Advertisment

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ കുറഞ്ഞ ഫീസില്‍ എം.എസ്.ഡബ്ല്യു പഠിക്കാം; സെമസ്റ്റര്‍ ഫീസ്‌ 6500 രൂപ മാത്രം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2022-2023 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യു) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്‍ തന്നെ ഏറ്റവും കുറഞ്ഞ ഫീസില്‍ എം.എസ്.ഡബ്ല്യു പഠിപ്പിക്കുന്ന സര്‍വ്വകലാശാല എന്ന പ്രത്യേകതയുമുണ്ട്.

സെമസ്റ്റര്‍ ഫീസ്‌ വെറും 6500 രൂപ മാത്രമാണ്. കൂടാതെ സ്കോളര്‍ഷിപ്‌ സൗകര്യവും ലഭ്യമാണ്. കേരളത്തില്‍, ഒരു സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന എം.എസ്.ഡബ്ല്യു കോഴ്സും ഇത് തന്നെയാണ്.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം (10+ 2+ 3 പാറ്റേൺ) നേടിയവർക്ക് അപേക്ഷിക്കാം.

ബി.എ പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയായവർക്കും ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ വിജയിച്ച് (എട്ട് സെമസ്റ്റർ പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2022 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ ഓഗസ്റ്റ് 31ന് ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

സോഷ്യൽ വർക്ക് അഡ്മിഷൻ ടെസ്റ്റ് (SWAT) വഴിയായിരിക്കും എം.എസ്.ഡബ്ല്യു കോഴ്‌സിലേക്കുളള പ്രവേശനം. സോഷ്യൽ വർക്കിൽ ബിരുദം നേടിയവർക്ക് പ്രവേശന പരീക്ഷയുടെ മാർക്കിൽ 10% വെയ്‌റ്റേജ് ലഭിക്കും. പ്രവേശന പരീക്ഷകൾ മെയ് അഞ്ച് മുതൽ 11 വരെ, സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടക്കും. മെയ് 21ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 22. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും http://www.ssus.ac.in സന്ദർശിക്കുക.

Advertisment