Advertisment

സ്വതന്ത്ര്യ സമരം മുതല്‍ നാം കണ്ടതാണ് മുന്നില്‍ നിന്ന് നയിക്കാന്‍ ഒരു നേതാവുണ്ടായതിന്‍റെ വിജയം. എവിടെയൊക്കെ നേതാക്കന്മാര്‍ ഉണ്ടായിരുന്നോ അവിടെയൊക്കെ ഇന്നും കോണ്‍ഗ്രസ് ഉണ്ട്. അല്ലാത്ത സംസ്ഥാനങ്ങളില്‍ പാര്‍ട്ടി തീര്‍ന്നു. ഇനി കേരളത്തില്‍ സംഭവിക്കാനിരിക്കുന്നതും അതുതന്നെയാണ്. കൂട്ടായ നേതൃത്വം എന്നു പറഞ്ഞാല്‍ ഇലക്ഷന്‍ കഴിയുമ്പോള്‍ കൂട്ടത്തോടെ വീട്ടിലിരിക്കും. കരുണാകരന്‍, ആന്‍റണി, ഉമ്മന്‍ ചാണ്ടി എന്നു പറഞ്ഞതുപോലെ അടുത്തതാര് എന്ന് പറയാന്‍ കോണ്‍ഗ്രസിനാകുമോ ? @ ഇല്ലെങ്കില്‍ - ദാസനും വിജയനും എഴുതുന്നു

author-image
ദാസനും വിജയനും
Updated On
New Update

ഇന്ത്യയിൽ എന്നും രാഷ്ട്രീയത്തിൽ ആയാലും കലാ കായിക രംഗങ്ങളിൽ ആയാലും കച്ചവടങ്ങളിൽ ആയാലും ഒരു സുദൃഢമായ നേതൃത്വം ഉണ്ടെങ്കിലേ ജയിച്ചുകയറുവാനാകൂ എന്നത് തെളിയിക്കപ്പെട്ട ചരിത്രമാണ്.

Advertisment

publive-image

സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയായിരുന്നു ഇന്ത്യയുടെ നേതാവ്. ആ നേതൃത്വവും നേതൃ പാടവവും ആശയങ്ങളുമാണ് ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും കെട്ടുകെട്ടിക്കുവാൻ നിര്ബന്ധിതമാക്കിയത്. ആ അടവുനയം ലോകം മുഴുവൻ പ്രശംസ പിടിച്ചു പറ്റിയതുമാണ്.

പിന്നീട് വന്ന നേതാക്കന്മാരിൽ നെഹ്‌റു ഒരു മാസ്സ് നേതാവ് അല്ലായിരുന്നു എങ്കിലും അദ്ദേഹം നല്ലൊരു ദീർഘവീക്ഷണമുള്ള ബുദ്ധിമാൻ ആയിരുന്നു . പക്ഷെ ഇന്ദിരാഗാന്ധി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു പ്രവർത്തിച്ച ഒരുഗ്രൻ നേതാവ് തന്നെയായിരുന്നു.

ഇപ്പോഴും വയസായവരുടെ വോട്ടുകൾ അവർ നൽകുന്നത് ഇന്ദിരാഗാന്ധിക്കാണ്. അവരുടെ മനസില്‍ ഇന്ദിര പ്രിയദർശിനി ഇന്നും ജീവിക്കുന്നു. പുതു തലമുറയിലേക്ക് വരുമ്പോള്‍ അവരുടെ വീക്ഷണങ്ങളും ചിന്തകളും വളരെയേറെ മാറിയിരിക്കുന്നു.

ഇന്ദിരയായില്ല രാജീവ് !

