Advertisment

വിവരമുള്ളവന്‍ രാഷ്ട്രീയത്തില്‍ വരുന്നത് തടയുന്നതിനോ ഈ കൊലപാതകങ്ങള്‍ ! അരാഷ്ട്രീയ വാദികളും കൊലപാതകികളും കൂടി ഇല്ലാതാക്കുന്നത് രാഷ്ട്രീയത്തിലിറങ്ങാന്‍ കാത്തിരിക്കുന്ന നന്മമരങ്ങളെ ? ഗാന്ധിജിയും നഹ്റുവും ഇഎംഎസും മുതല്‍ ഡോ. സരിനില്‍ വരെയെത്തി നില്‍ക്കുന്ന രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രൊഫഷണലുകളുടെ കൂടുമാറ്റം ഇല്ലാതായാല്‍ സംഭവിക്കാവുന്നത് ക്രിമിനലുകളുടെ വിളയാട്ടം - ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

സാമൂഹിക സേവനരംഗത്തെ ഏറ്റവും ബഹുമാനിക്കപ്പെടേണ്ട ഒരു പ്രൊഫഷനാണ് രാഷ്ട്രീയം. ആരൊക്കെ എന്തൊക്കെ അരാഷ്ട്രീയ വാദം പറഞ്ഞാലും ജനസേവനത്തിന് ഇത്രയും നല്ലൊരു സാധ്യത രാഷ്ട്രീയത്തിൽ മാത്രമാണുള്ളത്.

എങ്കിലും ചില തത്പര കക്ഷികൾ എല്ലാം അറിഞ്ഞിട്ടും ആ ഒരു നല്ല പ്രൊഫഷനെ ഒരു കുത്തകയാക്കി മാറ്റി അതിലേക്ക് നന്മയുള്ളവരെ ആകർഷിപ്പിക്കാതെ ഇരിക്കുവാൻ പെടാപ്പാട്

പെടുകയാണ്.

ഗാന്ധിജിയായാലും നെഹ്രുവായാലും സഖാവ് ഇഎംഎസ് ആയാലും ശശി തരൂർ ആയാലും എന്തിനധികം പറയുന്നു ഡോക്ടർ എസ്എസ് ലാലും ഡോക്ടർ സരിനും എല്ലാം രാഷ്ട്രീയത്തിന്റെ നന്മ മനസ്സിലാക്കിക്കൊണ്ട് അവരവരുടെ വിദ്യാഭ്യസമോ മറ്റുള്ള ജോലികളോ മാറ്റിവെച്ചുകൊണ്ട് രാഷ്ട്രീയത്തിൽ വന്നവരാണ്.

ഐഎഎസ് കാർ മുതൽ ഡോക്ടർമാരും എൻജിനീയർ മാരും പ്രൊഫസര്മാരും അതുപോലെ വക്കീലന്മാരും ഇന്ന് രാഷ്ട്രീയത്തിൽ വളരെയധികം ആകൃഷ്ടരായി വന്നുകൊണ്ടിരിക്കുന്നു.

എൺപതുകളിൽ നല്ല നല്ല വ്യക്തിത്വങ്ങൾ രാഷ്ട്രീയത്തിലേക്ക് ചേർന്നിരുന്നുവെങ്കിലും തൊണ്ണൂറുകളുടെ അവസാനത്തിൽ എല്ലാവരിലും രാഷ്ട്രീയം എന്നത് വെറുപ്പുളവാക്കുന്ന ഒരു പ്രൊഫഷനായി മാറുകയായിരുന്നു.

publive-image

അതിന് കാരണമായത് അനാവശ്യമായ സമരങ്ങളും പെൺവാണിഭ കേസുകളും രാഷ്ട്രീയ കൊലപാതകങ്ങളും ആണ്. ഇത് നിരവധി ആളുകളെ രാഷ്ട്രീയത്തിൽ നിന്നും അകറ്റി നിർത്തിയിരുന്നു. വിദ്യാർത്ഥികളെ രാഷ്ട്രീയത്തിൽ പ്രവേശിപ്പിക്കാതെ മാതാപിതാക്കൾ ഉപദേശിച്ചുകൊണ്ടിരുന്നു, കുറെ പ്രശ്നക്കാരെ മറ്റുള്ള സംസ്ഥാനങ്ങളിലേക്ക് പഠിക്കുവാൻ അയച്ചു.

