Advertisment

മുതലാളി കടന്നുപോകുമ്പോൾ പഴയ സതീർത്ഥ്യൻ കണ്ണീരോടെ വഴി വക്കിൽ കൈനീട്ടുന്നു. വണ്ടിയിൽ കയറിയാൽ ഇടംവലം നോക്കാതെ കുതിക്കുന്ന 'നന്മമരം' ഉടൻ ചാടിയിറങ്ങുന്നു. കാലും കൈയ്യും വച്ച ക്യാമറകൾ പെട്ടെന്ന് ഓടിയെത്തുന്നു. രൊക്കം സഹായം ലൈവായി പ്രഖ്യാപിക്കുന്നു. പിന്നെ വാഴ്ത്തിപ്പാടലായി .. സ്തുതിപ്പായി .. ! പക്ഷെ ഇതൊന്നുമില്ലാതെ ചില 'പിആർ രഹിത' മുതലാളിമാർ ചെയ്യുന്ന നന്മകൾ അന്തരീക്ഷത്തിലുണ്ട്. ഒരാളെയും അറിയിക്കാതെ അയ്യായിരം കുട്ടികൾക്ക് ഗൾഫിൽ സൗജന്യ വിദ്യാഭ്യാസം നൽകുന്നവർ വരെ @ ദാനം ചെയ്യാം ക്യാമറ വേണം ! - ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

''അസദക്കത്തു റദ ബലായ : ദാനധർമ്മങ്ങൾ ആപത്തുകളെ തടയും '' എന്ന ഖുർആൻ വാക്യം നമുക്ക് എപ്പോഴും ഓർമ്മയിലുണ്ട്.

നമുക്ക് നേരിട്ടേക്കാവുന്ന പല അപകടങ്ങളും വീഴ്ചകളും തീരുമാനങ്ങളിൽ ഉണ്ടായേക്കാവുന്ന പാളിച്ചകളും, നാം മനസറിഞ്ഞു ചെയ്യുന്ന ദാനധർമ്മങ്ങളും ഉപകാരങ്ങളും സഹായങ്ങളും കൊണ്ട് നമ്മെ രക്ഷിക്കുമെന്നാണ് ഖുർആനിൽ പരാമർശിക്കുന്നത്.

എങ്കിലും അതേ ഖുർആനിൽ മറ്റൊരു കാര്യവും പരാമർശിക്കപ്പെടുന്നുണ്ട് " വലതുകൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയുവാൻ പാടില്ല '' എന്നും. അവിടെയാണ് കാര്യം !

ദാനം ചെയ്യാം .. ഫോട്ടോ വേണം !

ഇന്നിപ്പോൾ ലോകം മുഴുവൻ നടക്കുന്ന ദാനധർമ്മങ്ങൾ പിആർ കമ്പനിക്കാർ പടച്ചുവിടുന്നതാണ് എന്നത് ഒറ്റ നോട്ടത്തിൽ മനസ്സിലാകില്ല എങ്കിലും ഇപ്പോൾ കുറേശെയൊക്കെ ജനത്തിന് ബോധവും ജ്ഞാനവും വന്നുതുടങ്ങി .


ഒരു സാധാരണ കച്ചവടക്കാരനോ രാഷ്ട്രീയക്കാരനോ കോടികൾ ചിലവ് ചെയ്തുണ്ടാക്കുന്ന പരസ്യങ്ങളെക്കാൾ നിസ്സാര കാര്യങ്ങൾ ചെയ്തുകൊണ്ട് ദാനധർമ്മം എന്ന വ്യാജേന പബ്ലിസിറ്റി സ്റ്റണ്ട് ഉണ്ടാക്കുന്നവരാണ് ഇന്നത്തെ ചില വിരുതൻ പ്രാഞ്ചിമാർ.


അങ്ങനെയുള്ള പബ്ലിസിറ്റിക്കായി അവർ ആളുകളെ നിയമിച്ചിട്ടുമുണ്ട്. 'ഉപകാരം ചെയ്യാനുണ്ടോ .. ഉപകാരം ചെയ്യാനുണ്ടോ .. ' എന്ന് അന്വേഷിച്ചുനടക്കുകയാണ് അവരിപ്പോൾ .

