Advertisment

ആദ്യം മക്കൾരാഷ്ട്രീയം പറഞ്ഞു കരുണാകരനെ കളിയാക്കി, പിന്നെ ഇഎംഎസിന്റെ മകനെ സ്ഥാനാർത്ഥിയാക്കി, ഇപ്പം മരുമക്കൾ വരെയായി ! അന്ന് അമേരിക്കയെ ചീത്ത വിളിച്ചു, ഇപ്പോഴവിടുന്ന് പോരാൻ സമയമില്ല. പണ്ട് പിള്ളയ്ക്കും മാണിയ്ക്കുമെതിരെ സമരം ചെയ്തു, പിന്നെയവരെ ഒപ്പം കൂട്ടി, അന്ന് സമരം ചെയ്ത സോളാർ സരിതയെ ഒപ്പം കൂട്ടി, ഇപ്പോൾ ബിരിയാണി ചെമ്പുമായി വന്ന സ്വപ്ന പാരയായി @ അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ... ദാസനും വിജയനും എഴുതുന്നു

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

കഴിഞ്ഞ അൻപത് വർഷങ്ങളായി സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണെന്നു പരതി നോക്കിയാൽ ഒന്ന് വ്യക്തം : അവനവൻ കുഴിക്കുന്ന കുഴികളിൽ സ്വയം വീഴുന്നു.

ലോനപ്പൻ നമ്പാടനെയും ടികെ ഹംസയെയും എതിർ പാളയത്തുനിന്നും വളരെ കൂളായി സ്വന്തം ചേരിയിലേക്ക് എത്തിച്ചപ്പോൾ ലഭിച്ച സ്വീകാര്യത എംവി രാഘവൻ സ്വന്തം പാളയത്തിൽ നിന്നും പോയപ്പോൾ അദ്ദേഹത്തിനും കിട്ടിയിരുന്നു.

പിന്നീട് ഗൗരിയമ്മയും, വിശ്വനാഥമേനോനും, ഒറ്റപ്പാലത്തെ ശിവരാമനും, കണ്ണൂരിലെ അബ്ദുള്ളക്കുട്ടിയും, ആലപ്പുഴയിലെ കെഎസ് മനോജൂം, സിന്ധുജോയിയും, ഷൊർണൂരിലെ മുരളിയും, നെയ്യാറ്റിൻകരയിലെ ശെൽവരാജൂം എല്ലാം അതേ ലൈനിൽ സ്വീകാര്യത ലഭിച്ചു.

അവസാനം ഓർക്കാട്ടേരിയിലെ ഒറിജിനൽ സഖാവ് ടിപി ചന്ദ്രശേഖരന്റെ മുഖം വെട്ടി വികൃതമാക്കി അക്കളി അവസാനിപ്പിക്കേണ്ടി വന്നു .

പിന്നീട് ബദൽരേഖ അല്ലെങ്കിൽ ലീഗിനെപ്പോലെ ഒരു കക്ഷിയെ മുന്നണിയിൽ എടുക്കണമെന്ന എംവി രാഘവന്റെ ചിന്താഗതിയെ ചതി പ്രയോഗത്തിലൂടെ ഇകെ നായനാരും ഇഎംഎസും വെട്ടി വീഴ്‌ത്തിയപ്പോൾ എംവിരാഘവൻ മനസ്സില്ലാ മനസ്സോടെ പടിയിറങ്ങി.

പിന്നീട് അതേ നായനാരും അതേ ഇഎംഎസും കേരള കോൺഗ്രസ്സ് ജോസഫിനെ കൂടെ കൂട്ടിയപ്പോൾ എംവിരാഘവൻ കളിയാക്കി ചിരിച്ചു . കൂടാതെ 1990 ൽ ലീഗ് യുഡിഎഫ് വിട്ടു എന്ന് കേട്ടപ്പോൾ തന്നെ നാലുവയസായ സർക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തിയ നായനാരും കൂട്ടരും പിന്നീട് അഞ്ചുകൊല്ലം പെട്ടിപ്പുറത്ത് ഇരിക്കേണ്ടിയും വന്നു .

publive-image

മക്കൾ മാഹാത്മ്യവും കടന്ന് മരുമക്കൾ വരെ

1989 കാലഘട്ടത്തിൽ അബുദാബിയിൽ നിന്നും പറന്നിറങ്ങിയ കെ മുരളിധരന്‌ കോഴിക്കോട് പാർലമെന്റ് സീറ്റ് കരുണാകരൻ നൽകിയപ്പോൾ അദ്ദേഹത്തെ ഏറ്റവും കൂടുതൽ വിമർശിച്ച, കളിയാക്കിയ, ചീത്ത വിളിച്ച ആളുകളായിരുന്നു സിപിഎം കാരും , എൽഡിഎഫ് മുന്നണിക്കാരും , അതുപോലെ അവരുടെ അഭ്യുദയകാംഷികളുമായ ചില സാഹിത്യ സിനിമാക്കാരും .