രാജീവ് ഗാന്ധി നല്ലൊരു മനുഷ്യൻ ആയിരുന്നു. അദ്ദേഹം നല്ല ഒരു നേതാവായി മാറുന്നതിനിടയിലാണ് നമ്മോട് വിട പറയേണ്ടി വന്നത്.

publive-image

അദ്ദേഹത്തിന്റെ കണ്ടെത്തലുകളായിരുന്നു മൻ മോഹൻ സിങ്ങും സാം പിത്രോഡയും പി ചിദംബരവും അതുപോലെയുള്ള ബുദ്ധിജീവികളായ വ്യക്തിത്വങ്ങളും. അദ്ദേഹം വളരെ പ്രൊഫഷണലായി കാര്യങ്ങൾ നീക്കിയപ്പോൾ പലർക്കും അത് സുഖിച്ചില്ല.

അങ്ങനെയാണ് വിപിസിങ്ങും ആരിഫിമുഹമ്മദ് ഖാനും അരുൺ നെഹ്രുവും അദ്ദേഹത്തെ ഒറ്റിക്കൊടുത്തുകൊണ്ട് പടിയിറങ്ങിയത്. വിപി സിങ് കുത്തിത്തിരിപ്പുകാരൻ ആയിരുന്നു എങ്കിലും നേതൃപാടവമുള്ള ഒരു രാജകുടുംബാംഗമായിരുന്നു.

അതുകൊണ്ടാണ് ഒരു കൊല്ലമെങ്കിൽ ഒരു കൊല്ലം എല്ലാവിധ ഈനാംപേച്ചികളേയും മരപ്പട്ടികളെയും കൂട്ടികൊണ്ട്‌ പ്രധാനമന്ത്രി കസേരയിൽ ഇരിക്കുവാനായത്.

റാവുവിന്‍റെ കുറവ് നികത്തിയത് ലീഡര്‍

പിന്നീട് വന്ന നരസിംഹറാവുവും ബുദ്ധിയുടെ കാര്യത്തിൽ ഒട്ടും പിന്നോക്കം ആയിരുന്നില്ല എങ്കിലും നേതൃത്വ പാടവം തീരെ കുറവായിരുന്നു. അന്ന് അദ്ദേഹത്തെ വളരെയേറെ സഹായിച്ചത് യഥാർത്ഥ ലീഡർ കെ കരുണാകരന്റെ ചാണക്യ തന്ത്രങ്ങളായിരുന്നു.

publive-image

കരുണാകരന്റെ മൂല്യം ശരിക്കും മനസ്സിലാക്കാതെ അദ്ദേഹത്തിനെതിരെ റാവു നിലകൊണ്ടപ്പോൾ അത് രണ്ടുകൂട്ടർക്കും നഷ്ടങ്ങൾ മാത്രമേ സമ്മാനിച്ചുള്ളൂ.

പിന്നീട് ദേവഗൗഡയും ഗുജ്‌റാളും ഒക്കെ ഇന്ത്യ ഭരിച്ചപ്പോഴും സീതാറാം കേസരിയെന്ന പാവം കോൺഗ്രസിനെ നയിച്ചപ്പോഴും അവരിലൊന്നും ഒരു നേതൃ പാടവം നമ്മൾ കണ്ടില്ല.

അദ്വാനിക്ക് നഷ്ടമായതും വാജ്പേയിക്ക് നേട്ടമായതും

ഇന്ത്യ കണ്ട ഏറ്റവും നേതൃ പാടവമുള്ള വ്യകതിത്വം എൽകെ അദ്വാനിജി ആയിരുന്നുവെങ്കിലും ബുദ്ധിയുള്ള വാജ്‌പേയിയുടെ മുന്നിൽ അദ്ദേഹത്തിന് മാറി നിൽക്കേണ്ടി വന്നു. വാജ്‌പേയിക്ക് ഇന്ത്യ ഭരിക്കുവാൻ ആയെങ്കിലും അദ്വാനിയുടെ സ്വപ്നം പൂവണിഞ്ഞില്ല.

publive-image

പിന്നീട് സോണിയാഗാന്ധി ബുദ്ധിയും നന്മയും എല്ലാം ചേർത്തുവെച്ചുകൊണ്ട് മറ്റുള്ള നേതാക്കന്മാരെ കൂടെ കൂട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ കോൺഗ്രസ്സ്കാർ വരെ പ്രതീക്ഷിച്ചില്ല പത്തുകൊല്ലം ഇന്ത്യ ഭരിക്കുവാനാകുമെന്ന്.


