Advertisment

ഒരു കച്ചവടക്കാരൻ എങ്ങനെയായിരിക്കണം എന്നും എങ്ങനെ ആകരുതെന്നും അറിയാൻ അറ്റ്ലസ് രാമചന്ദ്രനെ കണ്ടുപഠിച്ചാൽ മതി. കച്ചവടത്തിൽ നേരും നെറിയും ഉണ്ടായിരുന്നതിനാലാണ് പലരും ഉപദേശിച്ചിട്ടും ദുബായിൽ നിന്നും മുങ്ങാതിരുന്നതും ഒടുവിൽ ജയിലിലായതും. ജയിലിൽ സഹതടവുകാർക്ക് ലഭിച്ച അന്വേഷണം പോലും സിനിമയിലും കച്ചവടത്തിലും രാജാവായി വാണ രാമേട്ടനുണ്ടായില്ല. ഒപ്പം അസുഖങ്ങളും. ചില ഈഗോകളും പിടിവാശിയും ഇല്ലായിരുന്നെങ്കിൽ അറ്റ്ലസ് വിതച്ചത് കൊയ്യുമായിരുന്നു - ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

തകർന്നാലും തളരരുത് എന്ന് മലയാളിക്ക് അസലായി മനസ്സിലാക്കി തന്നത്  ഇരിങ്ങാലക്കുടയിലെ എടതിരിഞ്ഞി സ്വദേശി രാമചന്ദ്രമേനോൻ എന്ന അറ്റ്ലസ് രാമചന്ദ്രൻ. ബാങ്ക് ജോലിക്കാരനായി ജോലിയിൽ കയറിയ അദ്ദേഹത്തെ കാണുവാനും ലോൺ സംഘടിപ്പിക്കുവാനും കണ്ണൂരുകാരായ രണ്ട് ചെറുപ്പക്കാർ കുവൈറ്റിലെ ബാങ്ക് കാബിനിൽ എത്തി.

ലോൺ അനുവദിക്കുന്നതിന് മുന്നോടിയായി അവരുടെ സ്ഥാപനം എങ്ങനെയുണ്ട് എന്ന് കാണുവാൻ ഒരു വ്യാഴാഴ്ച വൈകുന്നേരം ഭാര്യയുമായി അവിടെയെത്തി. സ്ഥാപനത്തിലെ തിരക്കുകണ്ട്‌ അന്തം വിട്ട രാമചന്ദ്രേട്ടൻ ആ സ്ഥാപനം വിലയിട്ടു വാങ്ങി, അങ്ങനെ അറ്റ്ലസ് എന്ന ഒരു ബ്രാൻഡ് കുവൈറ്റിൽ തുടക്കം കുറിച്ചു .


കുവൈറ്റിൽ സന്ദർശനം നടത്തിയിരുന്ന ഏതൊരു സിനിമാക്കാരനും രാഷ്ട്രീയക്കാരനും രാമചന്ദ്രനെ കാണാതെ പോകില്ലായിരുന്നു . അങ്ങനെയാണ് തൃശൂർ ജില്ലക്കാരനായ ഭരതൻ വൈശാലിയുമായി രാമചന്ദ്രേട്ടനെ സമീപിച്ചത് .


publive-image

1988 ഓണത്തിന് റിലീസായ വൈശാലി കാണുവാൻ ആദ്യത്തെ ആഴ്ച തിയറ്ററുകളിൽ ആളുകൾ വളരെ കുറവായിരുന്നു . പിന്നീട് ജനങ്ങൾ ആ കലാമൂല്യമുള്ള എംടി സിനിമയെ നെഞ്ചിലേറ്റുകയായിരുന്നു. അങ്ങനെ അറ്റ് ലസ് രാമചന്ദ്രൻ വൈശാലി രാമചന്ദ്രൻ ആയി മാറി. മലയാള സിനിമയിലെ ഒട്ടനവധി പേർ  അറ്റ്ലസ് രാമചന്ദ്രന്റെ ഔദാര്യം കൈപറ്റിയവരുമാണ്.

