Advertisment

ബിനാമി നിര്‍മ്മാതാക്കള്‍ മലയാള സിനിമ കീഴടക്കിയതാണ് യഥാര്‍ഥ സിനിമാ പ്രതിസന്ധി. ലോകത്തെ ഏറ്റവും ധനാഢ്യനായ ഡ്രൈവര്‍ മലയാളത്തിലെ സിനിമ പിടുത്തക്കാരനാണ്. അവരുടെ സിനിമകള്‍ 50 കോടി ക്ലബ്ബിലും 100 കോടി ക്ലബ്ബിലുമൊക്കെ എത്ര തവണ കയറിയാലും സര്‍ക്കാരിന് വിനോദ നികുതിയും ഇന്‍കം ടാക്സും കിട്ടുന്നത് നക്കാപിച്ച ! ഒടുവില്‍ ബിനാമിയുടെ കണക്കുകളില്‍ ഒര്‍ജിനലിന് പോലും സംശയം ! സ്വന്തം സ്ഥാപനത്തിലെ റെയ്ഡുകളില്‍ ചിരിക്കുന്നത് ഒര്‍ജനല്‍ നിര്‍മ്മാതാക്കളോ - ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

മലയാളസിനിമ ഇന്നിപ്പോൾ ഒട്ടേറെ നാടകങ്ങൾക്കിടയിലൂടെയാണ് കടന്നു പോകുന്നത് എന്ന് ആർക്കെങ്കിലും തോന്നിയാൽ അതിൽ അത്‌ഭുതമായി ഒന്നുമില്ല. ഒട്ടേറെ ബിനാമികളും വണ്ടി ചെക്കുകളും എൻഫോഴ്‌സ്‌മെന്റും സ്വര്ണക്കടത്തും ഡോളർ കയറ്റും വെളുപ്പിക്കലും എന്ന് വേണ്ട എന്തൊക്കെ അരാജകത്വങ്ങൾ ലോകത്തുണ്ടോ അതൊക്കെ മലയാള സിനിമയിൽ വിളയാടുമ്പോൾ ഇവര്‍ സമൂഹത്തിൽ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പൊൾ പുച്ഛം തോന്നുന്നു.


മലയാളസിനിമയിലെ നാലോളം ബിനാമി നിർമ്മാതാക്കൾ ഇഡിയുടെ നിരീക്ഷണത്തിൽ ആണെന്നും അതിലൊരാളെ ഇഡി ചോദ്യം ചെയ്തു പിടിച്ചു വെച്ചിരുന്നുവെന്നുമൊക്കെയുള്ള വാർത്തകൾ മലയാളക്കരയാകെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ആരാണാ 'ഭാഗ്യവാൻ' എന്നാണ് സമൂഹം ഉറ്റുനോക്കുന്നത്.


പല പേരുകൾ ഉയർന്നു കേട്ടിരുന്നു എങ്കിലും ആരെയും പേരെടുത്തു പറയുവാൻ ആരും കൂട്ടാക്കിയിരുന്നില്ല.

ഒരു മഹാനടന്റെ പൈലറ്റായി വന്ന് അദ്ദേഹത്തിന്റെ വീട്ടിലെ അടുക്കള കാര്യങ്ങൾ വരെ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് എത്തിയ ലോകത്തിലെ ഏറ്റവും പണക്കാരനായ ഡ്രൈവർ ഇന്നിപ്പോൾ ഇ ഡി യുടെ മുന്നിൽ വിയർത്തു കൊണ്ടിരിക്കുകയാണ്.


കണക്കിന്റെ കാര്യത്തിൽ വളരെ കണിശമായ തീരുമാനങ്ങൾ എടുക്കുന്ന അദ്ദേഹം കണക്ക് അവതരിപ്പിക്കുന്ന കാര്യത്തിൽ ലേശം പിറകിലാണ് എന്നാണ് അദ്ദേഹത്തെ വിശ്വസിച്ചു പണം നിക്ഷേപിച്ച സിനിമാ നിർമ്മാതാക്കൾക്കിടയിലുള്ള അഭിപ്രായം.


സിനിമാ വിതരണക്കാരൻ എന്ന നിലയിൽ വളരെ കണിശമായി തിയറ്ററുകളിൽ നിന്നും പണം മുൻ‌കൂർ ആയും അല്ലാതെയും കൈ കുടഞ് വാങ്ങിച്ചെടുക്കുന്ന വിദ്വാൻ പക്ഷെ നിർമ്മാതാക്കൾക്ക് പണം തിരിച്ചുകൊടുക്കുന്ന സമയത്ത് പട്ടി വാതിൽക്കൽ വാ പൂച്ചവാതിൽക്കൽ വാ;എന്നൊരു അഴകൊഴമ്പൻ രീതിയാണ് സ്വീകരിച്ചുപോന്നിരുന്നത്.

നേരെ ചൊവ്വേ ഒരാൾക്കും മുതലിറക്കിയ പണമോ അല്ലെങ്കിൽ ലേശം ലാഭമോ കിട്ടിയ ചരിത്രം ഇല്ല. പക്ഷെ അതിവിദഗ്ധമായി കണക്കുകൾ ബോധിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്നതുകൊണ്ടാണ് ആരും കേസ് കൊടുക്കാൻ മുതിരാതിരുന്നത്.