അക്കാലത്തെ ഒട്ടുമിക്ക സിനിമകളിലും മിമിക്രികളിലും കരുണാകരനെയും മുരളീധരനെയും കളിയാക്കാൻ മാത്രമേ നേരമുണ്ടായിരുന്നുള്ളൂ . എന്തായാലും  പിന്നീട് സാക്ഷാൽ സഖാവ് ഇഎംഎസിന്റെ മകൻ ഇഎം ശ്രീധരൻ നമ്പൂതിരിപ്പാട് മുകുന്ദപുരത്തെ സ്ഥാനാർത്ഥി ആയി. ഏറ്റവും കൂടുതൽ ആക്ഷേപിച്ച എംപി വീരേന്ദ്രകുമാരന്റെ മകൻ കൽപ്പറ്റയിലെ എംഎൽഎ ആയി. മമ്മുട്ടിയുടെ മകൻ സിനിമാനടൻ ആയതും കേരളം കണ്ടു .


കൂടാതെ ഇന്നത്തെ ഒട്ടുമിക്ക എൽഡിഎഫ് എംഎൽഎമാരും നേതാക്കളും മക്കൾ രാഷ്ട്രീയം പിന്തുടരുന്നവർ തന്നെ. ഇന്നിപ്പോൾ ഒരു പടികൂടി കടന്നു മക്കൾ മാത്രമല്ല മരുമക്കളും മന്ത്രിയാകുന്നു. അപ്പോൾ പണ്ട് കെ മുരളീധരനെ കളിയാക്കിയതിനു വല്ല പരിഹാരവും ഉണ്ടായോ ? ഇല്ലതന്നെ !

നെടുമ്പാശേരി മുതൽ ലുലുമാൾ വരെ

കംപ്യുട്ടർ, പോളിടെക്‌നിക്ക്, പ്രീഡിഗ്രി ബോർഡ്, നവോദയ, ഡിപിഇപി , സ്വാശ്രയകോളേജ്, ഐഎംഫ് വായ്പ, അങ്ങനെ അങ്ങനെ ഇരുപതോളം സമരങ്ങളിൽ കേരളത്തിന് നഷ്ടമായത് ഇരുനൂറോളം ദിനങ്ങളാണ് .

അതുപോലെ ട്രാൻസ്‌പോർട്ട് ബസിന്റെ ചില്ലുകൾ , പോലീസ് ജീപ്പുകൾ കുറെയധികം കത്തിയമർന്നു . മന്ത്രിമാരെ വഴിതടയിലിന്റെ ഭാഗമായി കുറെ ഡിവൈഎഫ്ഐക്കാർ മന്ത്രിമാരായി .


നെടുമ്പാശേരി വിമാനത്താവളം വന്നാൽ നെഞ്ചിലൂടെ വിമാനം ഇറങ്ങൂ എന്ന് പറഞ്ഞ നേതാക്കൾ അതിന്റെ ഡയറക്ടർ ബോർഡിലെത്തി . കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം എന്തിന് ഇത്രയും നല്ല സ്ഥലത്ത് എന്ന് ചോദിച്ചവർ ആ സ്റ്റേഡിയത്തിലേക്ക് കൈചൂണ്ടി കാണിച്ചുകൊണ്ട് ഈയ്യിടെ  തൃക്കാക്കകരയിൽ വോട്ട് പിടിച്ചു .

ലുലുമാളിനെതിരെ സമരം ചെയ്തവരുടെ മക്കൾ മാൾ മുതലാളിയുടെ കീഴിൽ ജോലി ചെയുന്നു. സ്മാർട്ട് സിറ്റിയെ ഇല്ലാതാക്കുവാൻ ശ്രമിച്ച അച്യുതാനന്ദൻ അതിന്റെ ഉത്ഘാടനം നടത്തി.


മെട്രോക്കെതിരെ സമരം നടത്തിയവർ അതിൽ യാത്ര ചെയുന്നു . അന്ന് നടത്തിയ ഈ വക സമരങ്ങളെല്ലാം ചേർന്നുകൊണ്ട് പിണറായിയുടെ 'സ്വപ്ന ' പദ്ധതിയായ കേറെയിലിന്റെ ഉറക്കം കെടുത്തുന്നു .

ആഗോള ... മുതലാളിത്ത ... മുഴുവൻ വിഴുങ്ങി !

ലീഡർ ബെൻസ് കാറിൽ യാത്ര ചെയ്തപ്പോൾ വഴി തടഞ്ഞവർക്ക് ഇപ്പോൾ ബെൻസിൽ കുറഞ്ഞ ഒരു വാഹനവും വേണ്ട. എസ്‌കോർട്ട് കാറുകൾക്കെതിരെ റോഡിൽ കരിങ്കൊടി കുത്തിയവർക്ക് ഇന്നിപ്പോൾ ഇരുപതോളം വാഹനങ്ങളാണ് എസ്‌കോർട്ട് .


ലീഡർ അപകടത്തിൽ പെട്ട് അമേരിക്കക്ക് പോയപ്പോൾ കളിയാക്കിയവർ ഇന്നിപ്പോൾ അമേരിക്കയിൽ നിന്നും പോരുന്നില്ല . ലീഡറുടെ മകൻ അബുദാബിയിൽ ജോലിക്ക് പോയപ്പോൾ വിമർശിച്ചവരുടെ മക്കളൊക്കെ ഇന്നിപ്പോൾ അബുദാബി, ഖത്തർ, ലണ്ടൻ എന്നിവിടങ്ങളിൽ വല്ലാതങ് വിലസി നടക്കുന്നു .


സ്വകാര്യ കോളേജുകൾക്കെതിരെ സമരം നടത്തിയവരുടെ മക്കളൊക്കെ ഉന്നത വിദ്യാഭ്യാസത്തിന്റെ പേരിൽ ബാംഗ്ലൂരിലും ലണ്ടനിലും അമേരിക്കയിലും കഞ്ചാവടിച്ചു നടക്കുന്നു . കംപ്യുട്ടറിനെതിരെ സമരം ചെയ്തപ്പോൾ പാർട്ടി സെക്രട്ടറി ആയിരുന്ന സഖാവിന്റെ രണ്ടു മക്കൾ ബിഎസ്‌സി കംപ്യുട്ടർ സയൻസ് പാസായി ഇന്നിപ്പോൾ ആപ്പിളിന്റെ കംപ്യുട്ടറുകൾ ഉപയോഗിക്കുന്നു .

publive-image

ഗ്രൂപ്പല്ല .. വിഭാഗീയത

ലീഡർ കെ കരുണാകരനും എകെ ആന്റണിയും തമ്മിൽ കണ്ടാൽ മിണ്ടില്ല , അവർ തമ്മിൽ വഴക്കാണ് എന്നൊക്കെ പ്രചരിപ്പിച്ചുകൊണ്ട് ബഹളമുണ്ടാക്കി വാർത്തകൾ കൊടുത്തവരും, സിനിമകൾ നിർമ്മിച്ചവരും , സിനിമാലകൾ പടച്ചവരും പിന്നീട് കണ്ടത് ഗ്രൂപ്പുവഴക്കുകളിൽ പെട്ട് നാണംകെടുന്ന സിപിഎമ്മിനെയാണ് .

നായനാർ - അച്യുതാനന്ദൻ ഗ്രൂപ്പുപോരിൽ പാർട്ടി ജയിച്ചപ്പോൾ വിഎസ് തോറ്റു. പിന്നെ വിഎസ് ജയിച്ചപ്പോൾ പാർട്ടി തോറ്റു . 1996 ൽ വിഎസ് തോറ്റപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത നായനാർ മുഖ്യനായി .

ഒടുവിൽ മനംമടുത്ത് ഗൗരിയമ്മ പുറത്തുപോയി . കേരളം കണ്ട ഏറ്റവും നാറിയ ഗ്രൂപ്പുകളി പിണാറായിയും വിഎസും ഏറ്റെടുത്തപ്പോൾ സാക്ഷാൽ കോൺഗ്രസ്സുകാർക്ക് വരെ നാണക്കേടുണ്ടാക്കി . രണ്ടെണ്ണത്തിനെയും പോളിറ്റ് ബ്യുറോയിൽ നിന്നും പുറത്താക്കുന്നത് വരെ ബക്കറ്റിലെ വെള്ളവും തെരുവ് യുദ്ധവും നീണ്ടുപോന്നു .

publive-image

വർഗീയതയേയില്ല .. സാമുദായികം ആവാം

അതുപോലെ തന്നെ യുഡിഎഫിനെതിരെ കൊണ്ടുവന്ന ഏറ്റവും വലിയ ആരോപണമായിരുന്നു കോ ലീ ബി സഖ്യം . ഇന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇടതുപക്ഷം വളരെ ഭംഗിയായി ആ പദം പ്രയോഗിക്കുന്നു .

