Advertisment

ലോകായുക്ത തകരട്ടെ, സാമ്രാജ്യത്വം വാഴട്ടെ, കോവിഡ് തുലയട്ടെ, തിരുവാതിര നടക്കട്ടെ - ദാസനും വിജയനും എഴുതുന്നു...

New Update

publive-image

Advertisment

അപ്രതീക്ഷിതമായാണോ അല്ലാതെയാണോ എന്നറിയില്ല: പിണറായി 2 സാമ്രാജ്യത്വ അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സ കഴിഞ്ഞു സുഖപ്രദമായി ഗൾഫിൽ എത്തിയിരിക്കുന്നു.

എന്നും മുന്നോട്ട് മാത്രം പോകുന്ന സംസ്ഥാനമെന്ന ഖ്യാതിയുള്ള കേരളത്തിന്റെ പവലിയൻ നാല് മാസം പിന്നിട്ടിരിക്കുന്നു എക്സ്പോയിൽ ഉത്ഘടിക്കുമ്പോൾ അതിന്റെ പിന്നിലെ കാരണങ്ങൾ കാരണഭൂതർക്ക് മാത്രമേ മനസ്സിലാവൂ.

ഈ രണ്ടാം സർക്കാർ വന്നതിൽപ്പിന്നെ ആകപ്പാടെ ഒരു എംഎൽഎ മാത്രമേ ദുബായ് സന്ദർശിട്ടുള്ളൂ. അദ്ദേഹം തവനൂരിന്റെ സുൽത്താൻ ആയതുകൊണ്ടാകാം പ്രത്യേകമായി എക്സ്പോക്ക് എത്തിയതും ഇന്ത്യൻ പവലിയനെ വിലയിരുത്തിയതും.

കഴിഞ്ഞ സർക്കാരിൽ സ്പീക്കർ മുതൽ മന്ത്രിമാരും എംഎൽഎമാരും ചായകുടിക്കുവാൻ വരെ പോയിരുന്നത് പോലും ദുബായിലേക്കും ഖത്തറിലേക്കും ഒക്കെയായിരുന്നത്രെ ! അതിന്റെ പേരിൽ ഡോളറും സ്വർണ്ണവും കച്ചവടങ്ങളും യുണിവേഴ്സിറ്റികളും ഒക്കെ ജനത്തിന് മനസിലാക്കുവാൻ സാധിച്ചു എന്നതാണ് മെച്ചമായത്.

ലോകകേരളസഭയെന്ന പേരിലും ബിസിനസ്സ് അവാർഡുകൾ എന്ന പേരിലും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പരിപാടികൾ അവതരിപ്പിച്ചു കൂട്ടിയപ്പോൾ അതിന്റെയൊക്കെ ചുക്കാൻ പിടിച്ചിരുന്ന ചാനൽ തലവൻ ആരോടും ഒന്നും പറയാതെ, യാതൊരു യാത്രയയപ്പു പോലും ഏറ്റുവാങ്ങാതെ ദുബായിൽ നിന്നും ഓടിയൊളിച്ചത് എന്തിനാണെന്ന് ആർക്കും ഒരു എത്തും പിടുത്തവും കിട്ടുന്നില്ല.

പക്ഷെ അതൊന്നും വകവെക്കാതെ പ്രമുഖ ഉപദേഷ്ടാവ് കാര്യങ്ങൾ എല്ലാം ഭംഗിയായി കൈകാര്യം ചെയ്തപ്പോൾ ലൈഫ്‌മിഷൻ പദ്ധതികളും റെഡ് ക്രെസെന്റും ഒക്കെ നമ്മുടെ വാർത്തകളിൽ നിറഞ്ഞു.

