Advertisment

വാളയാറിലും വണ്ടിപ്പെരിയാറിലും നരഹത്യകള്‍ അരങ്ങേറിയപ്പോള്‍ അവള്‍ക്കൊപ്പമോ ? അവര്‍ക്കൊപ്പമോ ? പോസ്റ്ററുകള്‍ ആരും ഇറക്കി കണ്ടില്ല; അന്നും മമ്മൂട്ടിയും മകനും മോഹന്‍ലാലുമൊക്കെ ഇവിടെ ജീവിച്ചിരുന്നു. എല്ലാ പീഡനങ്ങളും പീഡനങ്ങളല്ലാതെ മാറുന്ന കേരള മോഡല്‍ - ദാസവും വിജയനും

New Update

publive-image

Advertisment

ഇരയും വേട്ടക്കാരനും തമ്മിലുള്ള അങ്കം രണ്ടാമതും പൂവണിയുമ്പോൾ ഇവിടെ അരങ്ങേറുവാൻ പോകുന്നത് ചില നാടകങ്ങളാണ്.

നാടകത്തിന്റെ മുൻപേ കഥയും തിരക്കഥയും നല്ല രീതിയിൽ മെനഞ്ഞുകൊണ്ട് ഒരുഗ്രൻ പുകമറ ബോംബ് പൊട്ടിക്കുമ്പോൾ അതിൽ പെട്ടുപോകുന്നതും സിനിമക്കാരോ രാഷ്ട്രീയക്കാരോ ഒന്നുമല്ല, കെ റെയിലിൽ വീടും പറമ്പും നഷ്ടപ്പെടുവാൻ പോകുന്ന അനേകായിരങ്ങളാണ്.

അഞ്ചുകൊല്ലം മുൻപേ നടന്ന സംഭവത്തിൽ ഇരയായ നടി നേരിട്ടോ അല്ലാതെയോ ഒരു പരാതിയും ആർക്കും കൊടുത്തിരുന്നില്ല, സർക്കാർ സ്വമേധയാ കേസ് എടുത്തപ്പോൾ അതിൽ ഉള്‍പ്പെടുകയായിരുന്നു ഇര.

വളരെ കൊട്ടിഘോഷിച്ചുകൊണ്ട് അധികാരത്തിൽ ഏറിയ സർക്കാർ വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടപ്പോൾ വീണുകിട്ടിയ കച്ചിതുമ്പായിരുന്നു ഈ ആക്രമണം. അന്നത്തെ ഭരണാധികാരികൾ അത് വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തിയപ്പോൾ അവരുടെ കുറെ പോരായ്‌മകളെ നികത്തുവാൻ നടന്റെ അറസ്റ്റു കൊണ്ട് സാധിച്ചിരുന്നു.

ബലാല്‍സംഗങ്ങളുടെ തീവ്രത !

എപ്പോഴൊക്കെ പ്രതിപക്ഷം ഭരണപക്ഷത്തെ ആഞ്ഞടിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ പല തരത്തിലുള്ള അറസ്റ്റ് നാടകങ്ങൾ കൊണ്ട് പ്രതിപക്ഷത്തിന്റെ വീര്യം ഇല്ലാതാക്കുവാൻ ഭരണപക്ഷത്തിന് സാധിച്ചിരുന്നു.

അന്പത്തിയൊന്നുകാരിയെ ബാലസംഗം ചെയ്തുവെന്ന പേരിൽ കോവളം എംഎൽഎയെ അറസ്റ്റ് ചെയ്തപ്പോൾ അക്കൂട്ടത്തിൽ കുറെ സമരങ്ങളും പ്രതിഷേധങ്ങളും ഇല്ലാതാക്കി.

കോവളത്തെ തന്നെ വലിയ ഡീലുകൾ അന്ന് നടന്നതൊക്കെയാണ്. അതിനേക്കാൾ ഗുരുതരമായ ബലാൽസംഗം നടത്തിയ ഷൊർണൂർ എംഎൽഎ ആ സമയത്തു തീവ്രത അളന്നു കളിക്കുകയിരുന്നു എന്നതും ശ്രദ്ധേയം.

പിന്നീട് കേരളം കണ്ട ഏറ്റവും വലിയ സ്വർണ്ണക്കടത്തും അതുമായുണ്ടായ പുകിലുകളും അരങ്ങേറിക്കൊണ്ടിരിക്കുമ്പോൾ പ്രതിപക്ഷത്തിന്റെ നാവടക്കിക്കൊണ്ട്, അല്ലെങ്കിൽ അവരുടെ എല്ലാ സമരങ്ങളെയും പ്രതിഷേധങ്ങളെയും ഇല്ലാതാക്കി കൊണ്ട് മറ്റൊരു അറസ്റ്റ് നടന്നത്.

