Advertisment

സോണിയാഗാന്ധിയുടെ ആദ്യ പിഴവ് യുപിഎ ഭരണത്തിന്‍റെ എട്ടാം വര്‍ഷം മന്‍മോഹന്‍ സിംഗിനെ രാഷ്ടപതിയാക്കി മാറ്റി രാഷ്ട്രീയാചാര്യനായ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കാതെ പോയതാണ്. അടുത്തത് ശശി തരൂരിനേപ്പോലുള്ള വമ്പന്‍ സാധ്യതകള്‍ ഇപ്പോഴും പാര്‍ട്ടിയിലുള്ളപ്പോഴും അതുപയോഗിക്കുന്നതിലുണ്ടായ വീഴ്ചയും. രാഹുലിന് മുമ്പില്‍ സാധ്യതകളും അവസരങ്ങളുമുണ്ട്. പക്ഷേ അതിലേയ്ക്ക് എത്തണമെങ്കില്‍ ലക്ഷ്യവും മാര്‍ഗവും വേറിട്ടതാകണം - ദാസനും വിജയനും എഴുതുന്നു

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

രാഹുലാ നീ തനിച്ചല്ല: മിത്രനെ പോലെ നീ എത്തുന്നതും കാത്ത് നിന്നെ വിളിക്കുന്നു വസുന്ധര: നവയുഗഭാരതം നിന്നെ ക്ഷണിക്കുന്നു: ജനപഥങ്ങളോ നിന്നെ പ്രതീക്ഷിക്കുന്നു: നിന്റെ കാൽപെരുമാറ്റത്തിനായ് കാലം വിളിക്കുന്നൂ: രാഹുലാ നീ പോവുക മുന്പെ: ഞങ്ങൾ പിൻപേ ഗമിച്ചീടുന്നു: രാഹുലാ നീ തനിച്ചല്ല:


ശരിക്കും എന്താണ് കോൺഗ്രസ് പാർട്ടിയിൽ സംഭവിക്കുന്നത്, രാജേഷ് പൈലറ്റിനെയും മാധവറാവ് സിന്ധ്യയുടെയും അകാല മരണങ്ങൾക്ക് ശേഷം പാർട്ടിയുടെ നെടുംതൂണായിരുന്ന വൈഎസ് രാജശേഖര റെഡ്ഢിയുടെ വിയോഗമാണ് പാർട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നത്.

ഇന്ത്യ തിളങ്ങുന്നു എന്നതിന്റെ പേരിൽ വാജ്‌പേയി സർക്കാർ ഇന്ത്യയിൽ തുടർഭരണം പ്രതീക്ഷിച്ചിരുന്ന നാളുകളിൽ വൈഎസ്ആറിന്റെയും സുർജിത് സിങ്ങിനെയും അഹമ്മദ് പട്ടേലിന്റെയും ശക്തമായ പിന്തുണയോടെ സോണിയാഗാന്ധി യുപിഎ സഖ്യം രൂപീകരിച്ചുകൊണ്ട് 10 കൊല്ലം ഇന്ത്യ മഹാരാജ്യം ഭരിച്ചപ്പോൾ ശ്രദ്ധിക്കാത്ത ചെറിയ തെറ്റുകൾ ഇന്ത്യയുടെ തന്നെ ഭാവിയെ ബാധിക്കുന്ന തരത്തിലായി കാര്യങ്ങൾ.

ആദ്യത്തെ അശ്രദ്ധ, പാർട്ടിയെ വളർത്തുന്നതിലും കെട്ടിപ്പടുക്കുന്നതിലും ഒരു നേതാവും താൽപര്യം കാണിച്ചില്ല എന്നത് മാത്രമാണ്. പത്തു കൊല്ലം തുടർച്ചയായി ഭരിച്ചിട്ടും പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ ഫണ്ടില്ലാതെ പാർട്ടി അലയുന്നതായിരുന്നു അവസ്ഥ.


മൻ മോഹൻ സിങ് നല്ലൊരു പ്രധാനമന്ത്രി ആയിരുന്നുവെങ്കിലും നല്ലൊരു രാഷ്ട്രീയക്കാരൻ ആയിരുന്നില്ല. എട്ടാം വര്ഷം അദ്ദേഹത്തെ ഇന്ത്യൻ പ്രസിഡണ്ട് ആക്കി പ്രണബ് മുഖർജി എന്ന രാഷ്ട്രീയാചാര്യനെ പ്രധാനമന്ത്രി ആക്കുന്നതിൽ സോണിയാഗാന്ധി കാണിച്ച മടി പാർട്ടിയെ ക്ഷീണിപ്പിച്ചു.