കുടുംബവുമായി അത്ര നല്ല അടുപ്പം പുലർത്താതിരുന്നതും കുടുംബാംഗങ്ങൾ അവരവരുടെ വഴികളിൽ സഞ്ചരിക്കുകയും ചെയ്തപ്പോൾ

പല സമയങ്ങളിലും അദ്ദേഹത്തിന് കാലിടറി . ശരിക്കും പറഞ്ഞാൽ ഒരു തരം അഡ്ജസ്റ്റ്‌മെന്റ് ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്.

publive-image

പിന്നെ ഗുരുതരമായ ഡയബറ്റിക്‌സും കച്ചവടത്തിൽ അദ്ദേഹത്തിന് പല സമയത്തും ദോഷം ചെയ്തു . അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ഒട്ടുമിക്ക മാനേജർമാരും സീനിയർ ഡയറക്ടർമാരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അദ്ദേഹത്തിന് പണി കൊടുത്തുകൊണ്ടിരുന്നു . അതെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു .


ദുബായിലുള്ള പല മാധ്യമ സുഹൃത്തുക്കളും അവരുടെ അത്യാവശ്യം സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടിരുന്നത് അദ്ദേഹത്തോടൊപ്പം കൂടെ കൂടിയാണ് . എതിർ സ്ഥാപനങ്ങളെ കുറിച്ചുള്ള പരദൂഷണത്തിൽ രാമചന്ദ്രേട്ടനെ അവർ തളച്ചിട്ടു .


അവിടെ കേട്ടത് ഇവിടെ പറഞ്ഞും ഇവിടെ കേട്ടത് അവിടെ പറഞ്ഞും അവരൊക്കെ അദ്ദേഹത്തിന്റെ മനസ്സിൽ സ്ഥാനം പിടിച്ചു. ആദ്യം ഇല്ല എന്ന് ഒറ്റവാക്കിൽ പറയുമായിരുന്നു എങ്കിലും സഹായം ചോദിച്ചവർക്കൊക്കെ വാരിക്കോരി സഹായം നൽകുവാൻ അദ്ദേഹത്തിനു മടിയില്ലായിരുന്നു.

publive-image

അവരെല്ലാവരും അദ്ദേഹത്തിന്റെ മോശം സമയത്ത് കൂടെ നിന്നിരുന്നു എന്നതും അഭിനന്ദാർഹമാണ്. ദുബായിലെ ഒന്നാം കിട മാധ്യമ സ്ഥാപനത്തിന് ചില സാമ്പത്തിക ആവശ്യം വന്നപ്പോൾ അതിന്റെ സീനിയറായ ഒരാൾ അദ്ദേഹത്തെ പോയി കാണുകയും ലേശം പണം അഡ്വാൻസ് ആയി ചോദിക്കുകയും ചോദിച്ചതിന്റെ ഇരട്ടി രാമേട്ടൻ കൊടുത്തതും ഇന്നോർക്കുന്നു.

publive-image

രാമേട്ടന് വേണമെങ്കിൽ ദുബായോട് വിട പറയുവാൻ അവസരമുണ്ടായിരുന്നു. ബാങ്കുകാർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് മുൻപേ അദ്ദേഹത്തോട് പലരും മുങ്ങുവാൻ ഉപദേശിച്ചിരുന്നു.


കാനഡായിലേക്കോ ഇന്ത്യയിലേക്കോ തായ്‌ലണ്ടിലേക്കോ മുങ്ങുവാൻ പലരും ഉപദേശിച്ചുവെങ്കിലും അങ്ങനെ പോകാൻ എനിക്ക് സാധ്യമല്ല, ഇവിടെ ഉണ്ടായ പ്രശ്നങ്ങൾ ഇവിടെ വെച്ചുതന്നെ പരിഹരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.


publive-image

ദുബായ് വിട്ട് എങ്ങോട്ടും ഇല്ലെന്നുള്ള നയം അദ്ദേഹം വ്യക്തമാക്കിയിരുന്നു. കച്ചവടത്തിലെ നേരും നെറിവും അതിനദ്ദേഹത്തെ അനുവദിച്ചുമില്ല.

