ദോഹ: ഖത്തർ ലോകകപ്പിൽ കളിക്കുന്ന ടീമുകൾക്ക് എല്ലാം കൂടി സമ്മാനമായി ഫിഫ നൽകുന്നത് 30.5 കോടിയിലേറെ അമേരിക്കൻ ഡോളറാണ്. 2500 കോടിയോളം ഇന്ത്യൻ രൂപ വരുമിത്. ചാമ്പ്യന്മാർക്കും റണ്ണറപ്പുകൾക്കും സെമി ഫൈനലിസ്റ്റുകൾക്കും ക്വാർട്ടർ ഫൈനലിസ്റ്റുകൾക്കും മാത്രമല്ല ഫസ്റ്റ് റൗണ്ടിൽ കളിക്കുന്ന ടീമുകൾക്ക് വരെ വമ്പൻ തുകയാണ് ലഭിക്കുന്നത്.
344 കോടി ഇന്ത്യൻ രൂപയാണ് (42 ദശലക്ഷം ഡോളർ) ലോകകപ്പ് നേടുന്ന ടീമിന് സമ്മാനമായി ലഭിക്കുന്നത്. ഈയിടെ സമാപിച്ച ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് ലഭിച്ചതിന്റെ 25 ഇരട്ടിയിലേറെ വരുമിത്. ട്വന്റി -20 ലോകകപ്പിൽ ഇംഗ്ലണ്ടിന് ലഭിച്ചത് 1.6 ദശലക്ഷം ഡോളർ (ഏകദേശം 13 കോടി ഇന്ത്യൻ രൂപ) ആയിരുന്നു. 245 കോടി രൂപയാണ് (30 ദശലക്ഷം ഡോളർ) ഫിഫ റണ്ണർ അപ്പിന് നൽകുന്നത്. ക്രിക്കറ്റ് ലോകകപ്പിൽ ഇത് 6.5 കോടി രൂപയായിരുന്നു.
ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനക്കാർക്ക് 220 കോടി രൂപയും (27 ദശലക്ഷം ഡോളർ) നാലാം സ്ഥാനക്കാർക്ക് 204 കോടി രൂപയും (25 ദശലക്ഷം ഡോളർ) അഞ്ച് മുതൽ എട്ട് വരെയുള്ള സ്ഥാനക്കാർക്ക് (ക്വാർട്ടർ ഫൈനലിസ്റ്റുകൾ)138 കോടിരൂപയും (17 ദശലക്ഷം ഡോളർ) ലഭിക്കും.
പ്രീക്വാർട്ടറിൽ മടങ്ങുന്ന ടീമുകൾക്ക് 106 കോടി രൂപ വീതം ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്ന ടീമുകൾക്കു പോലും 74 കോടി രൂപ) സമ്മാനമായി ലഭിക്കും. ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ടീമിന് പോലും ഒരു ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടുന്ന ടീമിനേക്കാൾ അഞ്ചിരട്ടിയിലേറെ ഉയർന്ന സമ്മാനത്തുകയാണ് ലഭിക്കുന്നത്.
ആദ്യ വിജയങ്ങൾ നൽകിയ ആത്മവിശ്വാസവുമായി ഇംഗ്ളണ്ടും ഹോളണ്ടും ഇക്വഡോറും ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ രണ്ടാം മത്സരങ്ങൾക്കിറങ്ങുന്നു. ഇന്നും കൂടി ജയിച്ചാൽ ഇവർക്ക് പ്രീ ക്വാർട്ടർ ഉറപ്പിക്കാം. അതേസമയം ആദ്യ കളിയിൽ തോറ്റ സെനഗലിനും ഖത്തറിനും ഇറാനും സമനില വഴങ്ങിയ വേയ്ൽസിനും അമേരിക്കയ്ക്കും ഇന്ന് വിജയിക്കേണ്ടത് നിലനിൽപ്പിന്റെ കാര്യമാണ്.