എങ്കിലും മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ കെടി ജലീലും പിവി അൻവറും അബ്ദുറഹ്മാനും ഒക്കെ സ്ഥാനാർത്ഥിയാകുമ്പോൾ, കോട്ടയത്ത് ക്രിസ്ത്യാനിയും , കൊച്ചിയിൽ ലാറ്റിൻ ക്രിസ്ത്യാനിയും ഒക്കെ തന്നെയേ ഇടതിന് കിട്ടുന്നുള്ളൂ .

ബിഷപ്പുമാരെയും കാന്തപുരത്തെയും വെള്ളാപ്പള്ളിയെയും ഒക്കെ പോയി കാണുവാൻ യാതൊരു ഉളുപ്പും കാണിക്കുന്നുമില്ല . എന്തിനധികം പറയുന്നു വർഗീയ കക്ഷിയായ പിഡിപിയുടെ അബ്ദുൾനാസർ മദനിയുടെ കൂടെയും , രാമൻപിള്ളയുടെ കൂടെയും സ്റ്റേജ് പങ്കിടാൻ പിണറായി വിജയന് യാതൊരു സങ്കോചവുമില്ല .

ആർഎസ്എസ് , എസ്‌ഡിപിഐ വോട്ടുകൾ തൂക്കി വാങ്ങാനും സിപിഎമ്മിന് യാതൊരു കൂസലുമില്ല . അവസാനം തൃക്കാക്കരക്കാരാണ് അതിനൊക്കെയുള്ള മറുപടി കൊടുത്തതും .

കോളേജ് തിരഞ്ഞെടുപ്പുകളിൽ ഡമ്മികളെ അഥവാ അപരന്മാരെ നിർത്തി എസ്എഫ്ഐ ശീലിച്ചുവന്ന ഒരു ചതിക്കളി പിന്നീട് അസംബ്ലി തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും സിപിഎം പയറ്റിയപ്പോൾ അതിന്റെ കയ്പുനീർ കുടിച്ചത് ആലപ്പുഴയിൽ വിഎം സുധീരൻ ആയിരുന്നു .

സുധീരന്റെ അപരൻ ഏഴായിരം വോട്ടുകൾ പിടിച്ചപ്പോൾ അയ്യായിരം വോട്ടുകൾക്ക് സുധീരന് മുട്ട് മടക്കേണ്ടിവന്നു . പിന്നീട് അപരന്റെ കളികൾ യുഡിഎഫ് ഏറ്റെടുത്തപ്പോൾ ഇരിങ്ങാലക്കുടയിൽ ടി ശശിധരൻ അപരനാൽ തോറ്റമ്പിയത് പോലെ നിരവധി ഇടതു നേതാക്കൾ അപരനാൽ ഇല്ലാതായി . ഇന്നിപ്പോൾ അപരന്മാരെ വീട്ടിൽ പോയി ഭീഷണി മുഴക്കുവാനും സമയം കണ്ടെത്തുന്നു .

publive-image

ആദ്യം സമരം, പിന്നെ പോക്കറ്റിൽ 

ഇടമലയാർ , പാമോലിൻ , അരി എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ അഴിമതി ആരോപണങ്ങൾ കൊണ്ടുവന്നുകൊണ്ട് യുഡിഎഫ് നേതാക്കന്മാരെ പ്രതിസന്ധിയിൽ ആക്കുന്ന ഒരു രീതി സിപിഎം തുടർന്നുപോന്നു .

വിജിലൻസിനെ ഉപയോഗിച്ചും കോടതികൾ കയറി ഇറങ്ങിയും യുഡിഎഫ് നേതാക്കന്മാരെ ജയിലിൽ വരെ എത്തിച്ചപ്പോൾ പിന്നെ ആ ഭാരം ചുമക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പ്രതീക്ഷിച്ചു കാണില്ല .

ആർക്കെതിരെയൊക്കെ കേസുകൾ നടത്തിയോ അവരെയൊക്കെ കൂടെ കൂട്ടുമ്പോഴും കേരളം കണ്ട ഏറ്റവും വലിയ അഴിമതി ആരോപണങ്ങളിൽ ഇന്നും വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന നേതാവ് സിപിഎമ്മിന് മാത്രം സ്വന്തം .

