Advertisment

ആമ്പല്ലൂർ, കേരള കലാക്ഷേത്രയുടെ പതിനഞ്ചാമത് വാർഷിക ആഘോഷവും, കേരള കലാക്ഷേത്രയുടെ പുരസ്കാര സമർപ്പണവും ഡിസംബർ പത്ത്, ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആമ്പല്ലൂർ എൻ.എസ്.എസ് ഹാളിൽ നടക്കും

New Update

publive-image

Advertisment

ആമ്പല്ലൂർ: കേരള കലാക്ഷേത്രയുടെ പതിനഞ്ചാമത് വാർഷിക ആഘോഷം വിവിധ പരിപാടികളോടെ ആമ്പല്ലൂർ എൻ.എസ്.എസ് ഹാളിൽ നടത്തുന്നു. 2022 ഡിസംബർ പത്ത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആഘോഷങ്ങൾക്ക് തിരശ്ശീല ഉയരും. വാർഷിക ആഘോഷങ്ങൾ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ജി.പൗലോസ് മുഖ്യ പ്രഭാഷണം നടത്തും.

ഗുരുകുല സമ്പ്രദായത്തിൽ അധിഷ്ഠിതമായ കലാപരിശീലനം നൽകുന്ന കേരള കലാക്ഷേത്ര കഴിഞ്ഞ പതിനഞ്ച് വർഷമായി ആ പാത പിന്തുടർന്നു വരുന്നു. ഈ സാംസ്കാരിക കലാകേന്ദ്രം ഒട്ടേറെ പ്രതിഭകളെയും പ്രതിഭാധനരെയും കേരള കലാരംഗത്തിന് സംഭാവന ചെയ്തിട്ടുണ്ട്.

യശഃശ്ശരീരനായ സുപ്രസിദ്ധ കഥകളി ആചാര്യൻ ഉമയനല്ലൂർ ഗോപാലപിള്ള ആശാന്റെ സ്മരണകൾ നിലനിർത്താൻ കേരള കലാക്ഷേത്ര ഏർപ്പെടുത്തിയ കലാപുരസ്കാര സമർപ്പണവും ഈ വേദിയിൽ നടക്കും.

ഈ വർഷത്തെ കലാപുരസ്കാരം, പ്രശസ്ത കഥകളി നടൻ ഫാക്ട് പദ്മനാഭനും, പ്രശസ്ത നർത്തകനും നാടകനടനുമായ ശിവൻ വെള്ളാന്തറയ്ക്കും സമ്മാനിയ്ക്കും. പതിനായിരത്തിഒന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം എന്ന് കേരള കലാക്ഷേത്രയുടെ പ്രസിഡണ്ട്, പ്രൊഫ. പി.എ.അപ്പുക്കുട്ടനും പ്രിൻസിപ്പാൾ ആർ.എൽ.വി.ഗോപിയും പത്രസമ്മേളനത്തിൽ അറിയിച്ചു.

publive-image

കവിയും ആട്ടക്കഥാകൃത്തുമായ വിജയൻ കാമട്ടം രചിച്ച ആമ്പല്ലൂരിന്റെ ചരിത്ര കഥാപുസ്തകം "മുറുക്കാമ്പെട്ടി" യുടെ പ്രകാശനം കെ.ജി.പൗലോസ് ചടങ്ങിൽ വെച്ച് നിർവ്വഹിയ്ക്കും. മുറുക്കാമ്പെട്ടിയുടെ ആദ്യ പ്രതി കെ.ജി.പൗലോസിൽ നിന്നും ഡോ.വി.ടി.ജലജകുമാരി ഏറ്റുവാങ്ങും.

നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറിൽ (NATA) ഉന്നത വിജയം നേടിയ കലാക്ഷേത്രയിലെ ഗൗതം കൃഷ്ണയെ ചടങ്ങിൽ അനുമോദിയ്ക്കും. ചെണ്ടമേളം വിദ്യാർത്ഥികളുടെയും ഭരതനാട്യം വിദ്യാർത്ഥികളുടെയും സംഗീത വിദ്യാർഥികളുടെയും അരങ്ങേറ്റം ഉണ്ടായിരിക്കും.

തുടർന്ന്, കഥകളി വിദ്യാർത്ഥികളുടെ പുറപ്പാട് അരങ്ങേറ്റം, ബകവധം കഥ ആടിക്കൊണ്ട് രംഗത്ത് അവതരിപ്പിയ്ക്കും. കൃഷ്ണപ്രിയം കഥകളിയോഗമാണ് കഥകളിയുടെ അവതാരകർ. കലാപരിപാടികളിൽ പങ്കെടുക്കുന്ന എല്ലാവർക്കും കലാക്ഷേത്ര പ്രോത്സാഹന സമ്മാനങ്ങൾ നൽകുമെന്നും അറിയിച്ചു.

കലാക്ഷേത്രയുടെ പതിനഞ്ചാമത് വാർഷിക ആഘോഷം പ്രിൻസിപ്പാൾ ആർ.എൽ.വി. ഗോപി കേക്ക് മുറിച്ച് തുടക്കം കുറിച്ചു.

കലാനിലയം ബിജോയിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment