Advertisment

'ജോറാണ്... ജോറാണ്... തൃക്കാക്കരയില്‍ ജോറാണ്...' എന്ന മുദ്രാവാക്യം കൊള്ളാം ! പക്ഷേ വിളിച്ചതാര് ? അത് സ്വന്തമാക്കിയതാര് ? എന്ന് മനസിലായല്ലോ. 'ചോറാണ്... വീടാണ്... നാട്ടാര്‍ക്ക് വേണ്ടത് ജീവിതമാണ് ' എന്ന് മനസിലാക്കിയില്ലെങ്കില്‍ ക്യാപ്റ്റന്‍ ക്ലാപ്പനാകും ! വിജയത്തിന്‍റെ രതസന്ത്രങ്ങള്‍ തൃക്കാക്കരയിലൂടെ പഠിച്ചെടുത്താല്‍ യുഡിഎഫിന് കൊള്ളാം. അല്ലെങ്കില്‍ തോല്‍വി തഥൈവ ! - ദാസനും വിജയനും എഴുതുന്നു

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

ഒരു ഭാഗത്ത് എഴുപതോളം എംഎൽഎമാർ, പതിനെട്ടോളം മന്ത്രിമാർ, ക്യാപ്റ്റൻ, പിന്നെ സെക്രട്ടറി, കണ്ണൂരിലെ പുലിക്കുട്ടികൾ, ശരിക്കും പറഞ്ഞാൽ ഒരു കൗരവപ്പടയെ തന്നെ നിരത്തി എൽഡിഎഫ് രംഗത്തിറങ്ങിയപ്പോൾ പത്തൊൻപതോളം എംപിമാർ മുപ്പതോളം എംഎൽഎമാർ അതുപോലെ തോറ്റ എംഎൽഎമാർ എന്നിവരൊക്കെ ചേർന്നുള്ള പാണ്ഡവപ്പട വളരെ അടുക്കും ചിട്ടയോടെ വളരെ സൂക്ഷ്മതയോടെ അങ്കം വെട്ടിയപ്പോൾ അന്തിമവിജയം കേരളജനതക്ക് സമ്മാനിച്ചുകൊണ്ട് തൃക്കാക്കരയിലെ ജനത നന്മക്കുള്ള അംഗീകാരം നൽകിയിരിക്കുന്നു.

കേരളം അനുഭവിക്കാവുന്നതിലും ഏറെ വർഗീയത ഇളക്കിവിട്ടുകൊണ്ടുള്ള പ്രചാരണങ്ങളും പ്ലാനിങ്ങുകളും ഗൂഡാലോചനകളും ഒരു ഭാഗത്തും, ഐക്യമത്വം മഹാബലം എന്ന തത്വത്തിൽ എതിർഭാഗത്തും വാക് യുദ്ധങ്ങളും പ്രചാരണങ്ങളും കൊഴുത്തപ്പോൾ അവസാന വിജയം നന്മക്ക് തന്നെ എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ജാതി നോക്കിയും മതം നോക്കിയും സ്ഥാനാർത്ഥികളെ നിശ്ചയിച്ചുകൊണ്ടും എതിർപാർട്ടികളിലെ പല്ലുകൊഴിഞ്ഞ നേതാക്കന്മാരെ ജാതി നോക്കി തിരഞ്ഞുപിടിച്ചുകൊണ്ട് കൂടെ കൂട്ടുമ്പോഴും ഇവിടെ നഷ്ടപ്പെട്ടിരുന്നത് ഒരു നല്ല സംസ്കാരമായിരുന്നു.


യാതൊരു മാന്യതയുമില്ലാതെ മറുകണ്ടങ്ങൾ ചാടിക്കളിച്ചു രണ്ടു വഞ്ചികളിൽ കാലിട്ടു നടന്ന കുറെ ചത്ത സിംഹങ്ങൾക്കുള്ള തിരിച്ചടിയാണ് തൃക്കാക്കരക്കാർ കേരളജനതക്ക് സമ്മാനിച്ചത്.