ഒരു അധ്യയന വർഷത്തിൽ തൊണ്ണൂറും നൂറും ദിവസങ്ങൾ കമ്പ്യുട്ടറിനെതിരെയും, സ്വകാര്യ പോളിടെക്നിക്കുകൾക്കെതിരെയും സ്വാശ്രയ കോളേജുകൾക്കെതിരെയുമൊക്കെ സമരം നടന്നപ്പോൾ നേട്ടം കൊയ്തത് അന്യസംസ്ഥാന കോളേജുകളായിരുന്നു.

പിന്നീടാണ് ജനത്തിന് മനസിലായത് അതും ചില രാഷ്ട്രീയപാർട്ടിക്കാരുടെ ഡീലുകൾ ആയിരുന്നുവെന്നത്. രാഷ്ട്രീയക്കാർ എന്നാൽ വിശ്വസിക്കാൻ പറ്റാത്തവർ, നെറി ഇല്ലാത്തവർ, കാര്യങ്ങൾ മാറ്റി മാറ്റി പറയുന്നവർ, നിലപാടുകൾ ഇല്ലാത്തവർ എന്നൊക്കെ ജനത്തിന് മനസ്സിലായി തുടങ്ങി.

പതിനഞ്ചും ഇരുപതും വർഷങ്ങൾക്ക് മുൻപ് രാഷ്ട്രീയത്തിൽ ജാഥക്ക് ആളെ കിട്ടാത്ത സന്ദർഭങ്ങൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പുകളിൽ അറുപത്തിയഞ്ചിന് താഴെ പോളിങ് മാത്രവും. ഒരു രാഷ്ട്രീയപാര്ടിക്കും വേണ്ടി പ്രവർത്തിക്കാൻ വിദ്യാർത്ഥികളെ കിട്ടാതായി, നല്ലവരൊക്കെ സ്വന്തം വീടുകളിൽ ഒതുങ്ങി കൂടി.


രാഷ്ട്രീയക്കാരെ ജനം പരസ്യമായി കല്ലെറിയുന്ന അവസ്ഥ സംജാതമാകരുതെന്ന് അന്നത്തെ ഒരു മുഖ്യമന്ത്രി വരെ പ്രസ്താവിക്കുകയുണ്ടായി. കൊലപാതക വാർത്തകൾ കൊണ്ട് പത്രങ്ങൾ നിറഞ്ഞു കവിഞ്ഞു.


എല്ലാ രാഷ്ട്രീയപാർട്ടിക്കാരും ഗ്രൂപ്പ് കളികളിലും, വർഗീയ പ്രീണനങ്ങളിലും, അഴിമതികളിലും മുങ്ങി കുളിച്ചു. എതിരാളികളെ ഇല്ലാതാക്കുവാൻ പെണ്ണുകേസുകളും വിജിലൻസ് കേസുകളും വീണ്ടും വീണ്ടും കുത്തിപ്പൊക്കി ചാനലുകാർക്ക് എറിഞ്ഞു കൊടുത്തുകൊണ്ടിരുന്നപ്പോൾ കുടുംബത്തിൽ പിറന്നവരൊക്കെ രാഷ്ട്രീയം എന്നത് ചില വിഭാഗക്കാരുടെ വരുമാനമാർഗ്ഗമായി കണ്ടു.

publive-image

പിന്നീട് ഈയിടെയായി സോഷ്യൽ മീഡിയ രാഷ്ട്രീയത്തിൽ സ്വാധീനമുറപ്പിച്ചപ്പോൾ കുറെ ചെറുപ്പക്കാർ വീണ്ടും കുടുംബ രാഷ്ട്രീയം നോക്കാതെ അവരവരുടെ ആരാധനാമൂർത്തികളെ ഇഷ്ടപ്പെട്ടുതുടങ്ങി.

രാഷ്ട്രീയക്കാർ ഈ ചെറുപ്പക്കാരുടെ മനം കവരുന്നതിനായി സിനിമക്കാരെയും കലാസാഹിത്യകാരന്മാരെയും എഴുത്തുകാരെയും ഒക്കെ രാഷ്ട്രീയത്തിന്റെ അടിയിൽ കൊണ്ടുവന്നു. തിരഞ്ഞെടുപ്പുകളിൽ സീറ്റുകൾ കൊടുത്തു വിജയിപ്പിച്ചു. നല്ല നല്ല നിലകളിൽ പ്രവർത്തിച്ചിരുന്ന പല ബുദ്ധിജീവികളും രാഷ്ട്രീയത്തിലേക്ക് കടന്നു വന്നു.

രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഡൽഹിയിൽ തിരിച്ചടി കിട്ടി തുടങ്ങിയപ്പോഴും, മറ്റൊരു രാഷ്ട്രീയ കൊലപാതകം കൊമ്പൻ സ്രാവുകളിലെക്ക് എത്തിയപ്പോഴും കുറെ വർഷങ്ങൾ രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാത്ത കേരളമായി മാറി.

പിന്നീട് മെല്ലെ മെല്ലെ രാഷ്ട്രീയ കൊലപാതകങ്ങൾ വർഗീയ കൊലപാതകങ്ങളായി മാറുകയായിരുന്നു.

ഇന്നിപ്പോൾ വീണ്ടും കേരളത്തിൽ അങ്ങോളമിങ്ങോളം രാഷ്ട്രീയ കൊലപാതകങ്ങളും, മുൻ വൈരാഗ്യ കൊലപാതകങ്ങളും, കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് കൊലപാതകങ്ങളും പുനർജനിക്കുമ്പോൾ ഇവിടെ വീണ്ടും ജനം രാഷ്ട്രീയക്കാരെ തള്ളിപ്പറയുവാൻ സാദ്ധ്യതകൾ ഏറിവരുന്നു.


രക്തസാക്ഷികൾക്ക് ഒരു വിലയുമില്ലാത്ത അവസ്ഥയിലേക്ക് കേരളം മാറണം . മരിച്ചാൽ അഥവാ കൊല്ലപ്പെട്ടാൽ അവനവന്റെ കുടുംബത്തിന് നഷ്ടം എന്ന ചിന്തയും വിദ്യാർത്ഥികളിലും അവരുടെ കുടുംബക്കാരിലും എന്ന് വരുന്നുവോ അന്നേ ഈ കൊലപാതകങ്ങൾ അവസാനിക്കൂ.


ആര് മരിച്ചാലും സ്വർഗ്ഗത്തിലൊന്നും പോകില്ല എന്ന തിരിച്ചറിവും ഇക്കൂട്ടർക്ക് ഉണ്ടാകണം. പോയാൽ പോയി അത്രമാത്രം. ഈ കൊലകൾക്ക് ചുക്കാൻ പിടിക്കുന്നവരുടെ വേണ്ടപ്പെട്ടവരൊക്കെ ഗൾഫിലും ബംഗളൂരുവിലും അമേരിക്കയിലുമൊക്കെ വിലസുമ്പോൾ

കരയാൻ വിധിക്കപ്പെട്ട കുറെ അമ്മമാരുടെ സംസ്ഥാനമായി കേരളം മാറരുത്.

publive-image

ഇക്കഴിഞ്ഞ കുറെ നാളുകളായി നടക്കുന്ന പല കൊലപാതകങ്ങളും വ്യക്തമായ അജണ്ടകളുടെയും പ്ലാനുകളുടേയും അടിസ്ഥാനത്തിൽ മാത്രമാണ് എന്നത് കൊലകളുടെ രീതികൾ പരിശോധിച്ചാൽ മനസ്സിലാക്കാം.

പലതും വ്യക്തി വൈരാഗ്യങ്ങളും, ചതികളും ഒക്കെ ആണെങ്കിലും മലയാളികൾ ഇന്നും നൂറ്റാണ്ടുകൾ പിറകിൽ തന്നെയാണ്. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നവർ ആണെന്ന് മനസിലാക്കി തന്നെയാണ് ഇന്നത്തെ ചില രാഷ്ട്രീയക്കാർ ഇങ്ങനെയൊക്കെ ചെയ്തു കൂട്ടുന്നത്.

