Advertisment

രണ്ടു സൂപ്പര്‍ താരങ്ങളുമായും ദിലീപിന് പിണക്കങ്ങളുണ്ട്. ഒന്ന് മീശമാധവന്‍ വഴിയും, മറ്റൊന്ന് അല്‍പം അഹങ്കാരം പറഞ്ഞ വകയിലും. ഇതിലാരാണോ ഇപ്പോള്‍ 'കാല'നായത് ? ദിലീപ് പുണ്യവാളനൊന്നുമല്ലാ എന്നാലും ഈ 'ഗൂഢാലോചന' അല്‍പം അപാരം തന്നെ - ദാസനും വിജയനും

New Update

publive-image

Advertisment

ദിലീപ് വിഷയം കൈകാര്യം ചെയ്യുവാൻ മുഖ്യധാരാ ചാനലുകാരും പത്രക്കാരും രാഷ്ട്രീയക്കാരും മടിച്ചും അറച്ചും പേടിച്ചും നിൽക്കുകയാണ്. കേരളത്തിൽ ആർക്കും വേണ്ടാതെ എഴുതി തള്ളിയിരുന്ന ഒരു ചാനലിന്റെ റിപ്പോർട്ടർ ഈ വിഷയം വീണ്ടും വീണ്ടും കുത്തിപ്പൊക്കിയപ്പോൾ ആ റിപ്പോർട്ടർ അറിഞ്ഞിരുന്നില്ല ആ ചാനൽ മുതലാളിയുടെ മനോവേദനകൾ.

ദിലീപ് ഒരു കോൺഗ്രസ് സഹയാത്രികൻ ആയിരുന്നു എന്നത് കുറെ പേർക്കെങ്കിലും അറിയാം . പത്തനാപുരത്ത് ഇപ്പോഴത്തെ എംഎൽഎ പണ്ട് കാലത്ത് യുഡിഎഫ് സാരഥി ആയിരുന്നപ്പോൾ ദിലീപും കാവ്യാ മാധവനും സിദ്ധിഖും സലിം കുമാറും ഇടവേളയുമൊക്കെ പ്രചാരണം നടത്തിയിരുന്നതൊക്കെ മലയാളി മറന്നുവെന്ന് തോന്നുന്നു.

പക്ഷെ ഇന്നിപ്പോൾ ഈ വിഷയം വന്നപ്പോൾ കോൺഗ്രസുകാരും ദിലീപിനെ അനുകൂലിക്കുന്നില്ല എന്നതും ഒരു വാസ്തവമാണ്. കാരണം അദ്ദേഹത്തിന്റെ മേലെ ആരോപിക്കപ്പെട്ട കുറ്റം സ്ത്രീകളിൽ ഏറെ വിഷമം ഉണ്ടാക്കിയ ഒന്നായിരുന്നു. ആ കേസിപ്പോൾ കോടതിയിൽ പരിഗണിക്കുന്നതിനാൽ അതേകുറിച്ചൊന്നും കൂടുതൽ എഴുതുവാനാകില്ല.


മലയാളത്തിലെ ഒരു സൂപ്പർതാരം അഭിനയിക്കേണ്ടിയിരുന്ന റോൾ ആയിരുന്നു ദിലീപിനെ മലയാളത്തിന്റെ ഒന്നാം നിരയിൽ എത്തിക്കപ്പെട്ട സിനിമയിലേത്. ആ ഒരൊറ്റ സിനിമയിൽ മാധവൻ മീശ പിരിച്ചപ്പോൾ, മീശ പിരിയാൽ കേരളം കീഴടക്കിയിരുന്ന ആ നടന്റെ തമാശ പടങ്ങൾ എന്നെന്നേക്കുമായി ദിലീപിന്റെ ജൂലൈ നാലിന് റിലീസ് ചെയ്യുകയായിരുന്നു.


