Advertisment

മെസി ആരാധകർ ആകാംക്ഷയിൽ, അർജന്റീനയ്ക്ക് ഇന്ന് നിർണായകം. രണ്ടാം മത്സരത്തിൽ നേരിടുന്നത് മെക്സിക്കോയെ. സൗദി അറേബ്യയ്ക്ക് മുന്നിൽ കീഴടങ്ങിയ അർജന്റീനയുടെ ഉയിർത്തെഴുന്നേല്‍പ്പ് പ്രതീക്ഷിച്ച് മലയാളികൾ ഉൾപ്പെടെയുള്ള ഫുട്‌ബോൾ പ്രേമികൾ ! അർജന്റീനയെ വീഴ്ത്തി കരുത്തുമായി സൗദി ഇന്ന് പോളണ്ടിനോടും ഏറ്റുമുട്ടും. അർജന്റീന - മെക്സിക്കോ പോരാട്ടങ്ങളിലെ സമീപകാലചരിത്രം ഇങ്ങനെ ...

author-image
nidheesh kumar
New Update

publive-image

Advertisment

ഖത്തർ : ലോക ഫുട്‌ബോളിന്റെ മിശിഹയായ മെസിയ്ക്ക് ഖത്തറിന്റെ മണ്ണിൽ കാലിടറിയത് ഇനിയും ആരാധകർക്ക് വിശ്വസിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തിന് ബൂട്ട് കെട്ടുന്ന അർജന്റീന താരങ്ങൾക്കുള്ള സമ്മർദ്ദം ചെറുതല്ല.


ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവിയായിരുന്നു അർജന്റീനയ്ക്ക്. ഇന്ന് നടക്കുന്ന ജീവൻമരണ പോരാട്ടത്തിൽ മെക്സിക്കോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ ലുസെയിൽ സ്റ്റേഡിയത്തിലാണ് മത്സരം.


അർജന്റീനയെ വീഴ്ത്തിയ കരുത്തുമായി സൗദി ഗ്രൂപ്പ് സിയിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ പോളണ്ടിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതൽ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.

36 മത്സരത്തിൽ തോൽവി അറിയാതെയുള്ള കുതിപ്പുമായി ലോകകപ്പ് ഫേവറിറ്റുകളായി ഖത്തറിലെത്തിയ മെസിയും സംഘവും എന്ന ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷം രണ്ട് ഗോൾ വഴങ്ങി സൗദിക്ക് മുന്നിൽ തകർന്ന് അടിയുകയായിരുന്നു.


ഇന്ന് മെക്സിക്കോയെ കീഴടക്കിയാൽ മാത്രമേ അർജന്റീനയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷകളുമായി മുന്നോട്ട് പോകാനാകൂ. നിലവിൽ ഗ്രൂപ്പിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള അർജന്റീന മെകിസ്‌ക്കോയ്‌ക്കെതിരെയും കളി കൈവിട്ടാൽ പുറത്തേക്കുള്ള വഴി ഏറെക്കുറെ തെളിയും.


അതിനാൽ വിജയത്തിൽക്കുറഞ്ഞൊന്നും അർജന്റീനയ്ക്ക് മുന്നിൽ ഉണ്ടാകില്ല. സൗദിക്കെതിരെ മികവില്ലാത്ത താരങ്ങളെ കളത്തിലിറക്കിയെന്ന് പഴി കേൾക്കുന്ന അർജന്റീന കോച്ച് ലയണൽ സ്‌കലോണി ആദ്യ ഇലവനിൽ മാറ്റം വരുത്തിയേക്കുമെന്ന് ഉറപ്പാണ്.

സൗദിക്കെതിരെ ഇടയ്ക്കുവച്ച് പിൻവലിക്കേണ്ടിവന്ന ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിട്ടില്ലാത്ത ക്രിസ്റ്റ്യൻ റൊമേറോ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യത വളരെക്കുറവാണ്. റൊമേറോയ്ക്ക് പകരം ലിസാൻഡ്രോ മാർട്ടിനസ് ആദ്യ ഇലവനിൽ എത്തിയേക്കും.

വിംഗാബാക്കുകളായ ടഗ്ലിഫിക്കോയ്ക്കും മോളിനയ്ക്കും പകരം അക്കൂനയും മോൻഡ്രിയേലും വന്നേക്കും. ഇത്തവണത്തെ ഫിഫ ഫുട്ബാളർ റോബർട്ടോ ലെവൻഡോവ്സ്‌കിയുടെ നേതൃത്വത്തിലെത്തിയ പോളണ്ടിനെ ഗോൾ രഹിത സമനിലയിൽ തളച്ചാണ് ഗിലർമോ ഒച്ചാവോയെന്ന വൻമതിലിന്റെ നേതൃത്വത്തിൽ മെക്സിക്കോ അർജന്റീനയെ നേരിടാനിറങ്ങുന്നത്.

ലെവൻഡോവ്സ്‌കിയുടെ പെനാൽറ്രി ഉൾപ്പെടെ തടഞ്ഞ് ലോകകപ്പിൽ പതിവുപോലെ മിന്നും ഫോമിലേക്ക് ഉയർന്ന് ഒച്ചാവോയെ മറികടക്കുക എന്നത് കഠിനമേറിയ കാര്യമാണ്.


ഇതുവരെ മുഖാമുഖം വന്ന മത്സരങ്ങളിലെല്ലാം അർജന്റീനയാണ് കൂടുതൽ ആധിപത്യം പുലർത്തിയത്. മെക്സിക്കോയ്ക്ക് എതിരെ അവസാനം കളിച്ച പത്ത് മത്സരങ്ങളിൽ അർജന്റീന തോൽവി അറിഞ്ഞിട്ടില്ല. ലോകകപ്പിൽ മുഖാമുഖം വന്ന മൂന്ന് തവണയും അർജന്റീനയ്ക്കായിരുന്നു ജയം.


മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള സൗദിക്ക് ഇന്ന് പോളണ്ടിനേയും വീഴ്ത്താനായാൽ 1994ന് ശേഷം നോക്കൗട്ട് റൗണ്ടിൽ കടക്കാനാകും. മറുവശത്ത് ആദ്യ മത്സരത്തിൽ മെക്സിക്കേയോട് സമനിലയിൽ കുടുങ്ങിയ പോളണ്ടിന് നോക്കൗട്ട് പ്രതീക്ഷ സജീവമാക്കാൻ ജയം അത്യാവശ്യമാണ്.

നേർക്കുനേർ കളിച്ച മത്സരങ്ങളിലെല്ലാം സൗദിക്ക് മേൽ ആധിപത്യം നേടാൻ പോളണ്ടിനായിട്ടുണ്ട്. ലോകകപ്പിൽ ഇതുവരെ പോളണ്ട് ഏഷ്യൻ ടീമുകളോട് തോറ്റിട്ടില്ല.

Advertisment