രാഷ്ട്രീയക്കാരാണ് ഇങ്ങനെയുള്ള കളികൾ കണ്ടുപിടിച്ചത് എങ്കിലും ഇന്നിപ്പോൾ കുറെയധികം സോഷ്യൽ ആക്ടിവിസ്റ്റുകളും, ഫിലാന്ത്രോപിസ്റ്റുകളും, ചാരിറ്റി സംഘടനകളും അവരവരുടെ മതങ്ങളെ കച്ചവടം ചെയ്തും, അവരവരുടെ രാഷ്ട്രീയ പാർട്ടിക്കാരുടെ കണ്ണിൽ പൊടിയിട്ടും, ഭക്തിയെ ബലാൽസംഘം ചെയ്തുമൊക്കെ ലോകത്തിന് മുന്നിൽ ഒന്നാമനാകുവാൻ ശ്രമിക്കുമ്പോൾ യഥാർത്ഥ ധർമ്മിഷ്ഠർ ഇതെല്ലാം കണ്ടും കേട്ടും മനസ്സിനുള്ളിൽ ചിരിക്കുന്നു .

നന്മമരത്തെയും കാത്ത് വഴിവക്കിൽ !?

എത്രയോ സാധാരണക്കാർ അവരവരുടെ സ്വത്തിന്റെ പകുതിയിലധികം പാവങ്ങൾക്കായി ഉഴിഞ്ഞുവെച്ചിരിക്കുന്നു.

ഒരു സമൂഹത്തിൽ ഒന്നോ  രണ്ടോ പേർ മാത്രം ചെയ്യുന്നതും അതിനപ്പുറവും വിളിച്ചുപറഞ്ഞു നടക്കുമ്പോൾ  കുറെ ഏറാന്മൂളികളായ മാധ്യമപ്രവർത്തകർ അവർക്കുള്ള ഒത്താശകൾ ചെയ്തുകൊടുക്കുന്നു . അതും ഒരുമാതിരി വയറ്റിൽ പിഴപ്പ് തന്നെ എന്നാശ്വസിക്കാം.


മുതലാളിമാർ യാത്ര ചെയ്യുമ്പോൾ വഴിവക്കുകളിൽ കാത്തുനിൽക്കുന്ന പാവപ്പെട്ടവർ അവരവരുടെ കദനകഥകൾ ചാനലുകളുടെ അകമ്പടിയോടെ പറയുകയും അപ്പോൾ തന്നെ മുതലാളി അവർക്കാവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുമെന്ന് ക്യാമറയ്ക്ക് മുന്നിൽ പ്രഖ്യാപിക്കുകയും ചെയ്യുന്നതൊക്കെ പിആർ കമ്പനിക്കാർ സൃഷ്ടിക്കുന്ന 'ഷോർട്ട് ഫിലിം' ആണെന്നതുണ്ടോ പാവങ്ങൾ അറിയുന്നു.


അതിന്റെ പേരിൽ അവരുടെ റീട്ടെയിൽ കച്ചവട സ്ഥാപനങ്ങളിലേക്ക് ജനം ഇരച്ചുകയറുന്നു . അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നു സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നു .

സാധാരണയായി ഇസ്ലാമിൽ ജനിച്ച ഒരാൾക്ക് അവരുടെ സ്വത്തിന്റെ രണ്ടു ശതമാനം സക്കാത്തായി കൊടുക്കണമെന്ന് ഖുർആൻ നിർദ്ദേശിക്കുന്നു. ക്രിസ്ത്യാനികൾക്ക് ദശാംശം ഉണ്ട്.

ഹിന്ദുവിനുമുണ്ട് ദാനധർമ്മം. ആ ശതമാനമാണ് അവരൊക്കെ ചാനലിന്റെ മുന്നിലും സ്റ്റേജിലും ഒക്കെ പ്രഖ്യാപിക്കുന്നത് എന്നത് കാണുമ്പോൾ ആർക്കെങ്കിലും പുച്ഛം തോന്നിയാൽ തെറ്റുപറയുവാനാവില്ല .

ആരോരും അറിയാതെ ഇങ്ങനെ ഒരു മുതലാളി ?

ഗൾഫിലെ ഒരു പ്രമുഖ വിദ്യാഭ്യസ സ്ഥാപനം ( വഴിവക്കിൽ നിന്ന് സ്ഥിരം പി ആർ ദാനധർമ്മം ചെയ്യുന്ന സേട്ടന്റെ സ്ഥാപനമല്ല ) ഓരോ വർഷവും സാമ്പത്തികമായി പിന്നോക്കമുള്ള മിടുക്കരായ അയ്യായിരത്തോളം കുട്ടികളെയാണ് യാതൊരു ഫീസും ഈടാക്കാതെ പഠിപ്പിക്കുന്നത്.

അയ്യായിരം കുട്ടികൾ എന്ന് പറഞ്ഞാൽ രണ്ടു സ്‌കൂളുകളിൽ പഠിക്കാനുള്ള കുട്ടികളുണ്ട്. ഗൾഫിൽ മലയാളി കുടുംബങ്ങളിൽ ജോലി നഷ്ടപ്പെട്ടവരും കച്ചവടം പൊളിഞ്ഞവരും ആയ ഒട്ടനവധി കുടുംബങ്ങൾ ഉണ്ട് .