ജീനിയസ്സായ മൻമോഹൻ സിങ് വളരെ നന്നായി ഭരിച്ചു എങ്കിലും നേതൃപാടവം ലേശമുണ്ടായിരുന്ന പ്രണബ് കുമാർ മുഖർജിയെ അവസാന രണ്ടര വര്ഷം ഫീൽഡിൽ ഇറക്കിയിരുന്നെങ്കിൽ പാർട്ടി ഇങ്ങനെ പിന്നോട്ട് പോകില്ലായിരുന്നു . മൻമോഹൻ പ്രസിഡന്റും പ്രണബ് പ്രധാനമന്ത്രിയും ആയിരുന്നു ആകേണ്ടിയിരുന്നത്. പക്ഷേ അത് നേരെ തിരിച്ചായിപ്പോയി.


മോദി-അമിത് ഷാ മുന്നേറ്റം !

സോണിയാഗാന്ധിക്ക് സുഖമില്ലാതെ വരികയും പകരം വേറെ ഒരു നേതാവിനെ കണ്ടെത്തുവാൻ ആകാതെയും വന്നപ്പോൾ ബിജെപിയുടെ ബുദ്ധികേന്ദ്രമായ നിതിൻ ഗാഡ് കരി കണ്ടെത്തിയ നരേന്ദ്ര മോഡിയും അമിത്ഷായും പകരം വെക്കുവാൻ ആളില്ലാതെ ഇന്ത്യയിൽ വിലസുന്നു.

publive-image

നിതിൻ ഗാഡ് കരി അണ്ണാഹസാരെയേ മുന്നിൽ നിർത്തി, അരവിന്ദ് കെജ്രിവാളിനെ പിന്നിലും നിർത്തി ഉണ്ടാക്കിയ ഒരു സമവാക്യത്തിൽ എതിർപാർട്ടികളെ ഒന്നടങ്കം വിഴുങ്ങുന്ന രീതിയിൽ കാര്യങ്ങൾ കൊണ്ടെത്തിച്ചു.

ഇവർക്ക് തടയിടുവാൻ കോൺഗ്രസ്സ് പാർട്ടിക്കോ ഇടതു പാർട്ടികൾക്കോ ആയില്ല എന്ന് വേണം കരുതുവാൻ. സുർജിത് സിങ്, സോമനാഥ്‌ ചാറ്റർജി പോലുള്ള നേതാക്കന്മാർ തഴയപ്പെട്ടപ്പോൾ ലവലേശം നേതൃ പാടവം ഇല്ലാത്ത പ്രകാശ് കാരാട്ടിനെപ്പോലുള്ളവർ ഇടതിനെ ഇല്ലാതാക്കി.

കോണ്‍ഗ്രസ് അല്ലാത്ത പവാര്‍

ഈ തക്കം നോക്കി ശരിയായ നേതാവ് മമത ബാനർജി മുപ്പത്തിയെട്ട് വര്ഷം നീണ്ട ഇടതുഭരണത്തെ കാലപുരിക്കയച്ചുകൊണ്ട് ഇന്ത്യയുടെ യഥാർത്ഥ നേതാവായി മാറി.


കോൺഗ്രസിന്റെ ഉരുക്കുമനുഷ്യനായിരുന്ന ശരത് പവാർ അദ്ദേഹത്തിന്റെ കഴിവുകൾ സ്വന്തം സംസ്ഥാനത്തു മാത്രമാക്കി ഒതുക്കി. പവാർ ഉണ്ടായിരുന്നു എങ്കിൽ കോൺഗ്രസ്സ് ഇങ്ങനെ താഴേക്ക് പോകില്ലായിരുന്നു.


