Advertisment

ഇരിങ്ങാലക്കുടയിലെ പിശുക്കനായ ഇന്നച്ചൻ, മലയാള സിനിമയിലെ കാരുണ്യ സ്പർശമായി മാറിയ കാരണവർ, രാഷ്ട്രീയത്തിൽ പഴയ എട്ടാംക്ലാസുകാരനും - ഇന്നസെന്റിനെ വിലയിരുത്തുമ്പോൾ - ദാസനും വിജയനും എഴുതുന്നു

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

ഇന്നസെന്റ് നാട്ടുകാർക്ക് ഇന്നസെന്റ് അല്ലായിരുന്നു എങ്കിലും സിനിമക്കാർക്കിടയിൽ ശരിക്കും ഇന്നസെന്റ് ആയിരുന്നു. അതുപോലെ തിരിച്ചും നാട്ടുകാരോട് ഇന്നസെന്റിന് അത്രക്ക് ആത്മാർത്ഥത ഒന്നും ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാൻ.

ചാലക്കുടിയിൽ ജയിച്ചു കയറിയത് ഇരിങ്ങാലക്കുട മണ്ഡലം ചാലക്കുടി ലോക്സഭയിൽ അല്ലാതിരുന്നത് കൊണ്ടാണ് എന്നാണ് നാട്ടുകാർ പറയുന്നത്. ആദ്യം കുടം ചിഹ്നത്തിൽ മത്സരിച്ചപ്പോൾ ജയിച്ചു എങ്കിലും പിന്നീട് അരിവാൾ ചുറ്റികയിൽ നിന്നപ്പോൾ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു എന്നാണ് എതിരാളികൾ പറയുന്നത്. അത് രാഷ്ട്രീയത്തിലെ കാര്യം.

പക്ഷെ മലയാള സിനിമയിൽ ഏറ്റവും സ്വീകാര്യനായ വ്യക്തി ആ ഇരിങ്ങാലക്കുടക്കാരൻ തന്നെയാണ് എന്ന് മറ്റൊരു ഇരിങ്ങാലക്കുടക്കാരൻ ആയ ഇടവേള ബാബു തന്നെ സമ്മതിക്കുന്നു.

കമ്മ്യുണിസ്റ്റ് പാർട്ടിക്കുവേണ്ടി ഇന്നസെന്റ് മത്സരിച്ചപ്പോൾ മാത്രമാണ് ഇടവേള ബാബു ലേശം ഇന്നസെന്റിൽ നിന്നും അകന്നു നിന്നത്.

അല്ലാത്ത പക്ഷം അമ്മയുടെ എല്ലാ തിരഞ്ഞെടുപ്പുകളിലും ഈ രണ്ടു പേരും അത്യാവശ്യം കുത്തിത്തിരിപ്പുകളും ലോബികളികളും സ്നേഹവും ബന്ധങ്ങളും ഒക്കെ കൂട്ടി ചേർത്തുകൊണ്ട് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അമ്മയെ തങ്ങളുടെ കയ്യിൽ ഒതുക്കി നിർത്തി.

publive-image


സിനിമ ഉണ്ടെങ്കിൽ ഏതൊരു രാഷ്ട്രീയക്കാരനെയും ഐഎഎസ് ഐപിഎസ് കാരനെയും തങ്ങളുടെ വരുതിയിൽ വരുത്താമെന്ന മമ്മുട്ടിയുടെ ഉപദേശമാണ് ഇന്നസെന്റിനെ അമ്മയുടെ തലപ്പത്തുതന്നെ നിലനിർത്തുവാൻ പ്രചോദനമായത്.


ഏതൊരു വേദി കിട്ടിയാലും സ്റ്റേജ് കിട്ടിയാലും പഠിപ്പു ഇടക്ക് നിർത്തിയതും ആലീസും തീപ്പെട്ടിക്കമ്പനിയും ഒക്കെ പറഞ്ഞു പറഞ്ഞു ജനങ്ങൾക്ക് മടുത്തു എന്ന് മനസിലാക്കിയ ഒരു കാലഘട്ടത്തിൽ സ്വന്തം തട്ടകത്തിലെ സെന്റ്‌ ജോസ ഫ് കോളേജിലെ കോളേജ് ഡേയ്ക്ക് ഇന്നസെന്റിനെ മുഖ്യാതിഥിയായി ക്ഷണിച്ചു.