അവരുടെ മക്കൾക്ക് പഠിക്കുവാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നു എന്നതാണ് ആ സ്ഥാപനത്തിന്റെ മുതലാളിയുടെയും മാനേജ്‌മെന്റിന്റെയും പ്രത്യേകത . ഇക്കാര്യങ്ങൾ അവർ ഒരിടത്തും മൈക്ക് വെച്ച് വിളിച്ചു കൂവുന്നില്ല.


ആ കുട്ടികൾക്ക് അഡ്മിഷൻ കിട്ടാൻ അവരുടെ രക്ഷിതാവ് മുതലാളി കാറിൽ പോകുന്ന വഴിയിൽ പോയിനിന്ന് കൈ കാണിച്ചു വാഹനം നിർത്തി എവിടെനിന്നോ പ്രത്യക്ഷപ്പെടുന്ന ക്യാമറകൾക്ക് മുന്നിൽ നിന്നും പൊട്ടിക്കരഞ്ഞു  അപേക്ഷിക്കേണ്ടതില്ല .


മലയാളികളായ ചില 'പിആർ രഹിത' മുതലാളിമാർ

തൃശൂർ ജില്ലയിലെ ഒരു മുതലാളി അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമത്തിൽ ഇതുപോലെ സ്‌കൂൾ നടത്തുന്നുണ്ട്. കുട്ടികൾക്ക് ഇവിടെ സൗജന്യ വിദ്യാഭ്യാസമാണ് .

അതുപോലെ കോഴിക്കോട്ടെ നടക്കാവിലും കണ്ണൂരിലെ കടവത്തൂരിലും ഒക്കെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഉന്നതനിലവാരമുള്ള സ്‌കൂളുകൾ സൗജന്യമായി പഠിപ്പിക്കുന്നുണ്ട് .

വളാഞ്ചേരിയിൽ ഒരു സാധാരണക്കാരൻ സ്വന്തം വസ്തുവിൽ നൂറുകണക്കിന് ആളുകൾക്ക് വീടുകൾ പണിത് കൊടുക്കുന്നു . കൊടുങ്ങല്ലൂരിലെ ഒരു ഉന്നതൻ ഇതുവരെ എൺപതോളം പെൺകുട്ടികൾക്ക് വിവാഹം എന്ന സ്വപ്നം പൂവണിയിച്ചു കൊടുത്തിരിക്കുന്നു .

പാലക്കാട്ടെ ഒരു സാധാരണക്കാരൻ ഒപ്പം പഠിച്ച എല്ലാ കൂട്ടുകാരുടെയും ഉന്നമനത്തിനായി സ്വന്തം സ്ഥലം വിറ്റ് കിട്ടിയ മുപ്പതോളം കോടി രൂപ മാറ്റിവെച്ചിരിക്കുകയാണ്. അദ്ദേഹവും പഴയ സതീർഥ്യനെ വന്ന വഴിയിൽ നിർത്തി കരയിച്ചു പറഞ്ഞു കാര്യം നടത്തികൊടുക്കുന്ന ആളല്ല.

കണ്ണൂരിലെ ഒരു ചെറുപ്പക്കാരൻ സ്വന്തം ഗ്രാമത്തിലെ മുന്നൂറോളം ചെറുപ്പക്കാർക്ക് ഗൾഫിൽ പോകുവാനുള്ള വിസയും ടിക്കറ്റും സൗജന്യമായി നൽകിയിരിക്കുന്നു .

ഇങ്ങനെയുള്ള മഹാസംഭവങ്ങൾ നടക്കുമ്പോൾ തന്നെ ഒരേ ബെഞ്ചിലിരുന്നു പഠിച്ചയാളുടെ ബാങ്ക്‌ലോൺ അടച്ചുതീർത്തു എന്നൊക്കെയുള്ള വീരവാദങ്ങൾ ചാനലിലൂടെ നമ്മൾ കാണുന്നു . അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുവാൻ ആയിരങ്ങളും .

ലാഭം പേറുന്ന നന്മമരങ്ങൾ

ഗൾഫിൽ ഒരാൾ മരിച്ചാൽ അവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വലിയൊരു കാര്യം തന്നെയാണ്. ആ സമയത്തുള്ള സഹായം ആരും മറക്കാത്തതുമാണ്. പക്ഷെ അതിനെല്ലാം ' സൗജന്യം.. നന്മമരം .. ' എന്നീ പ്രയോഗങ്ങൾക്ക് യാതൊരു പ്രസക്തിയൊന്നുമില്ല.

