പെരുമഴക്കാലത്തിനു പിന്നാലെ കേരളത്തില്‍ അലയടിച്ച് ഹലാല്‍... തുപ്പല്‍... വിവാദങ്ങള്‍ ! കച്ചവടക്കാരുടെ മതം നോക്കി കുറിപ്പുകള്‍ തട്ടുന്നത് കേരളത്തിലെ അവശേഷിക്കുന്ന നന്മകള്‍ കൂടി ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന കേന്ദ്രങ്ങള്‍ ! ഹലാലായാലും ഹറാമായാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെയെന്ന് ജനത്തിന് മനസിലായാല്‍ പിന്നെ വിവാദം ഔട്ട് ! ദാസനും വിജയനും എഴുതുന്നു...

New Update

publive-image

കേരളം ഉണ്ടായ അന്നുമുതൽ കച്ചവടക്കാരുടെ മതം ജനം നോക്കാറുണ്ടെങ്കിലും അവർക്ക് നല്ലത് കൊടുക്കുന്നത് ആരായാലും അവിടേക്ക് ആകർഷിക്കപ്പെടുന്ന ഒരു സ്വഭാവരീതി ജനം പുലർത്തി പോന്നിട്ടുണ്ട്.

Advertisment

അല്ലറ ചില്ലറ വർഗ ബോധവും വർഗ സ്നേഹവും എല്ലാവർക്കും ഉണ്ടാകുമെങ്കിലും അതിൽ വർഗീയത കലർത്തി വിദ്വേഷങ്ങൾ പ്രചരിപ്പിക്കുന്ന വ്യവസ്ഥിതി ഈയിടെയാണ് നിലവിൽ വന്നത്.

അതിന് മുഖ്യ പങ്ക് വഹിച്ചത് നമ്മുടെയൊക്കെ പ്രിയപ്പെട്ട ഫേസ്ബുക്കും വാട്ട് സ് ആപ്പും ഒക്കെയാണ്. ഈ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയാണ് അവിടത്തെ ചങ്കൂറ്റമുള്ള ആ പെൺകൊടി എട്ട് മണിക്കൂറോളം ആകെമൊത്തം സോഷ്യൽ മീഡിയയെ നിശ്ചലമാക്കി കളഞ്ഞത്.

publive-image

തൃശൂരില്‍ വേരുകളുള്ള ക്രിസ്ത്യന്‍ ഉടമസ്ഥരുള്ള ഒരു പ്രമുഖ ജ്വല്ലറി ഒരു ഇസ്ലാമിസ്റ്റിന്റെ ആണെന്നും അവിടന്ന് ഒന്നും തന്നെ വാങ്ങരുത് എന്നും കേരളത്തിലെ ഒരു പള്ളിയിൽ പുരോഹിതനെക്കൊണ്ടു പ്രസംഗിപ്പിക്കാന്‍ ശ്രമിക്കുകയും പെട്ടെന്നുള്ള ഉപദേശപ്രകാരം പുരോഹിതന്‍ അത് പിൻവലിക്കുകയും ചെയ്തുവെന്നൊരു ശ്രുതി പരന്നിരുന്നു.

ഒരു ലോക്കൽ ജ്വല്ലറിക്കാരൻ പുരോഹിതനെ കൂട്ടുപിടിച്ചു ഉണ്ടാക്കിയ കുത്തിത്തിരിപ്പായിരുന്നു അത് എന്ന് പിന്നീട് മനസിലായി. ബാബരി മസ്‌ജിദ്‌ അയോദ്ധ്യയിൽ തകർക്കപ്പെട്ടപ്പോൾ എന്നെന്നേക്കുമായി ഇല്ലാതായ ഒന്നായിരുന്നു തൃശൂരിലെ 'അയോദ്ധ്യ' ?


പർദ്ദ കൊണ്ട് ചുണ്ടുകൾ മറച്ചു വെച്ചിരിക്കുന്ന ഒരു സുന്ദരി പെൺകുട്ടിയുടെ ഹോർഡിങ്ങുകൾ അയോധ്യക്കുവേണ്ടി കേരളം മുഴുവൻ നിറഞ്ഞപ്പോൾ മുതലാളിമാർ സ്വപ്നത്തിൽ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ബാബരി മസ്ജിദ് വിവാദം .