ആരെയും കിട്ടാതെ വന്നപ്പോഴാണ് തന്നെ ക്ഷണിച്ചതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പ്രസംഗം ആരംഭിച്ചു. പതിവിനു വിപരീതമായി അദ്ദേഹം വളരെ ആധികാരികമായി അമേരിക്കൻ ഇറാഖ് യുദ്ധത്തെപ്പറ്റിയും മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ പറ്റിയുമൊക്കെ പ്രസംഗം തുടർന്നപ്പോൾ ഒരു കൂട്ടം പെൺപിള്ളേർ ‘’ തമാശ വേണം തമാശ പറയണം ‘’ എന്നൊക്കെ പറഞ്ഞുകൊണ്ട് ബഹളം വെച്ചു.

അപ്പോൾ ഇന്നസെന്റ് വളരെ സീരിയസായി അവരോട് പറഞ്ഞു ‘’ഇന്നെന്തായാലും തമാശക്കാരനായ ഞാൻ ഇവിടെ വന്നത് നന്നായി, ആ ബാലൻ കെ നായരോ, ടിജി രവിയോ ഒക്കെ വന്നിരുന്നു എങ്കിൽ നിങ്ങൾ എന്ത് ചോദിക്കുമായിരുന്നു ?’’

publive-image

കലാഭവൻ മണിയുടെ കല്യാണദിവസം കേരളത്തിലെ ഒട്ടുമിക്ക നടന്മാരും നടിമാരും ചാലക്കുടിയിലെ വിവാഹവേദിയിൽ ഇരിക്കുമ്പോൾ ജോസ് പെല്ലിശ്ശേരി പറഞ്ഞു ‘’മണിയുടെ ഭാഗ്യം, മണി കല്യാണം കഴിക്കുന്നത് ഒരു നായർ പെണ്ണിനെയാണ്‘’ അപ്പോൾ അവിടെയുണ്ടായിരുന്ന കൊച്ചിൻ ഹനീഫ ചോദിച്ചു ‘’അപ്പൊ മണിയുടെ ജാതി ഏതാ ? ‘’ എന്ന്.

ഇത് കേട്ടയുടൻ ഇന്നസെന്റ് പറഞ്ഞു ‘അവന്റെ ജാതിടെ കീഴിൽ വേറെ ജാതി ഒന്നും ഇല്ലാന്നാ തോന്നുന്നത് ’. പറഞ്ഞത് ഇന്നച്ചൻ ആയതിനാൽ കുഴപ്പമില്ല. എന്നിട്ട് ഒരു കഥയും തട്ടിവിട്ടു . ഇന്നസെന്റ് കൊച്ചിക്ക് പോകുമ്പോൾ അങ്കമാലിക്കടുത്തു നാഷണൽ ഹൈവേയുടെ ഓരത്തായി ഒരാൾ വെള്ളമടിച്ചു പൂസായി കിടക്കുന്നു.

വണ്ടിയൊന്നും മേലെ കയറേണ്ട എന്ന് കരുതി അങ്ങേരെ മാറ്റി കിടത്തുവാൻ ഇന്നസെന്റ് കാറിൽ നിന്നും ഇറങ്ങിയപ്പോൾ അങ്ങേരു ചാടിയെണീറ്റുകൊണ്ട് പറഞ്ഞു, ' ഞാൻ പൂസൊന്നുമല്ല, മണിയുടെ ബന്ധുക്കാരൻ അകാൻ പോകുന്ന ആളാ, അവരുമായി ഒത്തുപോകുവാൻ പരിശീലിക്കുകയാണെന്ന്. ’

വളരെ പിശുക്കനും അറുത്ത ഇടത്തിൽ ഉപ്പു വരെ തേക്കാത്തവൻ എന്നൊക്കെയാണ് ഇന്നസെന്റിനെ കുറിച്ചുള്ള അയൽവക്കക്കാരുടെയും ജോലിക്കാരുടെയും അഭിപ്രായം. നടവരമ്പ് കോളനിയിലെ പേങ്ങൻകുട്ടി തെങ്ങു കയറി കഴിഞ്ഞു കാശ് ചോദിച്ചപ്പോൾ ഇന്നസെന്റ് പറഞ്ഞു.