ഒരു നല്ല സുഹൃദ് വലയം ഉണ്ടാക്കാതിരുന്നത് അദ്ദേഹത്തിന് വലിയ നഷ്ടങ്ങൾ വിളിച്ചുവരുത്തി . അല്ലറ ചില്ലറ സഹായങ്ങൾക്കായി ആരെയും വിളിക്കുവാൻ സാധിക്കാതെയായി . അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്ന സ്വത്ത് വിൽക്കുവാൻ പോലും സാധിക്കാതെ വന്നു.

ജയിലിൽ അദ്ദേഹം അസുഖങ്ങളുമായി മല്ലിട്ടിരുന്നു. മറ്റു തടവുകാരെ  കാണുവാനും പണം കൊടുക്കുവാനും ബന്ധുക്കൾ വന്നിരുന്നപ്പോൾ അദ്ദേഹത്തിനായി ആരും എത്തിയിരുന്നില്ല എന്നത് അദ്ദേഹത്തെ തളർത്തിയിരുന്നു. ഭക്തിയിലായിരുന്നു മിക്കവാറും സമയങ്ങളിൽ.

publive-image


കുവൈറ്റിലെ സ്ഥാപനങ്ങൾ നടത്തുവാൻ ഏൽപ്പിച്ചാൽ മൂന്നു ദിവസങ്ങൾക്കുള്ളിൽ  അദ്ദേഹത്തെ ജയിലിൽ നിന്നും മോചിപ്പിക്കാം എന്നൊരു ഭായി വാഗ്ദാനം നൽകിയപ്പോൾ അക്കാര്യം സ്വീകരിക്കുവാൻ കുടുംബക്കാർ തയാറായിരുന്നില്ല.


അവസാനം കുവൈറ്റും ഇവർക്ക് നഷ്ടപ്പെട്ടപ്പോൾ അദ്ദേഹം മൂന്നു വർഷത്തോളം ജയിൽ വാസം അനുഭവിക്കേണ്ടി വന്നു . മകനും അദ്ദേഹത്തെ കാണുവാൻ അമേരിക്കയിൽ നിന്നും എത്തിയിരുന്നില്ല . അദ്ദേഹത്തിന്റെ സിനിമ കളികളാണ് പല മുതലാളിമാരും സഹായിക്കാതെ മാറിനിൽക്കുവാൻ കാരണമായത് . അതുപോലെ ചില വാശികളും.

publive-image

ഒരു കച്ചവടക്കാരൻ എങ്ങനെയുള്ളവൻ ആകണം അല്ലെങ്കിൽ എങ്ങനെ ആകരുത് എന്നത് രാമചന്ദ്രേട്ടന്റെ ജീവിതത്തിൽ നിന്നും പഠിക്കേണ്ടതാണ് . ഈഗോ ലേശം മാറ്റിവെച്ചിരുന്നെങ്കിൽ ഇത്രയും ദുരന്തങ്ങൾ നേരിടേണ്ടി വരുമായിരുന്നില്ല എന്ന് അടുത്തറിയുന്നവർക്ക് മനസ്സിലാക്കാം.

എന്തായാലും ഗൾഫിലെ ഒട്ടുമിക്ക ജനങ്ങളും നാട്ടിലുള്ളവരും പ്രത്യേകിച്ച് കുട്ടികളും അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചിരുന്നു . ആ സ്നേഹം ഇന്നും ജനകോടികളുടെ മനസ്സിൽ നിലനിർത്തുവാൻ അദ്ദേഹത്തിനായി . നന്മകൾ മാത്രം .

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് പത്രാധിപർ ദാസനും സ്വർഗ്ഗലോകം ശിശുക്കളെ പോലുള്ളവരുടേതാകുന്നു എന്നാശ്വസിച്ചുകൊണ്ട് വിജയനും

Advertisment