ഇരിങ്ങാലക്കുടയിലെ പ്രശസ്തനായ ഡോക്ടർ സിആർ കേശവൻ വൈദ്യരുടെ ഉടമസ്ഥതയിൽ കേരളത്തിൽ അങ്ങോളമിങ്ങോളം മണം പരത്തിയ സോപ്പായിരുന്നു ചന്ദ്രിക. മറ്റുള്ള ജില്ലകളിൽ വളരെ പാടുപെട്ടുകൊണ്ടു വൈദ്യർ ചന്ദ്രിക വിൽക്കുവാൻ ശ്രമിച്ചപ്പോൾ മലപ്പുറത്തും മലബാറിലും സോപ്പ് ചൂടപ്പം പോലെ വിറ്റുപോയിരുന്നു.

മലബാർ ഗോൾഡിന്റെ പരസ്യത്തിൽ മോഹൻലാലിനെ കണ്ടപ്പോൾ അവിടന്ന് സാധനങ്ങൾ വാങ്ങരുതെന്ന് വീട്ടിലെ പെണ്ണുങ്ങൾക്ക് നിർദ്ദേശം കൊടുത്ത മമ്മുട്ടി ഫാൻസുകാരുടെ ഗ്രാമങ്ങളും കേരളത്തിൽ ഉണ്ട്.


തെക്കേ ഇന്ത്യയിലെ ഒന്നാംകിട വസ്ത്ര വ്യാപാര കേന്ദ്രമായിരുന്ന കോയമ്പത്തൂർ ഒപ്പനക്കാര വീഥിയിലെ ശോഭ ടെക്‌സ്‌റ്റൈൽസ് ഒരു കാലഘട്ടത്തിൽ കേരളത്തിലെയും തമിഴ്‍നാട്ടിലെയും കല്യാണങ്ങളുടെ ആകർഷക കേന്ദ്രമായിരുന്നു. ശോഭയിൽ നിന്നാണ് കല്യാണ പെണ്ണിന്റെ സാരി എന്ന് പറഞ്ഞാൽ പിന്നെ അവിടെ സ്റ്റാറ്റസ് ഉയർന്നിരുന്നു.


അത്രയും വലിയ സ്ഥാപനത്തിന്റെ ഉടമസ്ഥർ പാലക്കാട്ട് ജില്ലയിലെ ഷൌക്കത്ത് അലിയും ജാഫർ അലിയുമാണ് എന്ന് പുറം ലോകം അറിഞ്ഞു തുടങ്ങിയപ്പോൾ അവരുടെ ശനിദശ ആരംഭിച്ചു.

പിന്നീട് ഈ കളികൾ ഗൾഫിലേക്കും പടർന്നു. വിജയിക്കുന്ന പല സ്ഥാപനങ്ങൾക്ക് എതിരെയും ഇങ്ങനെയുള്ള പോസ്റ്ററുകൾ വരുവാൻ തുടങ്ങി. പല സ്ഥാപനങ്ങളും പൂട്ടിപ്പിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടായിരുന്നു. യുസഫലിക്കയുടെ ലുലു മാളിനെതിരെയും കൺവെൻഷൻ സെന്ററിനെതിരെയും നാഥനില്ലാ നോട്ടീസുകൾ ഇറങ്ങിയിരുന്നു.

publive-image

പിന്നീട് സോഷ്യൽ മീഡിയയിലെ പല ഗ്രൂപ്പുകളും ഇങ്ങനെയുള്ള കാര്യങ്ങളിൽ സംവാദങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. ഒരു കൂട്ടർ അനുകൂലിക്കുമ്പോള്‍ മറുകൂട്ടർ പാര പണിയുന്ന സ്വഭാവങ്ങൾ. അതിൽ വേറെയും കളികൾ ഒളിഞ്ഞുകിടപ്പുണ്ട്.

പാർക്കിങ്ങിന്റെയും അതുപോലെയുള്ള വിവാദങ്ങളുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്യിപ്പിച്ചുകൊണ്ട് പിന്നീട് പണം വാങ്ങിയുള്ള കോംപ്രമൈസുകൾ.


