Advertisment

മികച്ച രോഗി - ഡോക്ടർ - നഴ്‌സ് അനുപാതം രാജ്യത്തെ മുഴുവൻ എൻ.എ.ബി.എച്ച് അംഗീകൃത ആശുപത്രികളും പാലിക്കുന്നത് ഉറപ്പാക്കുന്നതിന് ഒരു പുതിയ ദേശീയ അക്രഡിറ്റേഷൻ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

Advertisment

ഡല്‍ഹി: രാജ്യത്തെ എൻ.എ.ബി.എച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്‌സ്) അംഗീകൃത ആശുപത്രികളിൽ മികച്ച രോഗി - ഡോക്ടർ, രോഗി - നഴ്‌സ് അനുപാതം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പുതിയ ദേശീയ അക്രഡിറ്റേഷൻ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി, ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യക്ക് നോട്ടീസ് അയച്ചു.

ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, പി.നരസിംഹ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. പരാതിക്കാരായ അസോസിയേഷൻ സമർപ്പിച്ച വിവരാവകാശ അപേക്ഷകൾക്ക് പ്രതി ഭാഗത്ത്‌ നിന്ന് ലഭിച്ച മറുപടികളാണ് ഹർജി സമർപ്പിക്കാനുള്ള അടിസ്ഥാനമെന്ന് പറയുന്നു.

മികച്ച രോഗി - ഡോക്ടർ, നഴ്‌സ്‌ അനുപാതം വ്യക്തമാക്കുന്ന ഒരു മാനദണ്ഡവും തങ്ങൾക്ക് ഇല്ലെന്നും, നഴ്‌സിംഗ് പരിചരണത്തിന്റെ ഗുണനിലവാരം, രോഗി സുരക്ഷ, രോഗികളുടെ സംതൃപ്തി എന്നിവ വിലയിരുത്താൻ ഒരു പഠനമോ സർവേയോ നടത്തിയിട്ടില്ലെന്നും ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഈ പശ്ചാത്തലത്തിൽ, രോഗി പരിചരണത്തിന്റെ ഗുണനിലവാരം, രോഗികളുടെ സുരക്ഷ, രോഗികളുടെ സംതൃപ്തി എന്നിവ നിരീക്ഷിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും, മികച്ച രോഗി - ഡോക്ടർ, നഴ്‌സ്‌ അനുപാതം പാലിക്കാത്തത് രോഗികൾക്ക് കൃത്യ സമയത്തുള്ള ചികിത്സ ലഭിക്കാത്തതിനൊപ്പം ഡോക്ടറുമാരുടെയും, നഴ്സുമാരുടെയും ജോലി ഭാരം ഇരട്ടിയാക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അഭിഭാഷകരായ റോബിൻ രാജു, ദീപ ജോസഫ്, ബ്ലെസൻ മാത്യൂസ് എന്നിവർ മുഖേനയാണ് ഇന്ത്യൻ പ്രൊഫഷണൽ നഴ്‌സസ് അസോസിയേഷൻ ഹർജി സമർപ്പിച്ചിരിക്കുന്നത്. നവംബർ 11- ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

Advertisment