ഏകദേശം മുപ്പതോളം വര്‍ഷം പ്രതിപക്ഷത്തിരുന്ന എം കരുണാനിധി കാത്തിരുന്നു കാത്തിരുന്നു ശരിയായ ബുദ്ധിയിലൂടെയും നേതൃത്വത്തിലൂടെയും തമിഴ് നാടിനെ കീഴടക്കിയപ്പോൾ ഉരുക്കു വനിതയായിരുന്ന ജയലളിത കൂടെ നിന്നവരുടെ കടും വെട്ടുകളിൽ അകപ്പെടുകയിരുന്നു. ജയലളിതക്ക് ശേഷം ആ പാർട്ടി ഇന്ന് ചിന്നഭിന്നമായിക്കൊണ്ടിരിക്കുന്നു.

അടിക്കടി മുന്നേറി സ്റ്റാലിന്‍

പക്ഷെ വളരെ സൂക്ഷ്മതയോടെ, വളരെ കണിശമായി കാര്യങ്ങൾ നീക്കിയ മകൻ സ്റ്റാലിൻ ഇന്നിപ്പോൾ തമിഴന്റെ മനസ്സിൽ സ്ഥാനം പിടിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി വരെ ആകുവാനുള്ള ചടുലതയോടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

publive-image

അതുപോലെ ആന്ധ്രയിൽ എൻടിആർ യുഗവും പിന്നീട് ചന്ദ്രബാബു നായിഡു യുഗവും ആന്ധ്ര ഭരിച്ചു തിമിർത്തു. പിന്നീട് സംസ്ഥാനം മുഴുവൻ പദയാത്ര നടത്തിക്കൊണ്ട് ആന്ധ്രയുടെ ശരിയായ നേതാവ് വൈ എസ് രാജശേഖരറെഡ്ഢി എന്ന വൈഎസ്ആർ കോൺഗ്രസിനെ ആന്ധ്രയിൽ ഒന്നാമതെത്തിച്ചു.

അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനും പണം വാരിയെറിഞ്ഞുകൊണ്ട് നേതൃത്വത്തിൽ എത്തിയപ്പോൾ അവിടെ പതറി പോയത് നേതാവില്ലാത്ത കോൺഗ്രസ്സ് ആണ് .


എൻഡി തിവാരിയും മാധവ്‌സിങ് സോളങ്കിയും പോലുള്ള നേതാക്കന്മാർ തന്നിഷ്ടപ്രകാരം കാര്യങ്ങൾ നീക്കിയപ്പോൾ കോൺഗ്രസ്സ് കോട്ടകളായിരുന്നു യുപിയും ഗുജറാത്തും ബീഹാറുമൊക്കെ കോൺഗ്രസിന് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.


മുലായം സിങ് യാദവും ലാലുപ്രസാദ് യാദവും കളം നിറഞ്ഞുനിന്നു. ഗുജറാത്ത് കലാപത്തോടെ മോദിജിയും ഗുജറാത്തിനെ കയ്യിലൊതുക്കി.

പക്ഷെ മോശമല്ലാത്ത നേതാക്കന്മാർ ഉണ്ടായിരുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും പാർട്ടി തിരിച്ചുവന്നു. കമൽനാഥും അശോക് ഗെഹ്‌ലോട്ടും അത്യാവശ്യം ബുദ്ധിമുട്ടി പാർട്ടിയെ തിരിച്ചുകൊണ്ടുവരുവാൻ സഹായിച്ചു. അവര്‍ക്ക് സഹായികളായി ഒപ്പം നിന്ന് നയിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റുമുണ്ടായിരുന്നു. അങ്ങനെ നല്ല നേതാക്കളുണ്ടായിരുന്നതിന്‍റെ ഗുണമായിരുന്നു കോണ്‍ഗ്രസ് ഇരു സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കിയത്.