പാലാരിവട്ടം മേൽ പാലം അഴിമതി എന്ന പേരിൽ ഒരു മുൻ മന്ത്രിയെ അറസ്റ്റ് ചെയുമ്പോൾ അന്നത്തെ ഭരണപക്ഷത്തിന്റെ ചെവിക്കുറ്റിയിൽ അടിക്കുന്നതുപോലെ തലശ്ശരി മാഹി പാലം തകർന്നു വീഴുകയായിരുന്നു.

ഒരു പാലം പണിതതിന്റെ പേരിൽ മന്ത്രിമാരെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയാൽ നായനാർ മന്ത്രി സഭ മുതൽ എല്ലാവരെയും അറസ്റ്റ് ചെയണമായിരുന്നു.

പിന്നീട് പ്രതിപക്ഷം സ്പീക്കറിന്റെ ഡോളർ കടത്തിനെതിരെ സമരവുമായി വന്നപ്പോൾ മഞ്ചേശ്വരത്തെ എംഎൽഎ യെ അറസ്റ്റ് ചെയ്തുകൊണ്ട് പിന്നെയും പ്രതിപക്ഷത്തിന്റെ അണ്ണാക്കിൽ പിണ്ണാക്ക് വാരിയിടുവാൻ ഭരണപക്ഷത്തിന് സാധിച്ചു.

അന്നത്തെ പ്രതിപക്ഷ നേതാവും പ്രതിപക്ഷത്തെ മറ്റുള്ള നേതാക്കളും ഒരു ചെറിയ പ്രക്ഷോഭം എങ്കിലും സംഘടിപ്പിച്ചിരുന്നുവെങ്കിൽ, ആ അറസ്റ്റുകൾ എങ്ങനെയെങ്കിലും ഒഴിവാക്കിയിരുന്നെങ്കിൽ ഭരണപക്ഷം വീണ്ടും വീണ്ടും ഇക്കളികൾ കളിക്കില്ലായിരുന്നു.

സമരം നടത്തുവാനോ പോലീസ് സ്റ്റേഷനിൽ നിന്നും പ്രതികളെ മോചിപ്പിക്കുവാനോ പ്രതിപക്ഷത്തിന് ത്രാണി ഇല്ലെന്നു അവർ മനസ്സിലാക്കി.

ഉന്നം പ്രതിപക്ഷത്തിന്‍റെ വീക്നെസ് !

ഇത്തരം സംഭവങ്ങൾ, അറസ്റ്റുകൾ ഒക്കെ തിരിച്ചായിരുന്നു സംഭവിച്ചിരുന്നെങ്കിൽ കേരളം കത്തിയമർന്നേനെ. ഒരു ലോക്കൽ കമ്മറ്റി നേതാവിനെ പോലീസ് പിടിച്ചാൽ കൂട്ടം കൂട്ടമായി വന്നു പോലീസ് സ്റ്റേഷനിൽ നിന്നും പ്രതിയെ ഒരു കൂസലുമില്ലാതെ ഇറക്കി കൊണ്ട് പോകാൻ അവർ മടിക്കില്ലായിരുന്നു.

അക്കാര്യത്തിൽ അന്നത്തെ പ്രതിപക്ഷം തളർന്നപ്പോൾ ഭരിക്കുന്നവർക്ക് അവരുടെ വീക്നെസ്സുകൾ മനസ്സിലാക്കുവാൻ സാധിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്നിപ്പോൾ പുതിയൊരു അറസ്റ്റ് നാടകത്തിനായുള്ള തിരക്കഥ അണിയറയിൽ മെനഞ്ഞുകൊണ്ടിരിക്കുന്നത്.

ഇനിയിപ്പോൾ കേരളത്തിലെ പുതിയ പ്രതിപക്ഷ നേതാക്കളും അണികളും പഴയതിനേക്കാൾ വീര്യം കൂടിയതെന്നു മനസിലാക്കിയപ്പോഴും ഇക്കഴിഞ്ഞ രണ്ടു സമരങ്ങൾ, ആലുവയിലെയും എറണാകുളത്തേയും വൻ വിജയമായപ്പോഴും അണിയറയിൽ ഉരുത്തിരിഞ്ഞ പ്ലാനുകളുടെ അടിസ്ഥാനത്തിൽ തയാറാകുന്ന തിരക്കഥകളാണ് നാമിപ്പോൾ അവിടെയും ഇവിടെയുമായി കേട്ടുകൊണ്ടിരിക്കുന്നത്.

പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അറസ്റ്റ് നാടകം ഇല്ലാതിരിക്കാൻ ഭരണപക്ഷത്തെ ഒരു ഏറാൻ മൂളി ചാനലും പിന്നെ അവരുടെ അടിയിലുള്ള കുറെയധികം ഓൺലൈൻ പത്രങ്ങളും ആ വാർത്തയെ വളർത്തി വളർത്തി കൊണ്ടുവന്ന് ജനങ്ങളിൽ ഒരു ചർച്ചയുണ്ടാക്കിയാണ് ഇപ്പോൾ കളിക്കുന്നത്.

