/sathyam/media/post_attachments/ZlREfjjtRgWkxY2vUTG1.jpg)
മലയാളസിനിമയിലുള്ള ചില തമ്പ്രാക്കന്മാർ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ തയാറായിട്ടില്ല എന്നതാണ് ഈ കാണുന്ന പ്രതിസന്ധിയുടെ മുഖ്യകാരണം. ചിലരുടെ ഒക്കെ ധാരണ ഏതെങ്കിലും നടന്റെ വാലായി നടന്നാലോ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ഏറാൻ മൂളികൾ ആയാലോ എല്ലാവരും അവരുടെ പിന്നാലെ കൂടും, അനുസരിക്കും എന്നൊക്കെയാണ്.
പത്ര സമ്മേളനം വിളിച്ചുകൊണ്ട് അമേരിക്കൻ മാതൃകയിൽ അവനെ ഉപരോധിക്കും, ഇല്ലാതാക്കി കളയും എന്നൊക്കെ വീരവാദങ്ങൾ മുഴക്കിയാൽ ഇന്നത്തെ തലമുറ എല്ലാം അനുസരിക്കുമെന്ന് ആരും കരുതേണ്ട !!
അവരുടെ ദുഃഖം എന്താണെന്നുവെച്ചാൽ നിർമ്മാതാക്കൾ കുത്തുപാള എടുക്കുന്നു എന്ന ഒറ്റക്കാര്യം മാത്രമാണ്. സിഗരറ്റു പാക്കറ്റിന്മേൽ വെണ്ടയ്ക്ക അക്ഷരത്തിൽ ചിത്രസഹിതം എഴുതിവെച്ചിരിക്കുന്നു, ഇത് വലിച്ചാൽ ക്യാൻസർ വരും, പെട്ടെന്ന് കാറ്റു പോകും എന്നൊക്കെ. എന്നിട്ടും സിഗരറ്റ് കച്ചവടം കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണങ്ങൾ കാണുന്നില്ല.
കൊല്ലത്തിൽ നൂറു സിനിമ ഇറങ്ങിയാൽ അഞ്ചെണ്ണം മാത്രമേ ലാഭമുണ്ടാക്കുന്നുള്ളൂ എന്നറിഞ്ഞിട്ടും നിർമ്മാതാക്കൾ എന്ന മണ്ടന്മാർ കോടികളാണ് വീണ്ടും വീണ്ടും വീശുന്നത്. അപ്പോൾ പിന്നെ എന്താണ് പണം എറിയുന്നവന്റെ ചേതോവികാരം .
അപ്പോൾ പിന്നെ 'ലേശം തലവേദനകളോ അല്ലെങ്കിൽ പ്രശ്നങ്ങളോ നേരിട്ടേ മതിയാകൂ. നേരാംവണ്ണം ലാഭമുണ്ടാക്കാവുന്ന ഒരു കച്ചവടത്തിനും ലവന്മാർ പണം മുടക്കുകയുമില്ല.
പണ്ടൊക്കെ മുപ്പത്തിയഞ്ചു വയസ്സിനു മേലെ ഒരു താടിയും വെച്ച് ലേശം ജാഡയുമൊക്കെയായി ബുദ്ധിസഞ്ചിയുമായി സെറ്റിലേക്ക് പോയാൽ മാത്രമേ ഒരാളെ സിനിമക്കാരനായി അംഗീകരിക്കാറുള്ളൂ.
ഇന്നിപ്പോൾ കാലം മാറി മറിഞ്ഞപ്പോൾ ചെക്കന്മാർ കീറിയ ജീൻസും വെറും ടി ഷർട്ടും ഒക്കെ ഇട്ടുകൊണ്ട് സിനിമ സംവിധാനവും കഥയും തിരക്കഥയും ക്യാമറയും അഭിനയവുമൊക്കെ നല്ല കിടിലമായി ചെയ്യുന്നു.
യുവതാരങ്ങൾ ചിലപ്പോ കഞ്ചാവ് വലിച്ചേക്കാം, കൊക്കൈയ്‌ൻ നക്കിയേക്കാം, ബിയർ മോന്തിയേക്കാം, പക്ഷെ എന്തിനും ഏതിനും അവരെ കുറ്റപ്പെടുത്തുന്നത് കഞ്ചാവിന്റെയും കൊക്കൈൻറെയും പേര് കൂട്ടി ചേർത്തുകൊണ്ടാണ്. സിനിമ ഉണ്ടായ കാലം മുതൽ ലഹരിയില്ലാത്ത അവസ്ഥകൾ ഉണ്ടായിട്ടില്ല. ഇപ്പോൾ മാന്യത പറയുന്ന എല്ലാ മെഗാസ്റ്റാറുകളും അത്യാവശ്യം വീശുന്നവർ തന്നെയാണ് എന്നതിന് തെളിവുകൾ ഉണ്ട്.