അതിന്റെ പേരിൽ ഓരോരുത്തരുടെയും സിനിമകൾ ഇറങ്ങുമ്പോൾ റിലീസ് നാളുകളിൽ കൂവി തോൽപ്പിക്കുവാൻ ആളെ ഇറക്കുന്ന ഒരു പ്രത്യേക ഗുണ്ടായിസത്തിന് കേരളം സാക്ഷിയാവുകയായിരുന്നു. കൊച്ചി ലോബിയും തലസ്ഥാന ലോബിയും തമ്മിലുള്ള നേരിട്ടുള്ള അങ്കം വെട്ടലുകൾ.

'മദൻലാൽ' എന്ന ഒരു ഏഴാംകൂലി നടനെ അഭിനയിപ്പിച്ചുകൊണ്ട് 'സൂപ്പർസ്റ്റാർ' എന്ന സിനിമയെടുത്ത വിനയൻ എന്ന സംവിധായകനെ മലയാള സിനിമയിൽ നിന്നും കെട്ടു കെട്ടിക്കുവാൻ സൂപ്പർ സ്റ്റാർ നടൻ തക്കം പാർത്തിരിക്കുന്ന സമയത്തായിരുന്നു കൊച്ചി ലോബി ക്കാരായ സിനിമാക്കാരുടെ അരങ്ങേറ്റവും അമ്മ എന്ന സംഘടനയുടെ ഇടപെടലുകളും.

ആ സംവിധായകന്റെ സിനിമയിൽ അഭിനയിച്ചതിന് കലാഭവൻ മണിക്ക് ഏറ്റവും നല്ല നടനുള്ള അവാർഡ് ഏറെക്കുറെ ഉറപ്പിച്ചപ്പോൾ അതിനെ പരമാവധി കളികൾ കൊണ്ട് ഇല്ലാതാക്കിയതും മണി തലകറങ്ങി വീണതുമൊക്കെ തലസ്ഥാന ലോബിയുടെ വിജയമായിരുന്നു.

അന്നത്തെ കൊച്ചി ലോബിക്കാരായിരുന്നു ദിലീപ്, കലാഭവൻ മണി, സലിം കുമാർ, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവർ. അതിൽ പല നടന്മാരുടെയും നടിമാരുടെയും ആരോഗ്യ പ്രശ്നങ്ങളിലും മരണത്തിനു ശേഷവും അവരുടെ കുടുംബങ്ങളെ കണ്ണടച്ചു സഹായിച്ചവർ ആയിരുന്നു കൊച്ചി ലോബിക്കാർ.

കലാഭവൻ മണിയുടെയും അതുപോലെയുള്ള ഒട്ടനവധി സിനിമക്കാരുടെയും സമ്പത്ത് മാന്യമായി കൈകാര്യം ചെയ്തിരുന്നതും പലയിടത്തും നിക്ഷേപിച്ചിരുന്നതുമൊക്കെ ദിലീപിന്റെ കച്ചവട ഗ്രൂപ്പ് ആയിരുന്നു.

അതുപോലെ അമ്മ എന്ന സംഘടനക്ക് ഭീമമായ തുക ഉണ്ടാക്കുവാൻ ദിലീപ് മുന്നിട്ടിറങ്ങുകയും 20-20 എന്ന ബ്രഹ്മാണ്ഡ സിനിമ സ്വന്തം റിസ്‌ക്കിൽ നിർമ്മിച്ചുകൊണ്ട് 'സംഘടനയുടെ സാമ്പത്തിക കരുത്ത് വർദ്ധിപ്പിക്കുകയും ചെയ്തു.

പിന്നീടാണ് ട്വിസ്റ്റുകൾ ആരംഭിക്കുന്നത്. മെഗാസ്റ്റാറിന്റെയും സൂപ്പർസ്റ്റാറിന്റെയും അതുപോലെ ഒട്ടുമിക്ക സ്റ്റാറുകളുടെയും കണക്കുകൾ നോക്കിയിരുന്നത് തലസ്ഥാനത്തെ ഒരു കണക്കപ്പിള്ള ആയിരുന്നു. അദ്ദേഹം തലകുത്തി മറിഞ്ഞിട്ടും അമ്മയുടെ കണക്കുകൾ ദിലീപ് ആർക്കും വിട്ടു കൊടുത്തിട്ടില്ല.