ഒപ്പം സോണിയക്ക് പിടികൂടിയ അസുഖങ്ങളും പാർട്ടിയെ വല്ലാതെ തളർത്തി . ആപ്പ് - ഒവൈസി പോലത്തെ പല പ്രാദേശിക അടിതുരപ്പന്മാരുടെ വളർച്ചകൾക്ക് തടയിടുവാൻ പാർട്ടി നേതൃത്വത്തിനായില്ല.

രാഹുൽഗാന്ധിയും സച്ചിൻ പൈലറ്റും ജ്യോതിരാഹിത്യ സിന്ധ്യയും കൃഷിയിൽ ഡോക്ടരേറ്റ് നേടി വന്നപ്പോൾ ശശി തരൂർ, നന്ദൻ നിലേക്കനി പോലുള്ള അതികായന്മാരുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ, ടെലിവിഷൻ മീഡിയ എന്നിവയുടെ സഹായത്തോടെ പുതിയ തലമുറയുടെ

കയ്യടി വാങ്ങിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു.

publive-image

സീനിയർ നേതാക്കളായവരെല്ലാം പാർട്ടിയെ താഴെത്തട്ടിൽ വളർത്തുന്നതിൽ ഏർപ്പാടാക്കി, ചെറുപ്പക്കാരെ കയ്യിലെടുക്കാൻ ശശി തരൂരിനെ പോലുള്ളവരെ മുന്നിലേക്ക് കൊണ്ടുവരുന്നതിൽ ആരൊക്കെയോ തടസ്സം നിൽക്കുന്നതായി അണികളിൽ ആശങ്കയുളവാക്കി.

ലക്ഷക്കണക്കിന് കോൺഗ്രസ്സ് അനുഭാവികൾ ബിജെപിയിലേക്കും എതിർപാർട്ടിയിലേക്കും നീങ്ങുന്നതിന് അതൊക്കെ കാരണമായി ഭവിച്ചു. ചോർച്ച തടയുവാൻ സീനിയർ നേതാക്കന്മാർക്ക് ആയതുമില്ല.

രാഹുൽഗാന്ധിയുടെ പ്ലാനുകൾ അനുസരിച്ചുകൊണ്ട് ഒട്ടനവധി ചെറുപ്പക്കാരായ പ്രൊഫഷണലുകൾ പാർട്ടിയിലേക്ക് വന്നെങ്കിലും സീനിയർ നേതാക്കന്മാർ പലപ്പോഴും ആ പ്ലാനുകള്‍ അംഗീകരിച്ചിരുന്നില്ല.

കേരളത്തിൽ ജയിച്ചുകയറിയ റോജി എം ജോണ്‍, രമ്യ ഹരിദാസ്, പിന്നെ ജ്യോതിമണി തുടങ്ങിയ ഒട്ടനവധി ആളുകളെ കണ്ടെത്തുന്നതിൽ രാഹുൽജി വിജയിച്ചുവെങ്കിലും അദ്ദേഹത്തെ നിയന്ത്രിച്ചിരുന്ന ചില കോക്കസുകൾ, ഓഫിസ് സ്റ്റാഫ് എന്നിവർ രാഷ്ട്രീയം ലവലേശം അറിയാത്ത തന്ത്രജ്ഞർ ആയിരുന്നു.

അമേരിക്കയിലെ സാം പിത്രോഡ, രാജീവ്ഗാന്ധിയുടെ കൂട്ടുകാരനും ശാസ്ത്രജ്ഞനും ആയിരുന്നുവെങ്കിലും ഇന്ത്യൻ രാഷ്ട്രീയം അദ്ദേഹത്തിനും വഴങ്ങുന്നതായിരുന്നില്ല. മലയാളിയായ കെസി വേണുഗോപാൽ രാഷ്ട്രീയം വശമുള്ളയാൾ ആണെങ്കിലും വടക്കേ ഇന്ത്യയിലെ താപ്പാനകൾ അദ്ദേഹത്തെ കാര്യമായിട്ടൊന്നും ഗൗനിക്കുവാൻ സാധ്യത കാണുന്നില്ല.

publive-image

2019 തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതീക്ഷിക്കാത്ത പല അട്ടിമറികളും പാർട്ടിയുടെ നേതൃത്വത്തിലുള്ള പഴയ ആളുകൾ ചെയ്തു എന്ന സംശയത്തിലാണ് രാഹുൽ ആരെയും വിശ്വസിക്കാത്തത്.