കാരണം അവരിൽ ഒരു കൂട്ടർക്ക് അവർ  ചെയ്യുന്നതിന്റെ കൂലി ഒരു വിധേന അല്ലെങ്കിൽ വേറെ വിധേന വന്നു ചേരുന്നുമുണ്ട് . അതിനൊക്കെ പിന്നിൽ ചില വരുമാന സ്രോതസുകളുണ്ട്. അങ്ങനെ നന്മമരങ്ങളായ ചില പ്രസ്തരും ഗൾഫിലുണ്ട്. ആരും ഒന്നും എവിടെയും വെറുതെ ചെയ്യുമെന്നോ വെറുതെ എന്തെങ്കിലും കിട്ടുമെന്നോ കരുതേണ്ടതില്ല.

എന്നാൽ ഇത് മനസിലാക്കിയ ചില വ്യക്തികളും പ്രവാസി സംഘടനകളും ഒരു ലാഭേശ്ചയും കൂടാതെ ഇത്തരം സേവനങ്ങൾ ചെയ്യാൻ മുന്നോട്ട് വരുന്നുണ്ട് .

പിന്നെ പേരും പ്രശസ്തിയും ഇഷ്ടമില്ലാത്തവരായി ആരുമില്ല എന്നതാണ് മനസിലാക്കേണ്ടത് . എല്ലാവരിലും അല്ലറ ചില്ലറ ഫ്രാഞ്ചിയേട്ടന്മാർ ഒളിഞ്ഞു കിടക്കുന്നുണ്ട്. നന്മമരം എന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും പടച്ചവനാണ് അവസാനം മാർക്ക് കൊടുക്കേണ്ടത് .

രാഷ്ട്രീയക്കാരിൽ പ്രാഞ്ചിമാരില്ല 

കേരളത്തിലെ ലീഡറായിരുന്ന രാഷ്ട്രീയക്കാരൻ മാള എന്ന മണ്ഡലത്തിൽ മാത്രം ആയിരക്കണക്കിന് പേർക്കാണ് ജോലി നൽകിയിട്ടുള്ളത്. അതുപോലെ കല്യാശേരിയിലെ സഖാവ് ആരോരുമറിയാതെ കുറെ പേർക്ക് ജോലിയും സഹായങ്ങളും നൽകിയിരുന്നു.

പുതുപ്പള്ളിയിലെ നേതാവ് ചെയ്തുകൂട്ടിയ ദാനധർമ്മങ്ങൾ പറഞ്ഞാൽ തീരില്ല. മലപ്പുറത്തെ നേതാവും എത്രയോ ആയിരങ്ങളെയാണ് ഗൾഫിലേക്ക് പോകുവാൻ സഹായങ്ങൾ ചെയ്തുകൂട്ടിയിട്ടുള്ളത്. ഇന്നിപ്പോൾ കേരളം ഭരിക്കുന്നയാളും ഒട്ടനവധി പേർക്ക് ജോലി നൽകിക്കൊണ്ട് അവരുടെ കുടുംബങ്ങളെ രക്ഷിച്ചു പോരുന്നു.

സഹായങ്ങൾ സ്വന്തം മാതാപിതാക്കളിൽ നിന്നും ആരംഭിച്ച്, കൂടപ്പിറപ്പുകളിലൂടെ, അയവാസികളിലൂടെ, സ്നേഹിതരിലൂടെ, ബന്ധുക്കളിലൂടെ, ഗ്രാമവാസികളിലൂടെ, സ്വന്തം രാജ്യത്തിലൂടെ വേണം ലോകം മുഴുവൻ വ്യാപിക്കുവാൻ എന്ന് പ്രവാചക വചനത്തിലുണ്ട് .

അങ്ങനെ ഓരോരുത്തരും ചിന്തിച്ചാൽ ഈ നാട് എന്നേ നന്നാവുമായിരുന്നു. ഇവിടെ വൃദ്ധസദനങ്ങൾ മുളച്ചുപൊന്തില്ലായിരുന്നു . ആശുപത്രികൾ കുറയുമായിരുന്നു. മതസ്പർദ്ധയും, അസൂയയും കുത്തിത്തിരിപ്പും ഒക്കെ കുറക്കാമായിരുന്നു .

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ പിന്നെന്ത് പ്രയോജനം ?

നന്മമരങ്ങളെക്കൊണ്ടുള്ള ശല്യം സഹിക്കാതായിരിക്കുന്നു എന്ന് ദാസനും .. അങ്ങനെയെങ്കിലും ചിലർക്കൊക്കെ സഹായങ്ങൾ കിട്ടുന്നതിൽ സന്തോഷിച്ചുകൊണ്ട് വിജയനും

Advertisment