർട്ടികളിലെ ഭ്രാന്തരായ അണികളുമൊക്കെ തങ്ങളുടെ ആത്മരക്ഷാർത്ഥം അവരവരുടെ പ്രശ്നങ്ങളിൽ നിന്നും തലയൂരുവാനും, കേസുകളിൽ നിന്നും രക്ഷ നേടുവാനും, എതിരാളികളെ ഭയപ്പെടുത്തുവാനും ഭരിക്കുന്ന പാർട്ടിയുടെ വക്താക്കളായി മാറുകയായിരുന്നു. ഇവരുടെയെല്ലാം കഴിവുകളെയും പരമാവധി ഊറ്റിയെടുക്കുവാൻ ഭരിക്കുന്നവരും മടി കാണിച്ചില്ല.
ആത്മീയാചാര്യന്മാരെ മുന്നിലിറക്കിക്കൊണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വടം വലി അവസാനിപ്പിച്ച് അതിലൂടെ വൻ ഡീലുകൾ തരപ്പെടുത്തുന്ന ഒരു ഗ്യാങ് തലസ്ഥാനം കേന്ദ്രീകരിച്ചുകൊണ്ട് പിടിമുറുക്കി.
കേന്ദ്ര സർക്കാരിന്റെ കേസുകൾ അട്ടിമറിക്കാനും അതുപോലെ വലിയ വലിയ അട്ടിമറികൾ ഉണ്ടാക്കാനും ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ നേതൃത്വത്തിലാണ് ഈ ഗ്യാങ്ങിന്റെ നീക്കങ്ങൾ.
വലിയ കൊമ്പന്‍ സ്രാവുകളും, ഫോർബ്‌സ് ലിസ്റ്റിലുള്ള മുതലാളിമാരും, നായകനടന്മാരും ഒക്കെ ചേർന്ന ഈ ടീമിൽ മന്ത്രിമാരുടെയും പാർട്ടിക്കാരുടെയും ബന്ധുക്കളും പങ്കാളികൾ ആണെന്നതാണ് സത്യം. ഇതെല്ലം സർക്കാർ വൃത്തങ്ങൾ അറിഞ്ഞുകൊണ്ടാണോ എന്നതും സംശയകരമാണ്.
ഇത്രയും അഴിമതി ആരോപണങ്ങളും പേരുമോശങ്ങളും അറസ്റ്റുകളും ചോദ്യം ചെയ്യലുകളും നേരിട്ടിട്ടും കേരളത്തിലെ ഒരു വിഭാഗം ജനത പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ രണ്ടാമതും അധികാരത്തിൽ എത്തിച്ചതിൽ ധാരാളം കാരണങ്ങൾ ഉണ്ട്.
പിണറായി - 2 നു കാരണം കിറ്റല്ലെങ്കില്‍ പിന്നെന്ത് ?
കിറ്റായിരുന്നു അതിന്റെയൊക്കെ മാനദണ്ഡം എന്ന് പറയാൻ കഴിയാത്തത്, അങ്ങനെയെങ്കിൽ എന്തുകൊണ്ട് നാൽപ്പത് സ്ഥലങ്ങളിൽ കിറ്റ് കിട്ടിയവർ പാർട്ടിക്ക് വോട്ട് ചെയ്തില്ല എന്നതാണ്. ശരിക്കും പറഞ്ഞാൽ ഒരു മഹാമാരിയെ കേരളജനത ഒന്നടങ്കം നേരിടുവാൻ തീരുമാനിച്ചതിന്റെ ആകെ തുകയാണ് പിണറായി : 2.
കാലാകാലങ്ങളായി കോൺഗ്രസിനും ബിജെപിക്കും ഒക്കെ വോട്ട് ചെയ്തിരുന്ന കുടുംബത്തിലെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും കേരളത്തിന്റെ നന്മക്കായി പിണറായി വിജയനെ വീണ്ടും അധികാരത്തിൽ എത്തിച്ചു എന്നതാണ് സംഭവിച്ചത്.
പക്ഷെ പാർട്ടിയുടെ തീവ്രമായ അണികൾ പറയുന്നതും പോസ്റ്ററിടുന്നതും ഒക്കെ കണ്ടാൽ ഇനിയൊരിക്കലും മറ്റു പാർട്ടികൾ കേരളത്തിൽ ജയിക്കില്ല എന്നൊക്കെയാണ്. അതൊക്കെ അവരുടെ മണ്ടത്തരമെന്നേ പറയാൻ ആകൂ. ഇപ്പോൾ തന്നെ ഒരു കാര്യം ശ്രദ്ധിച്ചാൽ മനസിലാക്കാം.
/sathyam/media/post_attachments/73nDf0SektScSX3sng4V.jpg)
കഴിഞ്ഞ ഭരണത്തിൽ ടീച്ചറമ്മയെ വാഴ്‌ത്തിപ്പാടി പോസ്റ്ററിട്ട ലക്ഷക്കണക്കിന് ചെറുപ്പക്കാർ ഇന്നിപ്പോൾ മിണ്ടുന്നില്ല. പിണറായിയെ ക്യാപ്റ്റൻ ആക്കിയ അനേകായിരങ്ങൾ ആ വഴിക്ക് തിരിഞ്ഞു നോക്കുന്നില്ല.
