ഒരു പൗരനെ ഇന്ത്യക്കകത്തും പുറത്തും യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് ഭരണഘടനയുടെ 19, 21 അനുഛേദങ്ങളാണ്, അത് മുഖ്യമന്ത്രി ആയാലും. കരിങ്കൊടി കാണിക്കുന്നത് ഒരു പ്രതിഷേധ മുറയായി കരുതാം. എന്നാല്‍ കാറിനു മുമ്പില്‍ ചാടുന്നതും ചില്ലില്‍ ഇടിക്കുന്നതും അങ്ങനെയല്ല. ഇതിനേക്കാള്‍ വലിയ സമരം ചെയ്ത് നേതാവായ ആളല്ലേ പിണറായി. പോലീസും പത്രാസുമൊന്നും രക്തത്തിളപ്പുള്ള സമരക്കാര്‍ക്കു പ്രശ്നമല്ലെന്നറിയാമല്ലോ. ഈ സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണം - ' നിലപാട് ' വ്യക്തമാക്കി ആർ അജിത് കുമാർ

author-image
nidheesh kumar
Updated On
New Update

publive-image

സ്വര്‍ണകള്ളക്കടത്തു കേസില്‍ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തുന്ന കരിങ്കൊടി പ്രകടനങ്ങള്‍ അരങ്ങു തകര്‍ക്കുകയാണ്.

Advertisment

പോലീസിനെ അമ്പരപ്പിച്ചുകൊണ്ട് കാക്കനാടു വച്ച് യുത്തു കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സോണി പനന്താനം കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ കറുത്ത കാറിനടുത്തെത്തി പിണറായി ഇരുന്ന ഭാഗത്തെ ചില്ലില്‍ കൈകൊണ്ടിടിക്കുന്ന ചിത്രങ്ങളുമായി പത്രങ്ങള്‍ അതാഘോഷിക്കുകയും ചെയ്തു.

പല ജില്ലകളിലും ജനങ്ങളെ ബന്ദിയാക്കിയതും കറുത്ത മാസ്ക് അഴിപ്പിച്ചതും കറുത്ത തുണി കണ്ടപ്പോള്‍ കലിയിളകിയതും പിണറായിക്കു 40 ലധികം വാഹനങ്ങളുടെ അകമ്പടി ഏര്‍പ്പെടുത്തി പരിഹാസ്യനാക്കിയതുമൊക്കെ അടുത്ത കാലത്തെ പോലീസ് മൃഗീയ വിനോദങ്ങള്‍.

വിമാനത്തിലെ യൂത്തു കോണ്‍ഗ്രസ് പ്രതിഷേധവും ഇ.പി ജയരാജന്‍ പ്രതിഷേധക്കാരെ തടഞ്ഞതും ആക്രമിക്കാനടുത്തെന്ന ആരോപണവും ഇന്‍ഡിഗോയില്‍ കയറില്ലെന്ന ഇ.പിയുടെ പ്രതിജ്ഞയുമൊക്കെ വിരസമായി കിടന്ന രാഷ്ട്രീയ കേരളത്തെ കുറച്ചൊന്നുമല്ല ഒന്നു കുലുക്കിയുണര്‍ത്തിയത്. ഒടുവിലത്തേതാണ് പനന്താനത്തിന്‍റെ പവര്‍ വിന്‍ഡോയിലെ പ്രഹരം.

ഒരു പൗരന് ഇന്ത്യക്കകത്തും പുറത്തും യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് ഭരണഘടനയുടെ 19, 21 അനുഛേദങ്ങളാണ്. അതു തടയാന്‍ ആര്‍ക്കും അവകാശമില്ല.


വഴിയരികില്‍ നിന്ന് കരിങ്കൊടി കാണിക്കുന്നത് ഒരു പ്രതിഷേധ മുറയായി കരുതാം. എന്നാല്‍ കാറിനു മുമ്പില്‍ ചാടുന്നതും ചില്ലില്‍ ഇടിക്കുന്നതും വഴി തടയുന്നതുമൊക്കെ ഭരണഘടനാ വിരുദ്ധമാണ്.


അതു പിണറായിയെ ആയാലും സാദാ പൗരനെ ആയാലും. വഴി തടയല്‍ നടത്തുന്നില്ല എന്നു  വാദത്തിനു സമ്മതിച്ചാലും, പ്രതിഷേധത്തിന്‍റെ വഴികള്‍ പിഴക്കാതെ നോക്കേണ്ടത് വി.ഡി സതീശനും കെ. സുധാകരനുമാണ്.

പക്ഷെ ഇതിനൊരു മറുപുറമുണ്ട്. കേരളത്തില്‍ ആദ്യമായി മന്ത്രിമാരെ വഴിയില്‍ തടയുക എന്ന സമര രീതി അവലംബിച്ചത് ഡി.വൈ.എഫ്.ഐയും സി.പി.എമ്മുമാണ്.