ഇസ്ലാം മതക്കാരന്റെ വീട്ടിൽ ഇസ്ലാം മന്ത്രിയും, ലാറ്റിൻ ക്രിസ്ത്യാനിയുടെ വീട്ടിൽ ലാറ്റിൻ മന്ത്രിയും, നായരുടെ വീട്ടിൽ നായരും ഈഴവന്റെ വീട്ടിൽ ഈഴവനും കയറി നിരങ്ങി അവിടെയുള്ള ജോലിക്കാർക്ക് സ്ഥലം മാറ്റം മുതൽ ബാങ്ക് ലോണുകൾ കോളേജ് അഡ്മിഷനുകൾ വരെ തരപ്പെടുത്തി കൊടുത്തപ്പോൾ വോട്ടുകൾ ഇങ്ങനെ എതിരാകുമെന്ന് ഒരു ക്യാപ്റ്റനും ഒരു ക്ണാപ്പനും സ്വപ്നത്തിൽ പോലും കരുതിക്കാണില്ല.

ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടാൽ എല്ലാം നേടാമെന്ന അഹങ്കാരത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് തൃക്കാക്കരയിലെ ബുദ്ധിയുള്ള ജനത കൈക്കൊണ്ട നിലപാടുകൾ കൊണ്ട് നേടുവാനായത്.

publive-image

സംഘപരിവാർ ശക്തികളേക്കാൾ, ഇസ്ലാമിക തീവ്രവാദ പാർട്ടികളേക്കാൾ, ക്രിസ്ത്യൻ പോരാളികളേക്കാൾ ആവേശത്തിലാണ് മറ്റ് ചിലര്‍ കേരളത്തിൽ വർഗീയത പ്രചരിപ്പിച്ചത്. ബലൂണിൽ സൂചി കയറ്റുന്നതുപോലെ വളരെ സൂക്ഷ്മതകളോടെ അവർ വർഗീയത പരതിയപ്പോൾ യുഡിഎഫ് അണികളിൽ വരെ വിഭാഗീയത ഉണ്ടാക്കിയെടുക്കുവാൻ ഇവർക്കായി.

ഇത്രയും വർഗീയത പ്രചരിച്ച ഒരു കാലഘട്ടം കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. അതിന്റെ പിന്നിലെ ആസൂത്രകൾ കണ്ണൂരിലെ ചിലരൊക്കെ ആണെന്ന് മനസിലാക്കാം. പക്ഷെ ഭരണത്തിന്റെ ഹുങ്കിൽ, തുടര്ഭരണത്തിന്റെ അഹങ്കാരത്തിൽ അവരങ്ങനെ ജയിച്ചു ജയിച്ചു കയറുകയായിരുന്നു.

നാടിന് യാതൊരു പ്രയോജനവുമില്ലാത്ത കെ റെയിൽ പോലുള്ള വൻ കമ്മീഷൻ പദ്ധതികൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുവാൻ ശ്രമിച്ചപ്പോൾ കേരളത്തിന്റെ ഒരു ഭാഗ്യമായിട്ടാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സംജാതമായത്.

പ്രകൃതിയെ അത്രമാത്രം സ്നേഹിച്ച, പ്രകൃതിയുടെ തണലായ പിടി തോമസ് എന്ന നേതാവ് സ്വന്തം ജീവനാണ് കേരളത്തിനായി സമർപ്പിച്ചത് എന്ന് വേണം കരുതുവാൻ. അല്ലെങ്കിൽ കേരളം ഇന്ന് പലതരം ഊരാളുങ്കലുകാർ നശിപ്പിച്ചെടുത്തേനേ.

publive-image

പണത്തിന്റെ മേലെ പരുന്തും പറക്കില്ല എന്ന ധാർഷ്ട്യം അവരുടെ കുട്ടി നേതാക്കന്മാരും അണികളും ഏറ്റെടുത്തപ്പോൾ വാട്സ്ആപ്പ് ഗ്രൂപ്പുകൾ മുതൽ അന്തിചർച്ചകളിൽ വരെ അവരുടെ ധാർഷ്ട്യം നിഴലിച്ചു. ഇന്നിപ്പോൾ തൃക്കാക്കരയുടെ പിടി തന്നെ അവർക്കുള്ള മറുപടി കൊടുത്തുകഴിഞ്ഞു.


