Advertisment

അഞ്ച് ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ താരമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റിക്കാർഡ് വമ്പൻ നേട്ടം. എന്നാൽ ഘാനയ്ക്കെതിരേ പതിനെട്ട് അടവും പുറത്തെടുത്തിട്ടാണ് പോർച്ചുഗലിന് ജയിക്കാനായത്. ഇനിയുള്ള കളികളിൽ ക്രിസ്ത്യാനോയും സംഘവും തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടിയേ മതിയാവൂ എന്ന് ഘാനക്കാ‌ർ തെളിയിച്ചു. ആക്രമണവും പ്രത്യാക്രമണവും കൊണ്ട് ആവേശക്കാഴ്ചകൾ സൃഷ്ടിച്ച മത്സരത്തിന്റെ നേ‌ർക്കാഴ്ചകൾ...

New Update

publive-image

Advertisment

ദോഹ: അഞ്ച് ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കാഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയെങ്കിലും പോ‌ർച്ചുഗൽ പതിനെട്ട് അടവും പുറത്തെടുത്തിട്ടാണ് ഘാനയ്ക്കെതിരായ മത്സരത്തിൽ ജയിക്കാനായത്. വരാനിരിക്കുന്ന കളികളിൽ തന്ത്രങ്ങൾക്ക് പോ‌ർച്ചുഗൽ മൂർച്ച കൂട്ടേണ്ടതിന്റഎ ആവശ്യകതയാണ് മൈതാനത്ത് കണ്ടത്.


റൊണാൾഡോയുടേത് ചില്ലറ നേട്ടമല്ല. 2006 ലോകകപ്പിലായിരുന്നു ആദ്യഗോൾ. തുടർന്ന് 2010, 2014, 2018, 2022 ലോകകപ്പുകളിലായി എട്ടുഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. കഴിഞ്ഞ നാലുലോകകപ്പുകളിൽ ആദ്യമായാണ് പോർച്ചുഗൽ ഗ്രൂപ്പ് റൗണ്ടിലെ ആദ്യമത്സരത്തിൽ ജയിക്കുന്നതെന്ന സവിശേഷതയും ഘാനയ്ക്കെതിരായ മത്സരത്തിനുണ്ടായിരുന്നു.


ആക്രമണവും പ്രത്യാക്രമണവും കൊണ്ട് ആവേശക്കാഴ്ചകൾ സൃഷ്ടിച്ച മത്സരത്തിനൊടുവിൽ ഘാനയെ തളയ്ക്കുകയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും. പ്രതിരോധ ഫുട്ബാൾ കളിച്ച ആദ്യ പകുതിക്ക് ശേഷം ആക്രമണത്തിലേക്ക് വഴിമാറിയ ഘാനയ്ക്കെതിരെ ക്രിസ്റ്റാനോ ഗോളടിക്ക് തുടക്കമിട്ടത് പെനാൽറ്റിയിലൂടെ.

പക്ഷേ മറുപടിയുമായി ഘാന പിന്നാലെയെത്തിയതോടെ പിരുമുറക്കങ്ങളും ഗോളുകളും നിറഞ്ഞ നിമിഷങ്ങൾ. ഈ ലോകകപ്പിൽ ഇതുവരെകണ്ട ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിനാണ് ഇന്നലെ 974 സ്റ്റേഡിയത്തിൽ 3-2ന് പോർച്ചുഗലിന്റെ വിജയത്തോടെ തിരശീല വീണത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പന്തുതൊടാനും സഹതാരങ്ങൾക്ക് ക്രിസ്റ്റ്യാനോയ്ക്ക് പന്തുനൽകാനും അനുവദിക്കാതിരിക്കുക എന്ന തന്ത്രമാണ് തുടക്കം മുതൽ ഘാനക്കാർ പയറ്റിയത്. ആദ്യ അരമണിക്കൂറോളം അതിൽ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ഇതോടെ പോർച്ചുഗലിന് പാസിംഗ് ഗെയിമിലേക്ക് മാറേണ്ടിവന്നു.

13-ാം മിനിട്ടിൽ ഒരു കോർണർ കിക്കിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ തൊടുത്ത ഹെഡർ പുറത്തേക്കുപോയി. 28-ാം മിനിട്ടിൽ പോർച്ചുഗലിന് അനുകൂലമായൊരു മുന്നേറ്റമുണ്ടായി. കാൻസെലോയിൽ നിന്ന് കിട്ടിയ പന്തുമായി മുന്നേറിയ സിൽവ യാവോ ഫെലിക്സിന് നൽകി. പക്ഷേ ഫെലിക്സിന്റെ ഷോട്ട് പുറത്തേക്കായിരുന്നു.

31-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോ വലകുലുക്കിയെങ്കിലും അതിനുമുന്നേ ഫൗൾ നടന്നിരുന്നതിനാൽ റഫറി അനുവദിച്ചില്ല. തൊട്ടുപിന്നാലെ കാൻസലോയുടെ ഒരു അപകടകരമായ ക്രോസ് ഘാനയുടെ സാലിസു പുറത്തേക്ക് ഹെഡ് ചെയ്തു കളഞ്ഞു.പിന്നാലെ ഘാന തുടർച്ചയായി മുന്നേറ്റങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരുന്നു.

കോർണറുകൾ വഴങ്ങിയെങ്കിലും സ്വന്തം ഗോൾ മുഖത്ത് അപകടമുയർത്താൻ പോർച്ചുഗലുകാർ അനുവദിച്ചില്ല. 41-ാം മിനിട്ടിൽ ഗ്വിറേറോയുമായിച്ചേർന്ന് ക്രിസ്റ്റ്യാനോ നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലും ഘാന പ്രതിരോധം ബ്ളോക്ക് ചെയ്തു.


ആദ്യ പകുതിയിൽ പോർച്ചുഗീസുകാരെ ഗോളടിക്കാൻ അനുവദിക്കാതിരിക്കുകയെന്ന ഘാനയുടെ ലക്ഷ്യം വിജയിച്ചു. പക്ഷേ പോർച്ചുഗലിന്റെ ബോക്സിലേക്ക് ഒരിക്കൽപ്പോലും കടന്നുകയറാനോ ഷോട്ടുതിർക്കാനോ ഘാനയ്ക്ക് കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമായി.


രണ്ടാം പകുതിയിൽ ഘാന ആക്രമണത്തിലേക്ക് മാറി. 52-ാം മിനിട്ടിലെ ഘാനയുടെ ഒരു ശ്രമം കോർണർ വഴങ്ങി ഒഴിവാക്കിയശേഷം നടത്തിയ കൗണ്ടർ അറ്റാക്കിൽ നിന്ന് ഗോളി മാത്രം മുന്നിൽ നിൽക്കെ ക്രിസ്റ്റ്യാനോയ്ക്ക് പന്തുകിട്ടിയെങ്കിലും പ്രതിരോധം പിന്തുടർന്നെത്തി തടഞ്ഞു.

തൊട്ടുപിന്നാലെ ഘാന പന്തുമായി എതിർഗോൾമുഖം വിറപ്പിക്കുകയും ചെയ്തു. എന്നാൽ കുഡുസിന്റെ ഷോട്ട് പുറത്തേക്കുപോവുകയായിരുന്നു. കളി അൽപ്പം പരുക്കനായതോടെ 57-ാം മിനിട്ടിൽ ഘാനയുടെ അലീദു സെയ്ദു മഞ്ഞക്കാർഡ് കണ്ടു.

Advertisment