ഒരവസരവാദിക്കു വേണ്ടി പഞ്ചാബിനെ തീറെഴുതി

ഏറെ നാൾ പ്രതിപക്ഷത്തിരുന്ന പാർട്ടിയെ സ്വന്തം ചങ്കൂറ്റം കൊണ്ട്, ലോക്‌സഭയിൽ അരുൺജെയ്റ്റലിക്കെതിരെ മത്സരിച്ചുകൊണ്ടും, നിയമസഭയിൽ മുഖ്യമന്ത്രിക്കെതിരെ മത്സരിച്ചുകൊണ്ടും ക്യാപ്റ്റൻ അമരീന്ദർ സിങ് കോൺഗ്രസിന്റെ യശസ്സ് ഉയർത്തിയപ്പോൾ സിദ്ധുവിനെ പോലുള്ള ഒരവസരവാദിക്കായി ഒരു പാർട്ടിയെ എന്നെന്നേക്കായി കുഴിച്ചുമൂടി.

publive-image

കോൺഗ്രസിന്റെ ചില ഉപദേശകരായി വന്നവർ അമിത് ഷായിൽ നിന്നും പണം കൈപ്പറ്റിയിട്ടാണോ ഉപദേശങ്ങൾ നൽകുന്നത് എന്നത് പഞ്ചാബ് വിഷയത്തിൽ നാം സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പ്രശ്നവുമില്ലാതെ പോയിരുന്ന സംസ്ഥാനത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തി അവിടെ പാർട്ടിയെ ഇല്ലാതാക്കിയതിൽ അവർ മറുപടി പറയണം.

ബാക്കിയുള്ളത് കര്‍ണാടക

കർണ്ണാടകയിൽ ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ ഒരു ഒത്തുതീർപ്പിൽ എത്തി ഒരുനേതാവിലേയ്ക്ക് എത്തിയില്ലെങ്കില്‍ ആ സംസ്ഥാനവും കോൺഗ്രസിന് ഇല്ലാതാകും. ഡൽഹിയിൽ ഷീല ദീക്ഷിത് പതിനഞ്ചുകൊല്ലം തുടർച്ചയായി ഭരിച്ചത് മറന്നുപോകരുത്.

അവിടേക്കും ഒരു നല്ല നേതാവിനെ കിട്ടിയാൽ പുഷ്പം പോലെ അരവിന്ദ് കെജ്രവാളിനെ തറ പറ്റിക്കാം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ആസാമും ഒറീസയും ഉത്തരാഞ്ചലും ജാർക്കണ്ടും ഗോവയും ഒക്കെ നേതാക്കന്മാരുടെ അഭാവം മൂലം നഷ്ടപ്പെടുന്ന സംസ്ഥാനങ്ങളാണ്.


ഓരോ സംസ്ഥാനങ്ങളിലും ഓരോ ജനകീയനായ നേതാക്കളെ വളർത്തികൊണ്ടുവന്നില്ലെങ്കിൽ കോൺഗ്രസ്സ് പാർട്ടി എന്നത് ഓർമ്മകളിൽ മാത്രമായി അവശേഷിക്കും.


പലരുകൂടി നയിച്ച് കൂട്ടത്തോടെ കുഴിയിലാകണോ കേരളം ?

ഇനി കേരളത്തിലെ കാര്യം. കെ കരുണാകരനും എകെ ആന്റണിയും, ഉമ്മൻചാണ്ടിയും ഒക്കെ മുഖ്യമന്ത്രിമാർ ആയതു ചുമ്മാതൊന്നുമല്ല. ഓരോ തിരഞ്ഞെടുപ്പിലും ഭാവി മുഖ്യമന്ത്രി ആരാണെന്നുള്ള കാര്യം വ്യക്തമായി ജനങ്ങളിൽ എത്തിച്ചപ്പോഴായിരുന്നു അവർ കോൺഗ്രസിന് വോട്ട് ചെയ്തത്.

publive-image

എന്നൊക്കെ മുഖ്യമന്ത്രിയെയോ നേതാവിനെയോ ഉയർത്തി കാണിക്കാതെ അഴകൊഴമ്പന്‍ നയം പിന്തുടർന്നുവോ അന്നൊക്കെ ഭരണവും കിട്ടാതെ വന്നിട്ടുണ്ട്. എൽഡിഎഫിനും വ്യക്തമായി മുഖ്യമന്ത്രിയെ ഉയർത്തി കാണിച്ചപ്പോഴാണ് ഭരണം കിട്ടിയിട്ടുള്ളത്.