'അമ്മ എന്ന സംഘടനയുടെ കണക്കുകൾ കൈകാര്യം ചെയുവാൻ സാധിച്ചാൽ ധാരാളം ടാക്സ് വെട്ടിപ്പുകൾ നടത്തുവാൻ സാധിക്കും എന്നതിനാലാണ് എല്ലാവര്ക്കും അക്കാര്യത്തിൽ ഏറെ താത്പര്യം ഉണ്ടായിരുന്നത്. പല പഴയ നടന്മാരെയും നടിമാരെയും സഹായിക്കുന്നുവെന്ന വ്യാജേന കോടികൾ ചാരിറ്റി വകയിൽ എഴുതിത്തള്ളുവാനാകും. ദിലീപിന്റെ സഹോദരനും സഹോദരീ ഭർത്താവുമാണ് എല്ലാം വളരെ ഭംഗിയായി കൈകാര്യം ചെയ്തിരുന്നത്.

അന്ന് 'അമ്മ എഴുതിത്തള്ളിയ പൃഥ്വിരാജിന്റെ കണക്ക് നോക്കുവാൻ ഈ കണക്കപ്പിള്ള നടനെ കാണാൻ പോയപ്പോൾ നടന്റെ ഒറിജിനൽ 'അമ്മ പറഞ്ഞു നടൻ ഉച്ചയുറക്കത്തിൽ ആണെന്ന്. എന്നിട്ടു കാത്തിരുന്നുകൊണ്ട് ആ നടന്റെ കണക്കുനോട്ടം പിടിച്ചു എടുത്തു എങ്കിലും ദിലീപിനെ കൈപ്പിടിയിൽ ഒതുക്കുവാൻ ആ ചാർട്ടേർഡ് അക്കൗണ്ടന്റിന് ആയില്ല.

ആ വൈരാഗ്യത്തിന് ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഒരു റെയിഡ് ഉണ്ടാക്കുവാൻ ഈ കണക്കപ്പിള്ളയ്ക്ക് സാധിച്ചു.

പക്ഷ ദിലീപും പകരത്തിനു പകരമായി കേരളത്തിലെ രണ്ടു സിനിമ സൂപ്പർസ്റ്റാറുകളുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സുകാരെ കൊണ്ട് റെയ്ഡ് ചെയ്യിച്ചു. അങ്ങനെയാണ് ആനക്കൊമ്പ് വിവാദം കേരളത്തിൽ ഉണ്ടായത്.


കേരളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ തങ്ങൾക്ക് ബോധിക്കാത്തവരെയും ഇഷ്ടപ്പെടാത്തവരെയും ഒതുക്കിയും ഇല്ലാതാക്കിയും ആത്മഹത്യ ചെയ്യിച്ചുമൊക്കെയുള്ള കഥകൾ നമ്മൾ ഏറെ കേട്ടതാണ്.


പെരുന്തച്ചൻ എന്ന ഒരൊറ്റ സിനിമകൊണ്ട് മലയാളത്തിലെ ഒന്നാം നമ്പർ ആയ സംവിധായകനെ ഇല്ലാതാക്കിയത് ഒരു മെഗാസ്റ്റാറാണ്. അജയൻ എന്ന ആ സംവിധായകൻ ഈയടുത്താണ് മരിച്ചത്. ശ്രീനാഥ് എന്ന ആ നടൻ ആത്മഹത്യാ ചെയ്തത് എങ്ങനെയാണ് എന്ന് ആ സമയങ്ങളിൽ മലയാളം ഏറെ ചർച്ച ചെയ്ത വിഷയങ്ങളാണ്.