പത്തുലക്ഷവും ഇരുപതുലക്ഷവും നിർബന്ധിതമായി വാങ്ങിക്കൊണ്ട് ഗൾഫിലെ കുറെയധികം പ്രാഞ്ചിയേട്ടന്മാർക്ക് ബിസിനസ്സ് അവാർഡുകൾ ഭരണമുഖ്യനും മെഗാസ്റ്റാറും ഒക്കെ സമ്മാനിച്ചപ്പോൾ അവാർഡുകൾ കിട്ടിയ പലരും ആത്മഹത്യാ ചെയ്തും, നാട്ടിലേക്ക് മുങ്ങിയും, കച്ചവടങ്ങൾ അവസാനിപ്പിച്ചും, കേസുകളിൽ അകപ്പെട്ടും ജീവിതം തള്ളിനീക്കുന്ന കാഴ്ച്ചകൾ കാണാവുന്നതാണ്.

ദുബായിലെയും അബുദാബിയിലെയും ഷാർജയിലെയും ഒമാനിലെയും ഖത്തറിലെയും പാവപ്പെട്ട കോടീശ്വരന്മാർക്ക് നാട്ടിൽ വലിയ വലിയ കച്ചവട സൗകര്യങ്ങൾ നൽകാമെന്ന് വ്യാമോഹിച്ചാണ് അവാർഡുകൾ വീശിയത്.

മന്ത്രിമാരും സ്പീക്കർമാരും ലോകകേരള സഭക്കാരും ഒക്കെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പാർട്ടികൾ വിളിക്കുമ്പോൾ അവിടെ മുൻപന്തിയിൽ കസേരകളിൽ കാലിന്മേൽ കാലു കയറിയിരിക്കുന്ന കോട്ടിട്ടവർ ഇടതുപക്ഷക്കാരായിരുന്നില്ല എന്നതാണ് വൈരുദ്ധ്യാത്മിക

സിദ്ധാന്തം എന്ന് പറയുന്നത്.

കാലാകാലങ്ങളായി സീറ്റിൽ പിടിച്ചിരുക്കുന്ന ഗൾഫിലെ കോൺഗ്രസ്സ് സംഘടനാ നേതാക്കന്മാരും കെഎംസിസി യിലെ ചില പുണ്യാളളന്മാരുമൊക്കെ ആയിരുന്നു ഈ വക പരിപാടികൾ കൊഴുപ്പിക്കുവാൻ സദസ്സ് നിറച്ചിരുന്നത്.

സ്വന്തം പാർട്ടിയിലെ നേതാക്കന്മാർ വരുമ്പോൾ അപ്പോൾ ഗ്രൂപ്പുകളികളും കുത്തിത്തിരിപ്പുമായി ഇവർ ഇറങ്ങുകയും ചെയുന്നു.


കോവിഡിനെ എന്നും പിടിച്ചുകെട്ടുന്ന കേരളത്തിൽ രണ്ടാളെ പരിശോധിക്കുമ്പോൾ ഒരാൾക്ക് കോവിഡ് എന്ന നിലയിൽ കാര്യങ്ങൾ എത്തിനിൽക്കുമ്പോൾ അവാർഡുകൾ മാത്രം വാരിക്കൂട്ടിയ ആരോഗ്യ വകുപ്പുള്ള കേരളത്തിൽ എങ്ങനെ ഒരു മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും വിമാനത്താവളത്തിൽ എത്തും എന്നതിന്റെ ചിന്തകളിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഇപ്പോഴത്തെ ഗൾഫിലെ കാഴ്ചകൾ.


നാട്ടിൽ വലിയ വീടുകളിൽ ബ്രഹ്മാണ്ഡ കല്യാണങ്ങൾ നടക്കുമ്പോൾ തൊട്ടടുത്ത പാവപ്പെട്ട വീടുകളിലെ രണ്ടോ മൂന്നോ പെൺപിള്ളേരെ കൂട്ടത്തിൽ കെട്ടിച്ചയക്കുന്ന രീതിയാണ് ഇന്നിപ്പോൾ മുഖ്യൻ ചെയ്തിരിക്കുന്നത്.

ഒട്ടേറെ വിമർശനം നേരിടേണ്ടിവന്ന അമേരിക്കൻ സന്ദർശനം കഴിഞ്ഞു നേരെ നാട്ടിലേക്ക് പോകാതെ ദുബായ് എന്ന സ്ഥലത്തു ഇറങ്ങി പിന്നീട് നാട്ടിലെത്തുമ്പോൾ കുറെ മാപ്ല സഖാക്കൾക്ക് എങ്കിലും സന്തോഷമാകും എന്ന കരുതൽ.