publive-image

ഭരണം കിട്ടിക്കഴിഞ്ഞപ്പോൾ അവർ ഗൗരിയമ്മയെ 1987 ലും വിഎസിനെ 1996 ലും പിന്നിൽ നിർത്തി എന്നതും ചരിത്രം. ഇന്നിപ്പോൾ പിണറായി എന്ന ഒറ്റ അക്ഷരവും പേരും മാത്രമേ എൽഡിഎഫിന്റെ മുന്നിലുള്ളൂ.


യുഡിഎഫിന്റെ കാര്യത്തില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. എല്ലാവരും നേതാക്കന്മാർ എല്ലാവരും ലീഡർമാർ എല്ലാവരും കുപ്പായം തയ്ച്ച് ഇരിക്കുന്നവർ എന്ന ചിന്ത ജനങ്ങളിൽ നിന്നും അണികളിൽ നിന്നും മാറ്റിയാൽ തൃക്കാക്കര പോലെ കേരളത്തിലെ ഏതു മണ്ഡലത്തിലും യുഡിഎഫിന് ജയിച്ചു കയറുവാനാകും.


ഒറ്റക്കെട്ടായി ഒരു നേതൃത്വത്തിന്റെ കിഴിൽ പ്രവർത്തിച്ചപ്പോൾ പിണറായി വിജയൻ വരെ മിണ്ടാട്ടം മുട്ടിയത് കേരളം കണ്ടതാണ്. ആയതിനാൽ ഇനി വരുന്ന തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ ആയാലും കേന്ദ്രത്തിൽ ആയാലും ഒരു നല്ല നേതാവിനെ ഉയർത്തി കാണിക്കാതെ ജനം വോട്ടു ചെയ്യും എന്ന് ആരും സ്വപ്നം കാണണ്ട.

അതിപ്പോൾ എന്ത് ഹൈക്കമാൻഡ് ആയാലും സോണിയ ആയാലും രാഹുൽ ആയാലും പ്രിയങ്ക ആയാലും കെസി ആയാലും എകെ ആയാലും വിഡി ആയാലും.


കേരളത്തിൽ ഇനി വേണ്ടത് ഒരു നേതാവിനെയാണ്. കേന്ദ്രത്തിലും വേണ്ടത് ഒരു നേതാവിനെയാണ്. അല്ലാതെ നേതാക്കന്മാരുടെ കൂട്ടമല്ല.


ആ നേതാവിന്റെ കീഴിൽ തന്നെയായിരിക്കണം തിരഞ്ഞെടുപ്പുകളെ നേരിടേണ്ടത്. എല്ലാ കൂട്ടങ്ങളും ആ നേതാക്കന്മാരുടെ കിഴിൽ അണിനിരക്കണം. അതുപോലെ കഴിവുള്ള ആളുകളെ ഒതുക്കിക്കൊണ്ടുള്ള കളികളും അവസാനിപ്പിക്കണം.

ശശി തരൂരുമാരും സച്ചിൻ പൈലറ്റുമാരും മുന്നിലേക്ക്‌ വരുന്ന രീതിയിൽ ഹൈക്കമാൻഡ് കാര്യങ്ങൾ നീക്കണം. പെട്ടി താങ്ങികളെയും എറാന്‍ മൂളികളേയും മാറ്റി നിർത്തണം.

ഇങ്ങനെ ചെയ്‌താൽ കോൺഗ്രസിനെ തോൽപിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല.

കേരളത്തിൽ ഇന്നത്തെ നേതൃത്വം മോശമല്ലെന്ന വിശ്വാസത്തിൽ ദാസനും

അര്ഹതക്ക് അംഗീകാരം നല്കണമെന്ന ഉപദേശത്തിൽ വിജയനും

Advertisment