ആദ്യമൊക്കെ മഹാനടന്റെ വീട്ടിലേക്കുള്ള പച്ചക്കറികളും മീനും ഇറച്ചിയുമൊക്കെ വാങ്ങി കൊണ്ടുവരുന്ന ആളായിരുന്ന ഈ നിർമ്മാതാവ് പിന്നീട് അവരുടെ എല്ലാവരുടെയും വിശ്വാസ്യത പിടിച്ചുപറ്റി.

മഹാനടന് വലിയ സാമ്പത്തിക അച്ചടക്കമില്ലാത്ത ആളായതുകൊണ്ട് ഒരുവിധം കാര്യങ്ങളൊക്കെ ഡ്രൈവറെ ഏൽപ്പിച്ചുകൊണ്ടിരുന്നു. അക്കാലങ്ങളിൽ ഇദ്ദേഹം സിനിമകൾ സ്വന്തമായി നിർമ്മിച്ചുകൊണ്ട്‌ ആവശ്യമില്ലാതെ വളരെയധികം സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ആദ്യ ചിത്രങ്ങൾ പണമുണ്ടാക്കിയെങ്കിലും വലിയ ബജറ്റില്‍ നിര്‍മിച്ച ചില ചിത്രങ്ങള്‍ പ്രതീക്ഷിക്കാതെ ധാരാളം പണം ബാധ്യതയുണ്ടാക്കി.

ആ സമയങ്ങളിൽ അബുദാബിയിലെ ഒരു മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഒരു വ്യക്തിയാണ് ഇദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചുകൊണ്ടിരുന്നത്.

കൂട്ടുകാരായി കൂടെയുണ്ടായിരുന്ന ഒട്ടേറെ പേര് താരത്തെ സാമ്പത്തികമായി ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു

ഡ്രൈവറായിരുന്ന സുഹൃത്ത് താരത്തെ പരിചയപ്പെടുന്നത്.

22 ദിവസത്തെ ഷൂട്ടിങ്ങിനു ശേഷം ഇയാള്‍ക്ക് വീട്ടിലേക്ക് തിരിച്ചു പോകേണ്ടി വരികയും പിന്നീട് അമ്പലമുകളിൽ ഷുട്ടിംഗ് നടക്കുന്ന സമയത്ത് ആൾക്കൂട്ടത്തിൽ നിന്നും മുന്‍ ഡ്രൈവറെ തിരിച്ചറിയുകയും വിണ്ടും കൂടെ കൂടുകയുമായിരുന്നു. ആ ബന്ധമാണ്

മലയാളസിനിമയിലെ ഏറ്റവും വലിയ നിർമ്മാതാവായി ഒരു ഡ്രൈവറെ മാറ്റിയത്.

താരം പണം നോക്കാതെ ചില ക്ലാസ് സിനിമകളിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് പല സിനിമകൾക്കും ഇദ്ദേഹം കണക്കുകൾ പറയാറില്ല. മലയാളത്തിന് നല്ല ക്‌ളാസ്സിക്കുകൾ സംഭാവന ചെയ്തുകൊണ്ടിക്കുന്ന സമയത്താണ് ഡ്രൈവര്‍ മെല്ലെ മെല്ലെ നിർമ്മാണ കാര്യങ്ങളിലും കഥകളിലും ഒക്കെ ഇടപെടാൻ തുടങ്ങിയത്.


അങ്ങനെയാണ് ചില മീശ പിരിയൻ സിനിമകൾക്കായി താരം ഡേറ്റുകൾ കൊടുക്കുവാൻ തുടങ്ങിയത്. താരത്തെ ഒരു സെമി വില്ലനാക്കിയും കവലച്ചട്ടമ്പിയാക്കിയും കള്ളടിച്ചുകൊണ്ട് പൊലീസുകാരെ റോട്ടിലിട്ട് തല്ലുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ നിർബന്ധിച്ചത് ഈ കൂട്ടുകാരനാണ്. ഈ കഥാപാത്രങ്ങൾ ചെറുപ്പക്കാരെ വളരെയധികം വഴിതെറ്റിക്കുന്നു എന്ന ആക്ഷേപം ഉയർന്നപ്പോൾ പിന്നീട് ചുവട് മാറ്റി പിടിക്കുകയായിരുന്നു.


അന്നൊക്കെ ലോഹിതദാസും, സിബിമലയിലും, സത്യൻ അന്തിക്കാടും, പ്രിയദർശനും, ഒക്കെ ഒരു കഥയുമായി വന്നാൽ ഈ മഹാനടന്‍ മറ്റൊന്നും ചിന്തിക്കാതെ സമ്മതിക്കുമായിരുന്നു. ആ കീഴ്‌വഴക്കങ്ങളൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് ഒരു സിനിമയുടെ കഥ കേൾക്കാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടത് പുതിയ ഡ്രൈവര്‍ പങ്കാളിയായിരുന്നു. അങ്ങനെയായപ്പോൾ നല്ല കഥാകൃത്തുക്കളും സംവിധായകരും താരത്തില്‍നിന്നും അകന്നു.

