ഖത്തറിന്റെ കളത്തിൽ ഇന്ന് മിശിഹ അവതരിക്കും, നെഞ്ചിടിപ്പോടെ ആരാധകർ, ഫുട്‌ബോൾ പ്രേമികളുടെ കണ്ണുകളെല്ലാം ഇന്ന് ലുസൈൽ സ്റ്റേഡിയത്തിലേക്ക് ! ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന ഇന്ന് സൗദി അറേബ്യയെ നേരിടും, മെസിയുടെ തേരോട്ടത്തിന് ഇി മണിക്കൂറുകൾ മാത്രം...

New Update

publive-image

Advertisment

ദോഹ: ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ന് ഫുട്ബാളിന്റെ മിശിഹ അവതരിക്കും. അയാളുടെ രംഗപ്രവേശത്തിന് കാത്തിരിക്കുകയാണ് ലോകം മുഴുവനുമുള്ള ഫുട്‌ബോൾ ആരാധകർ. തന്റെ അഞ്ചാമത്തെയും ഏറെക്കുറെ അവസാനത്തേതുമായ ലോകകപ്പിനായി സാക്ഷാൽ ലയണൽ മെസി ബൂട്ടുകെട്ടി ഇറങ്ങുന്നത് ഏഷ്യൻ രാജ്യമായ സൗദി അറേബ്യയ്ക്ക് എതിരെയാണ്.

ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് ഗ്രൂപ്പ് സിയിൽ അർജന്റീനയുടെ ആദ്യ പോരാട്ടം. പരിക്കിന്റെ നേരിയ സൂചനയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ടീമിനൊപ്പം മെസി പരിശീലനം നടത്തിയിരുന്നില്ല. ഒറ്റയ്ക്കായിരുന്നു പരിശീലനം. എന്നാൽ ആദ്യ മത്സരത്തിൽ നായകനെ അർജന്റീന കളിപ്പിക്കാതിരിക്കില്ല എന്ന പ്രതീക്ഷയിലാണ് ആരാധകർ.

മെസിയുടെ ഒറ്റയാൻ മുന്നേറ്റങ്ങളെ മാത്രം ആശ്രയിക്കാതെ മികച്ച ഒരു ടീമിനെ വാർത്തെടുക്കാൻ ലയണൽ സ്‌കലോണിയെന്ന യുവ പരിശീലകന് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ തോൽവിയറിയാതെ 36 മത്സരങ്ങൾ പൂർത്തിയാക്കിയാണ് അർജന്റീന ലോകകപ്പിനെത്തിയിരിക്കുന്നത്.

മെസിക്കൊപ്പം പൗളോ ഡൈബാല, ലൗതാരോ മാർട്ടിനെസ്, യൂലിയാൻ അൽവാരസ്, യൊവാക്വിൻ കോറിയ എൻജൽ ഡി മരിയ, റോഡ്രിഗോ, എൻസോ, അലക്‌സിസ്, പാപു ഗോമസ്, ലിയാൻഡ്രോ, ഗ്വെയ്‌ഡോ തുടങ്ങിയവരുണ്ടാകും.

വെറ്ററൻ താരം നിക്കോളാസ് ഓട്ടമെൻഡിയാണ് പ്രതിരോധത്തിലെ കരുത്തൻ. ഫ്രാങ്കോ അർമാനിയാണ് ഒന്നാം നമ്പർ ഗോൾ കീപ്പർ. അറേബ്യൻ സാഹചര്യങ്ങൾ അടുത്തറിയുന്ന സൗദിയെ അർജന്റീനയ്ക്ക് നിസാരമായി കാണാനാവില്ല. 1994ൽ പ്രീക്വാർട്ടറിലെത്തിയതാണ് സൗദിയുടെ ലോകകപ്പുകളിലെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം.

കഴിഞ്ഞ 10 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമേ ജയിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ എന്നത് സൗദിയെ അലട്ടുന്നുണ്ട്. പരിക്കുകളാണ് മറ്റൊരു പ്രശ്‌നം. മിഡ്ഫീൽഡർ റിയാദ് ഷറാഹിലി, ഡിഫൻഡർ ഹസൻ തംബക്തി എന്നിവർക്ക് പരിക്കുമൂലം കളിക്കാനാവില്ലെന്നാണ് റിപ്പോർട്ടുകൾ.

ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട സ്റ്റാർ സ്‌ട്രൈക്കർ ഫഹദ് അൽ മുവല്ലദിന്റെ അസാന്നിദ്ധ്യവും തിരിച്ചടിയാകും. സലിം അൽ ദവാസിരി, സലേ അൽ ഷാഹിരി എന്നിവരിലാണ് ശേഷിക്കുന്ന പ്രതീക്ഷകൾ.

തങ്ങളുടെ 18-ാമത്തെ ലോകകപ്പിനാണ് അർജന്റീന എത്തിയിരിക്കുന്നത്. സൗദിയുടെ ആറാമത്തെ ലോകകപ്പാണിത്. വർഷം മുമ്പ് 1986ൽ മെക്‌സിക്കോയിൽ വച്ച് ഡീഗോ മറഡോണയുടെ നേതൃത്വത്തിൽ പശ്ചിമ ജർമ്മനിയെ തോൽപ്പിച്ച് കിരീടമുയർത്തിയ ശേഷം അർജന്റീന ലോകകപ്പ് നേടിയിട്ടില്ല. 1990ലും 2014ലും ഫൈനലിലെത്തിയിരുന്നു.

മത്സരങ്ങളിൽ അർജന്റീനയും സൗദിയും ഇതിന് മുമ്പ് ഏറ്റുമുട്ടിയിട്ടുണ്ട്. ഒരു തവണ മാത്രമാണ് അർജന്റീനയ്ക്ക് ജയിക്കാനായത്. മൂന്ന് കളികൾ സമനിലയിലാക്കാൻ അറേബ്യൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. 2012ൽ സൗഹൃദ മത്സരത്തിലാണ് ഇരു രാജ്യങ്ങളും അവസാനമായി ഏറ്റുമുട്ടിയത്. അത് ഗോൾരഹിത സമനിലയിൽ അവസാനിച്ചു. 1992ലായിരുന്നു അർജന്റീനയുടെ ജയം.

2018ലെ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സൗദി റഷ്യയോട് മറുപടിയില്ലാത്ത അഞ്ചുഗോളിന് തോറ്റിരുന്നു. ഫിഫ റാങ്കിംഗിൽ മൂന്നാം സ്ഥാനത്താണ് അർജന്റീന. ഫിഫ റാങ്ക് പട്ടികയിൽ സൗദിയുടെ സ്ഥാനം 51. ഇന്ന് വൈകിട്ട് 3.30ന് കളി തുടങ്ങും.

-ശരത് മുള്ളൂര്‍ (ഖത്തറിലെ ഫിഫ വേദിയില്‍ നിന്നും)

Advertisment