ഒന്നാം പ്രളയം കഴിഞ്ഞു നേരെ ഗൾഫിലെത്തിയ മന്ത്രിമാർ എല്ലാരും ചേർന്ന് കുറച്ചൊന്നുമല്ല കോടികൾ പിരിച്ചെടുത്തത്. സഖാവ് നായനാർ സ്മാരക മന്ദിരം പണിയുന്നതിന് ഗൾഫിൽ നിന്നും കോടികൾ കിട്ടിയ അനുഭവത്തിൽ തുടങ്ങിയ പിരിവിൽ കിട്ടിയ കോടികൾ

വകമാറ്റി ചിലവഴിച്ചുവെന്ന ലോകായുക്ത കണ്ടെത്തൽ പുറത്തുവരാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.

കൂടാതെ പ്രൊഫസർ മന്ത്രിയുടെ പേരിലുള്ള ലോകായുക്തക്കേസും വെളിയിൽ വരുന്നതിനുമുന്പേ ലോകായുക്തയെ വെട്ടി വെയിലത്തുവെക്കുവാനുള്ള തീരുമാനത്തിൽ ഗവർണർ ഒപ്പിടുകയാണെങ്കിൽ അതിൽ ഗവര്ണറെയും സ്വാധീനിച്ചു എന്ന് വേണം കരുതുവാൻ.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് സഖാവ് മമ്മുട്ടി നായകനായ കടക്കൽ ചന്ദ്രൻ എന്ന വൺ എന്ന സിനിമ കേരളത്തിൽ വളരെ കൊട്ടിഘോഷിച്ചുകൊണ്ട് ഇറങ്ങുകയുണ്ടായി.

ജനങ്ങൾക്ക് സ്വന്തം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിജയിപ്പിച്ചയച്ചതുപോലെ തിരിച്ചുവിളിക്കാനുള്ള അവകാശം ഉണ്ടാക്കിയെടുക്കുന്ന സിനിമയാണ് വൺ.

സോളാർ കേസ് കേരളത്തിൽ കത്തിച്ചുകൊണ്ട് ന്യു ജനറേഷനിൽ ഇക്കിളിയുണർത്തിയും കോഴമാണി എന്ന നോട്ടെണ്ണൽ യന്ത്രത്താലും മാത്രമാണ് ഇപ്പോഴത്തെ കപ്പിത്താൻ ഭരണം ഏറ്റെടുത്തത്.

കോഴമാണിയും നോട്ടെണ്ണൽ യന്ത്രവും സ്വന്തം നിരയിൽ ആദ്യമേ എത്തി. ഇപ്പോൾ സോളാർ കത്തിച്ചത് വെറുതെ ആയിരുന്നുവെന്ന് കോടതി വിധിച്ചിരിക്കുന്നു. ആയതിനാൽ ആ തിരിച്ചുവിളിക്കൽ നിയമവും ലോകായുക്തയോടൊപ്പം പെട്ടെന്ന് പരിഗണിക്കണമെന്ന് എറണാകുളത്തിന്റെ ആദർശമന്ത്രിയോട് അഭ്യർത്ഥിക്കുന്നു... അപേക്ഷിക്കുന്നു...

എന്തായാലും എല്ലാറ്റിനും ഒരു അതിരുണ്ട് : മങ്ങിയകാഴ്ചകൾ കണ്ടുമടുത്തു, കണ്ണടകൾ വേണം

ലോകായുക്ത തകരട്ടെ, സാമ്രാജ്യത്വം വാഴട്ടെ എന്ന മുദ്രാവാക്യവുമായി സഖാവ് ദാസനും കോവിഡ് തുലയട്ടെ, തിരുവാതിര നടക്കട്ടെ എന്ന മുദ്രാവാക്യവുമായി സഖാവ് വിജയനും

Advertisment