കേസിലെ തൊണ്ടി മുതൽ നശിപ്പിക്കാൻ ഒരു പവർഹൗസ് വരെ വെള്ളത്തിലാക്കിയിട്ടും കേസ് ഇപ്പോഴും ഡെമോക്ലസിന്റെ വാള് പോലെ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്നു . വേറെയും കേസുകൾ തുരുതുരാ വന്നുകൊണ്ടിരിക്കുന്നു . 1996-2001 വരെയുള്ള കുറെ കേസുകൾ ആന്റണി എഴുതിത്തള്ളുകയും ചെയ്തു .

publive-image


കെ എം മാണിയെ കോഴമാണിയെന്ന് വിളിച്ചു ബഡ്‌ജറ്റ്‌ അവതരിപ്പിക്കാൻ സമ്മതിക്കാത്തവർക്ക് പിന്നെ അദ്ദേഹത്തിന്റെ മകനെ താലോലിക്കേണ്ടി വരുന്നു .


പിന്നെ കോൺഗ്രസിനെതിരെ അല്ലെങ്കിൽ യുഡിഎഫിനെതിരെ കൊണ്ടുവന്ന ആയുധമായിരുന്നു പെണ്ണുകേസുകൾ .1987 ൽ തങ്കമണി മുതൽ , 1996 ൽ  സൂര്യനെല്ലി , 2006 ൽ  ഐസ്ക്രീം കേസ് , 2016 ൽ  സോളാർ കേസുകളായിരുന്നു എൽഡിഎഫിനെ അധികാരത്തിൽ എത്തിച്ചത് .

പാർട്ടി ഓഫീസിലായാലും , വീട്ടിലായാലും എന്തിനധികം പറയുന്നു ആംബുലൻസിൽ രോഗിയെ വരെ വെറുതെ വിടാതെ ചിലർ  പീഡനപരമ്പര ആവർത്തിക്കുന്നു .

അപവാദങ്ങൾ അപരാധങ്ങളായപ്പോൾ

എതിരാളികളെ കുറിച്ച് ഏറ്റവും കൂടുതൽ അപവാദപ്രചാരണങ്ങൾ പടച്ചുവിടുന്നവർ തൃക്കാക്കരയിലെ ഡോക്ടറുടെ മുഖച്ഛായയുള്ള ആളിന്റെ വീഡിയോ കണ്ടു ഞെട്ടി . അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ കാണാത്തവരും കണ്ടു .

സർക്കാരിനോ , പാവപെട്ടവനോ ഒരു രൂപ നഷ്ടം വരുത്താതെ വേദനിക്കുന്ന ചില പ്രാഞ്ചിയേട്ടന്മാരെ മാത്രം പറ്റിച്ച സോളാർ കേസിൽ ഒരു മുഖ്യമന്ത്രിയെ 14 മണിക്കൂറോളം ചോദ്യം ചെയ്യൂകയും , വീഡിയോ തപ്പാൻ ഒരു ദിവസം മുഴുവൻ കോയമ്പത്തൂർ യാത്ര ചെയ്യുകയും ചെയ്തു .

എന്തിനധികം പറയുന്നു , അദ്ദേഹത്തിന്റെ നെഞ്ചത്തേക്ക്‌  കല്ലുകൾ വലിച്ചെറിഞ്ഞു . തലസ്ഥാന നഗരി സമരങ്ങൾ കൊണ്ട് തൂറി മെഴുവി. ഇപ്പോൾ  സ്വപ്നത്തിൽ വരെ വിചാരിക്കാതെ ഖുർആനിലും , ഈത്തപ്പഴത്തിലും ബിരിയാണിചെമ്പിൽ വരെ സ്വർണ്ണവും ഡോളറും

കടത്തിയ വാർത്തകൾ കേരളത്തിൽ ആഞ്ഞുവീശുന്നു .

മകളും അമ്മയും സ്പീക്കറും ചേട്ടനും ഒക്കെ ദുബായിലേക്കുള്ള യാത്രകളിലും

അല്ലാതെയും ഒക്കെ സ്വർണ്ണം കടത്തുന്നവരായി മാറിയെന്ന് സ്വപ്ന പറയുമ്പോൾ  ഇനി പറയാതെ വയ്യ . ദൈവമുണ്ടെന്ന് വിശ്വസിച്ചേ പറ്റൂ !!!

ബൂർഷ്വാകൾക്കെതിരെ ഇനി ഒരിക്കലും ഞങ്ങൾ സമരം ചെയ്യില്ല എന്ന ഉറപ്പിന്മേൽ സഖാവ് ദാസനും ഡിഎൻഎ ടെസ്റ്റിന്റെ റിസൾട്ടിനായി കാത്തിരിക്കുന്ന സഖാവ് വിജയനും

Advertisment