ഇങ്ങനെ നൂറുകണക്കിന് സംഭവങ്ങൾ മലയാള സിനിമയിൽ ഉണ്ടായപ്പോഴും അവർക്കൊന്നും ഒതുക്കുവാൻ ആകാതെ പിടിച്ചുനിന്നവർ ദിലീപും പൃഥ്വിരാജുവും മാത്രമായിരുന്നു. പിന്നെ വിനയനും.

കേരളത്തിൽ നൂറു കണക്കിന് കൊലപാതകങ്ങൾ നടക്കുന്നുണ്ട്, കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ടവർ പരോളിൽ ഇറങ്ങി വിലസുന്നുമുണ്ട്. ആയിരക്കണക്കിന് പീഡനങ്ങളും പോക്സോ കേസുകളും ദിനേന വാർത്തകളിൽ സ്ഥാനം പിടിക്കുന്നുണ്ട്.

അതിൽ പലതിലും പ്രതികൾ രാഷ്ട്രീയക്കാർ ആയതുകൊണ്ടും പലതും പാർട്ടിക്കാർ അന്വേഷിച്ചുകൊണ്ട് വിധി കൽപ്പിക്കുന്നു. അതുപോലെ പലതും ഗൂഢാലോചനക്കാരിൽ എത്തിപ്പെടുന്നില്ല. ഉന്നതങ്ങളിലെ പിടിപാടുകളാൽ തേയ്ച്ചുമായ്ച്ചു കളയുന്നു.

രാഷ്ട്രീയ കൊലപാതകങ്ങളിൽ കേസുകൾ വാദിക്കുവാൻ നികുതിപ്പണം ഉപയോഗിക്കുന്നു. പക്ഷെ ഇന്നിപ്പോൾ ഈ കേസിനെ ഉപയോഗിക്കുന്നത് പലതിനെയും മറയ്ക്കുവാൻ എന്ന തോന്നൽ ജനത്തിന് ഉണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ല.

എന്തായാലും ദിലീപിനെ കുടുക്കാന്‍ ഒരു സൂപ്പര്‍താരം കളത്തിലിറങ്ങി എന്നാണ് കിംവദന്തി. ഭരിക്കുന്നവര്‍ ചുക്കാന്‍ പിടിക്കുന്ന ചാനലിന്‍റെ തലപ്പത്തുള്ള താരത്തെ ഇതിന്‍റെ പേരില്‍ സംശയിക്കാനാകുമോ ? സംശയിക്കാതിരിക്കാനാകുമോ ? എന്തായാലും ഈ സൂപ്പറിന് പടം കുറഞ്ഞിരുന്ന കാലത്ത് പടമില്ലാത്തതുകൊണ്ട് വിഷമിക്കേണ്ട എന്തെങ്കിലും സഹായം വേണേല്‍ ചോദിച്ചാല്‍ മതിയെന്ന് അല്‍പം അഹങ്കാരം പറഞ്ഞെന്നൊരു കിംവദന്തിയുണ്ട്. മതിയല്ലോ ?

സമാന കേസുകളിലൊക്കെ ഇരയായാലും വേട്ടക്കാരൻ ആയാലും അവരൊക്കെ ഒരേ തൂവൽ പക്ഷികൾ ആയിരുന്നു. അവരൊക്കെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. അവരൊക്കെ കൂട്ടുകച്ചവടക്കാർ ആയിരുന്നു, നായികാനായകന്മാർ ആയിരുന്നു.

തെറ്റുചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം, അതിപ്പോൾ പീഡനമായാലും കൊലപാതകം ആയാലും അഴിമതികൾ ആയാലും.

കെ-റെയിലിനെ മറയ്ക്കാനാണോ ഈ വിഷയം വീണ്ടും വീണ്ടും നിറയുന്നത് എന്ന സംശയത്തിൽ ദാസനും ബ്ലാക്ക് മെയിലിൽ പണമുണ്ടാക്കാൻ ആണ് ഇതിന്റെ പ്രധാന ലക്‌ഷ്യം എന്ന ഉറപ്പിന്മേൽ വിജയനും.

Advertisment