ആ കാലഘട്ടത്തിലാണ് ആരാണ്ടൊക്കെ ഹാപ്പിയാണ്, എങ്ങോട്ടൊക്കെയോ ബസ് റൂട്ട് എന്നിങ്ങനെയുള്ള ഊള പടങ്ങൾ മലയാളത്തിന് കാണേണ്ടി വന്നത്. ഒരു ബ്രഹ്മാണ്ഡ ചിത്രത്തെ നശിപ്പിച്ചതിൽ മുഖ്യ പങ്ക് ഈ ഡ്രൈവര്‍ക്കാണ്. ആ സിനിമ ഷൂട്ടിങ്ങിനിടയിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി നിർമ്മാതാവിനെയും സംവിധായകനെയും തമ്മിൽ തെറ്റിച്ചുകൊണ്ട് സിനിമ പിടിച്ചടുക്കുവാനുള്ള ശ്രമത്തെ ബുദ്ധിയിലൂടെ പരാജയപ്പെടുത്തിയത് ശ്രീനിവാസനാണ്.

ഇനി കാര്യത്തിലേക്ക് കടക്കാം. ഇത്രയധികം നൂറുകോടി ക്ലബ്ബ് സിനിമകൾ എടുത്തു എന്നവകാശപ്പെടുന്നുണ്ടെങ്കിലും ശരിക്കുള്ള മുതലാളിയായ മഹാനടന് ഒരു ചുക്കും ചുണ്ണാമ്പും കിട്ടിയിട്ടില്ല എന്നാണ് അറിയുവാൻ കഴിയുന്നത്. എല്ലാ സിനിമകളും ഹിറ്റാണ് സൂപ്പർ ഹിറ്റാണ് മെഗാഹിറ്റാണ്‌ എന്നൊക്കെ പ്രൊപോഗണ്ടകൾ ഇറക്കുന്നുണ്ടെങ്കിലും മഹാനടന് എന്തെങ്കിലും നക്കാപ്പിച്ച കൊടുത്തുകൊണ്ട് ആ പാവത്തെ ഒതുക്കി കളിക്കുന്ന രീതികളാണ് നടന്നുപോന്നിരുന്നത്.

കേരളം ഒന്നടങ്കം സിനിമ തിയറ്ററുകൾ വാങ്ങിക്കൂട്ടുന്നു, ദുബായിൽ പഞ്ചനക്ഷത്ര ഹോട്ടലിനു അഡ്വാൻസ് കൊടുക്കുന്നു, ബിസിനസ് ബേയിൽ ഇന്റർനാഷണൽ സിനിമകൾ നിർമ്മിക്കുവാനുള്ള ഓഫീസുകൾ, ഹോങ്കോങ്ങിൽ വെളുപ്പിക്കാനുള്ള ഓഫീസ് തുറക്കുന്നു, ദുബായിൽ ബിനാമിയുമൊത്ത് ഡാൻസ് ബാറുകൾ, ഹോട്ടലുകൾ നടത്തുന്നു. എല്ലാം ബിനാമികളുടെ പേരുകളിൽ.

ഇത് മനസ്സിലാക്കിയ മഹാനടന്‍ എല്ലാ കാര്യങ്ങളും ഇഡിയുടെ മുന്നിൽ തുറന്നുപറയുകയും, കഴിഞ്ഞ നാല് മാസങ്ങൾക്ക് മുൻപ് അഞ്ചോളം മണിക്കൂറുകൾ താരത്തെ ഇഡി ചോദ്യം ചെയുകയും ചെയ്തിരുന്നു. താരത്തില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നിപ്പോൾ ഡ്രൈവറായ നിർമ്മാതാവിനെ ഇഡി നിർത്തിപൊരിക്കുന്നത്.

ഒരു വെടിക്ക് രണ്ടുപക്ഷി എന്ന തത്വപ്രകാരം താരത്തിന് എല്ലാ കണക്കുകളും ഇനിയെങ്കിലും കിട്ടുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

2000 ൽ ആരംഭിച്ച നിർമ്മാണകമ്പനിയിൽ നിന്നും ഇതുവരെ ഒരു ലാഭവും തനിക്ക് ലഭിച്ചിട്ടില്ല എന്ന് താരം തുറന്നുപറയുമ്പോൾ മലയാളി തലയിൽ കൈവെക്കും. ഫാൻസുകാർ ഞെട്ടിത്തരിക്കും.

മഹാനടന്‍റെ നന്മകൾ വെച്ചുനോക്കുമ്പോൾ ഒരാളെ പരസ്യമായി ക്രൂശിക്കാനോ നാറ്റിക്കാനോ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല.

ഒരു നാൾ വരും :

എന്നാലും ഇത്രേം ചതികൾ വേണ്ടായിരുന്നു എന്ന് സംവിധായകൻ ദാസനും

ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന് നിർമ്മാതാവ് വിജയനും

Advertisment