ലക്ഷ്യം, പുതിയ നേതൃത്വം !

ഇന്നത്തെ ഭരണപക്ഷത്തിന്റെ നേർക്ക് ആരൊക്കെ വാളെടുത്തുവോ അവരെയൊക്കെ ഓരോരോ തരത്തിൽ ഒന്നുമല്ലാതാക്കിയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.

അന്നത്തെ പ്രതിപക്ഷ നേതാവിനെ സംഘിയാക്കിയും, ആവേശമുള്ള ചെറുപ്പക്കാരായ നേതാക്കളെ വിജിലൻസ് അന്വേഷണത്തിൽ മുക്കിയും ഒക്കെ വിജയിച്ചപ്പോൾ കാണാതെ പോയ ചില നേതാക്കളുണ്ട്. അവരെയാണ് ഇനി ഒതുക്കേണ്ടത് എന്നത് മനസ്സിലാക്കിയാണ് ഇപ്പോഴത്തെ നീക്കങ്ങൾ.

അക്കാര്യത്തിൽ ഒരു പരിധി വരെ അവർ വിജയിച്ചിട്ടുണ്ട് എങ്കിലും എപ്പോഴും ചക്ക വീണാൽ മുയലുകൾ ചാകണമെന്നില്ല കേട്ടോ !

ഇന്നിപ്പോൾ കേരളസംസ്ഥാനം അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ സമരമായിരിക്കും കെ-റെയിലിന്റേത്.

ഇടതുപക്ഷം എങ്ങനെ ഒക്കെയോ സമരം ചെയ്തുവോ അതിനേക്കാൾ കാഠിന്യത്തിലായിരിക്കും കെ-റെയിൽ സമരമെന്ന് മനസിലാക്കിയ അതിന്റെ വക്താക്കൾ സമരം ഇടക്കുവെച്ചു മുറിക്കാനും എന്നെന്നേക്കുമായി സമരക്കാരുടെ വീര്യം ഇല്ലാതാക്കാനും ഉണ്ടാക്കിയെടുത്ത തിരക്കഥയാണ് ഇപ്പോൾ കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ജനകീയരായ നേതാക്കളെ ജനത്തിന്റെ മുന്നിൽ അവഹേളിക്കാൻ ചെയുന്ന ഒരു സൂത്രം എന്ന് വേണമെങ്കിലും പറയാം.

എത്രയോ കൊലപാതക കേസുകൾ, എത്രയോ ബലാൽസംഘ ക്കേസുകൾ, എത്രയോ പീഡനക്കേസുകൾ സ്വന്തം പാർട്ടിയിലെ നേതാക്കന്മാരുടെയും അണികളുടെയും നേർക്ക് വന്നിട്ടും അതിനൊന്നും ഒരു ചെറുവിരൽ അനക്കാതെ എതിരാളികളെ മാത്രം പൂട്ടുന്ന ഇത്തരം ഏകാധിപത്യ പ്രവണതക്ക് ഇതോടുകൂടി കടിഞ്ഞാണ്‍ ഇടുവാനും ഒറ്റക്കെട്ടായി പോരാടണമെന്നാണ് പതിപക്ഷത്തെ നേതാക്കള്‍ പറയുന്നത്. അല്ലെങ്കിൽ ഇങ്ങനെ ഓരോരോ അറസ്റ്റുകൾക്കുള്ള കാര്യങ്ങളും കാരണങ്ങളും കണ്ടുപിടിച്ചുകൊണ്ട് ഓരോരോ സീസണിലും ഇവർ വിജയിച്ചുകൊണ്ടിരിയ്ക്കും.

ഇന്നിപ്പോൾ സകലമാന ആളുകളും 'അവൾക്കൊപ്പം' എന്ന പോസ്റ്ററുകൾ ഷെയർ ചെയ്തു തുടങ്ങിയിരിക്കുന്നു !! വാളയാറിലും വണ്ടിപ്പെരിയാറിലും ആരും 'അവൾക്കൊപ്പമോ' 'അവർക്കൊപ്പമോ' പോയില്ല !!

അന്നും മമ്മുട്ടിയും മോഹൻലാലും മമ്മുട്ടിയുടെ മകനും കേരളത്തിൽ ജീവിച്ചിരുന്നു !! എല്ലാം ശക്തമായ ഒരു തിരക്കഥയുടെ അടിസ്ഥാനത്തിൽ മാത്രമാണ് !!!

ഇനിയും മിണ്ടാതെ അനങ്ങാതെ ഇരുന്നാൽ നല്ല വിലകൊടുക്കേണ്ടി വരുമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് സംവിധായകൻ ദാസനും രാഷ്ട്രീയക്കാരെ ഇക്കാര്യത്തിൽ മുതലെടുക്കാൻ അനുവദിക്കരുതെന്ന് മാത്രം പറഞ്ഞുകൊണ്ട് പൾസർ വിജയനും

Advertisment