പിണറായിയാണ് രക്ഷകൻ എന്ന് കരുതി പിണറായിയുടെ ഇരട്ടചങ്കും നോക്കി പോയിരുന്ന ന്യുനപക്ഷത്തെ ചെറുപ്പക്കാർക്കും മതിയായ മട്ടിലാണിപ്പോൾ. ഒന്നോ രണ്ടോ ചാനലുകാർ ഒഴികെ ആരുമിപ്പോൾ പിആർ കളികൾക്ക് പിന്നാലെ പോകുന്നില്ല . എവിടെയും ഒരു മടുപ്പ് ഫീൽ ചെയ്യുന്നു.
മരുമകനെ മന്ത്രിയാക്കിയതിലും അനാവശ്യമായി ഉയർത്തി വിടുന്നതിലും കോഴിക്കോട്ടെ പാർട്ടിക്കാരിലും അണികളിലും മുറുമുറുപ്പ് ആരംഭിച്ചു കഴിഞ്ഞു.
ജലീലിനെപ്പോലെയും അൻവറിനെപ്പോലെയുമുള്ള അഹങ്കാരികളും അനാവശ്യ പ്രസ്‌താവനകളും പത്രസമ്മേളനങ്ങളും കുറെയൊക്കെ ജനങ്ങളിൽ വെറുപ്പ് ക്ഷണിച്ചു വരുത്തുന്നു.
കമ്യൂണിസ്റ്റുകാരെ മൂലയ്ക്കിരുത്തി കോണ്‍ഗ്രസ് തള്ളുന്നവരെ കൊള്ളുമ്പോള്‍
എതിർപാർട്ടികളിൽ നിന്നും കസേര ലഭിക്കാതെ പോകുന്ന അവസരവാദികളെ എകെജി സെന്ററിൽ കയറ്റുന്നതിനും ഒരു വിഭാഗത്തിന് വിയോജിപ്പ് ഇല്ലാതില്ല. സീനിയറായ കുറെയധികം ജയരാജന്മാരെയും സുധാകരന്മാരെയും ഒരു മൂലക്കിരുത്തിയതിന്റെ വൈരാഗ്യം ഒരു ഭാഗത്ത് പുകയുന്നു.
വിദ്യാഭ്യാസ മന്ത്രിപോലുള്ള കടുത്ത തീരുമാനങ്ങൾ പാർട്ടിയെ ഇഷ്ടപ്പെടുന്ന സാധാരണക്കാരെ വേദനിപ്പിക്കുന്നു.
ജനങ്ങൾ ഏറ്റവും വിഷമിച്ചത് കോവിഡിലാണ്. ഗംഗയിൽ മനുഷ്യന്റെ ജഡം ഒഴുകിനടന്നപ്പോൾ കോവിഡിനെ പിടിച്ചുകെട്ടിയെന്നു ആക്രോശിച്ചു മലയാളികൾ ഇന്നിപ്പോൾ കോവിഡിന്റെ പിടിയിൽ നിന്നും ഒട്ടും മോചിതമായിട്ടില്ല. അവർ പറയുന്ന എണ്ണം നമ്മൾ വിശ്വസിക്കുന്നു എന്നേയുള്ളൂ.
ഇപ്പോഴും കേരളത്തിന്റെ കോളനികളിൽ കോവിഡ് വിളയാടുകയാണ്. ബിവറേജ് തുറക്കാൻ കാട്ടിയ ധൃതി കോവിഡിനെ പിടിച്ചുകെട്ടാൻ കാണിച്ചിരുന്നെങ്കിൽ ഒട്ടേറെ മരണങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന് ജനങ്ങൾക്ക് ബോധ്യമായി. ഇലക്ഷൻ നാളുകളിൽ കോവിഡിനെ പ്രചാരണത്തിന്നായി മാറ്റി നിർത്തിയതൊന്നും മലയാളി മറന്നിട്ടില്ല.
എന്തൊക്കെ തന്നെയായാലും പാർട്ടിയെ കണ്ണടച്ചു വിശ്വസിച്ചുകൊണ്ട് വോട്ട് ചെയ്തവരും, ഒട്ടേറെ പ്രതീക്ഷകളോടെ പാർട്ടിയെയും മുഖ്യനെയും ഉന്നതങ്ങളിൽ എത്തിച്ച സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും, വാട്‍സ് ആപ്പ് ക്യാപ്സുകൾ ഒന്നടങ്കം വിഴുങ്ങി പോന്നിരുന്ന കുട്ടി സഖാക്കളും
ന്യുനപക്ഷ രക്ഷയോർത്ത് കളംമാറ്റി ചവുട്ടിയ തീവ്ര ന്യുനപക്ഷ അണികളും ഇന്നിപ്പോൾ ബേജാറിലാണ്.
ഓരോരോ വര്ഷം കഴിയുന്തോറും ഭരണത്തോടുള്ള ഇഷ്ടം കുറഞ്ഞു കൊണ്ടിരിക്കുന്നു. അത് കുറയുന്നേയുള്ളു. കൂടുന്നില്ല.
ഇനിയെങ്കിലും വോട്ടു ചെയ്ത ജനങ്ങൾ ഇഷ്ടപെടുന്ന പോലെ ഭരിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് സഖാവ് ദാസനും കെ ഫോണിന്റെ വരവും പ്രതീക്ഷിച്ചുകൊണ്ട് സഖാവ് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us