യുഡിഎഫിനെ സംബന്ധിച്ചിടത്തോളം, തിരുവഞ്ചൂർ രാധാകൃഷ്‍ണൻ എന്ന എഴുപത്തിയഞ്ചുകാരൻ കയറിഇറങ്ങിയത് രണ്ടായിരത്തോളം വീടുകളിൽ ആണ്. വികെ ശ്രീകണ്ഠൻ അയ്യായിരവും ഷാഫിയും വീടിയും രമ്യയും ഹൈബിയും രാഹുലും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒക്കെ അവരവർക്കാവുന്ന തരത്തിൽ വീടുകളിൽ കയറിഇറങ്ങുകയായിരുന്നു.


ഒരു നേതാവിനെ കൊണ്ടും സെൽഫി എടുക്കാൻ സമ്മതിക്കാതെ, കവല പ്രസംഗം നടത്താൻ സമ്മതിക്കാതെ സ്‌ക്വഡ് പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിട്ടുകൊണ്ട് ജനങ്ങളിൽ ഇറങ്ങിചെല്ലാൻ ആവശ്യപ്പെട്ട് നേതൃത്വം മാതൃകയാക്കി. ഗ്രൂപ്പ് നേതാക്കന്മാരെ എല്ലാവരെയും പ്രവർത്തിക്കാൻ പറഞ്ഞയച്ചപ്പോൾ ശരിക്കും അത് വോട്ടായി മാറി.

publive-image

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അവസാന മാസങ്ങളിലാണ് യുഡിഎഫ് പ്രവർത്തിക്കുവാൻ ഇറങ്ങിയത്, പക്ഷെ ഓടിയെത്തിയില്ല. പിന്നെ കിറ്റിനെയും മറ്റും തെറി വിളിച്ചിട്ട് യാതൊരു കാര്യവുമില്ല .

ഒരുമിച്ചു നിന്നപ്പോൾ പിണറായി വിജയൻ എന്ന ആ ഏകാധിപതി ശരിക്കും പതറിയിരിക്കുന്നു എന്നത് അദ്ദേഹത്തിന്റെ മുഖഭാവങ്ങളിൽ പ്രത്യക്ഷമാണ്. എത്ര ബുദ്ധി കളിച്ചാലും അബദ്ധങ്ങൾ സംഭവിക്കും എന്നത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിന്നും മനസിലായി.

പിന്നെ ഇത്രേം വലിയൊരു മിഷണറി അവിടെ നിന്നും പ്രവർത്തിച്ചപ്പോൾ വീണ്ടും ബുദ്ധിയില്ലായ്മ തെളിഞ്ഞു വന്നു . ഈ തിരഞ്ഞെടുപ്പിനെ ഇത്രേം സീരിയസ് ആക്കിയത് ഇടതുപക്ഷമാണ്. അതിന്റെ തിരിച്ചടി അവര്‍ക്ക് കിട്ടുകയും ചെയ്തു.

ചാനൽ ചർച്ചകളിൽ വന്നിരുന്നു അഹങ്കരിക്കുന്ന ഇടതു സഹയാത്രികരുടെയും, വിലക്കുവാങ്ങിയ മാധ്യമങ്ങളിലെ ഇടതു സഹായികളുടെയും വാട്സാപ്പ് ഗ്രൂപ്പുകളിൽ കയറിയിരുന്നു മെഴുവുന്ന ഇടത് അണികളുടെയും കണ്ണുകൾ തുറപ്പിക്കുവാൻ ഈ തിരഞ്ഞെടുപ്പ് ഫലം ഉപകരിക്കട്ടെ എന്ന് മാത്രം ഉപദേശിക്കുന്നു.

ജോറാണ്... ജോറാണ്... തൃക്കാക്കകരയിൽ ജോറാണ്... എന്ന മുദ്രാവാക്യത്തിൽ സഖാവ് ദാസനും

ചോറാണ്... ചോറാണ്... തൃക്കാക്കരക്കാർ ചോറാണ്... എന്ന മുദ്രാവാക്യവുമായി സഖാവ് വിജയനും

Advertisment