ഒരു തെങ്ങിൽ കയറിയതിന്റെ കാശ് ഞാൻ തരില്ല എന്ന്. അതിൽ നിന്നും തേങ്ങാ ഇട്ടില്ലത്രെ . അപ്പോൾ തെങ്ങുകയറ്റക്കാരൻ പറഞ്ഞു ‘’അതിലെ കുരക്കൊക്കെ വെളുപ്പിച്ചു, ഓല വെട്ടി, ചെള്ളിനെ എടുത്തു കളഞ്ഞു‘’ എന്നൊക്കെ, പക്ഷെ ഇന്നസെന്റ് വഴങ്ങിയില്ല.

പേങ്ങൻകുട്ടി പറഞ്ഞു ’അങ്ങയുടെ എല്ലാ സിനിമകളും ഞാൻ കാണാറുണ്ട്, പൊന്മുട്ടയിടുന്ന താറാവിലും, റാംജിറാവ് സ്പീക്കിങ്ങിലും അങ്ങ് തകർത്തു, ഗോഡ് ഫാദർ മൂന്നു തവണ കണ്ടു, പക്ഷെ എന്തൊക്കെ ആയാലും.. ഒരു മാതിരി കോണോത്തുകുന്നിലെ (കൊടുങ്ങല്ലൂരിലെ ഒരു നാട്) പരിപാടി എന്റെ അടുത്തു കാണിക്കരുത് ’ എന്നും പറഞ്ഞ് പെങ്ങൻകുട്ടി പിരിഞ്ഞുപോയി.

publive-image

2014 ൽ ചാലക്കുടി മണ്ഡലത്തിൽ പിസി ചാക്കോ പോലത്തെ സ്ഥാനാർത്ഥി ആയതുകൊണ്ടും ആം ആദ്മി പാർട്ടി 35000 വോട്ടുകൾ നേടിയതുകൊണ്ടും 15000 വോട്ടുകൾക്കാണ് ഇന്നസെന്റ് വിജയിച്ചത് എങ്കിലും സിനിമയിലെ അമ്മയെപ്പോലെ മണ്ഡലത്തിനോ, ജനങ്ങൾക്കോ യാതൊരു പ്രയോജനവും ഉണ്ടായില്ല എന്നൊരു പരാതി മണ്ഡലത്തിലുള്ളവരും നാട്ടുകാരും പറയുന്നത് ഇന്നച്ചന്റെ ചെവിയിലും എത്തിയിരുന്നു.

പക്ഷെ സിനിമയിൽ നേരെ തിരിച്ചായിരുന്നു ഇന്നസെന്റ്. എന്തൊക്കെ ആരൊക്കെ പറഞ്ഞാലും മലയാള സിനിമയിലെ അവശത അനുഭവിക്കുന്ന കലാകാരന്മാർക്കും കലാകാരികൾക്കും ഇന്നസെന്റ് വളരെ സഹായം ചെയ്തിട്ടുണ്ട് എന്ന് വേണം കരുതുവാൻ.

കെപിഎസി ലളിത ഒഴികെ എല്ലാവരും അക്കാര്യം സമ്മതിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം അദ്ദേഹം നമ്മുക്ക് സമ്മാനിച്ച തമാശകൾ ഇന്നും ഓർമ്മിക്കുന്നു.

ഈ മ യൗ :

തിരുവില്വാമലക്ക് എന്ന് പറഞ്ഞു തിരുവല്ലക്ക് പോയ അദ്ദേഹത്തെ ഓർത്തുകൊണ്ട് ഡ്രൈവർ ദാസപ്പനും അര മണിക്കൂർ നേരത്തെ പുറപ്പെടാൻ ആവശ്യപ്പെട്ടുകൊണ്ട് ചങ്ങായി വിജയനും

Advertisment