ഇന്ന് നടക്കുന്ന ആദ്യ പോരാട്ടത്തിൽ ഗ്രൂപ്പ് ബി അംഗങ്ങളായ ഇറാനും വേയ്ൽസുമാണ് കളത്തിലിറങ്ങുന്നത്. ഇറാൻആദ്യ മത്സരത്തിൽ ഇംഗ്ളണ്ടിൽ നിന്ന് രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് തോറ്റത്. വേയ്ൽസ് അമേരിക്കയുമായി ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഗാരേത്ത് ബെയ്ലിന്റെ വേയ്ൽസ് ഈ ലോകകപ്പിലെ ആദ്യ സമനില പിടിച്ചെടുത്തത്. താരതമ്യേന ദുർബലരായ ഇറാൻ വേയ്ൽസിന് ആദ്യ വിജയം നേടാൻ പറ്റിയ എതിരാളികളാണ്.
അൽ തുമാമാ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ആതിഥേയരായ ഖത്തർ അടുത്ത പരീക്ഷ നേരിടാൻ ഇറങ്ങുകയാണ്. ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനോട് തോറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ തോൽക്കുന്ന ആദ്യ ആതിഥേയർ എന്ന നാണക്കേടും ഏറ്റുവാങ്ങിയ ഖത്തറിന് സ്വന്തം നാട്ടുകാരുടെ മുന്നിൽ വിജയം നേടിയേ മതിയാകൂ.
പക്ഷേ ആദ്യ കളിയിൽ ഹോളണ്ടിനോട് പൊരുതിത്തോറ്റ സെനഗലിന് മുന്നിൽ അതത്ര എളുപ്പമല്ല. സാഡിയോ മാനേയുടെ അഭാവം നിഴലിച്ച ഹോളണ്ടിനെതിരായ മത്സരത്തിൽ മിന്നുന്ന പ്രകടനംതന്നെയാണ് സെനഗൽ പുറത്തെുത്തിരുന്നത്. പക്ഷേ വിർജിൽ വാൻഡിക്ക് നയിച്ച ഡച്ച് പ്രതിരോധത്തിന് മുന്നിൽ അതിന്റെ മുനയൊടിഞ്ഞുപോയെന്ന് മാത്രം. ആ രോഷാഗ്നി ഖത്തറിനുമേൽ വർഷിച്ചാൽ ആതിഥേയർ മറ്റൊരു നാണക്കേടുകൂടി ഏറ്റുവാങ്ങേണ്ടിവരും.
ആദ്യ മത്സരത്തിൽ വിജയിച്ചവരുടെ പോരാട്ടമാണ് ഹോളണ്ടും ഇക്വഡോറും തമ്മിലുള്ളത്. എന്നർ വലൻസിയ എന്ന ഈ ലോകകപ്പിലെ ആദ്യ ഗോൾവേട്ടക്കാരന് ഡച്ച് പ്രതിരോധം കടന്നുമുന്നേറാൻ എത്രത്തോളം കഴിയുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
മധ്യനിരയിലെയും മുന്നേറ്റത്തിലെയും പിഴവുകൾ കണ്ടെത്തി പരിഹരിക്കാൻ ഡച്ച് കോച്ച് ലൂയിസ് വാൻഗാൽ ശ്രമിക്കും. ഇറാനെതിരായ ഗോൾ വേട്ട നൽകുന്ന ആത്മവിശ്വാസത്തിലാണ് ഇംഗ്ളണ്ട് രണ്ടാം മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ മാർച്ചിന്ശേഷം നടന്ന ആറ് മത്സരങ്ങളിൽ വിജയിക്കാൻ കഴിയാതിരുന്ന ഇംഗ്ളണ്ട് ഒറ്റക്കളികൊണ്ട് തങ്ങളുടെ ഇമേജ് മാറ്റിയെഴുതിക്കഴിഞ്ഞു.
19 കാരനായ ജൂഡ് ബെല്ലിംഗ്ഹാം മുതൽ ബുക്കായോ സാക്കയും ജാക്ക് ഗ്രീലിഷും മാർക്കസ് റാഷ്ഫോർഡും റഹിം സ്റ്റെർലിംഗും മേസൺ മൗണ്ടുമൊക്കെയടങ്ങുന്ന ഇംഗ്ളീഷ് യുവനിരയ്ക്ക് ഫോം വീണ്ടെടുക്കാൻ ആദ്യ മത്സരത്തിൽ ദുർബലരായ എതിരാളികളെ കിട്ടിയത് ഗുണം ചെയ്തു. ഇംഗ്ളണ്ട് അതേ ഫോം നിലനിറുത്തുകയാണെങ്കിൽ അമേരിക്ക വിയർക്കുമെന്നുറപ്പ്.