നമ്മുക്ക് വേണ്ടത് അനാവശ്യ കൊലപാതകങ്ങളോ, സംഘര്ഷങ്ങളോ ഇല്ലാത്ത ഒരു കേരളമാണ്. ഇനിയും കുറെ നന്മമനുഷ്യർ രാഷ്ട്രീയത്തിലേക്കും ജന സേവനത്തിലേക്കും ഇറങ്ങിവരുവാൻ തയാറെടുക്കുന്ന ഈ കാലഘട്ടത്തിൽ അനാവശ്യ പ്രശനങ്ങളും വിവാദങ്ങളും ഒഴിവാക്കേണ്ടത് സാധാരണക്കാരായ നമ്മളാണ്.

ഓരോരോ വിവാദങ്ങളും പ്രശ്നങ്ങളും മറക്കുവാനും മറയ്ക്കുവാനും മാത്രമാണ് പലതും സംഭവിക്കുന്നത്. അല്ലെങ്കിൽ സംഭവിപ്പിക്കുന്നത്.

നമ്മുടെ നാട്ടിൽ രോഗികളെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുമ്പോൾ പാതിയിൽ ഇട്ടെറിഞ്ഞു സമരം ചെയ്ത ഡോക്ടർമാരുണ്ട്, ഗൾഫിലേക്ക് ജോലിക്ക് പോകുന്ന യാത്രക്കാരെ പാതിയിൽ നിർത്തിക്കൊണ്ട് സമരം നടത്തിയ പൈലറ്റുമാരുണ്ട്, വിദ്യാർത്ഥികളുടെ പഠിപ്പ് പാതിയിൽ നിർത്തിവെച്ചുകൊണ്ട് സമരം നടത്തിയ അധ്യാപകരുണ്ട്, അതുപോലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ സമരം നടത്തിയ എഞ്ചിനീയർമാരുണ്ട്.

അപ്പോൾ ആരും മോശമല്ല, പിന്നെയും ലേശം നന്മയുള്ളവർ രാഷ്ട്രീയക്കാർ തന്നെ. സിനിമാക്കാരേക്കാൾ, പത്രക്കാരേക്കാൾ, സാഹിത്യ കാരന്മാരേക്കാൾ തമ്മിൽ ഭേദം രാഷ്ട്രീയക്കാർ തന്നെ.

ഓരോരോ പ്രദേശത്തും നല്ല വിവരവും വിദ്യാഭ്യസവുമുള്ള ചെറുപ്പക്കാരും ചെറുപ്പക്കാരികളും രാഷ്ട്രീയമെന്ന ഈ സാമൂഹിക സേവന രംഗത്തേക്ക് കടന്നു വന്നാലേ നമ്മുടെ നാടിന് പുരോഗതിയുണ്ടാകൂ. അല്ലെങ്കിൽ നമ്മൾ ഇനിയും ഏറെ നാൾ കാത്തിരിക്കേണ്ടി വരും.

കേരളത്തിലെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഒരു കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികൾ പരോളിൽ ഇറങ്ങിനടന്നുകൊണ്ട് കാണിച്ചുകൂട്ടുന്ന കൊപ്രയങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.

കോവിഡിന്റെ പേരിൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഈ പ്രതികൾ വയനാട്ടിൽ മയക്കുമരുന്ന് കച്ചവടവും തലശ്ശരിയിൽ സ്വർണ്ണക്കടത്ത് പൊട്ടിക്കലും അത്യവശ്യം ക്വട്ടേഷനുമായി നീങ്ങുമ്പോൾ ഇവിടെ പിന്നെയും വെറുക്കപ്പെടുന്നത് രാഷ്ട്രീയക്കാരെയാണ്.

വയനാട്ടിൽ റിസോർട്ടിൽ നടന്നത് ഒരു ഗുണ്ടാത്തലവന്റെ ബർത്ത്ഡേ പാർട്ടിയോ വിവാഹവാർഷികമോ ആണ്. രാഷ്ട്രീയക്കാരന്റെ സഹായമില്ലാതെ എങ്ങനെയാണ്‌ ഒരു ഗുണ്ടാത്തലവൻ പരസ്യമായി പാർട്ടികൾ നടത്തുന്നത് ?

മക്കളെ രാഷ്ട്രീയക്കാരാക്കി വളർത്താൻ ആഗ്രഹിച്ചുകൊണ്ട് അച്ഛൻ ദാസനും

അരാഷ്ട്രീയവാദം നാടിനു നല്ലതല്ല എന്ന വിശ്വാസത്തിൽ അച്ഛൻ വിജയനും

Advertisment