പണ്ട് ഷക്കീല, മറിയ, രേഷ്മ സിനിമകളിൽ അവർ അഭിനയിക്കുമ്പോൾ ഒരു സിനിമയുടെ കാൾഷീറ്റിൽ മൂന്നൂം നാലും സിനിമ ഷൂട്ട് ചെയ്തു ഷക്കീലയെയും മറിയയെയും രേഷ്മയേയും പറ്റിച്ചിരുന്ന വിരുതന്മാരായിരുന്നു മലയാള സിനിമയിലെ ചില സംവിധായകർ.
എന്നതുപോലെ സിനിമയുടെ കഥ മുഴുവൻ പറയാതെ ഇപ്പോഴത്തെ നടന്മാരെ കൊണ്ട് പലവേഷങ്ങളും ചെയ്യിക്കുമ്പോൾ സിനിമ ഇറങ്ങിക്കഴിയുമ്പോൾ മാത്രമേ അറിയൂ അവൻ ചെയ്തത് നായകവേഷമായിരുന്നോ വില്ലൻ വേഷമായിരുന്നോ എന്ന്. പണ്ടത്തെ പലർക്കും ഈ വക അബദ്ധങ്ങൾ പറ്റിയിട്ടുണ്ട് . അതുകൊണ്ടാണ് ചെയ്ത ഭാഗങ്ങളുടെ സീൻ കാണിച്ചുതരണമെന്നു നടന്മാർ ആവശ്യപ്പെടുന്നത്.
പിന്നെ സെറ്റിൽ സമയത്തിന് എത്തുന്നില്ല എന്നുള്ള പരാതികൾ പലരെയും കുറിച്ച് കേൾക്കുന്നുണ്ട്. അതിനു കാരണമായി പറയുന്നത് ഒരേ സമയം പല സിനിമകളിൽ വേഷങ്ങൾ ചെയ്യുന്നത് കൊണ്ടാണെന്നാണ്. ജഗതി ശ്രീകുമാർ ഒരു ദിവസം ഓടിനടന്ന് അഞ്ചു സിനിമകളിൽ വരെ അഭിനയിച്ചിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു.
അന്നത്തെ സംവിധായകർ ജോഷിയും പത്മരാജനും ഭരതനും ഐവി ശശിയുമൊക്കെയായിരുന്നു. അല്ലാതെ ഇന്നത്തെപോലെ ഒരു സിനിമയും നേരാംവണ്ണം വിജയിപ്പിക്കുവാൻ സാധിക്കാത്ത ഉണ്ണാ മണ്ണ കൃഷ്ണൻമാരായിരുന്നില്ല. ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ ഒരുപരിധിവരെ അസൂയയും സ്വജനപക്ഷപാതവും വർഗീയതയും ഒക്കെയാണെന്നു ആരെങ്കിലും പറഞ്ഞാൽ തള്ളിക്കളയാനാകില്ല.
കേരളത്തിൽ ഏതൊരു അലവലാതിയും ഒരു സംഘടനയുണ്ടാക്കി ഭൂമിയുടെ അച്ചുതണ്ട് അവരിലൂടെ മാത്രമേ തിരിയാവൂ എന്ന് തീരുമാനിക്കുന്ന അവസ്ഥയ്ക്ക് ഒരു മാറ്റം വന്നേ മതിയാകൂ. ഇവിടെയിപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവന്മാരാണ്.
എല്ലാവർക്കും ജീവിക്കണം, ഒരാളിന്റെ വൈരാഗ്യം മറ്റുള്ളവരുടെ മേലെ അടിച്ചേൽപ്പിക്കുവാൻ ആരെയും അനുവദിക്കരുത്. എല്ലാവരും അഭിനയിക്കട്ടെ , എല്ലാവരും സംവിധാനം ചെയ്യട്ടെ, എല്ലാവരും കഥകൾ എഴുതട്ടെ !
കഞ്ചാവടിച്ചു തെറിവിളിക്കുന്ന നടന്മാരെ പ്രോത്സാഹിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി സംവിധായകൻ ദാസനും നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന വാദവുമായി ഷെയ്‌ൻ വിജയനും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us