രാഷ്ട്രീയത്തിൽ ഒരാളെയും കണ്ണടച്ചു വിശ്വസിക്കുവാനും പാടില്ല എന്നതാണ് പല സംഭവവികാസങ്ങളിലും നമ്മൾ കാണുന്നത്. അങ്ങനെയെങ്കിൽ പഞ്ചാബിൽ ഉശിരുള്ള കോൺഗ്രസുകാരനായിരുന്ന അമരീന്ദർ സിങ്ങിന് പകരക്കാരനായി അവസരവാദ രാഷ്ട്രീയക്കാരനായ സിദ്ദുവിനെ മുന്നോട്ട് കൊണ്ടുവന്നതിലെ ബുദ്ധി എന്താന്നെന്ന്

ഇതുവരെ ആർക്കും പിടികിട്ടിയിട്ടില്ല.

പ്രിയങ്കഗാന്ധി ചില നല്ല പ്ലാനുകൾ തയാറാക്കുന്നു എന്നാണ് മനസിലാക്കുവാൻ കഴിയുന്നത്. എങ്കിലും പണമെറിയാതെ ലോകത്ത് ഒരിടത്തും ഇനി തിരഞ്ഞെടുപ്പുകൾ ജയിച്ചുകയറുവാനാവില്ല.

''ഭാരത് ജോഡോ യാത്ര '' രാഹുൽഗാന്ധി സ്വന്തം തെറ്റുകളെ മനസ്സിലാക്കുവാനും, കൂടുതൽ അണികളുള്ള നേതാക്കൻമാരെ വളർത്തുവാനും അർഹതയുള്ളവരെ തഴയുവാതിരിക്കുവാനും ഒക്കെ ഉപയോഗിച്ചാൽ ഇന്ത്യയിലെന്നല്ല ലോകത്തെവിടെയും അസാധ്യമായി ഒന്നുമില്ല എന്നതാണ് ചരിത്രം.

അന്നത്തെ യുപിഎ ഭരണകൂടത്തെ അട്ടിമറിക്കുവാൻ ഇന്ത്യയിൽ അരങ്ങേറിയ ഒട്ടേറെ സ്ഫോടനങ്ങളും അട്ടിമറികൾക്കും പിന്നിൽ വേറാരുമല്ല എന്ന തിരിച്ചറിവ് ഇന്ത്യൻ ജനതയിൽ വളർത്തേണ്ടത് രാഹുലിന്റെ കടമകളിലൊന്നാണ്. തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോള്‍ മാത്രം ഉണ്ടാകുന്ന ചാവേർ അക്രമങ്ങൾ, ഭീഷണികൾ എല്ലാറ്റിന്റെയും ഉത്ഭവസ്ഥാനം എവിടെയെന്നുള്ളത് ഇന്നത്തെ ചെറുപ്പക്കാരിൽ എങ്കിലും എത്തിച്ചുകൊടുക്കേണ്ട കടമ രാഹുലിലാണ്.

publive-image

അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും മോശമായ രാജ്യമായി ഇന്ത്യ മാറും എന്നതിൽ യാതൊരു സംശയവുമില്ല. യുവജനതയുടെ മനസ്സിൽ സ്ഥാനം പിടിക്കേണ്ടത് രാഹുലും പ്രിയങ്കയുമാണ്.

ലോകം അവസാനിച്ചിട്ടൊന്നുമില്ല, അതുപോലെ ഈ ലോകത്ത് ഒന്നും ശാശ്വതവുമല്ല, ആയതിനാൽ നല്ല ഒരു ഇന്ത്യക്കായി, മനഃസമാധാനമുള്ള ഒരു ഇന്ത്യക്കായി, വർഗീയ ചേരിതിരിവില്ലാത്ത ഇന്ത്യക്കായി, മാധ്യമ സ്വാതന്ത്ര്യമുള്ള ഒരു ഇന്ത്യക്കായി, വ്യക്തി സ്വാതന്ത്ര്യമുള്ള ഒരു ഇന്ത്യക്കായി, ജനക്കൂട്ടം ആളുകളെ തല്ലിക്കൊല്ലാത്ത ഒരു ഇന്ത്യക്കായി, പ്രതികരിക്കുന്നവരിൽ ബുൾഡോസർ പ്രയോഗിക്കാതെ ഒരു ഇന്ത്യക്കായി നമ്മുക്ക് ഓരോരുത്തർക്കും പ്രാർത്ഥിക്കാം.

ഗുലാംനബിമാരോക്കെ പോയാലും ഞങ്ങൾ കൂട്ടിനുണ്ട്, എന്ന് ദാസനും, ഇനിയാരും പോകാതെ നോക്കണമെന്നും പോയവരെ തിരിച്ചു കൊണ്ടുവരണം എന്ന അഭ്യർത്ഥനയുമായി വിജയനും

Advertisment