കോളജുകളില്‍ ഗവണ്‍മെന്‍റ് ക്വാട്ടാ സീറ്റുകള്‍ മാനേജുമെന്‍റുകള്‍ക്കു നല്‍കുന്നു എന്നതായിരുന്നു അന്നത്തെ സമര കാരണം. (പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാരുകളൊന്നും അതില്‍ മാറ്റം വരുത്തിയില്ലെന്നു മാത്രമല്ല, യു.ഡി.എഫിന്‍റെ സ്വാശ്രയ നയം ഒരു ഉളുപ്പുമില്ലാതെ വിഴുങ്ങുകയും ചെയ്തു). 1994 ലായിരുന്നു ആ സമരം. മന്ത്രിമാര്‍ക്കു പുറത്തിറങ്ങാനാവാത്ത അവസ്ഥയായി. മിക്കവരും യാത്ര ഒഴിവാക്കി.

സി.പി.എം ബന്ദു പ്രഖ്യാപിച്ചാല്‍ സൈക്കിളില്‍ കയറി സെക്രട്ടറിയേറ്റിലെത്തുന്ന വിരുതന്മാരായിരുന്നു അന്നത്തെ യു.ഡി.എഫ് മന്ത്രിമാര്‍. അതില്‍ ഉമ്മന്‍ ചാണ്ടി മുതല്‍ ഇ.ടി മുഹമ്മദ് ബഷീര്‍ വരെ പെടും.


കരുണാകരന്‍ മാത്രം പത്രാസോടെ, അടമ്പടി വാഹനങ്ങളോടെ, ബന്ദു പൊളിക്കാന്‍ വെറുതെയെങ്കിലും എറണാകുളം വരെ റോഡു മാര്‍ഗം പോകുമായിരുന്നു. മാസത്തിലൊരു ബന്ദ് എന്നതായിരുന്നു അന്നത്തെ സി.പി.എം രീതി. എന്നോര്‍ക്കണം.


പിന്നെ വെല്ലുവിളിക്കാനിറങ്ങിയിരുന്നത് അന്നത്തെ മന്ത്രി എം.വി രാഘവനായിരുന്നു. പോലീസ് നിര്‍ദേശം വകവെക്കാതെ എം.വി.ആര്‍ സഹകരണ അര്‍ബന്‍ ബാങ്കിന്‍റെ സായാഹ്ന ശാഖ ഉദ്ഘ്ടനം ചെയ്യാന്‍ പോയതും കൂത്തുപറമ്പില്‍ വെച്ച് സി.പി.എം കാര്‍ തടഞ്ഞതും വെടിവെയ്പില്‍ അഞ്ചു ചെറുപ്പക്കാര്‍ മരിച്ചതും ആറു പേര്‍ ജീവഛവങ്ങളായതുമൊക്കെ ഇപ്പോള്‍ ചരിത്രമാണ്.

അന്ന് മന്ത്രിമാരെ വഴി തടയാന്‍ ആഹ്വാനം ചെയ്ത, അതിനൊത്താശ ചെയ്ത സി.പി.എമ്മിനെങ്ങനെ ഇപ്പോഴത്തെ സമരത്തെ ആക്ഷേപിക്കാനും അപലപിക്കാനുമാവും ? അന്ന് എല്ലാ സമരങ്ങള്‍ക്കും കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞവര്‍ക്കെങ്ങിനെ പൊതു മുതല്‍ നശിപ്പിക്കുന്നതിനെതിരെ വിരല്‍ ചൂണ്ടാനാവും ?


കഴിഞ്ഞ തവണത്തെപ്പോലെ വഴിനീളെ നാട്ടുകാരെ ബന്ദികളാക്കിയും യാത്രക്കാരെ മണിക്കൂറുകളോളം തടഞ്ഞിട്ടും 40 വാഹനങ്ങളുടെ അകമ്പടിയോടെ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കു വരാതിരുന്നതിന് പിണറായി വിജയനോടു നന്ദി പറയണം.


ഹെലികോപ്റ്റര്‍, അതു രവി പിള്ളയുടേതായാലെന്താ, ഉപയോഗിച്ചു സുഖമായെത്തിയില്ലേ. കുറെ യൂത്തു കോണ്‍ഗ്രസുകാരും രക്ഷപെട്ടു. വഴിയില്‍ എവിടെയെങ്കിലുമൊക്കെ കരിങ്കൊടിയുമായി എത്തിയല്ലേ പറ്റുമായിരുന്നുള്ളു. ജയിലില്‍ കയറേണ്ടിയും വരുമായിരുന്നു.

ഈ സമരം ഇങ്ങനെ പോയാല്‍ മതിയോ ? ഇതിനേക്കാള്‍ വലിയ സമരം ചെയ്ത് നേതാവായ ആളല്ലേ പിണറായി. പോലീസും പത്രാസുമൊന്നും രക്തത്തിളപ്പുള്ള സമരക്കാര്‍ക്കു പ്രശ്നമല്ലെന്നറിയാമല്ലോ. അതിനാല്‍ യൂത്തു കോണ്‍ഗ്രസുകാരെ ചര്‍ച്ചയ്ക്കു വിളിക്കണം. പ്രശ്നം ആവസാനിപ്പിക്കണം. അതല്ലേ ബുദ്ധി ?

  • ഓണററി എഡിറ്റർ
Advertisment