ഇന്നിപ്പോൾ കേരളത്തിൽ പെരുമഴക്കാലം മാറിയെന്നു തോന്നിയപ്പോൾ അലയടിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഹലാലും തുപ്പലുമൊക്കെ. കേരളത്തിന്റെ പൊതുവായ രീതികൾ അനുസരിച്ചു ബഹുഭൂരിപക്ഷം മേഖലകളിലും ഹലാൽ ഭക്ഷണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


അങ്കമാലിയിലെയും ചാലക്കുടിയിലെയും പന്നിയിറച്ചി കച്ചവടം മാറ്റിനിര്‍ത്തിയാല്‍ അവിടെ വരെ പോത്തിറച്ചിയും ആട്ടിറച്ചിയും കോഴിയിറച്ചിയും ഹലാൽ മാർഗ്ഗത്തിലൂടെയാണ് അറക്കപ്പെടുന്നത്. അക്കാര്യത്തിൽ കച്ചവടക്കാർ ജാഗ്രത പുലർത്താറുമുണ്ട്.

കോഴിക്കോട്ടെ അതി പ്രശസ്തമായ റെസ്റ്റോറന്റിനെ ചിലർ ചേർന്ന് ഇങ്ങനെയുള്ള വിവാദങ്ങളിൽ വലിച്ചിഴച്ചപ്പോൾ അവർക്കൊന്നും ഒരു ചുക്കും അറിയില്ല എന്ന് വേണം കരുതുവാൻ.

1939 ൽ ആരംഭിച്ച ഹോട്ടൽ കോഴിക്കോട്ടെ ആസ്ഥാന ഹോട്ടൽ ആയാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെയുള്ള ഒരു ഹോട്ടൽ ഒരിക്കലും കോഴിക്കോട്ടുകാരെ വേദനിപ്പിക്കില്ല എന്നത് അതിന്റെ ഉടമസ്ഥനായ സുമേഷ് ഗോവിന്ദിനെ ഒരിക്കൽ എങ്കിലും പരിചയെപ്പട്ടാൽ മനസ്സിലാക്കാം.

publive-image

കാലാകാലങ്ങളായി ഇങ്ങനെയൊക്കെ സംഭവിക്കുന്നത് നമ്മൾ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നാണ്.

സൗദിയിലെയും മറ്റുള്ള ഗൾഫിലെയും കുടുസു മുറികളിൽ നിന്നും, നാട്ടിലെ പഴഞ്ചൻ വീടുകളിലെ ചായ്‌പ് മുറികളിൽ നിന്നും അന്തർ മുഖനായഏതോ ഒരുത്തൻ എഴുതി വിടുന്ന ചില വാചകങ്ങൾ, അല്ലെങ്കിൽ ഗൾഫിലെ ലേബർ ക്യാമ്പുകളിൽ വൈകീട്ട് രണ്ടെണ്ണം അടിച്ചു ഫേസ്‌ബുക്കിൽ കയറി എഴുതിയുണ്ടാക്കുന്ന ചില സംഭവങ്ങളാണ് പിറ്റേ ദിവസങ്ങളിൽ കേരളത്തിന്റെ മുഖ്യധാരാ വാർത്തകളിൽ സ്ഥാനം പിടിക്കുന്നത്.


ആയതിനാൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഏറ്റെടുത്തുകൊണ്ട് ഇത്തരക്കാരെ വളർത്തിവിടാതെ കേരളത്തിന്റെ കുറച്ചെങ്കിലും ബാക്കിയുള്ള നന്മകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുക .


ഹലാലായാലും ഹറാമായാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ. നിസാര കാര്യങ്ങളിൽ സ്പർദ്ധകൾ വളർത്താതിരിക്കുക , ദയവുചെയ്ത് !!!

എന്തായാലും സുക്കറണ്ണനെകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാനെ പറ്റൂ !!!

എന്തൊക്കെ തന്നെയായാലും ഇന്ന് തന്നെ പാരഗണിലെ കുമരകം ഫിഷ്‌കറി കഴിക്കുമെന്ന ശപഥത്താൽ ദാസനും നൂർജഹാനിൽ നിന്നും പൊറോട്ടയും പോത്തിറച്ചിയും അകത്താക്കിക്കൊണ്ട് വിജയനും

Advertisment